സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ആഡംബര വിവാഹ ക്ഷണക്കത്ത്. ഒരു വലിയ പെട്ടിക്കുള്ളിൽ മയിലിന്റെ പ്രതിമയോട് കൂടിയ ഈ കത്ത് വൈറലായി മാറിയതോടെ പലതരത്തിലുള്ള അഭിപ്രായമാണ് ഉയരുന്നത്. പണം ഇങ്ങനെ പാഴാക്കിക്കളയണോ എന്ന് ചോദിക്കുന്നവരുമുണ്ട്.
വിവാഹങ്ങൾ ആഡംബരമാക്കാൻ പലരും പുതിയ വഴികൾ തേടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വിവാഹ ക്ഷണക്കത്താണ്. ഒരു വലിയ പെട്ടിക്കുള്ളിൽ മയിലിന്റെ രൂപം ഉറപ്പിച്ച നിലയിലാണ് ഈ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഒരുകാലത്ത് വിവാഹ വിവരം അറിയിക്കാനുള്ള ലളിതമായ ഉപാധി മാത്രമായിരുന്നു ക്ഷണക്കത്തുകൾ. എന്നാൽ ഇന്നത് ആഡംബരത്തെ കാണിക്കുന്ന ഒന്നുകൂടിയായി മാറിയിട്ടുണ്ട്. വധുവിന്റെയും വരന്റെയും പ്രണയകഥയോ കുടുംബ ചരിത്രമോ വിവരിക്കുന്ന രീതിയിലുള്ള കത്തുകളും ഇന്ന് ട്രെൻഡാണ്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായ ആഡംബര വിവാഹക്കത്ത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. സാധാരണ കടലാസ് കത്തുകളിൽ നിന്ന് മാറി, ഒരു വലിയ ഷോക്കേസ് പീസ് പോലെയാണ് ഈ കത്ത് തയാറാക്കിയിരിക്കുന്നത്. പെട്ടി തുറക്കുമ്പോൾ മനോഹരമായ ഒരു മയിൽ രൂപം കാണാം. ഇതിന്റെ കൂടെയാണ് വിവാഹ വിവരങ്ങൾ അടങ്ങിയ കാർഡ് ഉള്ളത്. 'ഹർഷ് ഐസ്' (Harsh Eys) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. മനോഹരമായ ഒരു മയിലിന്റെ പ്രതിമയോട് കൂടിയ ആ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലിന്റെ പ്രതീകമായി ഇത്തരം ആഡംബരങ്ങളെ ചിലർ കാണുമ്പോൾ, ഇതൊക്കെ വെറും അനാവശ്യ ചിലവുകളാണെന്നാണ് വലിയൊരു വിഭാഗം വാദിക്കുന്നത്.
ഇതൊക്കെ വെറും പൈസ പാഴാക്കലാണ് എന്നാണ് മിക്കവരുടെയും അഭിപ്രായം. കല്യാണം കഴിഞ്ഞാൽ ആരും ഈ കത്ത് സൂക്ഷിച്ചുവെക്കില്ലെന്നും, പരിസ്ഥിതിക്ക് പോലും ദോഷകരമായ ഇത്തരം ആഡംബരങ്ങൾ ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. 'ക്ഷണക്കത്ത് കൊടുത്തയക്കാൻ ലോറി വിളിക്കേണ്ടി വരുമോ?' എന്നും 'ഇത് കത്താണോ അതോ വീടിന്റെ ആധാരമാണോ?' എന്നും ചോദിച്ച് നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു.
സമാനമായ രീതിയിൽ തന്റെ മകളുടെ വിവാഹത്തിനായി 3 കിലോ ശുദ്ധമായ വെള്ളിയിൽ അസാധാരണമായ ഒരു ക്ഷണക്കത്ത് നിർമ്മിച്ച ജയ്പൂർ സ്വദേശി അടുത്തിടെ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന, പെട്ടിയുടെ ആകൃതിയിലുള്ള ഈ ക്ഷണക്കത്ത് വരന്റെ കുടുംബത്തിന് ഔദ്യോഗികമായി സമർപ്പിക്കുന്ന രീതിയിലാണ് തയാറാക്കിയിരുന്നത്.
