Asianet News MalayalamAsianet News Malayalam

തോക്കുമായി നാലുപേർ, ചറപറാ വെടിവയ്പ്പ്, ചൂലുമായി അടിച്ചോടിച്ച് സ്ത്രീ, വൈറൽ വീഡിയോ

ബൈക്കിലെത്തിയവർ വിടാനുള്ള മട്ടുണ്ടായിരുന്നില്ല. അവർ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിർക്കുന്നു. അപ്പോഴാണ് എതിർവശത്തെ വീട്ടിൽ നിന്നും ഒരു സ്ത്രീ ചൂലുമായി ഓടി വന്നത്.

woman attacking men with gun with a broomstick rlp
Author
First Published Nov 28, 2023, 7:07 PM IST

തോക്കുമായി നിൽക്കുന്ന മനുഷ്യരുടെ മുന്നിലേക്ക് ചൂലുമായിപ്പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? മിക്കവർക്കും കാണില്ലായിരിക്കും. എന്നാൽ, ഹരിയാനയിലുള്ള ഈ സ്ത്രീയുടെ ധൈര്യം സമ്മതിക്കുക തന്നെ വേണം. ഒരു വീടിന്റെ മുന്നിൽ തോക്കുമായി എത്തിയവർക്ക് മുന്നിലേക്ക് എതിരിടാൻ അവർ പോയത് വെറും ചൂലുമായിട്ടാണ്. ഭിവാനി ജില്ലയിലാണ് സംഭവം. ഹരികിഷൻ എന്ന യുവാവിനെ ലക്ഷ്യം വച്ചാണ് സംഘം എത്തിയത്. എന്നാൽ, യുവതി ചൂലുമായി അവരെ നേരിടാൻ ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

ഭിവാനിയിലെ ഡാബർ കോളനിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്‌. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഹരികിഷൻ വീടിന് മുന്നിൽ നിൽക്കുന്നതായി കാണാം. ആ സമയത്ത് രണ്ട് ബൈക്കുകളിലായി നാലുപേർ അവിടെയെത്തി. വളരെ പെട്ടെന്ന് തന്നെ അപ്രതീക്ഷിതമായി അവർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയാണ്. അതോടെ അയാൾ ഓടി വീടിനകത്ത് കയറാൻ ശ്രമിച്ചു എങ്കിലും വീഴുകയാണ്. എന്നാൽ, അവിടെ നിന്നും എഴുന്നേറ്റ് ഒരുവിധത്തിൽ അയാൾ അകത്ത് കയറുന്നുണ്ട്. 

എന്നാൽ, ബൈക്കിലെത്തിയവർ വിടാനുള്ള മട്ടുണ്ടായിരുന്നില്ല. അവർ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിർക്കുന്നു. അപ്പോഴാണ് എതിർവശത്തെ വീട്ടിൽ നിന്നും ഒരു സ്ത്രീ ചൂലുമായി ഓടി വന്നത്. അവർ അതുവച്ച് തോക്കുമായി എത്തിയവരെ അടിക്കാൻ പോകുന്നുണ്ട്. ആ അപ്രതീക്ഷിത നീക്കത്തിൽ ബൈക്കിലുണ്ടായിരുന്നവർ പേടിക്കുകയും പെട്ടെന്ന് വണ്ടിയിൽ കയറി അവിടെ നിന്നും പോവുകയുമാണ്. സ്ത്രീ ഹരികിഷന്റെ കുടുംബത്തിലുള്ളതാണോ അയൽക്കാരിയാണോ എന്ന് വ്യക്തമല്ല. അവർ പിന്നീട്, യുവാവിന് പരിക്കേറ്റോ എന്ന് അറിയുന്നതിനായി വീടിനകത്തേക്ക് ചെല്ലുന്നതും കാണാം.

അതേസമയം, ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധമുള്ള രവി ബോക്സറെ കൊലപ്പെടുത്തിയ കേസിൽ ഹരിയ എന്ന ഈ ഹരികിഷൻ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. മൂന്ന് മാസം മുമ്പ്, ഭിവാനി പൊലീസ് ഇയാൾക്കെതിരെ അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹരികിഷന്റെ ദേഹത്ത് നിന്നും നാല് വെടിയുണ്ടകൾ പുറത്തെടുത്തു. ഇയാളെ പിജിഐഎംഎസ് റോഹ്തക്കിലേക്ക് റഫർ ചെയ്തതായി പൊലീസ് ഓഫീസർ ദീപക് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം ഇയാൾക്കെതിരെ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

വായിക്കാം: ഒരിക്കൽ പോലും സെറ്റ് ചെയ്തിട്ടില്ല, എല്ലാ ദിവസവും രാവിലെ ഈ സമയം അലാറം മുഴങ്ങും..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios