'ഒടുവിൽ എനിക്ക് 18 വയസായി. (അപ്പോഴേക്കും കോളേജിൽ എന്റെ പേരിനെ കുറിച്ച് ഞാനൊരു ലേഖനം വരെ എഴുതി). ഞാൻ എന്റെ പേരിലേക്ക് അടുക്കാൻ തുടങ്ങി. ഇപ്പോഴെനിക്ക് 29 വയസ്സായി. ഇപ്പോൾ എനിക്കെന്റെ പേര് വളരെ ഇഷ്ടമാണ്'.'

നിങ്ങളുടെയൊക്കെ പേരിന്റെ അർത്ഥമെന്താണ്? നമ്മുടെ പ്രിയപ്പെട്ടവരായിരിക്കും പലപ്പോഴും നമുക്ക് പേര് നൽകുന്നത്. അച്ഛനാവാം, അമ്മയാവാം, സഹോദരങ്ങളാവാം, മുത്തശ്ശനോ മുത്തശ്ശിയോ മറ്റ് ബന്ധുക്കളോ ആവാം. ഈ യുവതിക്കും അതുപോലെ പേരിട്ടത് അവരുടെ മുത്തശ്ശിയാണ്. എന്നാൽ, ആ പേരിൽ ഒരു അപൂർവതയുണ്ട്, അത് നമ്മുടെ രാജ്യത്തിന്റെ പേരാണ്. അതേ 'ഇന്ത്യ' എന്നാണ് ഈ 29 -കാരിയുടെ പേര്. എന്നാൽ അവൾ ജീവിക്കുന്നതോ അങ്ങ് അമേരിക്കയിലും. ഈ പേര് കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ പ്രതികരണമായിരിക്കില്ല, അമേരിക്കക്കാരുടേത്. ഇന്ത്യ വിറ്റ്‌കിൻ എന്ന യുവതി പറയുന്നത് ഈ പേര് കാരണം അമേരിക്കയിൽ തനിക്ക് കളിയാക്കലുകളാണ് ഏറ്റുവാങ്ങേണ്ടി വരുന്നതെങ്കിൽ ഇന്ത്യയിൽ ആളുകൾ എപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും എന്നാണ്.

ഒരു പേര് കൊണ്ട് രണ്ട് സാംസ്കാരിക പശ്ചാത്തലങ്ങളിൽ ജീവിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്തമായ അനുഭവങ്ങളെ കുറിച്ചാണ് ഇന്ത്യ വിറ്റ്കിൻ വെളിപ്പെടുത്തുന്നത്. ഒരേസമയം, സ്നേഹവും വെറുപ്പും തനിക്ക് ഈ പേര് കാരണം നേരിടേണ്ടി വരുന്നുണ്ട് എന്നും പേരിനോട് അങ്ങനെ ഒരു ബന്ധമാണ് തനിക്കുള്ളത് എന്നുമാണ് യുവതി പറയുന്നത്. 'അമേരിക്കയിൽ വച്ച് താൻ പരിഹസിക്കപ്പെടുകയായിരുന്നു. ഇന്ത്യയിലാണെങ്കിൽ പലതരം ചോദ്യങ്ങളായിരുന്നു, എന്റെ പേരിനെ കുറിച്ച് മറ്റുള്ളവരെന്താണ് കരുതുക എന്ന് ഞാനെപ്പോഴും വല്ലാതെ ശ്രദ്ധിച്ചിരുന്നു, ഞാനൊരിക്കലും ആ പേരിനെ വില മതിച്ചിരുന്നില്ല.'

'ഒടുവിൽ എനിക്ക് 18 വയസായി. (അപ്പോഴേക്കും കോളേജിൽ എന്റെ പേരിനെ കുറിച്ച് ഞാനൊരു ലേഖനം വരെ എഴുതി). ഞാൻ എന്റെ പേരിലേക്ക് അടുക്കാൻ തുടങ്ങി. ഇപ്പോഴെനിക്ക് 29 വയസ്സായി. ഇപ്പോൾ എനിക്കെന്റെ പേര് വളരെ ഇഷ്ടമാണ്, ഈ പേര് തന്നതിന് എന്റെ നാനിയോട് എനിക്ക് വളരെ നന്ദിയുണ്ട്. എന്റെ മാതാപിതാക്കൾക്ക് നന്ദി!' എന്നാണ് യുവതി പറയുന്നത്.

'നിങ്ങളുടെ പേരിന് പിന്നിലെ കഥ എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യ എന്ന് പേരിട്ടത്?' എന്ന് ഇന്ത്യ ഷെയർ ചെയ്ത വീഡിയോയിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് യുവതി ഷെയർ ചെയ്ത വീഡിയോയ്ക്ക് കമൻ‌റുകൾ നൽകിയത്. യുവതിയുടെ പേരിനു പിന്നിലെ കഥ അതിമനോഹരം തന്നെ എന്നാണ് പലരും കമന്റ് നൽകിയത്.

View post on Instagram