ഊബർ യാത്രക്കിടെ യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് ഡ്രൈവർ തന്നെ മർദ്ദിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍. തന്നെ തല്ലിയതായും കൈപിടിച്ച് തിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുമാണ് യുവതി പറയുന്നത്. 

ഊബർ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് യുവതി. യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കം അവസാനം തനിക്ക് നേരെയുള്ള അക്രമത്തിൽ കലാശിച്ചു എന്നാണ് യുവതി പറയുന്നത്. @theycallme_thematchagirl എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിച്ചത്. 'ഇത് ഒരു ഊബർ യാത്രയ്ക്കിടയിലാണ് സംഭവിച്ചത്. ആപ്പിൽ കാണിച്ച ചാർജ് 501 രൂപയായിരുന്നു. എന്നാൽ, ഡ്രൈവർ 40 രൂപ കൂടി അധികം ചോദിച്ചു. ഞാൻ അത് വിസമ്മതിച്ചപ്പോൾ, അയാൾ എന്നെ ഭയപ്പെടുത്താനായി അരികിലേക്ക് നീങ്ങി നിന്നു. ഞാൻ അയാളെ പിന്നോട്ട് തള്ളി. അതിനുശേഷം നടന്നത് വെറുമൊരു വാക്കുതർക്കം മാത്രമായിരുന്നില്ല. അയാൾ എന്നെ തല്ലി. എന്റെ കൈ പിടിച്ച് തിരിക്കുകയും എന്നെ വേദനിപ്പിക്കുകയും ചെയ്തു. എന്നിട്ട് ‘വീണ്ടും തല്ലി കാണിക്കണോ?’ എന്ന് ചോദിച്ചു. ഞാൻ എന്റെ ഓഫീസിലെ സഹപ്രവർത്തകരെ വിളിച്ചു. അവർ എന്നെ സഹായിക്കാൻ താഴേക്ക് വന്നു. ഇത് വെറുമൊരു സർവീസ് ഇഷ്യൂ അല്ല, ഇതൊരു സുരക്ഷാ പ്രശ്നമാണ്' എന്നാണ് യുവതി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡ്രൈവർ കാർ ലോക്ക് ചെയ്യാൻ ശ്രമിച്ചതായും വീഡിയോയിൽ അവർ വിശദീകരിക്കുന്നു. തുടർന്ന് അയാൾ പുറത്തിറങ്ങി തന്റെ അടുത്തേക്ക് വന്നപ്പോഴാണ് സ്വയരക്ഷക്കായി താൻ അയാളെ തള്ളിയത്. ഈ സമയത്താണ് അയാൾ തന്നെ മർദ്ദിച്ചതെന്ന് യുവതി പറയുന്നു. വഴിപോക്കരായ രണ്ടുമൂന്ന് പേർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ അക്രമത്തിന് ശേഷവും ഡ്രൈവർക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. അയാൾ തന്നെ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. കൂടാതെ, ഈ സംഭവത്തിന് ശേഷം ഊബർ തന്റെ അക്കൗണ്ട് ഡിസേബിൾ ചെയ്തതായും അവർ പറയുന്നു.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്. ഊബറും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'ഹായ് ശിവാനി, നിങ്ങൾക്കുണ്ടായ അനുഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. സുരക്ഷയ്ക്കാണ് ഞങ്ങളുടെ പ്രഥമപരിഗണന. ശാരീരിക അക്രമങ്ങൾക്കോ ഭയപ്പെടുത്തലുകൾക്കോ ഊബർ പ്ലാറ്റ്‌ഫോമിൽ സ്ഥാനമില്ല. ഡ്രൈവറുടെ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുകയും ഞങ്ങളുടെ പോളിസി അനുസരിച്ച് കർശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ടിൽ നിന്നുണ്ടായ വീഴ്ച ഞങ്ങൾ മനസ്സിലാക്കുന്നു, ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ ഇടപെടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ്' എന്നായിരുന്നു ഊബറിന്റെ പ്രതികരണം.

അതേസമയം കടുത്ത ഭാഷയിലാണ് നെറ്റിസൺസ് ഡ്രൈവറെയും ഊബറിനെയും വിമർശിച്ചിരിക്കുന്നത്.