അന്താരാഷ്ട്ര യോഗ ദിനത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ സൗജന്യ യോഗ മാറ്റുകൾക്കായി ആളുകൾ കൂട്ടയടി നടത്തി. സർക്കാർ സംഘടിപ്പിച്ച പരിപാടി ഇതോടെ അലങ്കോലമാകുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഈ സംഭവത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
ജൂൺ 21 -ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇന്ത്യയിലും വിവിധ പ്രദേശങ്ങളിൽ യോഗാ ദിനാചരണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ യൂണിഫോമിൽ ആളുകൾ യോഗ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതിനിടെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ മറ്റ് ദൃശ്യങ്ങളേക്കാൾ വൈറലായി. കാരണം. സർക്കാർ സൗജന്യമായി നൽകിയ യോഗാ മാറ്റുകൾക്ക് വേണ്ടി അവിടെ പൊരിഞ്ഞ അടിയായിരുന്നു.
'വെറും നാണക്കേട്'
ഞായറാഴ്ച നടന്ന യോഗ ദിന പരിപാടിയിൽ സർക്കാർ വിതരണം ചെയ്ത സൗജന്യ യോഗ മാറ്റുകൾ ശേഖരിക്കാൻ ആളുകൾ പരസ്പരം തള്ളിക്കയറുന്നത് വീഡിയോയിൽ കാണാം. സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് യോഗ മാറ്റുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നെന്ന് റിപ്പോർട്ടുകളും പറയുന്നു. യോഗാ ദിനത്തിൽ മാറ്റുകൾ സൗജന്യമായി ലഭിക്കുമെന്ന വാർത്ത പരന്നതോടെ, അത് കൈക്കലാക്കാൻ ഒരു വലിയ ജനക്കൂട്ടം തന്നെ ഓടിയെത്തി. ഇത് പ്രദേശത്ത് സംഘർത്തിലേക്ക് നയിച്ചു. എക്സിൽ പങ്കുവച്ച ഒരു വീഡിയോയിൽ, ആളുകൾ പരസ്പരം തള്ളിമാറ്റുന്നതും മാറ്റുകൾ പിടിച്ചെടുക്കുന്നതും കാണാം. മറ്റ് ചിലർ ഒന്നും രണ്ടും മാറ്റുകൾ കൈവശം വച്ച് മറ്റൊന്നിന് വേണ്ടി തർക്കിക്കുന്നതും കാണാം. അതേസമയം മറ്റ് ചിലർക്ക് ഒരു മാറ്റ് പോലും കിട്ടിയില്ല. ആൾക്കുട്ടം മാറ്റുകൾക്ക് വേണ്ടി ഉന്തും തള്ളും തുടങ്ങിയതോടെ യോഗ പരിപാടി തന്നെ അലങ്കോലമായി.
'ആദ്യം പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കു, എന്നിട്ടാകാം യോഗ'
വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. 'യോഗ അല്ല ആദ്യം പഠിപ്പിക്കേണ്ടത്, അങ്ങനെ മറ്റൊരാളോട് പെരുമാറാം എന്നാണ്' എന്നായിരുന്നു ഒരു കുറിപ്പ്. സര്‍ക്കാര്‍ സ്വത്ത് കൊള്ളയടിച്ച ആളുകള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. "മോഷ്ടിച്ചതിന് ശേഷം അവരുടെ മുഖത്ത് കാണുന്ന പുഞ്ചിരി കണ്ടോ. ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകളും ലൈറ്റുകളും, റോഡരികുകളിൽ നിന്ന് ചെടികളും കലങ്ങളും, പൊതുസ്ഥലങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നും ടാപ്പുകളും മറ്റും മോഷ്ടിക്കുന്ന അതേ ആളുകളാണ് ഇവർ. പിന്നീട് അതേ ആളുകൾ സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ച് കരയുന്നു. നാണമില്ലേ!!!' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "ഇത് യോഗ ദിനമാണോ? അടിസ്ഥാന അച്ചടക്കം പോലുമില്ല. സൗജന്യ മാറ്റുകൾക്ക് വേണ്ടിയുള്ള അത്യാഗ്രഹം നിറഞ്ഞ കുഴപ്പങ്ങൾ. ശുദ്ധ നാണക്കേട്.", "ഇന്ത്യ ലോകത്തിന് പൗരബോധം കാണിക്കുന്നു,", "സൗജന്യമായതുകൊണ്ടാണ് അവർ കൊള്ളയടിക്കുന്നത്, എന്തായാലും അവർ അത് ഉപയോഗിക്കില്ല," , "ഈ ആളുകൾ വീട്ടിൽ പോയി അവരുടെ കുട്ടികളെ എങ്ങനെ നല്ല വ്യക്തിയാകാമെന്ന് പഠിപ്പിക്കും," എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകൾ.


