ലോകത്ത് ആദ്യമുണ്ടായത് ശബ്ദമാണ്, ശബ്ദത്തിലൂടെയാണ് ലോകത്തിന്റെ പിറവി. ലോകത്തിലെ ആദ്യത്തെ ശബ്ദമാധ്യമമാണ് റേഡിയോ. നീണ്ട ചരിത്രമുള്ള റേഡിയോ പലതരത്തിൽ വികസിച്ച് ഇന്ന് പോഡ്‌കാസ്റ്റ് വരെ എത്തിയിരിക്കുകയാണ്. റേഡിയോയുടെ പ്രസക്തി ഇന്നെന്താണ്?

With radio, the listener absorbs everything

— Bob Edwards (American broadcast journalist and longtime host of NPR's Morning Edition.)

'ഒച്ച' എന്ന വാക്കിന് വലിയ അർഥമുണ്ട്. കേൾക്കേണ്ടതും തീർച്ചയായും മറ്റൊരാളെ കേൾപ്പിക്കേണ്ടതുമായ ശബ്ദമുണ്ട്. പ്രതികരണം ഒച്ചയാണ്. അറിയിപ്പുകളുമതെ. മാധ്യമ ചരിത്രത്തിൽ റേഡിയോ വലിയ പങ്കു വഹിക്കുന്നതും അതുകൊണ്ട് തന്നെ. 1960 - 70 -കളിലാണ് കേരളത്തിൽ റേഡിയോ ജനകീയമാകുന്നത്. ആകാശവാണി കേട്ട് പുലർന്ന പ്രഭാതങ്ങൾ മലയാളികളുടെ നൊസ്റ്റാൾജിയ കൂടിയാണ്.

വാർത്തയ്ക്കും വിനോദത്തിനും ജനങ്ങൾ റേഡിയോയെ ആശ്രയിച്ചു. ഇഷ്ടപ്പെട്ട പാട്ടുകൾക്കും ശബ്ദരേഖകൾക്കുമായി ആളുകൾ കാതോർത്തു. 'വയലും വീടും' കേട്ട് കർഷകർ പുത്തനറിവുകളുണ്ടാക്കി. ലോകമെമ്പാടുമുള്ള വാർത്തകൾ കേട്ട് ആളുകൾ അമ്പരക്കുകയും ആശങ്കപ്പെടുകയും ചെയ്തു. ഒരു കുടുംബം ഒരേ സമയം ശ്രോതാക്കളായി. റേഡിയോ കേൾക്കുക എന്നത് നമ്മുടെ ദിനചര്യയായി. ജനങ്ങൾക്ക് കേൾക്കേണ്ടുന്നതെല്ലാം അവരിലെത്തിക്കാൻ റേഡിയോ സ്റ്റേഷനുകൾ കാലാകാലങ്ങളിൽ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ മാറ്റങ്ങൾ കെട്ടിലും മട്ടിലും വന്നു.

എന്നാൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകം മാധ്യമലോകത്തും ചലനങ്ങളുണ്ടാക്കി. കേൾവിയിൽ നിന്നും കാഴ്ചയിലേക്കുള്ള മനുഷ്യരുടെ മാറ്റത്തിന് കാരണക്കാരനായ ടെലിവിഷൻ വന്നു. പക്ഷേ, അപ്പോഴും കേൾവിയെ കൈവിടാൻ തോന്നാത്ത എന്തോ ഒന്ന് നമ്മിൽ ശേഷിച്ചു. 'എപ്പോഴും സാധ്യം' എന്നത് തന്നെയാണതിന്റെ കാതൽ. പിന്നീട്, പ്രൈവറ്റ് റേഡിയോ സ്റ്റേഷനുകൾ ഉദയം ചെയ്തു.

പതിയെ പതിയെ പോഡ്‍കാസ്റ്റ് രൂപം കൊണ്ടു. ഇഷ്ടമുള്ളത് മാത്രം ഇഷ്ടമുള്ള സമയം കേൾക്കാൻ അത് വലിയ സൗകര്യമായി. ഫോണും മൈക്കുമുണ്ടായാൽ പോഡ്കാസ്റ്റായി.

'പോഡ്കാസ്റ്റുകളുടെ ഈ കാലത്ത് ശബ്ദമാധ്യമം എങ്ങനെയാണ് മാറുന്നത്?' ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംഘടിപ്പിച്ച 'അഗോറ'യിലെ സെഷൻ ചർച്ച ചെയ്തതും അതാണ്‌.

റേഡിയോയുടെ ചരിത്രവും പോഡ്‌കാസ്റ്റിലേക്കുള്ള പരിണാമവും ചർച്ച ചെയ്ത സെഷനിൽ പ്രശസ്ത മലയാള റേഡിയോ പ്രക്ഷേപകനും എഴുത്തുകാരനുമായ ശ്രീകുമാർ മുഖത്തല, എഴുത്തുകാരിയും പത്രപ്രവർത്തകയും കോളമിസ്റ്റുമായ കെ. എ. ബീന, റേഡിയോ ബ്രോഡ്കാസ്റ്ററും, എഴുത്തുകാരനും, വോയ്സ് ആർട്ടിസ്റ്റും. നിലവിൽ മാതൃഭൂമിയുടെ സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡ്ഡുമായ. പ്രിയരാജ് ഗോവിന്ദരാജ് എന്നിവരാണ് സംസാരിച്ചത്. എഴുത്തുകാരനും കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 'റേഡിയോ മലയാളം' പ്രോജക്ട് ഹെഡ് ജേക്കബ് എബ്രഹാമായിരുന്നു മോഡറേറ്റർ.

ലോകത്ത് ആദ്യമുണ്ടായത് ശബ്ദമാണ്, ശബ്ദത്തിലൂടെയാണ് ലോകത്തിന്റെ പിറവി. ലോകത്തിലെ ആദ്യത്തെ ശബ്ദമാധ്യമമാണ് റേഡിയോ. നീണ്ട ചരിത്രമുള്ള റേഡിയോ പലതരത്തിൽ വികസിച്ച് ഇന്ന് പോഡ്‌കാസ്റ്റ് വരെ എത്തിയിരിക്കുകയാണ്. റേഡിയോയുടെ പ്രസക്തി ഇന്ന് എങ്ങനെയാണ് കാണുന്നതെന്ന മോഡറേറ്ററുടെ ചോദ്യത്തോടെയാണ് സെഷൻ ആരംഭിച്ചത്.

റേഡിയോയുടെ വിശ്വാസ്യതയും തിരിച്ചുവരവും

13 വർഷത്തോളം ആകാശവാണിയിൽ വാർത്താവിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള കെ. എ. ബീനയ്ക്ക് റേഡിയോയോട് പ്രത്യേക സ്നേഹമുണ്ട്. അച്ചടി, റേഡിയോ, ടെലിവിഷൻ, ഓൺലൈൻ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും എക്കാലത്തും ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമം റേഡിയോ ആയിരുന്നുവെന്ന് കെ. എ. ബീന പറയുന്നു.

പറയുന്നവർക്കും കേൾക്കുന്നവർക്കും ഇടയിൽ പ്രവർത്തിക്കുന്ന മാധ്യമമായാണ് റേഡിയോയെ കാണുന്നത്. സ്വകാര്യ മാധ്യമങ്ങൾ വന്നതോടെ റേഡിയോയുടെ പ്രസക്തി കുറഞ്ഞുകൊണ്ടിരുന്ന കാലത്താണ് താനടക്കമുള്ളവർ റേഡിയോയിൽ പ്രവർത്തിക്കാൻ എത്തിയത്. എന്നാൽ, പിന്നീട് അതേ റേഡിയോയുടെ തിരിച്ചുവരവിന് സാക്ഷിയാകാൻ കഴിഞ്ഞു.

'ഏറ്റവും അവസാനം ലോകത്ത് അസ്തമിക്കാൻ പോകുന്ന മാധ്യമമാണ് റേഡിയോ' എന്ന് അന്നൊക്കെ പറയുമായിരുന്നു. ആകാശവാണി മാത്രമുണ്ടായിരുന്ന കാലത്ത് വിശ്വാസ്യതയ്ക്ക് അവസാന വാക്കായിരുന്നു റേഡിയോ.

പാലക്കാട് ഒരു കളക്ടറെ ബന്ദിയാക്കിയ സംഭവം നടക്കുമ്പോൾ, ആ വിവരം റേഡിയോയിലൂടെ പറയണമെന്നായിരുന്നു ബന്ദിയാക്കിയവരുടെ ആദ്യ ആവശ്യം. അന്ന് ആകാശവാണിയാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആദ്യം വാർത്ത നൽകേണ്ടെന്ന് നിർദേശിച്ചു. പിന്നീട് വാർത്ത നൽകിയാൽ മാത്രമേ കളക്ടറെ വിട്ടയക്കൂ എന്ന നിലയുണ്ടായി. മാധ്യമമെന്ന നിലയിൽ റേഡിയോയ്ക്ക് നമ്മുടെ സമൂഹത്തിൽ എത്ര സ്വാധീനമുണ്ടായിരുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് പല മാധ്യമപ്രവർത്തകരുടേയും ഇത്തരം അനുഭവം. കടലിൽ നിന്നും മുക്കുവനും തെങ്ങിന് മുകളിൽ നിന്നും തെങ്ങുകയറ്റക്കാരനും കേൾക്കാനാവുന്ന മാധ്യമമാണത് എന്നും ബീന പറയുന്നു.

കെ. എ ബീന

ജനാധിപത്യം

റേഡിയോയ്ക്ക് ഒരു സ്ഥാപനവൽകൃതമായ രൂപമാണ്. എന്നാൽ, പോഡ്‍കാസ്റ്റിൽ പ്രവർത്തിക്കുന്നത് ജനാധിപത്യമാണ്. ആർക്കും ചെയ്യാവുന്ന, ആരിലേക്കും എത്താവുന്ന, ആർക്കും എത്തിപ്പിടിക്കാവുന്ന മാധ്യമമായി പോഡ്കാസ്റ്റുകൾ മാറുന്നുണ്ട് എന്ന് ജേക്കബ് എബ്രഹാം സൂചിപ്പിക്കുന്നു.

ഭാഷയും അവതരണവും പ്രധാന ഘടകങ്ങൾ

ശബ്ദത്തിന്റെ വ്യത്യാസങ്ങളും ഭാഷയുടെ ഉച്ചാരണവും ധ്വനിഭംഗിയും പ്രക്ഷേപണത്തിൽ പ്രധാനമാണെന്ന് മുഖത്തല ശ്രീകുമാർ. പോഡ്‌കാസ്റ്റായാലും റേഡിയോയായാലും ടെലിവിഷനായാലും സാങ്കേതികവിദ്യ മാറുന്നു എന്നല്ലാതെ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുന്നതിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റമില്ല.

ഒരു പോഡ്‌കാസ്റ്റ് കേൾക്കാൻ തയ്യാറാകുന്നയാൾ അതിൽ തുടരണമെങ്കിൽ വിഷയത്തിന്റെ ആധികാരികത മാത്രമല്ല, അവതാരകൻ ഭാഷ ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്. ഭാഷ ഒരു വാഹനമാണ്. ആ വാഹനത്തിലൂടെയാണ് ആശയങ്ങൾ കൈമാറുന്നത്.

മുഖത്തല ശ്രീകുമാര്‍

ഓരോ ദിവസവും ഓരോ സ്ത്രീയെ ഭാര്യയായി സ്വീകരിച്ച് പിറ്റേന്ന് രാവിലെ കൊന്നുകളയുന്ന രാജാവിന്റെ മുമ്പിൽ ഷഹറസാദ് കഥ പറഞ്ഞ് 1001 രാത്രികൾ നീട്ടിയെടുത്തത് കഥയുടെ പ്രത്യേകത കൊണ്ടു മാത്രമല്ല, അത് പറഞ്ഞ രീതിയുടെ പ്രത്യേകത കൊണ്ടുകൂടിയാണ്. രാജാവ് പിറ്റേന്ന് വീണ്ടും കഥ കേൾക്കാൻ താൽപര്യം കാണിച്ചതും അതുകൊണ്ടാണ്.

എത്രയോ കഥകൾ കേൾക്കുമ്പോൾ ആദ്യ മിനിറ്റിൽ തന്നെ ഉറങ്ങിപ്പോയിട്ടുണ്ടാകാം. എന്നാൽ, ഉറങ്ങാതെ നമ്മളെ ഇരുത്തുന്ന പറച്ചിലിന്റെ പ്രത്യേകതയാണ് റേഡിയോയുടെ നിലനിൽപ്പിന് അടിസ്ഥാനം. പോഡ്‌കാസ്റ്റും അങ്ങനെ തന്നെയാണ്. സാങ്കേതികത മാറിയെങ്കിലും ശബ്ദം എന്ന മാധ്യമത്തിലാണ് ഇവ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ റേഡിയോയിലും പോഡ്‌കാസ്റ്റിലും നിരന്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

റേഡിയോയുടെ പരിണാമമാണ് പോഡ്‌കാസ്റ്റ്

റേഡിയോ തന്നെയാണ് പോഡ്‌കാസ്റ്റായി മാറിയതെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് കഥ പറച്ചിലുകാരൻ കൂടിയായ പ്രിയരാജ് ഗോവിന്ദരാജ് പറഞ്ഞത്. കാലം മാറി, സാങ്കേതികവിദ്യ മാറി, അങ്ങനെ റേഡിയോ പരിണമിച്ച് പോഡ്‌കാസ്റ്റായി. അതുകൊണ്ടുതന്നെ റേഡിയോ നശിച്ചുപോകുന്ന ഒന്നല്ല. പഴയകാലത്തെ മാധ്യമമായിരുന്നു റേഡിയോ എന്ന് പറയുന്നതിനോടും യോജിപ്പില്ല. പുതിയ രീതിയിൽ പുതിയ ആളുകളിലേക്ക് എത്തുന്ന ശബ്ദമാണ് പോഡ്‌കാസ്റ്റ്.

വീഡിയോ, ഓഡിയോ പോഡ്‌കാസ്റ്റുകൾക്ക് അതിന്റേതായ കേൾവിക്കാരും കാഴ്ചക്കാരുമുണ്ട്. വീഡിയോ കാണുന്നവർക്കും ഓഡിയോ കേൾക്കുന്നവർക്കും ലഭിക്കുന്ന അനുഭവം വ്യത്യസ്തമാണ്. വീഡിയോ കാണുന്നവർ ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുമ്പോൾ ഓഡിയോ പോഡ്‌കാസ്റ്റിലാണ് യഥാർഥ വിഷ്വലൈസേഷൻ നടക്കുന്നത്.

പ്രിയരാജ് ഗോവിന്ദരാജ്

ശബ്ദത്തിലൂടെ ഒരു കാര്യം പറയുമ്പോൾ കേൾക്കുന്നയാളുടെ ചിന്തയിലും ഭാവനയിലും വിരിയുന്ന ദൃശ്യങ്ങൾക്ക് നേരിട്ട് കാണുന്നതിനേക്കാൾ വ്യത്യാസമുണ്ടാകാം. അത് അനുഭവിക്കാൻ കഴിയുന്നതാണ് പോഡ്‌കാസ്റ്റിന്റെയും റേഡിയോയുടെയും ഏറ്റവും വലിയ പ്രാധാന്യം.

എഐ ഏറെ വികസിച്ചുനിൽക്കുന്ന കാലത്ത് റേഡിയോ അവതാരകരുടെ ആവശ്യമില്ലെന്നും എഐ ഉപയോഗിച്ച് പരിപാടികൾ സൃഷ്ടിക്കാമെന്നും പലരും പറയുന്നുണ്ട്. എന്നാൽ, എഐ നൽകുന്നത് വെറുമൊരു ശബ്ദം മാത്രമായിരിക്കും. അതിന് വികാരങ്ങളുണ്ടാകില്ല.

നിങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വെറുമൊരു ശബ്ദമല്ല, ആ ഫീലിംഗ്സും കൂടിയാണ്. ഒരാൾ തന്റെ സന്തോഷത്തെക്കുറിച്ച് പറയുമ്പോൾ ശബ്ദത്തിലൂടെയും മോഡുലേഷനിലൂടെയും ആ വികാരം കേൾക്കുന്നയാളിലേക്ക് എത്തുന്നു. ഈ വികാരമാണ് ആളുകളെ മാധ്യമത്തിനകത്തേക്ക് പിടിച്ചുനിർത്തുന്നത്.

മുമ്പ് റേഡിയോയിൽ സ്ഥിരം പരിപാടി കേൾക്കാൻ അതിനുവേണ്ടി സമയം മാറ്റിവെക്കണമായിരുന്നു. എന്നാൽ, പോഡ്‌കാസ്റ്റിൽ ഇഷ്ടമുള്ളത് ഇഷ്ടമുള്ള സമയത്ത് കേൾക്കാം. ഇത് പോഡ്‌കാസ്റ്റിന്റെ വലിയ നേട്ടമാണ്.

വരുന്ന കാലത്ത് പോഡ്‌കാസ്റ്റുകൾക്ക് അസാമാന്യമായ സാധ്യതകളുണ്ടാകും. മനുഷ്യരെ കേൾക്കുക എന്നത് ഒരാളുടെ ആവശ്യവും പറയുക എന്നത് മറ്റൊരാളുടെ ആവശ്യവുമാണ്. പറയാനും കേൾക്കാനുമുള്ള മനുഷ്യന്റെ ശേഷി നിലനിൽക്കുന്നിടത്തോളം കാലം പോഡ്‌കാസ്റ്റുകൾക്ക് കേരളത്തിലടക്കം സാധ്യതകളേറെയാണ്.

ഇതിൽ സ്ഥിരമായി കണ്ടന്റുകൾ നൽകുന്നവർ കുറവാണ്. എല്ലാവരും റേഡിയോ ആയി മാറണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയരാജ് പറയുന്നു. ഉള്ളിലെ ആശയങ്ങൾ സത്യസന്ധമായി തുറന്നുപറയാനും പ്രകടിപ്പിക്കാനുമുള്ള ഇടമാണ് പോഡ്‌കാസ്റ്റ്. നിങ്ങളെ ഇഷ്ടപ്പെടുന്നവർ മാത്രമേ നിങ്ങളെ കേൾക്കുകയുള്ളൂ. അങ്ങനെ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാനും അവരുമായി ഇടപെടാനും കഴിയും.

സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കാൻ കഴിയുന്ന പുതിയ മാധ്യമമായി റേഡിയോ മാറിയതിനെയാണ് പോഡ്‌കാസ്റ്റ് എന്ന് വിളിക്കാൻ താൻ ആഗ്രഹിക്കുന്നതെന്നും പ്രിയരാജ് വ്യക്തമാക്കി.

വ്യക്തികൾക്ക് മാധ്യമസ്വാതന്ത്ര്യം നൽകുന്ന പോഡ്‌കാസ്റ്റ്

സോഷ്യൽ മീഡിയയുടെ കാലത്ത് ഓരോ വ്യക്തിയും ഓരോ മാധ്യമസ്ഥാപനമായി മാറുകയാണെന്ന് മോഡറേറ്റർ ജേക്കബ് എബ്രഹാം പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ വ്യക്തികൾക്ക് സ്വന്തം കണ്ടന്റുകൾ നൽകാനും എഴുതിയിടാനും കഴിയുന്നു. വ്യക്തികൾക്ക് വലിയ സ്വാതന്ത്ര്യം നൽകുന്ന ഈ മാറ്റമാണ് പോഡ്‌കാസ്റ്റിന്റെ സാധ്യതയും.

ജേക്കബ് എബ്രഹാം

സമൂഹം ഒരു കാലത്ത് സംസാരിക്കാൻ മടിച്ചിരുന്ന മരണം, വിവാഹമോചനം, ബന്ധങ്ങൾ, സൗഹൃദം തുടങ്ങിയ വിഷയങ്ങൾ ഇന്ന് പോഡ്‌കാസ്റ്റുകളിൽ ചർച്ച ചെയ്യപ്പെടുന്നു. ചായയെക്കുറിച്ചുപോലും ചർച്ച ചെയ്യാവുന്ന ഒരു ഇടം പോഡ്‌കാസ്റ്റ് തുറന്നുകൊടുത്തിട്ടുണ്ട്.

ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മാധ്യമം

പോഡ്‌കാസ്റ്റ് ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മാധ്യമങ്ങളിലൊന്നാണെന്ന് കെ. എ. ബീന അഭിപ്രായപ്പെട്ടത്. റേഡിയോയുടെ ചട്ടക്കൂടുകളില്ലാതെ മൊബൈലിലൂടെ ലോകത്തോട് സംസാരിക്കാനുള്ള സാധ്യതയാണ് പോഡ്‌കാസ്റ്റ്. എല്ലാ തരത്തിലുള്ള മനുഷ്യരിലേക്കും എത്താനുള്ള അനന്തമായ സാധ്യതയാണ് ഈ കാലത്തെ സാങ്കേതികവിദ്യ സൃഷ്ടിച്ചിരിക്കുന്നത്. ശബ്ദം നമ്മളിലേക്ക് എത്തുമ്പോൾ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തേടുന്ന അനുഭവമാണുണ്ടാകുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മളോട് സംസാരിക്കുന്ന ശബ്ദമായാണ് പല പരിപാടികളെയും ആളുകൾ കാണുന്നത്.

സ്ത്രീകളുടെ വളർച്ചയും പോഡ്കാസ്റ്റും

പെരിമെനോപോസ് സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ, പോസ്റ്റ്പാർട്ടം ഡിപ്രഷൻ തുടങ്ങിയ സ്ത്രീകളുടെ പ്രശ്നങ്ങൾ സാധാരണ മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ കുറച്ച് ഇടം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ പോഡ്‌കാസ്റ്റിൽ അതല്ല സ്ഥിതി. സ്ത്രീകൾ ഈ മാധ്യമം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്, ഇനിയും അവർ തന്നെയാവും കൂടുതൽ ഉപയോ​ഗിക്കുന്നത് എന്നും കെ. എ. ബീന അഭിപ്രായപ്പെടുന്നു.

ഒരു സ്ഥാപനത്തിന്റെയോ പ്രൊഡ്യൂസറുടെയോ സഹായമോ അപ്രൂവലോ ആവശ്യമില്ലാതെ ഏത് പെൺകുട്ടിക്കും സ്ത്രീക്കും തുറന്നുപറയാനുള്ള വേദിയാണിത്. ഇത്രയും കാലം പാടില്ലെന്ന് പറഞ്ഞതും തുറന്നുപറഞ്ഞാൽ അപകടകരമാണെന്ന് പഠിപ്പിച്ചതുമായ കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾക്ക് പോഡ്‌കാസ്റ്റ് അവസരം നൽകി. ഞങ്ങളും ഇവിടെ ജീവിച്ചിരിപ്പുണ്ട്, ഞങ്ങൾക്കും പ്രശ്നങ്ങളുണ്ട്, ഞങ്ങളും ജീവിക്കാൻ അർഹരാണ് എന്ന നിലയിലേക്ക് സ്ത്രീസമൂഹത്തെ എത്തിക്കുന്നതിൽ ഈ മാധ്യമങ്ങളും അതിലെ സ്ത്രീകൾ സ്വീകരിച്ച കണ്ടന്റുകളും പങ്കുവഹിച്ചിട്ടുണ്ട്.

പ്രാദേശിക ഭാഷകൾ

പോഡ്‌കാസ്റ്റ് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ്. ഈ മാധ്യമത്തിന്റെ കണ്ടന്റുകൾക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവമാധ്യമങ്ങൾ വന്നതോടെ ബലംപിടിച്ച് സംസാരിച്ചുകൊണ്ടിരുന്ന മാധ്യമങ്ങളിൽ നിന്ന് മാറ്റമുണ്ടായെന്ന് ശ്രീകുമാർ മുഖത്തല പറഞ്ഞു. ആകാശവാണിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്ന് അത് അതിഭീകരമായി ബലംപിടിക്കുന്ന മാധ്യമമായിരുന്നുവെന്നതാണ്. ഒരു മാനക ഭാഷ ഉണ്ടാക്കിയെടുക്കുകയായിരുന്നു ആകാശവാണി ചെയ്തത്.

കേരളത്തിൽ നിരവധി പ്രാദേശിക ഭാഷാഭേദങ്ങളുണ്ട്. അവ നിലനിൽക്കെ കേരളത്തിന് ഒരു മാനക ഭാഷ വേണമെന്ന വെല്ലുവിളിയാണ് ആദ്യകാല റേഡിയോ പ്രവർത്തകർ നേരിട്ടത്. മാനക ഭാഷ ഉണ്ടാക്കിയെടുത്തത് ആകാശവാണിയുടെ വലിയ സേവനങ്ങളിലൊന്നാണ്. എന്നാൽ, പിന്നീട് ആ മാനക ഭാഷ ഒരു ബാധയായി മാറുകയും അതിൽനിന്ന് പുറത്തുകടന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. സ്വകാര്യ റേഡിയോ വന്നപ്പോഴാണ് ആകാശവാണിക്ക് ആരോഗ്യകരമായ മത്സരം ഉണ്ടായതും പ്രാദേശിക ഭാഷകൾ 'ഫോൺ ഇൻ' പരിപാടികളിലടക്കം ഇടംനേടിയതും.

സോഷ്യൽ മീഡിയ വന്നതോടെ പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നവരും അത് കേൾക്കുന്നവരും വർധിച്ചു. പോഡ്‌കാസ്റ്റ് പോലെയുള്ള സോഷ്യൽ മീഡിയ നൽകുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം മനുഷ്യർ അറിയാതെ തന്നെ സ്വന്തം വേരുകൾ അന്വേഷിക്കാൻ ഇടയാക്കുന്നതാണ്. ഇത് പോസിറ്റീവായ കാര്യമാണ്.

സോഷ്യൽ മീഡിയ നൽകുന്ന സ്വാതന്ത്ര്യം ഓരോരുത്തരും സ്വന്തം വിവേകത്തിനനുസരിച്ച് നിയന്ത്രിക്കേണ്ടതാണ്. സർക്കാർ വിചാരിച്ചാൽ അത് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ, നിയന്ത്രിക്കുമ്പോൾ തന്നെ വലിയ ജനാധിപത്യവൽക്കരണവും നടക്കുന്നുണ്ട്. റേഡിയോ തന്നെ വലിയ ജനാധിപത്യവൽക്കരണത്തിന് വിധേയമായിട്ടുണ്ട്. അതുപോലെ പോഡ്‌കാസ്റ്റും ജനാധിപത്യവൽക്കരണത്തിന്റെയും ജനങ്ങളുടെ മനസ്സിന്റെ അടിത്തട്ടിലുള്ള ആഗ്രഹങ്ങളുടെ പ്രകാശനത്തിന്റെയും വേദിയായി മാറുമെന്നും ശ്രീകുമാർ അഭിപ്രായപ്പെട്ടു.

പോഡ്‌കാസ്റ്റിന്റെ ഉള്ളടക്കവും അവതരണവും

പോഡ്‌കാസ്റ്റ് തിരഞ്ഞെടുക്കുന്നത് കേൾക്കുന്നയാളുടെ ഇഷ്ടമാണെന്ന് പ്രിയരാജ് ഗോവിന്ദരാജ് പറഞ്ഞു. എന്നാൽ, പറയുന്നയാൾക്ക് താൻ എന്താണ് പറയാൻ പോകുന്നതെന്നും എങ്ങനെ പറയണമെന്നുമുള്ള ചിന്ത വേണം. കൃത്യസമയത്ത് ആളുകളിലേക്ക് എത്തുകയും അവർക്ക് അനുഭവിക്കാനാകുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്താൽ മാത്രമേ ആളുകൾ അത് സ്വീകരിക്കൂ.

അവതാരകൻ സത്യസന്ധമായും തുറന്നും സംസാരിക്കുന്നയാളായിരിക്കണം. ആരാണ് നിങ്ങളെ കേൾക്കുന്നതെന്ന് മനസ്സിലാക്കി സംസാരിക്കുകയാണ് അവതാരകന്റെ ഗുണം. അങ്ങനെ പറയുമ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്താനും അവർ അത് സ്വീകരിക്കാനും കഴിയുന്നത്.

റേഡിയോ ഇല്ലാതാവുന്ന കാലമല്ല, പരിഷ്കരിക്കപ്പെട്ട കേൾവിയുടെ കാലം

റേഡിയോ ഇല്ലാതെയായി എന്നല്ല, മറിച്ച് ശബ്ദമാധ്യമങ്ങളുടെ പുതുവഴികളിലേക്ക് മനുഷ്യനും മാറുന്ന ലോകവും സഞ്ചരിച്ചെത്തിയെന്നും അതിന് ടെക്നോളജി കാരണമായിത്തീർന്നുവെന്നതുമാണ് ചർച്ചയുടെ കാതൽ. ഇനി വരുന്ന കാലവും ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള കാലം തന്നെ. ഏതൊരു മനുഷ്യനും കേൾക്കാനിഷ്ടമാണ്, പറയാനിഷ്ടമുള്ളവരുമുണ്ട്. അതുള്ളിടത്തോളം കാലം റേഡിയോ പല രൂപത്തിലും ഇവിടെ തന്നെയുണ്ടാകും.