Asianet News MalayalamAsianet News Malayalam

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കും സിനിമ കാണാം, രാഷ്ട്രീയപ്രവര്‍ത്തനം നടത്താം; ഇതാ വിധിക്കു വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥിനി..

ആദ്യം ചെന്നപ്പോള്‍ ഹോസ്റ്റലില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഫോണ്‍ അവിടെ കൊടുക്കണം. ഫോണ്‍ വിളിക്കണമെങ്കില്‍ വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ എപ്പോഴെങ്കിലും വാങ്ങിച്ച് വിളിക്കാം. ഉടനെ തിരിച്ച് കൊടുക്കണം. മൂന്നരയ്ക്ക് ക്ലാസ് കഴിഞ്ഞാല്‍ നാലരയ്ക്ക് ഹോസ്റ്റലില്‍ കയറണം. രാഷ്ട്രീയമാണെങ്കില്‍ പറയാനേ പാടില്ല 

anjitha k jose speaking to asianet news online about court removal of restrictions
Author
Thiruvananthapuram, First Published Mar 20, 2019, 3:45 PM IST

കഴിഞ്ഞ ദിവസമാണ് കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി വന്നത്. രാത്രിയില്‍ സിനിമയ്ക്ക് പോകുന്നതിനും, ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വിലക്കുണ്ടാവരുത് എന്നായിരുന്നു വിധി.

മെന്‍സ് ഹോസ്റ്റലിലില്ലാത്ത ആയിരം വിലക്കുകളാണ് പലപ്പോഴും വിമന്‍സ് ഹോസ്റ്റലുകളില്‍. പതിനെട്ട് കഴിഞ്ഞ് വോട്ടവകാശം വരെയുള്ളവരാണ് ഇവിടെ പഠിക്കാനെത്തുന്നത് എന്ന ചിന്തയൊന്നുമില്ല. സന്ധ്യ കഴിഞ്ഞാല്‍ പെണ്ണ് പുറത്തിറങ്ങരുതെന്ന പൊതുബോധം അതുപോലെ അടിച്ചേല്‍പ്പിക്കുന്നവയാണ് പല കോളേജ് ഹോസ്റ്റലുകളും.

ഇതിനെതിരെ ഒന്നര വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടി കോടതിയെ സമീപിച്ചു. അഞ്ജിത കെ. ജോസ്.. കൂടെ, കക്ഷി ചേര്‍ന്നത് മറ്റൊരു വിദ്യാര്‍ത്ഥിനിയായ റിന്‍ഷ.. ഏതായാലും ഒന്നര വര്‍ഷത്തിനു ശേഷം വിധി വരുമ്പോള്‍ അഞ്ജിത പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വിധിയെ കുറിച്ച് അഞ്ജിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു..

കോടതിയെ സമീപിക്കുവാനുള്ള കാരണമെന്തായിരുന്നു?

ഒന്നര വര്‍ഷം മുമ്പ് കേരള വര്‍മ്മയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കേസ് കൊടുക്കുന്നത്. ആദ്യം ചെന്നപ്പോള്‍ ഹോസ്റ്റലില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഫോണ്‍ അവിടെ കൊടുക്കണം. ഫോണ്‍ വിളിക്കണമെങ്കില്‍ വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ എപ്പോഴെങ്കിലും വാങ്ങിച്ച് വിളിക്കാം. ഉടനെ തിരിച്ച് കൊടുക്കണം. മൂന്നരയ്ക്ക് ക്ലാസ് കഴിഞ്ഞാല്‍ നാലരയ്ക്ക് ഹോസ്റ്റലില്‍ കയറണം. രാഷ്ട്രീയമാണെങ്കില്‍ പറയാനേ പാടില്ല എന്ന സ്ഥിതിയായിരുന്നു. നോക്കൂ, പതിനെട്ട് വയസ്സ് കഴിഞ്ഞ് വോട്ടവകാശമുള്ളവരാണ് അവിടെ പലരും. എന്നിട്ടുപോലും രാഷ്ട്രീയം പറയാനാവാത്തത് എന്തവസ്ഥയാണ്.. 

കോളേജില്‍ പരാതി പറഞ്ഞിരുന്നില്ലേ?

കേരള വര്‍മ്മയില്‍ ചെന്ന് ആദ്യത്തെ രണ്ട് വര്‍ഷം അവിടെത്തന്നെ നിന്ന് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ നോക്കിയിട്ടുണ്ടായിരുന്നു. അതൊന്നും നടക്കാത്തപ്പോഴാണ് കേസുമായി പോകുന്നത്. ഇത്തരം വിലക്കുകള്‍ക്കെതിരെ പ്രിന്‍സിപ്പളിനേയും വാര്‍ഡനേയും ഒക്കെ പലതവണ കണ്ടു സംസാരിച്ചു. പക്ഷെ, എന്നിട്ടൊന്നും യാതൊരു കാര്യവുമുണ്ടായിരുന്നില്ല.

ഒരു ദിവസം ഹോസ്റ്റലില്‍ നിന്ന് കുട്ടികള്‍, കൃത്യമായി വിവരങ്ങള്‍ എഴുതിവെച്ച ശേഷം IFFK (ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍-തിരുവനന്തപുരം) -യ്ക്ക് പോയിട്ടുണ്ടായിരുന്നു. അതിന് ആ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിളിക്കുക, മാപ്പ് എഴുതി വാങ്ങിക്കുക അങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ നടന്നിരുന്നു. അപ്പോള്‍, എന്തെങ്കിലും ചെയ്തേ തീരൂവെന്ന് തോന്നി. അങ്ങനെയാണ് കേസ് കൊടുക്കുന്നതിലേക്ക് എത്തിയത്. LCSR (ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്‍റ്സ് റൈറ്റ്സ് ) എന്ന സംഘടനയുണ്ട്. നിയമ വിദ്യാര്‍ത്ഥികളും കുറച്ച് വക്കീലന്മാരും ചേര്‍ന്നുള്ള സംഘടനയാണ്. അതിലുള്ള സുഹൃത്ത് അര്‍ജ്ജുന്‍ ആസാദാണ് നിയമപരമായി നീങ്ങാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. അന്ന് മുതല്‍ വിധി വരുന്ന വരെ LCSR എല്ലാ സമയത്തും കൂടെയുണ്ടായിരുന്നു. അവരാണ് കേസിന്‍റെ എല്ലാ കാര്യങ്ങളും നോക്കിയത്. 

കേസ് കൊടുക്കുമ്പോള്‍ കേരള വര്‍മ്മ കഴിഞ്ഞിറങ്ങുമ്പോള്‍ ചിലപ്പോള്‍ കേസ് തള്ളിപ്പോകും, അതുകൊണ്ട്, ഇപ്പോഴും അവിടെ പഠിക്കുന്ന ആരെങ്കിലും കക്ഷി ചേരേണ്ടതുണ്ടായിരുന്നു. അന്ന്, കോളേജില്‍ പഠിക്കുന്ന, ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ നോക്കി... പക്ഷെ, പിന്തുണ നല്‍കിയവര്‍ പോലും പല കാരണങ്ങള്‍ കൊണ്ടും കക്ഷി ചേരാന്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല. അങ്ങനെ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്താണ് റിന്‍ഷ എന്ന അവിടെ ഇപ്പോള്‍ രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടി കക്ഷി ചേരുന്നത്. അല്ലെങ്കിലൊരുപക്ഷെ, കേസ് തന്നെ തള്ളിപ്പോയേനെ.. 

anjitha k jose speaking to asianet news online about court removal of restrictions

അഞ്ജിതയും റിന്‍ഷയും... 

വിമര്‍ശനങ്ങളുണ്ടായിരുന്നില്ലേ, കോളേജിനകത്തുനിന്നും പുറത്തുനിന്നും

കേസ് കൊടുത്ത സമയത്ത് നേരിട്ട് വിമര്‍ശനങ്ങളൊന്നും അധികമുണ്ടായിട്ടില്ല. കുറച്ച് കുട്ടികളേ കൂടെയുണ്ടായിരുന്നുള്ളൂ.. പക്ഷെ, അവരെപ്പോഴും കൂടെനിന്നു. കേസായപ്പോള്‍ എസ്.എഫ്.ഐ യൂണിയന്‍ കൂടെ നിന്നു. ഞാന്‍ കോളേജില്‍ നിന്നും, ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഹോസ്റ്റല്‍ വാര്‍ഡന്‍ പുതുതായി വരുന്ന കുട്ടികളോട് എന്നെ കുറിച്ച് മോശമായി സംസാരിക്കുകയുണ്ടായി. 'ആ കുട്ടി കാരണമാണ് നിങ്ങളോട് ഞങ്ങളിത്രയും സ്ട്രിക്ടായി നില്‍ക്കുന്നത്. അങ്ങനെയൊന്നും നിങ്ങള്‍ ചെയ്യാതിരുന്നോ.. അവള്‍ കാരണമാണ് ഈ പ്രശ്നങ്ങളൊക്കെ' എന്നൊക്കെ പറഞ്ഞ് കുട്ടികളില്‍ വേറൊരുതരം മനോഭാവമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നോട് നേരിട്ട് പക്ഷെ ഒന്നും പറയുകയുണ്ടായിട്ടില്ല. 

ഈ വിലക്കുകള്‍ കാരണം വിദ്യാര്‍ത്ഥിനികളനുഭവിക്കുന്ന പ്രശ്നങ്ങളൊരുപാടാണ്.. 

ഉദാഹരണം പറയാം, എന്‍റെ വീട് വയനാടാണ്. ഞാന്‍ തൃശ്ശൂര്‍ കേരള വര്‍മ്മയില്‍ ജോയിന്‍ ചെയ്തതിനു തന്നെ കാരണം, കേരള സംഗീത നാടക അക്കാദമിയും, സാഹിത്യ അക്കാദമിയും ഇറ്റ്ഫോക്കും (ഇന്‍റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള) ഒക്കെ തൃശ്ശൂരാണല്ലോ എന്നതു തന്നെയായിരുന്നു. പക്ഷെ, അവിടെ പഠിക്കുമ്പോള്‍ അവസാന വര്‍ഷം ഹോസ്റ്റലില്‍ നില്‍ക്കാതെ പുറത്ത് നിന്നതുകൊണ്ട് മാത്രമാണ് ഇറ്റ്ഫോക്കില്‍ പങ്കെടുക്കാന്‍ പറ്റിയത്. ആ ഒരുമാസം പെര്‍മിഷന്‍ എഴുതിക്കൊടുത്ത് പുറത്ത് നിന്ന ശേഷം ഇറ്റ്ഫോക്കില്‍ പങ്കെടുക്കാനായതാണ്. അതേ ആഗ്രഹത്തില്‍ വന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് ചൊവ്വ, വ്യാഴം, വെള്ളി എന്നീ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ പുറത്ത് പോകാനാകുന്നത്. 

അതിനുശേഷമുള്ള ഒരു പരിപാടിയിലും പങ്കെടുക്കാന്‍ പറ്റുന്ന സാഹചര്യം അവിടെയില്ല. പിന്നെ, 'വിബ്ജ്യോര്‍' എന്ന ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന കളക്ടീവില്‍ അംഗമായിരുന്നു ഞാന്‍. പക്ഷെ, അതിലൊന്നും തന്നെ ഹോസ്റ്റലില്‍ നില്‍ക്കുന്ന സമയത്ത് പങ്കെടുക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്ന് വിളിച്ച് കുട്ടിയെ വിടണം എന്നൊക്കെ പറഞ്ഞാലാണ് പോകാനാവുക. നമുക്ക് പതിനെട്ട് വയസ്സ് തികഞ്ഞു എന്നൊന്നും അവിടെ പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള് പെങ്കുട്ട്യോളല്ലേ, നിങ്ങള്‍ടെ വീട്ടുകാര് ഇവിടെ ഏല്‍പ്പിച്ചു പോയതാണ് അവരോട് നമ്മളെന്ത് പറയും എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. നിങ്ങള്‍ക്ക് തോന്നിയ പോലെ വിടാനൊന്നും പറ്റില്ല എന്നൊക്കെ പറയും. രാത്രി പത്ത് മണിക്ക് ശേഷം ഞങ്ങളുടെ ബ്ലോക്കില്‍ നിന്ന് എന്തെങ്കിലും ശബ്ദം കേട്ടാലും ഉയരുന്ന ചോദ്യമിതാണ്, 'നിങ്ങള് പെങ്കുട്ട്യോളല്ലേ നിങ്ങളിങ്ങനെ ഒച്ചയുണ്ടാക്കാമോ' എന്ന്.. 

കഴിഞ്ഞ ദിവസമാണ് പൂക്കോട് വെറ്ററിനറി കോളേജിലെ കുട്ടികള്‍ അനുവാദമില്ലാതെ ഗോവയ്ക്ക് പോയി എന്ന് പറഞ്ഞ് പ്രശ്നങ്ങളുണ്ടായത്..

പൂക്കോട് വെറ്ററിനറി കോളേജില്‍ പെണ്‍കുട്ടികള്‍ ചോദിക്കാതെ ഗോവയ്ക്ക് പോയി എന്നു പറഞ്ഞുണ്ടാക്കിയ ബഹളങ്ങള്‍ കണ്ടിരുന്നു. അവിടെ മാത്രമല്ല, എല്ലായിടത്തും ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ട്. കേരള വര്‍മ്മയിലാണെങ്കിലും..  IFFK -യ്ക്കാണെങ്കില്‍ പോലും മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കുട്ടികള്‍ എല്ലാ വര്‍ഷവും പോകുന്നുണ്ട്. അതൊരു വിഷയമല്ല.. ആണ്‍കുട്ടികള്‍ പോകുമ്പോള്‍ ടീച്ചര്‍മാര്‍ക്ക് സന്തോഷമാണ്. ആ അവരതിലൊക്കെ പങ്കെടുത്ത്, കാര്യങ്ങളെല്ലാം മനസ്സിലാക്കി വരട്ടേ എന്ന്.. പക്ഷെ, പെണ്‍കുട്ടികള്‍ പോകുമ്പോള്‍ കാര്യം നേരെ മറിച്ചാകും. ഒരിക്കല്‍ രണ്ട് പെണ്‍കുട്ടികള്‍ പോയി.. അവരോട്, ഹോസ്റ്റലില്‍ നിന്നിറക്കി വിടും.. എന്നൊക്കെയുള്ള ഭീഷണികളായിരുന്നു. ഇതുപോലെ പല സംഭവങ്ങളുമുണ്ട്. പക്ഷെ, അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രം. സമൂഹത്തിലെല്ലായിടത്തും നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വത്തിന്‍റെ ഭാഗം തന്നെയാണിത് ഒറ്റയടിക്ക് മാറ്റാനാകില്ലല്ലോ... മാറും എന്ന് തന്നെയാണ് പ്രതീക്ഷ.. 

ഇപ്പോള്‍ പഠിക്കുന്നത് കേരളത്തിന് പുറത്താണ്, അവിടെയുള്ള മാറ്റങ്ങളെന്താണ്?

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. ഇവിടെ ഹോസ്റ്റല്‍ ട്വന്‍റി ഫോര്‍ ഇന്‍ടു സെവനാണ്. കേരള വര്‍മ്മയില്‍ നിന്ന് ഇങ്ങോട്ട് വന്നപ്പോഴുള്ള ഏറ്റവും വലിയ സമാധാനം അതാണ്. ഒന്ന് പുറത്ത് പോകാന്‍ തോന്നിയാല്‍, രാത്രി ഭക്ഷണം കഴിക്കാന്‍ പോകാന്‍ തോന്നിയാല്‍, ഒന്നു ബീച്ചില്‍ പോകാന്‍ തോന്നിയാല്‍ പോകാം.. ലൈബ്രറി പോലെയുള്ള സൗകര്യങ്ങളുപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ട്.. ഇതിനര്‍ത്ഥം കേരളത്തിന് പുറത്ത് എല്ലായിടത്തും ഇങ്ങനെയാണ് എന്നല്ല. പക്ഷെ, അവിടെ നാലരയ്ക്ക് പെണ്‍കുട്ടികളെ അകത്തിട്ട് പൂട്ടുന്ന അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇത് മാറ്റമാണ്. 

പ്രതീക്ഷിച്ച വിധി തന്നെയാണോ വന്നിരിക്കുന്നത്?

വിധിയില്‍ സന്തോഷമുണ്ട്... പക്ഷെ, പ്രതീക്ഷിച്ച പോലെയല്ല വിധി പൂര്‍ണമായും വന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ കോളേജുകളിലും ബാധകമാകുന്ന വിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എനിക്ക് പുറത്തിറങ്ങി നടക്കാനാവുക എന്നതിലുപരി എല്ലായിടത്തും മാറ്റമുണ്ടാക്കുക എന്നതായിരുന്നു പ്രതീക്ഷ.. പക്ഷെ, രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാനാകും, സെക്കന്‍ഡ് ഷോ കാണണോ വേണ്ടയോ എന്നുള്ളതൊക്കെ കുട്ടികള്‍ക്ക് തീരുമാനിക്കാം എന്നതൊക്കെ വിധിയില്‍ വന്നിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യരുതെന്ന് കോളേജ് റൂള്‍സ് ഉണ്ടെങ്കില്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടികളോട് സംസാരിച്ച് കോളേജിന് തീരുമാനിക്കാം എന്നാണ് വിധി. എത്രത്തോളം, എങ്ങനെ അത് കുട്ടികള്‍ക്ക് സഹായകമാകും എന്നറിയില്ല. രണ്ട് ദിവസമായിട്ട് കേരള വര്‍മ്മയിലെ കുട്ടികള്‍ കുട്ടികള്‍ പ്രിന്‍സിപ്പളിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. കണ്ടിട്ടില്ല. അറിയില്ല നിലപാട് എന്താകും എന്ന്. കുറച്ച് കൂടി വ്യക്തമായ മാറ്റങ്ങളുണ്ടാകാണം. ഇത് നല്ലൊരു മാറ്റം തന്നെയാണ്. ഇനിയും അതുപോലെയുള്ള മാറ്റങ്ങളുണ്ടാകും.. പതിയെ പതിയെ വലിയ മാറ്റങ്ങളുണ്ടാകട്ടേ... 

Follow Us:
Download App:
  • android
  • ios