2025-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവായ ബാനു മുഷ്താഖ്, ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ' ഐഡിയ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
"ഒരൊറ്റ ആകാശത്തെ ആയിരം മിന്നാമിനുങ്ങുകൾ പ്രകാശമാനമാക്കുന്നതു പോലെയാണ് ഈ നിമിഷം അനുഭവപ്പെടുന്നത്- ഹ്രസ്വവും അതിമനോഹരവും കൂട്ടായതുമായ ഒന്ന്"- 2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് സ്വീകരിച്ചുകൊണ്ട് ബാനു മുഷ്താഖ് പറഞ്ഞതാണിത്. അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതം കന്നഡ സാഹിത്യത്തിലൂടെ ലോകത്തിന് മുന്നിലെത്തിച്ച എഴുത്തുകാരി. എഴുത്തിനൊപ്പം സാമൂഹ്യ അനീതികൾക്കെതിരായ പോരാട്ടങ്ങളിലും സജീവമാണ് അഭിഭാഷക കൂടിയായ ബാനു മുഷ്താഖ്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതവും ചെറുത്തുനിൽപ്പും അതിജീവനവുമെല്ലാം തന്റെ കഥകളിലൂടെ ലോകത്തോട് പറയുന്ന ബാനു മുഷ്താഖ്, ആ കഥകൾക്ക് പിന്നിലെ കഥകൾ പറയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ഐഡിയ ഫെസ്റ്റിവൽ 'അഗോറ'യിൽ എത്തുകയാണ്.
ബന്ദയ സാഹിത്യത്തിലെ തീപ്പൊരി
കന്നഡയിൽ വിപ്ലവം സൃഷ്ടിച്ച ബന്ദയ സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ബാനു മുഷ്താഖ്. ജാതി, മതം, ലിംഗം എന്നിവയുടെ പേരിൽ നടക്കുന്ന വിവേചനങ്ങൾക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന ദളിത്, ന്യൂനപക്ഷ എഴുത്തുകാരെ വളർത്തിയെടുത്ത സാഹിത്യ പ്രസ്ഥാനമാണത്. 1970-കളിലും 80- കളിലുമായി രൂപം കൊണ്ട ബന്ദയ സാഹിത്യ ധാര കർണാടകയിൽ വലിയ ചലനം സൃഷ്ടിച്ചു. സാഹിത്യ, സാംസ്കാരിക മേഖലകളിലെ വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്കും മേൽക്കോയ്മകൾക്കുമെതിരായ പോരാട്ടമായി ബന്ദയ സാഹിത്യ പ്രസ്ഥാനം മാറിയപ്പോൾ, ആ ധാരയുടെ ഭാഗമായ ചുരുക്കം ചില വനിതകളിൽ ഒരാളാണ് ബാനു മുഷ്താഖ്. 1948-ൽ കർണാടകയിലെ ഹസ്സനിൽ ജനിച്ച ബാനു മുഷ്താഖ്, ഉന്നത വിദ്യാഭ്യാസം നേടുകയും ചെറുപ്പം മുതൽ പുരുഷാധിപത്യ പ്രവണതകളോട് കലഹിക്കുകയും ചെയ്തു. അഭിഭാഷക, മാധ്യമ പ്രവർത്തക, അധ്യാപിക, സാമൂഹിക പ്രവർത്തക എന്നിങ്ങനെ പല നിലകളിൽ അവർ സ്വയം അടയാളപ്പെടുത്തി. 26ാം വയസ്സിലാണ് ആദ്യ കഥ പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിലേക്കുള്ള തന്റെ ജീവിത യാത്രയെ 'കാളവണ്ടിയിൽ തുടങ്ങിയ യാത്ര ഈ ആഗോള വേദിയിൽ എത്തിനിൽക്കുന്നു' എന്ന് ബാനു മുഷ്താഖ് വിശേഷിപ്പിക്കുകയുണ്ടായി.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്ലിം വനിത
മൈസൂർ ദസറ മഹോത്സവം ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ബാനു മുഷ്താഖ്. 2025ൽ ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കർണാടകയിൽ വിവാദം ഉയർന്നിരുന്നു. വിശ്വാസിയല്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ചില ഹൈന്ദവ സംഘടനകൾ വാദിച്ചു. എന്നാൽ ദസറ മതേതര ആഘോഷമാണെന്ന നിലപാടിൽ സിദ്ധരാമയ്യ സർക്കാർ ഉറച്ചുനിന്നതോടെ ബാനു മുഷ്താഖ് ആ വേദിയിലെത്തി. ഈ നാടിന്റെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന ഉത്സവമാണ് ദസറ എന്നാണ് ബാനു മുഷ്താഖ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. തുല്യതയും കരുതലുമുള്ള, പരസ്പര ബഹുമാനവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹം കെട്ടുപ്പടുക്കാം എന്നും ബാനു മുഷ്താഖ് ആഹ്വാനം ചെയ്തു. നമ്മുടെ എല്ലാവരുടെയും ഉള്ളിലെ വിദ്വേഷവും അസഹിഷ്ണുതയും അപ്രത്യക്ഷമാകട്ടെയെന്നും അവർ പറഞ്ഞു.
പ്രധാന കൃതികൾ
ആറ് ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവൽ, ഒരു ഉപന്യാസ സമാഹാരം, ഒരു കവിതാ സമാഹാരം എന്നിവയാണ് ബാനു മുഷ്ടാഖിന്റെ കൃതികൾ. ദീപ ഭാസ്തി ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത 'ഹാർട്ട് ലാംപ്: സെലക്റ്റഡ് സ്റ്റോറീസ്' ആണ് 2025-ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടിയത്. ബുക്കർ പ്രൈസിന് പുറമേ കർണാടക സാഹിത്യ അക്കാദമി അവാർഡ്, ദാന ചിന്താമണി അത്തിമബ്ബെ അവാർഡ് എന്നിവയും ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. ബാനു മുഷ്താഖിന്റെ കൃതികൾ ഉറുദു, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ബാനു മുഷ്താഖ് 'അഗോറ'യിൽ
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹോത്സവമായ 'അഗോറ'യുടെ ഉദ്ഘാടന ചടങ്ങിൽ ബാനു മുഷ്താഖ്, എഡ്രിയാൻ വൂൾഫ്സൻ എന്നിവർ മുഖ്യാതിഥികളാണ്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ശശി തരൂർ എംപി അധ്യക്ഷത വഹിക്കും. നവംബർ 27ന് വൈകുന്നേരം 3 മണിക്കാണ് അഗോറയുടെ ഉദ്ഘാടന ചടങ്ങ് എങ്കിലും അന്നേ ദിവസം രാവിലെ 10 മണി മുതൽ തന്നെ ഏഴ് വേദികളിലായി വിവിധ സെഷനുകൾ തുടങ്ങും. 'എഴുത്ത് പ്രതിരോധമാകുമോ', 'വിവർത്തനത്തെ കുറിച്ച്' എന്നിങ്ങനെ രണ്ട് സെഷനുകളിൽ ബാനു മുഷ്താഖ് പങ്കെടുക്കുന്നുണ്ട്. നവംബർ 27 മുതൽ 29 വരെ കനകക്കുന്നിൽ ഏഴ് വേദികളിലായി 250-ലേറെ വിദഗ്ധരാണ് വിവിധ സെഷനുകളിൽ പങ്കെടുക്കുക. പ്രവേശനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ.
















