ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിൽ ഒരു വലിയ ചിമ്പാൻസി കൂട്ടം രണ്ടായി പിരിഞ്ഞ് പരസ്പരം പോരടിക്കുന്നു. ഈ 'ആഭ്യന്തര യുദ്ധം' ചിമ്പാൻസികൾക്കിടയിൽ അത്യപൂർവമാണെന്നും, ഭക്ഷണത്തിനും മറ്റുമുള്ള മത്സരം കാരണമാകാമെന്നും ഗവേഷകർ പറയുന്നു. ഈ സംഘട്ടനത്തിൽ നിരവധി ചിമ്പാൻസികൾ കൊല്ലപ്പെടുകയും ശിശുഹത്യ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഗാണ്ടയിൽ മനുഷ്യരുടെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര യുദ്ധം ഒന്നൊതുങ്ങിയിട്ട് വലിയ കാലമായില്ല. അതിനിടെ മറ്റൊരു ആഭ്യന്തര യുദ്ധം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാലിത് മനുഷ്യർ തമ്മിലുള്ള ആഭ്യന്തര യുദ്ധമല്ല, മറിച്ച് മനുഷ്യ കുലവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള ചിമ്പാൻസികൾ തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ്. അതെ, കേട്ടത് സത്യം തന്നെ. ഉഗാണ്ടയിലെ കാട്ടു ചിമ്പാൻസികളുടെ വലിയൊരു കൂട്ടം ഇന്ന് രണ്ട് ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരമുള്ള പോരാട്ടത്തിലാണെന്ന് ഈ രംഗത്ത് ഗവേഷണം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കൽ വളരെ സൗഹൃദത്തിലായിരുന്ന ചിമ്പാൻസികൾ തമ്മിൽ ഇപ്പോൾ പരസ്പരം പോരാടി മരിക്കുകയാണ്.

അപൂർവ്വം, ഈ പോരാട്ടം

സാധാരണയായി, ചിമ്പാൻസികളുടെ ചെറു ഗ്രൂപ്പുകൾ തമ്മിൽ പോരാട്ടങ്ങളുണ്ടാകാറുണ്ട്. പക്ഷേ അത് കൂടുതലും മറ്റ് ഗ്രൂപ്പുകളുമായി. ഭക്ഷണം, വെള്ളം, അല്ലെങ്കിൽ താമസിക്കാനുള്ള നല്ല സ്ഥലങ്ങൾ എന്നിവയ്ക്കായി വ്യത്യസ്ത കൂട്ടം ചിമ്പാൻസികൾ (പാൻ ട്രോഗ്ലോഡൈറ്റുകൾ) തമ്മിൽ പോരാട്ടങ്ങൾ സാധാരണമാണ്. എന്നാൽ, ഒരു ഗ്രൂപ്പ് രണ്ടായി തിരിയുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നത് അത്യപൂർവ്വമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 50 വർഷം മുമ്പ് ടാൻസാനിയയിലെ ഗോംബെയിലുള്ള ഒരു ചിമ്പാൻസി സമൂഹത്തിൽ സമാനമായൊരു സാഹചര്യം ഉണ്ടായിരുന്നതായി പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൾ ചൂണ്ടിക്കാണിക്കുന്നു. അന്നും ഒരു കൂട്ടം ചിമ്പാൻസികൾ രണ്ട് ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു. കാലക്രമേണ, ഒരു സംഘം മറ്റേ കൂട്ടത്തിലെ അംഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തി. പുതിയ വിഭാഗത്തിലെ പുരുഷന്മാർ നാല് വർഷത്തിനിടെ ഒരു മുതിർന്ന സ്ത്രീയെയും മറ്റേ ഗ്രൂപ്പിലെ ആറ് പുരുഷന്മാരെയും കൊലപ്പെടുത്തി. എന്നാൽ, ഈ സംഭവത്തെ കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ശാസ്ത്രജ്ഞരുടെ കൈവശമുള്ളൂ. അതിനാൽ തന്നെ ഇത്തരം സംഭവങ്ങൾ അത്യപൂർവ്വമാണെന്നായിരുന്നു ഗവേഷകരുടെ നിരീക്ഷണം.

Scroll to load tweet…

കിബാലെ ദേശീയോദ്യാനം

ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ ചിമ്പാൻസികളുടെ ഈ ആഭ്യന്തര യുദ്ധ സാഹചര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1998 - മുതൽ ഗവേഷകർ കിബാലെ ദേശീയോദ്യാനത്തിലെ ചിമ്പാൻസികളെ കുറിച്ച് പഠിക്കുന്നുണ്ട്. ഈ ചിമ്പാൻസി സമൂഹത്തിൽ 200 ഓളം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 30 വർഷമായി അവരെ ഗവേഷകർ നിരീക്ഷിച്ച് വരുന്നു. ആദ്യമൊക്കെ ഈ വലിയ കൂട്ടം ചിമ്പാൻസികൾ ഒരുമിച്ച് താമസിച്ചിരുന്നു. എന്നാൽ, ഇടയ്ക്ക് ഇവർ പകൽ സമയങ്ങളിൽ ചെറിയ ചില താൽക്കാലിക ഗ്രൂപ്പുകളായി പിരിഞ്ഞ് ഭക്ഷണം തേടാൻ തുടങ്ങി.

Scroll to load tweet…

1998 നും 2014 നും ഇടയിൽ, ചില ചെറിയ ഗ്രൂപ്പുകൾ കൂടുതൽ നേരം സ്ഥിരമായി ഒന്നിച്ച് നിൽക്കാൻ തുടങ്ങി. 2015 ഓടെ, വലിയ സമൂഹമായിരുന്ന ചിമ്പാൻസികൾ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി സ്ഥിരമായി പിരിഞ്ഞ് താമസം തുടങ്ങി. പിന്നാലെ ഇവ രണ്ട് ഗ്രൂപ്പുകളായി ജീവിക്കുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്തു. പതുക്കെ ഈ രണ്ട് ഗ്രൂപ്പുകളും വള‍രാൻ തുടങ്ങി. ഈ സമയത്തൊക്കെ ഇരുഗ്രൂപ്പുകളിലുള്ള ചിലർ തമ്മിൽ പ്രത്യേക സൗഹൃദങ്ങളും സൂക്ഷിച്ചിരുന്നു. എന്നാൽ, 2018 ആയപ്പോഴേക്കും ഇത്തരം അപൂർവ സൗഹൃദങ്ങൾ പോലും ഇല്ലാതായി. രണ്ട് ഗ്രൂപ്പുകളും പരസ്പരം വളരെ ഏറെ അകന്നു. ഇതോടെ ഇരുഗ്രൂപ്പുകളും തമ്മിൽ പരസ്പരം ആക്രമിക്കാനാൻ ആരംഭിച്ചു. ആക്രമണങ്ങൾ പലപ്പോഴും മാരകമാവുകയും പലരുടെയും മരണത്തിന് കാരണമാവുകയും ചെയ്തു. ഈ പോരാട്ടം ഏറെക്കാലം നീണ്ടു നിന്നെന്നും ഗവേഷക‍ർ ചൂണ്ടിക്കാണിക്കുന്നു.

അപ്രത്യക്ഷരാകുന്നവർ, കൊല്ലപ്പെടുന്ന കുട്ടികൾ

പരസ്പരമുള്ള സംഘട്ടനത്തിൽ നിരവധി പരുഷ ചിമ്പാൻസികൾ കൊലപ്പെട്ടു. അതേസമയം കാരണമില്ലാതെ അപ്രത്യക്ഷരാകുന്ന ചുമ്പാൻസികളുടെ എണ്ണവും കൂടി. ഒപ്പം ശിശുഹത്യയും വർദ്ധിച്ചു. "മനുഷ്യരെക്കുറിച്ച് സംസാരിക്കുമ്പോൾ ആഭ്യന്തരയുദ്ധം എന്നാൽ വളരെ പ്രത്യേകമായ ഒന്നാണ്, ചിമ്പാൻസികൾക്ക് രാഷ്ട്രങ്ങളോ അല്ലെങ്കിൽ അത്തരമൊരു സാഹചര്യങ്ങളോ ഇല്ല. മാത്രമല്ല ഇവ‍ർ പരസ്പരം അറിയാവുന്നവർ കൂടിയാണ്. ഇതിനെ ആഭ്യന്തരയുദ്ധം എന്ന് വിളിക്കുന്നതിൽ എനിക്ക് ഒരുതരം പരിഭ്രാന്തി തോന്നുന്നു." പഠനത്തെ കുറിച്ച് പറയവേ ആരോൺ സാൻഡൽ കൂട്ടിചേർത്തു. ഒപ്പം 2024 വരെ ശേഖരിച്ച വിവരങ്ങൾ ഗവേഷണ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 2025 ലും 2026 ലും കൂടുതൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ഗ്രൂപ്പുകളുടെ വംശവർദ്ധനവ് ഭക്ഷണം കണ്ടെത്തുന്നതിലെ പ്രശ്നങ്ങളാകാം ചിലപ്പോൾ ഇത്തരം ചെറുഗ്രൂപ്പുകളുടെ സൃഷ്ടിക്കും. പിന്നീട് പരസ്പരമുള്ള ആഭ്യന്തയുദ്ധത്തിലേക്കും നയിക്കുന്നതെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡലും സഹപ്രവർത്തകരുമാണ് ഉഗാണ്ടയിലെ കിബാലെ നാഷണൽ പാർക്കിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ഈ ആഭ്യന്തരയുദ്ധത്തെ കുറിച്ച് പഠിച്ചത്. ഇവരുടെ പഠനം ഇന്നലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.