ചൈനയിൽ ഒരു യുവതി തന്‍റെ സാമോയിഡ് നായയെ ഡോഗ് സ്കൂളിൽ ചേർക്കാൻ 1.6 ലക്ഷം രൂപ ചെലവഴിച്ചു. ജോലിത്തിരക്ക് കാരണം നായയെ പരിപാലിക്കാൻ സാധിക്കാത്തതിനാലാണ് കുട്ടികളുടെ കിന്റർഗാർട്ടന് സമാനമായ സൗകര്യങ്ങളുള്ള ഈ സ്കൂളിൽ ചേർത്തത്. ഈ വാർത്ത ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ന്‍റെ വളർത്തുമൃഗമായ നായ്ക്കുട്ടിയെ ഡോഗ് സ്കൂളിൽ ചേർക്കാൻ ലക്ഷങ്ങൾ ചെലവാക്കിയ ഒരു യുവതിയുടെ വിശേഷമാണ് ഇപ്പോൾ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആറ് മാസം പ്രായമുള്ള തന്‍റെ സാമോയിഡ് (Samoyed) വർഗ്ഗത്തിൽപ്പെട്ട നായയെ ഡോഗ് സ്കൂളിൽ ചേർക്കാൻ താവോതാവോ എന്ന യുവതി ചെലവാക്കിയത് 12,000 യുവാനാണ് (ഏകദേശം 1.6 ലക്ഷം രൂപ). സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടികളുടെ കിന്‍റർഗാർട്ടനെക്കാൾ മികച്ചത്

സാധാരണ കുട്ടികളുടെ സ്കൂളുകൾക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഈ പെറ്റ് കിന്‍റർഗാർട്ടനിലുമുണ്ട്. നായയുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള പേഴ്സണാലിറ്റി ടെസ്റ്റുകൾ, അമിതമായി കുരയ്ക്കുന്നതിനും ആക്രമണ സ്വഭാവവും മാറ്റാനുള്ള പെരുമാറ്റ പരിശീലനം, മറ്റ് നായ്ക്കളുമായി ഇടപഴകാനുള്ള സോഷ്യൽ ആക്റ്റിവിറ്റികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ദിവസേന നായയെ വീട്ടിൽ നിന്ന് കൊണ്ടുപോകാനും തിരികെ എത്തിക്കാനും പ്രത്യേക വാഹന സൗകര്യവുമുണ്ട്. ഉടമകൾക്ക് തങ്ങളുടെ വളർത്തുമൃഗത്തെ ഓൺലൈനിലൂടെ എപ്പോൾ വേണമെങ്കിലും തത്സമയം കാണാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. പാക്കേജിന് പുറമെ പ്രത്യേക തുക നൽകിയാൽ പോഷകാഹാരവും അവിടെ ലഭ്യമാകും. ജോലിത്തിരക്ക് കാരണം തന്‍റെ പ്രിയപ്പെട്ട നായ്ക്കുട്ടിക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു സൗകര്യം തെരഞ്ഞെടുത്തതെന്ന് യുവതി പറയുന്നു.

വിമ‍ർശിച്ചും അഭിനന്ദിച്ചു നെറ്റിസെന്‍സ്

2026 -ലെ ചൈന പെറ്റ് ഇൻഡസ്ട്രി വൈറ്റ് പേപ്പർ പ്രകാരം, ചൈനയിലെ നഗരപ്രദേശങ്ങളിലെ പെറ്റ് വിപണി വൻ വളർച്ചയിലാണ്. 2025 -ൽ 312.6 ബില്യൺ യുവാനായിരുന്ന ഈ വിപണി, 2028 -ഓടെ 405 ബില്യൺ യുവാനിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. "സ്വന്തം കുട്ടികളുടെ പഠനത്തിന് പോലും ഇത്രയും തുക ചിലവാക്കാത്തവർ ഉള്ളപ്പോഴാണ് നായ്ക്കൾക്കായി ഇത്രയധികം പണം മുടക്കുന്നത്" എന്ന് ചിലർ വിമർശിക്കുമ്പോൾ, വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കാണുന്നവരാണ് ഇതിനെ അനുകൂലിക്കുന്നത്. ഷെൻസെൻ പോലുള്ള നഗരങ്ങളിൽ നായ്ക്കളെ പരിപാലിക്കാൻ വൻ തുക ചിലവാക്കുന്നവർ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.