വാക്സിന്‍ കണ്ടെത്തലുമായി ഹൈദരാബാദ് യൂണിവേഴ്സിറ്റി. ഓഫ്സ്ഫോഡില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുന്നു. ചൈനയില്‍ ആദ്യഘട്ടം പരീക്ഷണം പുരോഗമിക്കുന്നു. അമേരിക്ക മനുഷ്യരിലെ പരീക്ഷണത്തിലെ ഫലം കാത്തിരിക്കുന്നു.

 

 

കോവിഡ് കാട്ടുതീ പോലെ ലോകമെമ്പാടും പടര്‍ന്നു പിടിക്കുമ്പോള്‍ അത്യസാധാരണമായ ചില നടപടികള്‍ കൂടി വൈദ്യശാസ്ത്രമേഖലയില്‍ സംഭവിക്കുകയാണ്. തയ്യാറാക്കിയ വാക്സിന്‍ നേരിട്ട് മനുഷ്യരില്‍ പരീക്ഷിക്കുക എന്നതായിരുന്നു അത്. ലോകത്തിന്റെ ഉപ്പായ ചില ധീരമനുഷ്യര്‍ അതിനായി തയ്യാറായി. 

എം.ആര്‍.എന്‍.എ 1273 (mRNA 1273 ) എന്ന കോഡുള്ള അമേരിക്കന്‍ വാക്സിന്‍ മനുഷ്യരാശിക്കായി ജെന്നിഫര്‍ ഹാലര്‍ എന്ന വനിതയാണ് ഇക്കഴിഞ്ഞ 16ന് സ്വന്തം സിരകളിലേക്ക് ഏറ്റുവാങ്ങിയത്. പരീക്ഷണഫലം വിലയിരുത്താന്‍ രണ്ട് മാസത്തെ കാത്തിരിപ്പിലാണ് യു.എസ്.

നിലവില്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ എത്തിയിരിക്കുന്ന നിഗമനവും മറ്റൊന്നല്ല തന്നെ. സാമൂഹികഅകലം പാലിച്ചും മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചും രോഗത്തിന്റെ വ്യാപനം കുറയ്ക്കാമെങ്കിലും ഒരു വാക്സിന് മാത്രമേ എന്നെന്നേക്കുമായി കോവിഡിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കോറോണയ്ക്കെതിരായ വാക്സിന്‍ ഇതിന് മുമ്പേ നമുക്ക് വികസിപ്പിച്ചെടുക്കാനാവുമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. കോറോണവിഭാഗത്തിലെ വൈറസുകള്‍ പരത്തുന്ന സാര്‍സ് , മെര്‍സ് എന്നീ പകര്‍ച്ചാവ്യാധികള്‍ക്കെതിരെ വൈറസ് കണ്ടെത്താനായി ലോകം അതിദ്രുതം ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതാണ്. എന്നാല്‍ ഈ രോഗങ്ങളുടെ വ്യാപനനിരക്ക് കുറഞ്ഞതോടെ വൈറസിനായുള്ള ശ്രമങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇത് പുരോഗമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി വേഗതയില്‍ ലോകത്തിന് കോവിഡ് വാക്സിനിലേക്ക് എത്താന്‍ കഴിയുമായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍, കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും എടുക്കാതെ വാക്സിന്‍ പ്രയോഗത്തിലാവില്ലെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെ വാക്സിനോളജിസ്റ്റായ അനലിസ് സ്മിത്ത് നിരീക്ഷിക്കുന്നത്. എന്നാല്‍ വാക്സിന്‍ പ്രയോഗത്തില്‍ വരുന്നതിന് മുമ്പ് തന്നെ കോവിഡ് വ്യാപനം അതിന്റെ പരമാവധിയില്‍ എത്തുമെന്നും അവിടെ നിന്ന് കുറഞ്ഞുവരുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ലഭ്യമായ സമയപരിധികള്‍ ക്രോഡീകരിക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ കാര്യങ്ങള്‍ നടന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വാക്സിന്‍ പ്രയോഗക്ഷമമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ ലോകവ്യാപകമായി 35 ഓളം ലാബുകളും അക്കാദമികസ്ഥാപനങ്ങളും വാക്സിന്‍ പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. ഇനി വാക്സിന്‍ ഈ ഇടവേളയില്‍ ലഭ്യമായാലും മറ്റ് ചില പ്രശ്നങ്ങള്‍ കാത്തിരിപ്പുണ്ട്. ഒരു വാക്സിന് എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ട് അംഗീകാരം കിട്ടിയാലും ഇപ്പോഴത്തെ ആവശ്യം കണക്കിലെടുത്തുള്ള ഉത്പാദനം ഏതാണ്ട് അസാധ്യമാണ്. നിലവില്‍ വിജയകരമായൊരു വാക്സിന്‍ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുകയും അതിന് ശേഷമുള്ള വെല്ലുവിളികളെ ആ സമയത്ത് സാധ്യമാകുന്ന രീതിയില്‍ നേരിടുകയും ചെയ്യാം എന്ന തീരുമാനമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്.

ഒരേ സമയം മനുഷ്യരില്‍ സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്താല്‍ മൂന്നിലൊന്ന് ജോലി മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ എന്നാണ് ആഗോള ആരോഗ്യവിദഗ്ധനായ ജൊനാതന്‍ ക്വിക്ക് അഭിപ്രായപ്പെടുന്നത്. ആവശ്യമുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുക എന്ന കനത്ത വെല്ലുവിളിയാണ് ഉത്പാദകരെയും സര്‍ക്കാരുകളെയും കാത്തിരിക്കുന്നത് എന്ന് ചുരുക്കം. മറ്റൊന്ന് ആവശ്യകത അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കാനുള്ള ഒരു രാജ്യത്തിന്റെ സാമ്പത്തികസാഹചര്യമാണ്.

എന്നാല്‍ ലോകാരോഗ്യസംഘടന ഇത് മുന്‍കൂട്ടിക്കാണുന്നുണ്ട്. നിലവില്‍ സര്‍ക്കാരുകള്‍, ചാരിറ്റബിള്‍ ഫൗണ്ടേഷനുകള്‍, വാക്സിന്‍ ഉത്പാദകര്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന് ആഗോളവിതരണത്തിന് ഒരു വഴി തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില ആഗോള സാമൂഹിക സംഘടനകളും നവീനമായ ധനസമാഹരണപദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വാക്സിന്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ പ്രധാന ലക്ഷ്യം. ചുരുക്കത്തില്‍ ലോകം ഒരുമിച്ചാണ്. അത് കരുതലെടുക്കുന്നുമുണ്ട്.

ഇതിനിടയില്‍ പ്രത്യാശപൂര്‍ണമായൊരു വിവരം ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ലാബില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ലാബ് വികസിപ്പിച്ച വാക്സിന്‍ മനുഷ്യരിലുള്ള ആദ്യഘട്ടപരീക്ഷണത്തിന് തയ്യാറായതായാണ് ഓക്സ്ഫോര്‍ഡ് അറിയിച്ചത്. 18 മുതല്‍ 55 വരെ പ്രായമുള്ള 500 സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്സിന്‍ പരീക്ഷിക്കുക. വിവിധ പ്രായക്കാരിലെല്ലാം ഒരു പോലെ വാക്സിന്‍ സുരക്ഷിതമാണെന്ന് തെളിയിക്കേണ്ടതുണ്ട് എന്നതിനാലാണിത്. ഇവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് കോവിഡ് വാക്സിന്‍ പരിശ്രമങ്ങള്‍ ഓക്സ്ഫോഡില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ ഓക്സ്ഫോഡ് പദ്ധതിയുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃസ്ഥാനത്ത് ഒരിന്ത്യന്‍ വംശജനമുണ്ട്- പ്രൊഫസര്‍. എസ്. എസ്.വാസന്‍. ലോകജ്ഞാനസഞ്ചയത്തിന് നേതൃത്വം കൊടുക്കുകയും വാണിജ്യതാല്‍പര്യങ്ങള്‍ക്ക് മുകളില്‍ അറിവിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഓക്സ്ഫോഡില്‍ നിന്നുള്ള ഈ വാര്‍ത്ത ലോകമെമ്പാടും വലിയ പ്രത്യാശ പരത്തിയിട്ടുണ്ട്.

നിലവില്‍ മനുഷ്യര്‍ മാത്രമല്ല വാക്സിന്‍ നിര്‍മ്മാണത്തിനായി ഒത്തുചേര്‍ന്നിട്ടുള്ളത്. ലോകചരിത്രത്തിലാദ്യമായി കൃത്രിമബുദ്ധിയും മനുഷ്യനൊപ്പം കോവിഡിനെതിരെ പടപൊരുതാനുണ്ട്. 

രണ്ട് കാര്യങ്ങളിലാണ് കൃത്രിമബുദ്ധി പ്രധാനമായും നമ്മെ സഹായിക്കുന്നത്. ഒന്ന് : വൈറസിന്റെ പ്രോട്ടീന്‍ ഘടനകള്‍ മനസ്സിലാക്കി വാക്സിന് വേണ്ട ഘടകങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദ്ദേശിക്കുക.

രണ്ട് : വാക്സിന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്ന, ലോകമെമ്പാടുമുള്ള ലഭ്യമായ അനുബന്ധഗവേഷണവിവരങ്ങള്‍ അത്രയും അസാമാന്യമായ വേഗതയില്‍ അവരുടെ മുന്നിലേക്കെത്തിക്കുക. ഇതിനായി ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പുതിയ എ.ഐ ടൂളുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ വികസിപ്പിച്ചെടുത്തിരുന്നു.

ബ്രിട്ടീഷ്, അമേരിക്കന്‍ വാക്സിനുകള്‍ക്കൊപ്പം ചൈനയും വാക്സിന്‍ കണ്ടെത്തുന്നതിനായി മുന്‍നിരയില്‍ തന്നെ ഉണ്ട്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കാന്‍സിനോ ബയോലോജിക്സ് അവരുടെ വാക്സിന്  മനുഷ്യരിലുള്ള ആദ്യഘട്ടപരീക്ഷണത്തിന് അനുമതി ലഭിച്ച വിവരം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.
ഇതോടൊപ്പം ലോകത്തിന് ആശ്വാസകരമായ നീക്കങ്ങളുമായി ഇന്ത്യയും കഴിഞ്ഞ ദിവസം  രംഗത്തു വന്നു. 

ഹൈദരാബാദ് യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ.സീമമിശ്ര തന്റെ ഗവേഷണഫലമായി കോറോണയ്ക്കെതിരെ ഉപയുക്തമാക്കാവുന്ന വാക്സിന്‍ കണ്ടെത്തിയ വിവരം യൂണിവേഴ്സിറ്റി പത്രക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു. ഈ വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിന് കൈമാറുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍, റഷ്യന്‍ ഗവേഷകരും വാക്സിന്‍ നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ കടന്നിട്ടുണ്ടെന്നാണ് വിവരം.

നിലവില്‍ ജാതി-വര്‍ഗ-വര്‍ണ-രാഷ്ട്ര വിവേചനങ്ങളില്ലാതെ മനുഷ്യനിങ്ങനെ പ്രതീക്ഷിക്കുന്നു, ലോകം പ്രതീക്ഷിക്കുന്ന ആ ശുഭവാര്‍ത്ത ഒരു പുലരിയില്‍ നമ്മെ തേടിവരുക തന്നെ ചെയ്യും. അതെ ഒരു ദ്രവത്തുള്ളിയില്‍ നിന്ന് ലോകം വീണ്ടും ഉണരും.