കാട് തീണ്ടരുത്
തീണ്ടിയാല്‍ കാട് മുടിയും...

എത്രയോ കാലങ്ങളായി കേള്‍ക്കുന്നതാണ്. കാട് തീണ്ടിയാലെന്താണുണ്ടാവുക? കാട് നശിച്ചു പോകും... ഇങ്ങനെ തീണ്ടാപ്പാടകലെ പല കാടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഗ്രാമങ്ങളുണ്ട്. പക്ഷെ, പയ്യെപ്പയ്യെ മനുഷ്യന്‍ കാട് കേറിത്തുടങ്ങി. പകരം, ചില കാടുകളെല്ലാം കുപ്പിച്ചില്ലുകള്‍ കൊണ്ട് ഹൃദയം കീറി നിന്നു. പ്ലാസ്റ്റിക്കുകള്‍ നിറച്ച് വെള്ളം വറ്റിപ്പോയ അരുവിയുണ്ടായി. ഇതുകൊണ്ടാകണം 'കാട് തീണ്ടല്ലേ...' എന്ന് പണ്ടാരോ നിലവിളിച്ചത്. അതിനായി ആര്‍ക്കും നേരിട്ടറിയാത്ത ഒരുപാട് കഥകളിറങ്ങി. 'ആ കാട്ടിലേക്ക് കയറിപ്പോയവരാരും തിരികെ വന്നിട്ടില്ലെ'ന്ന് ശബ്ദമടക്കി പറഞ്ഞ് ഓരോരുത്തരും പലരേയും ഭയപ്പെടുത്തി. അത് തെളിയിക്കും വണ്ണം പലയിടങ്ങളും ഇരുട്ട് പിടിച്ച്, കാടുകേറി നിഗൂഢമായി നിലകൊണ്ടു. പക്ഷെ, പെണ്ണിനാണല്ലോ വിലക്കുകള്‍ കൂടുതല്‍, അതുകൊണ്ട് മദ്യക്കുപ്പികളും മറ്റുമായി ആരും കാണാതെ പലരും കാടുകേറിയപ്പോള്‍ പെണ്ണ് പുറത്തുനിന്നു. സ്നേഹിച്ചുകൊണ്ടുപോലും കാടിനെയൊന്ന് തൊടാന്‍ പല പെണ്ണുങ്ങളും മടിച്ചു. 

എന്നാല്‍, ഇതിനെയെല്ലാം തിരുത്തിക്കുറിച്ചിരിക്കുന്നു എരപ്പ് കയറാനെത്തിയ ഒരു കൂട്ടായ്മ. വേദനിപ്പിക്കാതെ കയറിയാല്‍ കാടും കാട്ടരുവിയും മനുഷ്യര്‍ക്കൊപ്പം സ്നേഹിച്ച് കൂടെനില്‍ക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു ഈ കൂട്ടം. 

എരപ്പ് സംരക്ഷിക്കാന്‍ ഒരു കൂട്ടായ്മ

'എന്നാലും, നമ്മടെ ഇത്രയടുത്ത് ഇതുണ്ടായിട്ട് ഇപ്പോഴാണല്ലോ ഒന്നു കാണുന്നത്' ലീലച്ചേച്ചിയുടെ വാക്കുകള്‍ അവരുടെ പലരുടെയും ജീവിതത്തിന്‍റെ അതിര്‍ത്തികളില്‍ തട്ടി പ്രതിധ്വനിച്ചു. ഒരു വെള്ളച്ചാട്ടത്തിന്‍റെ വീണ്ടെടുപ്പ് അഥവാ ഗ്രാമത്തിലെ അന്ധവിശ്വാസങ്ങളുടെ തകര്‍ച്ചയെന്ന് പറയാവുന്ന ഒന്നായിരുന്നു കൊല്ലം ഏരൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചുവടുവെപ്പ്. 

ലീലാമണി ചേച്ചിയേയും ശാന്തച്ചേച്ചിയും പോലെ കുറേ പേരുണ്ടായിരുന്നു അവരുടെ കൂടെ. ജനിച്ച് വീണ മണ്ണില്‍ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ജീവിച്ചിട്ടും അതിന് തൊട്ടടുത്തുള്ള മനോഹരമായ ആ വെള്ളച്ചാട്ടം കാണാത്തവരായി. ഒടുവില്‍ ആ ആഗ്രഹം സഫലമായി, അവര്‍ക്ക് മുന്നില്‍ 'എരപ്പിന്‍റ' ശബ്ദവും കാഴ്ചയും വെളിപ്പെട്ടു. ഈയൊരു നിമിഷത്തിനായാണ് ആ കാട്ടരുവി - ആര്‍ച്ചല്‍ ഓലിയരുക് ഏരപ്പ് - അത്രയും കാലം ഒളിച്ചിരുന്നതെന്നവര്‍ക്ക് തോന്നി.

കൊല്ലം ജില്ലയിലെ ഏരൂര്‍ പഞ്ചായത്തില്‍ ആര്‍ച്ചല്‍ ഗ്രാമം അതിന്‍റെ ജൈവീകതയാല്‍ തന്നെ ഏറെ മനോഹരമായിരുന്നു. കാട് വെട്ടിത്തെളിച്ച് കുടിയേറ്റ കുടുംബങ്ങള്‍ കൃഷി ആരംഭിക്കും വരെ. കുടിയേറ്റം വ്യാപകമായതോടെ പ്രകൃതിക്ക് മാറ്റങ്ങള്‍ വന്നുതുടങ്ങി. മനുഷ്യന്‍റെ കാലെത്താത്ത ഇടമില്ലെന്നായി. പക്ഷേ, അപ്പോഴും ഒരു നിഗൂഢത നിലനിന്നു. ചില പേരുകളിലൂടെ, ചില ഏറ്റുപറച്ചിലുകളിലൂടെ... ചിലര്‍ അവിശ്വസിച്ചു. മറ്റ് ചിലര്‍ വിശ്വസിപ്പിച്ചു. വിശ്വസിച്ചവര്‍ അനുസരിച്ചു.

'കാട്ടിബ്രായി', 'അലവറ' തുടങ്ങിയ വിചിത്ര പേരുകളായിരുന്നു ഭയത്തിന്‍റെ വിത്തുകള്‍ പാകിയത്. ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്കാര്‍ക്കും ഇവരാരാണെന്ന് അറിയില്ല. പക്ഷെ ഒന്നവര്‍ക്ക് ഒന്നറിയാം. എരപ്പിന്‍റെ വിശ്വാസങ്ങളെ വെല്ലുവിളിച്ച് നട്ടുച്ചയ്ക്ക് എരപ്പിലേക്ക് കയറിപ്പോയവരാണവര്‍. തിരിച്ച് ഇതുവരെ നാട്ടിലേക്കിറങ്ങാതെ എരപ്പില്‍ കുടുങ്ങിപ്പോയ മുതുമുത്തശ്ശന്മാര്‍... തിരിച്ചുവരാന്‍ പറ്റാത്ത വഴികള്‍ ഒരു ഗ്രാമത്തിലുണ്ടെങ്കില്‍ ആദ്യം ആ വഴിക്കുള്ള യാത്ര നിഷിദ്ധമാവുക സ്ത്രീകള്‍ക്കാണ്. അങ്ങനെയാണ് ഏരൂരിലെ ലീലാമണി ചേച്ചിയും ശാന്തചേച്ചിയും പിന്നെ ഏരൂരിലെ മറ്റനേകം സ്ത്രീകള്‍ക്ക് മുന്നിലും എരപ്പിലേക്കുള്ള വഴി അടയ്ക്കപ്പെട്ടത്. 'പെണ്ണ് കേറരുതെ'ന്ന് എരപ്പിലും അലിഖിതമായൊരു നിയമം വന്നു. അതിനെ എതിര്‍ത്താരും അതുവഴി പോയതുമില്ല. 

കാട് കേറിയാലെന്തുണ്ടാവും?
സഹ്യന്‍റെ ഭാഗമായ ചെന്തരുണി - കുളത്തൂപ്പുഴ വനമേഖലയിലൂടെ ഒഴുകിവന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടത്തിന് ആരാണ് 'എരപ്പെ'ന്ന് പേര് ചെല്ലിയതെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ, ഒന്നറിയാം. എരപ്പിന് താഴെ നിന്നാല്‍ പിന്നെ വെള്ളച്ചാട്ടത്തിന്‍റെ എരപ്പല്ലാതെ മറ്റൊന്നും കേള്‍ക്കില്ല. കാട്ടില്‍ കൂടിയും തോട്ടങ്ങളില്‍ കൂടിയും പതഞ്ഞൊഴുകുന്ന എരപ്പ് അഞ്ചല്‍ ടൗണിന് നാല് കിലോമീറ്റര്‍ അടുത്ത് വച്ച് താഴ്വാരത്തേക്ക് പതിക്കുന്നു. ഈ വീഴ്ച്ചയ്ക്ക് തന്നെ പല തട്ടുകളാണ്. ആദ്യം ഉയരത്തില്‍ നിന്ന് വലിയൊരു പാറപ്പുറത്തേക്ക് കുത്തനെ ഒഴുകുന്ന വെള്ളച്ചാട്ടം പിന്നെയൊരു ചെറു പാറയിലേക്ക് വീണ് ചിന്നിച്ചിതറുന്നു. പിന്നെ ഒന്നായി ചേര്‍ന്ന് ചെറിയൊരു തോടായി ഒഴുകി കല്ലടയാറ്റിലേക്ക്... അവിടെ നിന്ന് പിന്നെ കായലും കടന്ന് കടലിലേക്ക്... പിന്നെയൊരു വേനല്‍ക്കാലത്ത് നീരാവിയായി മറ്റൊരു മഴയായി വീണ്ടും എരപ്പിന്‍റെ താളത്തിലേക്ക്...

ശബ്ദത്തില്‍ മാത്രമല്ല കാഴ്ചയിലും എരപ്പ് ഭയപ്പെടുത്തും. എരപ്പിന് മുകളിലെ പാറയില്‍ വലിയൊരു ആല്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. കനത്ത വേനലിലും വെയിലിനൊന്ന് പാളിനോക്കാന്‍ പറ്റാത്ത കാഴ്ച മറച്ച് ഇലകളിളക്കി പഴയതലമുറയുടെ കഥകള്‍ അയവിറക്കിയൊരു ആല്‍മരം. വേരുകള്‍ മുടിപോലെ പാറയെ ചുറ്റി താഴെ തോട്ടിലേക്ക് പടര്‍ന്നു നില്‍ക്കുന്നു. ആ മുടിപ്പടര്‍പ്പിലൂടെ നനവായി ജലമൊഴുകുന്നു. ഈ കാഴ്ച കണ്ടാണ് ശാന്തചേച്ചി ചോദിച്ചത് 'നമ്മടെ എരപ്പ് ഇത്രേം സുന്ദരിയായിരുന്നോ' എന്ന്. "ഓ ഞാപ്പണ്ട്, ചെറുപ്പത്തില് അങ്ങ് താഴെ വരെ വന്നിച്ചുണ്ട്. മേലോട്ട് കേറീട്ടില്ലായിരുന്നു." ലീലച്ചേച്ചി പൂരിപ്പിച്ചു.

ജീവിതത്തിന്‍റെ ഈയൊരു വേളയില്‍ അവിശ്വാസങ്ങള്‍ നിറഞ്ഞ എരപ്പിലേക്ക് ഇവരെയെത്തിച്ചത് ആര്‍ച്ചല്‍ ഗ്രാമത്തിന്‍റെ കൂട്ടായ്മയായിരുന്നു. എരപ്പിന്‍റെ മുകളിലേക്ക് ആ ആള്‍ക്കൂട്ടം കയറിച്ചെന്നത് തങ്ങളുടെ ചുറ്റുപാടുകള്‍ സംരക്ഷിക്കേണ്ടത് തങ്ങള്‍ തന്നെയാണെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. അതിനായി ഒരു നാടൊരുമിച്ചപ്പോള്‍ ഗ്രാമത്തിലെ അതുവരെയുള്ള അന്ധവിശ്വാസങ്ങള്‍ തകര്‍ന്നു വീണു. എരപ്പിന്‍റെ പാറപ്പുറത്തിരുന്ന് ഗ്രാമവാസികളായ സ്ത്രീകള്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന എരപ്പിലേക്കുള്ള അലിഖിത വിലക്കുകള്‍ എരപ്പിന്‍റെ ഓളങ്ങളില്‍ കടലുതേടി ഒഴുകി.

ഏവരേയും അത്ഭുതപ്പെടുത്തിയത് വെള്ളച്ചാട്ടത്തിന് താഴെ താമസിച്ചിട്ടും അന്ന് വരെ അവിശ്വാസത്തിന്‍റെ വിലക്കില്‍ കുരുങ്ങി വെള്ളച്ചാട്ടം കാണാതിരുന്ന ലീലചേച്ചിയുടെ വാക്കുകളായിരുന്നു. തൊട്ടുതാഴെ താമസിച്ചിട്ടും ഇതുവരെ ഞാനിവിടെ വന്നില്ലല്ലോയെന്ന് ലീലച്ചേച്ചിക്ക് വേദനിച്ചു. ആരും അവരെ വിലക്കിയതുകൊണ്ടല്ല. പകരം പേടിപ്പെടുത്തുന്ന ചില കഥകള്‍ അവരിലുണ്ടാക്കിയ വിലക്കുകളായിരുന്നു എരപ്പിന്‍റെ ശബ്ദവും കാഴ്ചയും അവര്‍ക്ക് നിഷേധിച്ചത്.

"കാട്ടിബ്രായിയുടെ കഥകളാണ് ഗ്രാമത്തിലെങ്ങും. കാട്ടിബ്രായി ആരാണെന്നോ എവിടെ നിന്ന് വന്നെന്നോ ആര്‍ക്കും അറിയില്ല. പക്ഷേ ഒന്നറിയാം. പണ്ടെന്നോ ഒരു ഉച്ചയ്ക്ക് കാട്ടിബ്രായി ഏരൂര്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ ഗുഹയിലേക്ക് കയറിപ്പോയി. പിന്നീടൊരിക്കലും അയാള്‍ തിരിച്ച് വന്നില്ല. ഉച്ച സമയങ്ങളില്‍ അങ്ങനെ എരപ്പിലേക്കുള്ള വഴികള്‍ വിലക്കപ്പെട്ടു." ആര്‍ച്ചലിലെ വിശാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാലിമേക്കാന്‍ പോയ കാട്ടിബ്രായിയുടെ ദുരൂഹമായ തിരോധാനം ഗ്രാമത്തില്‍ പല കഥകളായി ചിന്നിച്ചിതറി. കാലമൊരു പുഴപോലെയൊഴുകുമ്പോള്‍ കാട്ടിബ്രായിക്ക് പല കഥകള്‍, ഉപകഥകള്‍... എല്ലാ കഥകളും പലതരത്തില്‍ എരപ്പിലേക്കുള്ള സഞ്ചാര വിലക്കുകളായി മാറി. കാട്ടിമ്പ്രായിക്ക് പുറകേ പലരും ആടുകളുമായി എരപ്പിലേക്ക് കയറിപ്പോയി. കാണാതായ കഥകള്‍ ഗ്രാമത്തില്‍ പലപ്പോഴായി കേട്ടുകൊണ്ടിരുന്നു. വിലക്കുകള്‍ വിലക്കുകള്‍...

എരപ്പിന്‍റെ വിശ്വാസത്തെയല്ല, സൗന്ദര്യത്തെയായിരുന്നു ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനെ (ഡി ടി ഡി സി) ആകര്‍ഷിച്ചത്. എരപ്പ് പ്രദേശിക ടൂറിസം ഭൂപടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഗ്രാമത്തില്‍ വീണ്ടും എരപ്പിനെ കുറിച്ചുള്ള കഥകള്‍ ഉയര്‍ന്നു കേട്ടുതുടങ്ങിയത്.

ഇതേത്തുടര്‍ന്ന് എരപ്പിന്‍റെ സംരക്ഷണമെന്ന ആശയം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായി. പണ്ട് തെളിനീരായിരുന്നെങ്കില്‍ ഇപ്പോള്‍ ബിയര്‍ കുപ്പികളാണ് എരപ്പിലൂടെ ഒഴുകുന്നതെന്ന് വിശാല്‍ പറഞ്ഞു. അങ്ങനെ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തെ നട്ടുകൊണ്ട് അവര്‍ എരപ്പിന്‍റെ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഗുരുമന്ദിരം ജംങ്ഷന്‍ മുതല്‍ ആര്‍ച്ചല്‍ ഓലിയരുക് എരപ്പ് വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റര്‍ വഴിയരികില്‍ അവര്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.

തുടര്‍ന്ന് ഗ്രാമത്തിലെ എല്ലാ അരുതുകളേയും വകഞ്ഞ് നീക്കി ഗ്രാമത്തിലെ ആണും പെണ്ണും ചേര്‍ന്ന ഏതാണ്ട് നൂറ്റമ്പതോളം പേര്‍ എരപ്പിന്‍റെ ഉയരങ്ങളിലേക്ക് നടന്നുകയറി. ഗ്രാമമൊന്നടങ്കം അവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, പുരുഷസ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, നവീന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ അങ്ങനെ ആബാലവൃദ്ധം എരപ്പിന്‍റെ ഉയരങ്ങളിലേക്ക് കയറി. ചിലര്‍ നടത്തത്തിനിടെ എരപ്പിനെക്കുറിച്ച് കേട്ട കഥകള്‍ പങ്കുവച്ചു.

എരപ്പിന്‍റെ സൗന്ദര്യം കണ്ട ലീലച്ചേച്ചിയും ശാന്തച്ചേച്ചിയും അതുവരെ തങ്ങള്‍ക്ക് നഷ്ടമായ കാഴ്ചയെക്കുറിച്ച് പറഞ്ഞപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ ഒരു ജനതയെ എങ്ങനെയാണ് സ്വന്തം ദേശത്ത് പോലും മാറ്റിനിര്‍ത്തുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞത്. എരപ്പ് അതിജീവന സമിതിയുടെ നേതൃത്വത്തില്‍ നടന്ന എരപ്പിന്‍റെ വീണ്ടെടുക്കല്‍ ഒരു ഗ്രാമത്തിന്‍റെ അന്ധവിശ്വാസങ്ങള്‍ ഏങ്ങനെയാണ് കാറ്റില്‍ പറന്നതെന്നവരറിഞ്ഞു. ഗ്രാമത്തിലെ തോട് മലിനമായാല്‍ ഗ്രാമവും മലിനമാകുമെന്ന തിരിച്ചറിവില്‍ അവര്‍ എരപ്പിന്‍റെ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

എരപ്പില്‍ തള്ളപ്പെടുന്ന മാലിന്യങ്ങള്‍ എടുത്തുമാറ്റിയും അതുവഴി ഒരു തോടിനെ അതിന്‍റെ ജൈവികതയില്‍ ഒഴുകാനായി അനുവദിക്കുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. പ്രതിജ്ഞ മാത്രമല്ല, അതിനായൊരു സംരക്ഷണ സംവിധാനവും അവര്‍ ഒരുക്കി. പരിസ്ഥിതി ദിനത്തിലെ എരപ്പിന്‍റെ വീണ്ടെടുപ്പിന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയും ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമായ യുഎന്‍ഇപി) ലോക പരിസ്ഥിതി ദിനാചരണ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒന്നായിരുന്നു എരപ്പിന്‍റെ വീണ്ടെടുപ്പ്.

എരപ്പിന്‍റെ ശബ്ദം ഇന്നവര്‍ക്ക് നല്‍കുന്നത് കാതുമാറിക്കടന്നു വന്ന ചില കഥകള്‍ നല്‍കുന്ന ഭയമല്ല. മറിച്ച്, അവരോട് ചേര്‍ന്ന് നില്‍ക്കുന്നൊരു ജീവജലത്തിന്‍റേയും സൗന്ദര്യത്തിന്‍റേയും തണുപ്പും തണലുമാണ്. 

ചിത്രങ്ങള്‍ കടപ്പാട്: Archal Oliyaruk Erappu Waterfalls Athijeevana Samiti