കര്‍ണാടകയിലെ ആദ്യത്തെ തടങ്കല്‍കേന്ദ്രം ബംഗളൂരുവിലെ നെലമംഗലയ്ക്കു സമീപം ഒരുങ്ങുമ്പോള്‍ സമീപവാസികളില്‍ പലരും ഇക്കാര്യം അറിയുന്നത് വാര്‍ത്തകളില്‍ നിന്നാണ്. ഒരുവര്‍ഷത്തോളമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പഴയ ഒരു ഹോസ്റ്റല്‍ കെട്ടിടം നവീകരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത് എന്നായിരുന്നു നാട്ടുകാരുടെ ധാരണ. അടുത്തിടെയാണ് അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള തടങ്കല്‍ കേന്ദ്രമാണ് നിര്‍മ്മിക്കുന്നതെന്ന് അറിയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചതെന്ന് അവര്‍ ചോദിക്കുന്നു 

 

തടങ്കല്‍പ്പാളയത്തിന്റെ കവാടം

 

പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപട്ടിക എന്നിവയ്‌ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവരെ താമസിപ്പിക്കാന്‍ രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്ന്  ദില്ലിയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. ഇതിനു ശേഷമാണ്, കഴിഞ്ഞ ദിവസം കര്‍ണാടകയിലെ നെലമംഗലയിലുള്ള പണി പൂര്‍ത്തിയായ തടങ്കല്‍ കേന്ദ്രത്തിലേക്ക് ചെന്നത്. 

രാജ്യത്ത് തടങ്കല്‍പ്പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അസമില്‍ നിലവില്‍ ആറ് തടങ്കല്‍ കേന്ദ്രങ്ങളുണ്ടെന്നും അതില്‍ 988 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നേരത്തെ രേഖാമൂലം മറുപടി നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ ആദ്യ തടങ്കല്‍പ്പാളയത്തിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തടങ്കല്‍കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവെന്നു പറയപ്പെടുന്ന ശേഷിക്കുന്ന സംസ്ഥാനം കര്‍ണാടകയാണ്. കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരുവിലെ നെലമംഗലയ്ക്കു സമീപം നിര്‍മ്മിച്ച തടങ്കല്‍ കേന്ദ്രം 2020 ജനുവരി ഒന്നിന് പ്രവര്‍ത്തന സജ്ജമാവുമെന്നാണ് നേരത്തെ കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജബൊമ്മെ വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാര്‍ക്ക്  സംസ്ഥാനത്ത് 35 തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 

കര്‍ണാടകയിലെ ആദ്യത്തെ തടങ്കല്‍കേന്ദ്രം ബംഗളൂരുവിലെ നെലമംഗലയ്ക്കു സമീപം ഒരുങ്ങുമ്പോള്‍ സമീപവാസികളില്‍ പലരും ഇക്കാര്യം അറിയുന്നത് വാര്‍ത്തകളില്‍ നിന്നാണ്. ഒരുവര്‍ഷത്തോളമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പഴയ ഒരു ഹോസ്റ്റല്‍ കെട്ടിടം നവീകരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത് എന്നായിരുന്നു നാട്ടുകാരുടെ ധാരണ. അടുത്തിടെയാണ് അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള തടങ്കല്‍ കേന്ദ്രമാണ് നിര്‍മ്മിക്കുന്നതെന്ന് അറിയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചതെന്ന് അവര്‍ ചോദിക്കുന്നു

 

കമ്പിവേലിയിട്ട മതിലുകളിലൊന്ന് 

 

തടങ്കല്‍ പാളയത്തില്‍ പണി പൂര്‍ത്തിയായ മുറികളിലൊന്ന് 

 

സൊണ്ടെക്കൊപ്പയിലെ തടങ്കല്‍പ്പാളയം
ബെംഗളൂരു നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ നെലമംഗല എത്തുന്നതിനു മുന്‍പുള്ള ഫ്‌ളൈഓവറിനു താഴെ വലതുവശത്തുളള സര്‍വ്വീസ് റോഡിനരികില്‍ സൊണ്ടെക്കൊപ്പ എന്നെഴുതിയ ബോര്‍ഡ് കാണാം. സൊണ്ടെക്കൊപ്പ റോഡില്‍ നിന്നും ഒമ്പത് കിലോമീറ്ററോളം സഞ്ചരിച്ചുവേണം സൊണ്ടെക്കൊപ്പ ഗ്രാമത്തിലെത്താന്‍. ആറു കിലോമീറ്റിനുള്ളില്‍ രണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുണ്ട്. 9 കിലോമീറ്റര്‍ കഴിയാറായപ്പോള്‍  കന്നഡയില്‍ മാത്രമെഴുതിയ സൊണ്ടെക്കൊപ്പ എന്ന ബോര്‍ഡ് കണ്ടു. അവിടെ നിന്നാണ് ഹൈവേയില്‍ നിന്ന് വലത്തോട്ടുള്ള റോഡിലേക്ക് പ്രവേശിച്ചത്.

കുണ്ടും കുഴികളും നിറഞ്ഞ റോഡിനിരുവശവുമായി ചെറിയ കടകളുണ്ട്. അനധികൃത കുടിയേററക്കാര്‍ക്കായി സര്‍ക്കാര്‍ സ്ഥാപിച്ച  തടങ്കല്‍കേന്ദ്രം എവിടെയാണെന്നു ചോദിച്ചെങ്കിലും രണ്ടു കടക്കാര്‍ അറിയില്ലെന്നു പറഞ്ഞു. ഒടുവില്‍ എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഹോസ്റ്റല്‍ കെട്ടിടത്തിലേക്കു വഴി ചോദിക്കുമ്പോഴാണ് സംസാരം കേട്ടു വന്ന വയോധികനായ കടക്കാരന്‍ ഇനിയും അര കിലോമീറ്ററോളം പോയാല്‍ ഒരു പവര്‍ഹൗസ് എത്തുമെന്നും അതിനു സമീപത്താണ് തടങ്കല്‍കേന്ദ്രമുള്ളതെന്നും പറഞ്ഞത്. കമ്പിവേലികെട്ടിയ കെട്ടിടം എന്നാണ് വര്‍ഷങ്ങളായി സൊണ്ടക്കൊപ്പയില്‍ താമസിക്കുന്ന 75 കാരനായ ചെന്നയ്യ തടങ്കല്‍ കേന്ദ്രത്തെ വിശേഷിപ്പിച്ചത്. തന്റെ വീട് അതിനു സമീപത്താണെും ഒരു വര്‍ഷത്തോളമായി തടങ്കല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 

അന്തേവാസികള്‍ക്ക് വേണ്ടി ഒരുങ്ങുന്ന ശുചിമുറികള്‍ 

 

ഇതാണ്, തടങ്കല്‍പ്പാളയം
പഞ്ചായത്ത് അംഗങ്ങളില്‍ നിന്നാണ്  ഈ വിവരങ്ങള്‍ ചെന്നയ്യയ്ക്ക് ലഭിച്ചത്. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ താമസസൗകര്യത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലായിരുന്നു അത്. ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവന്നപ്പോള്‍ അടച്ചുപൂട്ടുകയും നിലവില്‍ അവിടെ താമസിച്ചിരുവരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും ചെന്നയ്യ പറഞ്ഞു. പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന്റെ അധീനതയിലായിരുന്നു കെട്ടിടം.

അര കിലോമീറ്ററിനുശേഷം മെയിന്‍ റോഡില്‍ നിന്ന് ഇടതു വശത്തുള്ള മണ്‍റോഡ് അവസാനിക്കുന്നിടത്താണ് പവര്‍ഹൗസും തൊട്ടടുത്തായി എല്‍ ആകൃതിയില്‍ നിര്‍മ്മിച്ച തടങ്കല്‍കേന്ദ്രവും ഉളളത്. ഉയരം കൂടിയ ചുറ്റുമതിലിനുമുകളില്‍ ബലമേറിയ ഇരുമ്പു കമ്പിവളയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.  കേന്ദ്രത്തിനുളളിലെ വാച്ച് ടവറിന്റെ മുകള്‍ഭാഗം പുറത്തു നിന്നു തന്നെ കാണാമായിരുന്നു. ഗേറ്റിനരികെ തോക്കുധാരിയായ സുരക്ഷാജീവനക്കാരന്‍ നിലയുറപ്പിച്ചിട്ടുണ്ട്. അനുവാദം ചോദിച്ച് ഉള്ളില്‍ കയറിയപ്പോള്‍ അവിടെയുണ്ടായിരുന്ന അഞ്ചു  പോലീസുകാര്‍ കാര്യം തിരക്കിയെത്തി. ഉള്ളിലെ മുറികളില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. തടങ്കല്‍ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്കറിയില്ലെന്ന് പോലീസുകാര്‍ പറഞ്ഞു. വാര്‍ഡനായ ഗംഗാധര്‍ വിവരങ്ങള്‍ തരുമെന്നും അവര്‍ പറഞ്ഞു. അത് ശരിയായിരുന്നു. വാര്‍ഡന്‍ ഗംഗാധര്‍ വന്ന് തടങ്കല്‍ പാളയത്തിന്റെ വിവരങ്ങള്‍ പറഞ്ഞു.  ശേഷം, പ്രവര്‍ത്തന സജ്ജമായ മുറികള്‍ തുറന്നു കാണിച്ചു തന്നു. 

ഏകദേശം 15 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മുറികളാണ് ഇവിടെ സജ്ജമാക്കിയത്. ഒരു മുറിയില്‍ അഞ്ചു ബെഡുകള്‍ വീതമുണ്ട്. അവയ്ക്കു സമീപമാണ്  പൊതുശൗചലയങ്ങള്‍. നിലവില്‍ സ്ത്രീകള്‍ക്ക് വെവ്വേറെ ശൗചാലയങ്ങളില്ല. അര ഏക്കര്‍ ഭൂമിയിലുള്ള കെട്ടിടത്തില്‍ നിലവില്‍ മൂന്ന് മുറികള്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായത്. ബാക്കിയുള്ള മൂന്നു മുറികളുടെ അന്തിമ മിനുക്കുപണികള്‍ ജനുവരി ഒന്നിനു മുമ്പ്് പൂര്‍ത്തിയാക്കും. കെട്ടിടത്തിനുളളില്‍ വലതുവശത്തായി ഓഫീസിനുള്ള മുറികളുടെയും നിര്‍മ്മാണം നടക്കുന്നുണ്ട്. തല്‍ക്കാലം നിലവിലെ മുറികളിലൊന്ന് ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. 2020 ജനുവരി ഒന്നിനു അനധികൃത കുടിയേറ്റക്കാര്‍ക്കായി കേന്ദ്രം തുറന്നു കൊടുക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരമെന്ന്  ഗംഗാധര്‍ പറഞ്ഞു.  

 

തടങ്കല്‍ പാളയത്തിനുള്ളിലെ വാച്ച് ടവര്‍

 

തടങ്കല്‍പ്പാളയമെന്ന് നാട്ടുകാരറിയുന്നത് ഇപ്പോള്‍
2500 ലിറ്റര്‍ വെളളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്കാണ് ഇവിടെയുള്ളത്.  ടോയ്‌ലറ്റുകളില്‍ ചിലതില്‍ വെളളം ചൂടാക്കുന്നതിനുള്ള ഗീസറുകളുമുണ്ട്. കൂടാതെ യുപിഎസ് , സോളാര്‍, എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 30 പേരെ ഉള്‍ക്കൊള്ളാനാവുന്ന വിധത്തിലാണ് തടങ്കല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം.  ഗേറ്റിന്റെ ഇടതുവശത്തായി ചെടികള്‍ നട്ടുപിടിപ്പിച്ച ചെറിയ പുല്‍ത്തകിടിയുണ്ട്. മുറികളുടെ പിന്‍ഭാഗത്താണ് അടുക്കള. തടങ്കല്‍ കേന്ദ്രത്തിലേക്ക്് ആവശ്യമായ പാചകക്കാരുള്‍പ്പടെയുളള ജീവനക്കാരെ സാമൂഹ്യക്ഷേമ വകുപ്പ് നിയമിച്ചതായും വൈദ്യുതി, ജലവിതരണം, സിസിടിവി സ്ഥാപിക്കല്‍ തുടങ്ങിയവ അവസാന മിനുക്കുപണിയിലാണെന്നും  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

തടങ്കല്‍ കേന്ദ്രത്തെ കുറിച്ചുളള വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇവിടെ ജയില്‍ നിര്‍മ്മിക്കുകയാണെന്നാണ് ഇത്ര നാളും കരുതിയതെന്നാണ് സമീപവാസിയായ ബാലാജി
പറയുന്നത്. തടവിലിടുന്നവരെ ആദ്യം ഇവിടെ കൊണ്ടുവരികയും പിന്നീട് മറ്റു ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുമെന്നുമായിരുന്നു പറഞ്ഞുകേട്ടിരുന്നത്. നാട്ടുകാരെ ആരെയും ഉള്ളിലേയ്ക്ക്് കടത്തിവിട്ടിരുന്നില്ല. അടുത്തിടെ സദാസമയവും കെട്ടിടത്തിനരികെ പോലീസുകാര്‍ ഉണ്ടാവുമായിരുന്നുവെന്നും നെലമംഗലയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബാലാജി പറഞ്ഞു.

ബാലാജിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനോദ് വീടിനടുത്ത് നിര്‍മ്മിക്കുന്നത് തടങ്കല്‍ കേന്ദ്രമാണെന്നറിയുന്നത് ചാനലുകളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ്. ഹോസ്റ്റല്‍ കെട്ടിടം നവീകരിക്കുകയാണെന്നാണ് കരുതിയതെന്നും വിനോദ് പറയുന്നു.

 

തടങ്കല്‍ പാളയത്തിന്റെ മുന്‍ഭാഗം

 

തടങ്കല്‍ കേന്ദ്രത്തിലെ ആദ്യത്തെ താമസക്കാര്‍
സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച്  അറസ്‌ററിലായ 15 ഓളം ബംഗ്ലാദേശി കുടിയേറ്റക്കാരെയും വിസ നിയമം ലംഘിച്ചതിനു ജയിലില്‍ കഴിയുന്ന ആഫ്രിക്കന്‍ സ്വദേശികളെയുമാണ് തടങ്കല്‍ കേന്ദ്രത്തില്‍ ആദ്യം പാര്‍പ്പിക്കുക. ബംഗ്ലാദേശ് സ്വദേശികള്‍ക്കുള്ള താമസ സൗകര്യങ്ങളൊരുക്കണമെന്ന്് നേരത്തേ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 866 പേര്‍ക്കെതിരെ വിദേശനിയമമുള്‍പ്പെടെയുളളവയില്‍ 612 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്്. ഇവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന തടങ്കല്‍ കേന്ദ്രങ്ങളിലേക്കയക്കുമെന്ന്് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ  അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശികളായ ബാബുല്‍ഖാന്‍, താനിയ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിച്ചത്