Asianet News MalayalamAsianet News Malayalam

ആ ഡിറ്റക്ടീവ് നെറ്റ്ഫ്ലിക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലുമെത്തുമോ?

ഷെർലക് ഹോംസിനെ പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം എന്ന മോഹത്തിൽ നിന്നുമാണ് ഡിറ്റക്ടീവ് മാക്സിൻ എന്ന കഥാപാത്രം ഉണ്ടാകുന്നത്. 'നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സത്യാന്വേഷി ഉണ്ടാകും ആ സത്യാന്വേഷിക്ക് ഞാൻ ഒരു പേര് നൽകി' എന്നാണ് മാക്സിനെ കുറിച്ച് ചോദിച്ചപ്പോൾ പപ്പാ എന്‍റടുത്തു പറഞ്ഞത്. 

Kottayam pushpanath death anniversary rayan pushpanath speaking
Author
Thiruvananthapuram, First Published May 2, 2019, 5:11 PM IST

മരണം കോമ്പല്ലുകള്‍ നീട്ടിയിരിക്കുന്ന കാര്‍പാത്യന്‍ മലനിരകളിലായിരുന്നു അയാളുടെ നടത്തങ്ങള്‍. ചോര മരവിച്ചുപോവുന്ന കൊടും കുരുതികളുടെ പാതിരാവുകളില്‍ അയാളുടെ കാത്തിരിപ്പുകള്‍. തോക്കിന്‍ കുഴലുകള്‍ നിരപരാധികളുടെ ജീവനെടുക്കുന്ന നട്ടുച്ചകളില്‍ കൊലയാളിക്കു പിന്നാലെ നിറതോക്കുമായി അയാളുണ്ടായിരുന്നു. മാടനും മറുതയും വിഹരിക്കുന്ന പ്രേതങ്ങളുടെ നാട്ടുവഴികളിലെല്ലാം യൂ ഡി കൊളോണ്‍ ഗന്ധം പരത്തി അയാളുടെ മോട്ടോര്‍ ബൈക്ക് പാഞ്ഞെത്തി. ഭയം എന്ന വാക്ക് ആ നിഘണ്ടുവിലുണ്ടായിരുന്നില്ല ഇത് ഡിറ്റക്ടീവ് മാക്‌സിന്‍. ജീവിച്ചിരിക്കുമ്പോഴേ അയാളെ ലോകമറിഞ്ഞു. എന്നാല്‍, ഡിറ്റക്ടീവ് മാക്‌സിന് ജീവന്‍ നല്‍കിയ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് ജീവിച്ചിരിക്കെ ആ ഭാഗ്യമുണ്ടായില്ല. വെറുമൊരു പൈങ്കിളി എഴുത്തുകാരനായി മുഖ്യധാരാ മലയാള സാഹിത്യം എഴുതിത്തള്ളിയ കോട്ടയം പുഷ്പനാഥിന് ലക്ഷക്കണക്കായ സാധാരണ വായനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും സാഹിത്യത്തിന്റെ നാഷനല്‍ ഹൈവേകളില്‍ പേരും പെരുമയുമുണ്ടായില്ല. 

എന്നാല്‍, കാലം മാറുമ്പോള്‍ കഥയും മാറുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് അധികമൊന്നും ആദരിക്കപ്പെടാതിരുന്ന ജനകീയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം എഴുത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ്. വായനക്കാരില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന നോവലുകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണ്. നെറ്റ് ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈം വീഡിയോയിലും ആ പുസ്തകങ്ങള്‍ സീരീസായി പുറത്തുവരുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു. ഇപ്പോള്‍ വാങ്ങാന്‍ കിട്ടാത്തതടക്കം അദ്ദേഹത്തിന്റെ മുഴുവന്‍ പുസ്തകങ്ങളും പുതിയ കെട്ടിലും മട്ടിലും ഇറങ്ങുന്നു. ജീവിച്ച കാലത്ത് ലഭിക്കാത്ത അംഗീകാരം മരണാനന്തരം ഈ എഴുത്തുകാരനെ തേടിയെത്തുന്നു. 

കുടുംബത്തിന്റെ മുന്‍കൈയില്‍ തുടങ്ങിയ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍സ് ആണ് മരണാനന്തരം അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നത്. മുത്തച്ഛനെക്കുറിച്ച്, ഡിറ്റക്ടീവുകളെക്കുറിച്ച്, ഇപ്പോഴത്തെ ഈ വമ്പന്‍ തിരിച്ചുവരവിനെക്കുറിച്ച് കൊച്ചുമകന്‍ റയാന്‍ പുഷ്പനാഥ് സംസാരിക്കുന്നു.

മുത്തച്ഛനെ  കുറിച്ചുള്ള ഓർമ്മ..
എനിക്ക് ഓർമ്മ വെച്ച കാലം മുതൽ ഞാൻ ഏറ്റവും അടുത്ത് ഇടപെട്ടിരുന്ന വ്യക്തി ആയിരുന്നു എന്റെ പപ്പാ.. ചെറുപ്പകാലത്തു പപ്പയുടെ (കോട്ടയം പുഷ്പനാഥ് )_ തിരക്കുകൾ കണ്ടാണ് ഞാൻ വളർന്നു വന്നത്. എത്ര തിരക്കുള്ള സമയം ആണെങ്കിലും കുടുംബത്തോടൊപ്പം കുറെ സമയം ചിലവഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്തിരുന്നത് പപ്പാ ആയിരുന്നു.. എന്റെ പാപ്പയും അമ്മയും ആയിട്ടുള്ള അടുപ്പത്തിനേക്കാൾ കൂടുതൽ അടുപ്പം മുത്തശ്ശന്‍റെ അടുത്തായിരുന്നു. കാരണം, ഞാൻ പഠിച്ചതും വളർന്നതും എല്ലാം പപ്പയുടെ അടുത്ത് നിന്നായിരുന്നു.

Kottayam pushpanath death anniversary rayan pushpanath speaking

റയാന്‍, കോട്ടയം പുഷ്പനാഥിനൊപ്പം

പപ്പയുടെ വേർപാട് എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവം ആയിരുന്നു അതിനോടൊപ്പം എന്റെ അങ്കിൾ സലിം പുഷ്പനാഥിന്റെ (പുഷ്പനാഥിന്‍റെ മകന്‍) പെട്ടെന്നുള്ള വേർപാടും കുടുംബത്തെ മുഴുവൻ വേദനയിലാഴ്ത്തി.

ചരിത്രാധ്യാപകന്‍ എഴുതുമ്പോള്‍..
പപ്പാ ധാരാളം വായിക്കുന്ന ആളായിരുന്നു. പരന്ന വായനയിലൂടെ അദ്ദേഹം ആർജിച്ചെടുത്ത കഴിവായിരുന്നു ഇതെല്ലാം.. കൂടാതെ അദ്ദേഹം ഒരു ചരിത്രാധ്യാപകൻ കൂടിയായിരുന്നതുകൊണ്ട് തന്നെ സ്ഥലങ്ങളെ കുറിച്ചും മറ്റും നല്ല അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടാണ് ആ നോവലുകളിലേക്ക് വിദേശ സ്ഥലങ്ങള്‍ കടന്നുവന്നത്. ഒരിക്കല്‍ പോലും ഇവിടങ്ങളിലൊന്നും പോകാതെ തന്നെ വളരെ മനോഹരമായി ആ സ്ഥലങ്ങളെയെല്ലാം അദ്ദേഹം തന്‍റെ നോവലുകളില്‍ ഉള്‍പ്പെടുത്തി. 

എഴുത്തിലെ ഏകാഗ്രത..
പൊതുവെ എഴുതുമ്പോൾ അദ്ദേഹം തന്റെ എഴുത്തു മുറിയിൽ തനിച്ച് ഇരിക്കുവാൻ ആണ് ആഗ്രഹിക്കുന്നത്. ആ  സമയത്ത് ഏകാഗ്രത നഷ്ടപെടുത്തുന്ന തരത്തിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടാക്കാതെ നോക്കാൻ എല്ലാവരും ശ്രമിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിലെ പ്രേരക ശക്തികളിൽ ഒന്ന് അമ്മച്ചി ആയിരുന്നു. അമ്മച്ചി എപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നു. എഴുത്തിന് തടസമാകാതെ, അഭിപ്രായം പറഞ്ഞും കൂട്ടുനിന്നു. 

ആരായിരുന്നു മാക്സിൻ?
പപ്പയോട് ഞാൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്, 'പപ്പാ എങ്ങനെ ആണ് എഴുത്തിലേക്ക് വന്നത്' എന്ന്.. അപ്പോൾ അദ്ദേഹം എന്‍റടുത്തു പറഞ്ഞത്, 'എനിക്ക്  കുട്ടിക്കാലം മുതൽ നല്ലതുപോലെ വായനാ ശീലം ഉള്ള ആളായിരുന്നു' എന്നാണ്. പപ്പാ കയ്യിൽ കിട്ടുന്ന എന്തും വായിക്കും. പക്ഷെ, അന്നത്തെ വെല്ലുവിളി എന്ന് പറയുന്നത് പുസ്തകങ്ങൾ ഇന്നത്തേത് പോലെ കിട്ടാൻ ഇല്ല എന്നതാണ്. അതുകൊണ്ട് കയ്യിലുള്ള പുസ്തകങ്ങൾ എല്ലാം വായിച്ച് കഴിയുമ്പോൾ വീണ്ടും വായിക്കാനൊന്നും ഇല്ലാതെ വരുമ്പോൾ സ്വന്തമായി കഥകൾ എഴുതും. എന്നിട് അത് വായിച്ച് ആസ്വദിക്കും. അങ്ങനെയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത് എന്ന്. 

പിന്നെ, പപ്പ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഐപ്പ് എന്ന് പേരുള്ള ഒരു സാറുണ്ടായിരുന്നു. പഠിപ്പിക്കുന്നതിന്‍റെ ഇടവേളകളിൽ അദ്ദേഹം ഷെർലക് ഹോംസ് കഥകൾ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമത്രേ.. ആ കഥകൾ കുട്ടികളെല്ലാം ആകാംക്ഷയോടെ കേട്ടിരിക്കും. അങ്ങനെയാണ് കുറ്റാന്വേഷണ നോവലുകളോട് ഒരു അടുപ്പം ഉണ്ടാകുന്നത്. ഷെർലക് ഹോംസിനെ പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം എന്ന മോഹത്തിൽ നിന്നുമാണ് ഡിറ്റക്ടീവ് മാക്സിൻ എന്ന കഥാപാത്രം ഉണ്ടാകുന്നത്. 'നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സത്യാന്വേഷി ഉണ്ടാകും ആ സത്യാന്വേഷിക്ക് ഞാൻ ഒരു പേര് നൽകി' എന്നാണ് മാക്സിനെ കുറിച്ച് ചോദിച്ചപ്പോൾ പപ്പാ എന്‍റടുത്തു പറഞ്ഞത്. കുട്ടിയായിരുന്നപ്പോൾ അതെനിക്ക് മനസിലായില്ല. പക്ഷെ, ഇപ്പോൾ അതിന്റെ അർഥം എന്താണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട്..

വീട്ടിലെ പുഷ്പനാഥ്..
തന്റെ കഥകളും കഥാപത്രങ്ങളും നിഗൂഢതകൾ നിറഞ്ഞതായിരുന്നു എങ്കിലും പപ്പാ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യൻ ആയിരുന്നു. ആ നിഗൂഢതകളും എഴുത്തിലെ സസ്പെന്‍സുമെല്ലാം പുസ്തകത്തില്‍ മാത്രം ഒതുങ്ങി.. വീട്ടിലെ കാര്യങ്ങൾ നോക്കുന്ന, മക്കളെയും കൊച്ചുമക്കളെയും സ്നേഹിക്കുന്ന സ്നേഹനിധിയായ ഒരു ഗൃഹനാഥനും മുത്തശ്ശനും എല്ലാം ആയിരുന്നു പപ്പാ.. 

സുഹൃദ് വലയം..
ധാരാളം സുഹൃത്തുക്കളുള്ള വ്യക്തിയായിരുന്നു പപ്പാ. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പപ്പയുടെ കാറുമെടുത്ത് ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകും. ഓരോ സ്ഥലങ്ങളിലും അദ്ദേഹത്തിന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കൂടാതെ സമകാലീനരായിട്ടുള്ള എഴുത്തുകാരും പത്രാധിപരും എല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നു..

നെറ്റ്ഫ്ലിക്സിലെത്തുമോ ആ നോവലുകള്‍?
പപ്പയുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹത്തോടെ തുടങ്ങിയതാണ് 'കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്'. ഇപ്പോൾ അഞ്ചു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തു. അടുത്ത് തന്നെ ബാക്കിയുള്ള പുസ്തകങ്ങളും പബ്ലിഷ് ചെയ്യും. അതിന്റെ അണിയറ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ ഞങ്ങൾ. കൂടാതെ പപ്പയുടെ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയുന്നുണ്ട്. 'ചുവന്ന മനുഷ്യൻ' എന്ന നോവൽ ഉടൻ തന്നെ ഇംഗ്ലീഷ് ഭാഷയിൽ  ഇറങ്ങുന്നതാണ്. കൂടാതെ നൂതനമായ E -ബുക്ക്, ഓഡിയോ ബുക്ക് എന്നിവയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ നോവലുകൾ ന്യൂ മീഡിയ പ്ലാറ്റ്ഫോം ആയിട്ടുള്ള നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിൽ സീരീസ് ആയി പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിലുള്ള വീഡിയോ ആണ് ആദ്യം പ്ലാന്‍ ചെയ്യുന്നത്. അതിനുവേണ്ടി അവരുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. കഴിയുന്നതും വേഗം സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാനും സംവിധാനം ചെയ്യാനും ആലോചിക്കുന്നുണ്ട്. 

വിദേശത്തുള്ള എഴുത്തുകാരുടെ ബുക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയുന്നുണ്ട്. അതിന്റെ ഭാഗമായത് സി എൽ ടൈലർ എന്ന എഴുത്തുകാരിയുടെ അഞ്ചു ബുക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള എഗ്രിമെന്റ് ആയിട്ടുണ്ട്. ഇതൊക്കെ ആണ് പബ്ലിക്കേഷന്സിന്റെ ഇപ്പോഴുള്ളതും ഭാവിയിൽ ചെയ്യാൻ പോകുന്നതുമായിട്ടുള്ള പ്രവർത്തനങ്ങൾ 

ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം
എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ് എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് 'ഡിറ്റക്റ്റീവ്  മാക്സിൻ' തന്നെയാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കേസുകൾ തെളിയിക്കുന്ന ശൈലിയും വളരെ രസകരമായി തോന്നിയിട്ടുണ്ട്. കൂടാതെ ഈ കഥകൾ നടക്കുന്നത് വിദേശത്താണ്. അത് ഈ കഥകളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. 

വീട്ടുകാരുടെ ഓർമ്മകൾ
ഓര്‍മ്മിക്കുവാൻ വേണ്ടി ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ നല്‍കിയിട്ടാണ് പപ്പാ പോയത്. പപ്പയെപ്പറ്റി ഓർമിക്കുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തുകളും എഴുത്തുമുറിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത അനുഭവങ്ങളുമെല്ലാമാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. ജീവിതത്തിൽ പല കാര്യങ്ങളും ഞങ്ങളെല്ലാം പഠിച്ചത് പപ്പയിൽ നിന്നുമാണ്. അത് നമുക്ക് ഇപ്പോള്‍ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
 

Follow Us:
Download App:
  • android
  • ios