Asianet News MalayalamAsianet News Malayalam

വൈറലായാലും ഇല്ലെങ്കിലും ലക്ഷ്മി അമ്മൂമ്മ പാടിക്കൊണ്ടേയിരിക്കും, കാരണം പാട്ടവര്‍ക്ക് ജീവനാണ്...

പഴയ പാട്ടുകള്‍ പാടുന്നത് തന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ കേട്ടു പഠിച്ചതിന്‍റെ ഓര്‍മ്മയിലാണ്. പക്ഷെ, ഈണം മാറാതെ, ഇടര്‍ച്ചയില്ലാതെ ഓര്‍മ്മയില്‍ നിന്ന് ഓരോ വരിയെടുത്ത് അവര്‍ പാടും. ചിലപ്പോള്‍ വരികളില്‍, വാക്കുകളില്‍ ചെറിയ മാറ്റങ്ങളുണ്ടാകും. പക്ഷെ, എന്നാലും പാടും. പാടിക്കൊണ്ടേയിരിക്കും. 

lakshmi from udinoor the granny who got viral for her superb singing talent
Author
Thiruvananthapuram, First Published May 20, 2019, 6:43 PM IST

കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും...

ഒരു പതര്‍ച്ചയുമില്ലാതെ, ശുദ്ധമായ സ്വരത്തില്‍ ലക്ഷ്മി അമ്മൂമ്മ പാടുകയാണ്.. തലയാട്ടി, കയ്യാല്‍ താളം പിടിച്ച്... കേട്ടിരിക്കുന്നവര്‍ അറിയാതെ കണ്ണടച്ചു പോകുന്ന പാട്ട്.. അലിഞ്ഞു പോകുന്ന പാട്ട്. ലക്ഷ്മി അമ്മൂമ്മയ്ക്ക് വയസ്സ് 87. സ്വദേശം കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍. പാട്ടെന്ന് വെച്ചാല്‍ ജീവനാണ് ആള്‍ക്ക്.. ഇപ്പോള്‍ വൈറലായിരിക്കുന്നത് 'നദി'യെന്ന ചിത്രത്തിലെ 'കായാമ്പൂ..' എന്ന് തുടങ്ങുന്ന ആ മനോഹരമായ പാട്ട് പാടിയാണ്. ബന്ധുവായ ഡോ. രാജേഷ് കോമത്താണ് ഫേസ്ബുക്കില്‍ ലക്ഷ്മി അമ്മൂമ്മ പാടുന്ന വീഡിയോ പങ്കുവച്ചത്. 'പണ്ടുപണ്ടേ പാടും അമ്മ..'യെന്ന് പറയുന്നു അമ്മൂമ്മയുടെ മകള്‍ പുഷ്പവല്ലി. 

തോറ്റം പാട്ടിനൊപ്പം...
തെയ്യം കലാകാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ പണിക്കര്‍. തുലാം പത്ത് മുതലങ്ങോട്ട്, കത്തുന്ന ചൂട്ടിന്‍റെ വെളിച്ചത്തില്‍, 'എന്‍റെ തെയ്യേ...' എന്ന് വിളിച്ച് കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റങ്ങള്‍ക്കൊപ്പം നെഞ്ച് നിറഞ്ഞ് പാടി ലക്ഷ്മി.. മലയസമുദായത്തില്‍ പെട്ട ലക്ഷ്മി അമ്മൂമ്മയ്ക്ക് തോറ്റം പാട്ടും ജീവിതം തന്നെ. ഒപ്പം തന്നെ സംഗീതം പഠിച്ചില്ലെങ്കിലും കേട്ട് കേട്ട് ഓരോ സിനിമാ പാട്ടും അതിലെ ഓരോ വരിയും അവര്‍ ഹൃദിസ്ഥമാക്കി. അന്ന് റേഡിയോ ആണ്. റേഡിയോയിലെ ഓരോ പാട്ടും അവര്‍ വിടാതെ കേട്ടിരുന്നു. പിന്നീട്, താളം പോലും തെറ്റാതെ അവരത് പാടി. കലയങ്ങനെയാണ്, ചിലര്‍ക്ക് ജനിക്കുമ്പോഴേ ഒപ്പം ചെല്ലുന്ന ഒന്ന്.. 

അമ്മൂമ്മയുടെ പാട്ടിലെ ഈ സംഗതിയൊന്നും ഞങ്ങള് പാടുമ്പോള്‍ പോലും വരുന്നില്ലല്ലോ

ലക്ഷ്മി അമ്മൂമ്മയ്ക്ക് നാല് മക്കളാണ്.. രണ്ട് ആണും രണ്ട് പെണ്ണും. എപ്പോഴും പാട്ട് പാടുന്നൊരമ്മ, പാട്ടുറങ്ങാതെ ഒരു വീട്.. എന്ത് മനോഹരമാണ്.. അന്ന് സംഗീതം പഠിക്കാന്‍ പോകാനൊന്നും സ്ഥിതിയില്ല. പക്ഷെ, സംഗീതത്തെ ആത്മാവില്‍ പേറുന്ന ആ അമ്മയേക്കാള്‍ നല്ലൊരു ഗുരുവെന്തിനാണ്? മക്കള്‍ നാലുപേരും അമ്മയുടെ പാട്ടുകള്‍ കേട്ട് പഠിച്ചു. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആ അമ്മയവരെ, സ്വരങ്ങള്‍ പഠിപ്പിച്ചു. ആ കൊച്ചുവീട് ഹാര്‍മ്മോണിയത്തോടൊപ്പമുള്ള അമ്മയുടെയും മക്കളുടെയും പാട്ടൊച്ച കേട്ടുണര്‍ന്നു.. 

അല്ല കുഞ്ഞീ നീയെനിക്ക് കുറച്ച് പുതിയ പാട്ടുകള് പഠിപ്പിച്ചു താ.. 
ഈ 'വൈറലാവുക' എന്നാലെന്താണെന്നൊന്നും അമ്മൂമ്മയ്ക്കറിയില്ല. മകളുടെ മകള്‍ ഡോ. സജിനിയാണ് അമ്മൂമ്മയുടെ അടുത്ത് ചെന്നപ്പോള്‍ 'കായാമ്പൂ...' പാടുന്ന വീഡിയോ എടുത്തത്. മക്കളും കൊച്ചുമക്കളുമൊക്കെ ചെല്ലുന്നത് അമ്മൂമ്മയ്ക്ക് വല്ല്യ സന്തോഷമാണ്. കാരണം, അവര്‍ ചെല്ലുമ്പോഴൊക്കെ അമ്മൂമ്മയുടെ പാട്ടിന് കാതോര്‍ക്കും. 'പാടൂ...' എന്ന് പറയും. സജിനിയൊക്കെ ചെല്ലുമ്പോള്‍ അമ്മൂമ്മ പറയും, 'നീയെനിക്ക് കുറച്ച് പുതിയ പാട്ടുകളൊക്കെ പഠിപ്പിച്ചു താ..' എന്ന്. അമ്മൂമ്മ പാടുമ്പോള്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച സജിനി പറയും, 'അമ്മൂമ്മയുടെ പാട്ടിലെ ഈ സംഗതിയൊന്നും ഞങ്ങള് പാടുമ്പോള്‍ പോലും വരുന്നില്ലല്ലോ..' എന്ന്.

പഴയ പാട്ടുകള്‍ പാടുന്നത് തന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ കേട്ടു പഠിച്ചതിന്‍റെ ഓര്‍മ്മയിലാണ്. പക്ഷെ, ഈണം മാറാതെ, ഇടര്‍ച്ചയില്ലാതെ ഓര്‍മ്മയില്‍ നിന്ന് ഓരോ വരിയെടുത്ത് അവര്‍ പാടും. ചിലപ്പോള്‍ വരികളില്‍, വാക്കുകളില്‍ ചെറിയ മാറ്റങ്ങളുണ്ടാകും. പക്ഷെ, എന്നാലും പാടും. പാടിക്കൊണ്ടേയിരിക്കും. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ കുറച്ചുകൂടിപ്പേരിലേക്ക് കൂടി ആ പാട്ടുകളെത്തട്ടെ

കുറച്ച് കാലം മുമ്പ് വേറൊരു പാട്ട് കൂടി ലക്ഷ്മി അമ്മൂമ്മ പാടിയപ്പോള്‍ വൈറലായിരുന്നു. അതിനുശേഷം നാട്ടിലെ പരിപാടികളില്‍ പാടാന്‍ വിളിക്കും. അതിമനോഹരമായി ലക്ഷ്മി അമ്മൂമ്മ പാടും. പാടുക എന്നതില്‍ പരം സന്തോഷം അവര്‍ക്ക് വേറെന്താണ്.. ഇപ്പോള്‍ കാലിനു വേദനയാണ്. നടക്കാന്‍ വയ്യ. പക്ഷെ, പാട്ട് വിട്ടൊരു കളിയുമില്ല ആള്‍ക്ക്. കാരണം, ആ പാട്ടുകള്‍ അവരുടെ ആത്മാവിന്‍റെ സംതൃപ്തിയാണ്.. 

അറിയാത്ത പാട്ടുകാര്‍..
സോഷ്യല്‍ മീഡിയയിലൂടെ അറിയപ്പെട്ട കലാകാരന്മാര്‍ നിരവധിയാണ്. അതൊരു വലിയ സാധ്യതയാണ്. 'ഉള്ളില്‍ നിറയെ കലയുണ്ടായിട്ടും ലോകമറിയാതെ പോകുന്ന കലാകാരന്മാരെ അത് വെളിപ്പെടുത്തും..' എന്ന് ലക്ഷ്മി അമ്മൂമ്മയുടെ പാട്ട് ഷെയര്‍ ചെയ്ത മഹാത്മാ ഗാന്ധി സർവകലാശാല, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് തലവന്‍ കൂടിയായ ഡോ. രാജേഷ് കോമത്ത് പറയുന്നു. രാജേഷിന്‍റെ അമ്മയും പാടും.. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ കുറച്ചുകൂടിപ്പേരിലേക്ക് കൂടി ആ പാട്ടുകളെത്തട്ടെയെന്നും അദ്ദേഹം പറയുന്നു... 

അപ്പോഴും, താന്‍ പാടുന്ന പാട്ടുകള്‍ എത്ര പേരിലെത്തുന്നു, അതിന് ആരൊക്കെ താളം പിടിക്കുന്നുവെന്നൊന്നും അറിയാതെ ലക്ഷ്മി അമ്മൂമ്മ ഏതായാലും പാടുകയാണ്.. ഉദിനൂരിലെ തന്‍റെ വീടിനുള്ളിലിരുന്ന്, താളം പിടിച്ച്, കണ്ണടച്ച്, ആര്‍ദ്രമായ സ്വരത്തില്‍,

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു...

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios