Asianet News MalayalamAsianet News Malayalam

'ആശുപത്രികളില്‍ ഇപ്പോഴും കേള്‍ക്കാം ആ നിലവിളി'; സ്ഫോടനത്തിനിരയായവരെ സഹായിക്കാന്‍ ശ്രീലങ്കയിലെത്തിയ മലയാളി ഡോക്ടറുടെ അനുഭവം

ആശുപത്രിക്ക് പുറത്തെ കാഴ്ച അതിലും ഭീകരമാണ്. ജനസാന്ദ്രമായിരുന്ന നഗരങ്ങള്‍ വിജനവീഥികളായി മാറിക്കഴിഞ്ഞു. പാതയോരത്തെ കട - കമ്പോളങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ഒരൊറ്റ നിമിഷത്തില്‍ പൊട്ടിയ ബോംബുകള്‍ എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് നേരിട്ട് ബോധ്യപ്പെട്ട് വിശദീകരിക്കുകയാണ് മലയാളി ഡോക്ടര്‍ സന്തോഷ്

malayali doctor santosh explains sri lankan blast and hospitality
Author
Colombo, First Published Apr 28, 2019, 5:20 PM IST

കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തിയ ശ്രീലങ്കന്‍ സ്ഫോടനം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മൂന്ന് സ്ഫോടനങ്ങളിലായി പൊലിഞ്ഞ ജീവനുകളും നിരാലംബരായ മനുഷ്യരും സ്ഫോടനത്തിന്‍റെ ബാക്കിപത്രം ശരീരത്തില്‍ പേറുന്നവരും ഒരൊറ്റ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമൊക്കെയാണ് ഇന്ന് ലങ്ക. ദ്വീപ് രാജ്യത്തെ അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നു ആ ബോബുകള്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്ഫോടനം ഒരാഴ്ച പിന്നിടുമ്പോള്‍ തെളിയുന്ന കാഴ്ച. ആശുപത്രി വരാന്തകളില്‍ നിലവിളി ശബ്ദത്തിനും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വിലാപങ്ങളും മുഴങ്ങി കേള്‍ക്കാം.

malayali doctor santosh explains sri lankan blast and hospitality

അതിലും ഭീകരമാണ് പുറത്തെ കാഴ്ച. ജനസാന്ദ്രമായിരുന്ന നഗരങ്ങള്‍ വിജനവീഥികളായി മാറിക്കഴിഞ്ഞു. പാതയോരത്തെ കട - കമ്പോളങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ഒരൊറ്റ നിമിഷത്തില്‍ പൊട്ടിയ ബോംബുകള്‍ എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് നേരിട്ട് ബോധ്യപ്പെട്ട് വിശദീകരിക്കുകയാണ് മലയാളി ഡോക്ടര്‍ സന്തോഷ്. ഒപ്പം രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ടപ്പെട്ട കുട്ടികളടക്കമുള്ളവരുടെ കണ്ണീരും വേദനയും നിലവിളിയും പ്രതീക്ഷയും ആശുപത്രിയിലെ കാഴ്ചയും സന്തോഷ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് വിവരിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാനായി ശ്രീലങ്കയിലെത്തിയതാണ് ഡോ സന്തോഷ്.

malayali doctor santosh explains sri lankan blast and hospitality

സ്ഫോടനത്തില്‍ വിവിധ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് സ്ഫോടനം ഏറ്റുവാങ്ങിയ ശ്രീലങ്കന്‍ ജനതയെ നേരിട്ട് സഹായിക്കാനാകില്ല (പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചപ്പോള്‍ അത് വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഡോ. സന്തോഷ് ചൂണ്ടികാട്ടി). ലോകരാജ്യങ്ങളുടെ സഹായത്തിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ വിവിധ എന്‍ ജി ഒകളുമായി സഹകരിച്ചുള്ള സഹായഹസ്തവുമായാണ് ഡോ. സന്തോഷ് അടക്കമുള്ളവര്‍ ലങ്കയിലെ ആശുപത്രികളിലെത്തിയത്. ഇന്‍റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്പ്സ് എന്ന എന്‍ ജി ഒ വഴിയാണ് സന്തോഷ് എത്തിയത്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന എന്‍ ജി ഒയുടെ സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം. ആ ബന്ധം ഉപയോഗിച്ചാണ് ശ്രീലങ്കയില്‍ സഹായത്തിനെത്തിയത്.

malayali doctor santosh explains sri lankan blast and hospitality

23ാം തിയതി കേരളത്തില്‍ നിന്നും ശ്രീലങ്കയില്‍ പറന്നിറങ്ങിയ സന്തോഷ് കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പങ്കുവച്ചത്. മൂന്ന് പ്രധാന കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനം ശ്രീലങ്കന്‍ ജനതയ്ക്ക് സമ്മാനിച്ച ദുരന്തം ചെറുതായിരുന്നില്ല. സ്ഫോടനത്തില്‍ ചിതറിയ ശരീരങ്ങളുമായി ആശുപത്രിയില്‍ രക്ഷ തേടിയവരെയാണ് സന്തോഷ് കണ്ടത്. കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് ശ്രീലങ്ക, നെഗംബോ ജില്ലാ ആശുപത്രി, ബെട്ടികലോവ ടീച്ചിംഗ് ആശുപത്രി ഏന്നീ മൂന്ന് ആശുപത്രികളിലായാണ് ഇവരില്‍ ഏറിയപങ്കും ചികിത്സ തേടിയത്.

malayali doctor santosh explains sri lankan blast and hospitality

കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് ശ്രീലങ്കയിലായിരുന്നു ഏറ്റവും കൂടുതല്‍ പേരെ പ്രവേശിപ്പിച്ചത്. ഇവിടെ 375 പേരാണ് ചികിത്സ തേടിയത്. ഇവരില്‍ ഏറിയപങ്കും ഇതിനകം ആശുപത്രി വിട്ടുകഴിഞ്ഞു. ഏറക്കുറെ 30 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ആയതിനാല്‍ തന്നെ അത്യന്താധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള സഹായവും സേവനവും ഇവിടെ വേണ്ടി വന്നില്ലെന്ന് സന്തോഷ് വ്യക്തമാക്കി. രണ്ടാം സ്ഫോടനം നടന്നതിനടുത്തായിരുന്നു നെഗംബോ ജില്ലാ ആശുപത്രി. കൊളംബോയില്‍ നിന്ന് കേവലം 30 കിലോമീറ്റര്‍ മാത്രം അകലമുള്ളതിനാലും ജില്ലാ ആശുപത്രി ആയതിനാലും അത്യാവശ്യ സൗകര്യങ്ങളെല്ലാം ഇവിടെയും ലഭ്യമായിരുന്നു. സ്ഫോടനമേറ്റ 75 പേരെയാണ് ഇവിടെ ചികിത്സിച്ചത്. ഈ രണ്ട് ആശുപത്രികളും സിംഹള മേഖലയിലായിരുന്നതിനാല്‍ തന്നെ അതിന്‍റെ ഗുണങ്ങളെല്ലാം ദൃശ്യമായിരുന്നെന്നും സന്തോഷ് വിവരിച്ചു.

malayali doctor santosh explains sri lankan blast and hospitality

മൂന്നാം സ്ഫോടനം നടന്ന ബെട്ടികലോവ മേഖലയിലെ ആശുപത്രിയിലായിരുന്നു സന്തോഷ് അടക്കമുള്ളവര്‍ ഏറെ സമയവും ചിലവഴിച്ചത്. ബെട്ടികലോവ തമിഴ് മേഖലയില്‍ പെട്ട പ്രദേശമാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആശുപത്രിയിലും സൗകര്യങ്ങളുടെ അപര്യാപ്തത നിഴലിച്ചിരുന്നു. ബെട്ടികലോവ ടീച്ചിംഗ് ആശുപത്രിയില്‍ 125 പേരെയാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങള്‍ തീരെ പരിതാപകരമായിരുന്നു. ചികിത്സയ്ക്ക് വേണ്ട സാധനങ്ങള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നു തുടങ്ങി രോഗികള്‍ക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യമാണ് സന്തോഷ് ഏഷ്യാനെറ്റിനോട് പങ്കുവച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം റൗണ്ട്സിലടക്കം പങ്കെടുത്ത് പരിക്കേറ്റവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് എത്തിച്ചുകൊടുക്കാന്‍ സാധിച്ചു. ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ എത്തിക്കാനും എന്‍ ജി ഒകള്‍ വഴിയുള്ള പ്രവര്‍ത്തനത്തിലൂടെ സാധിച്ചതായി സന്തോഷ് വിശദമാക്കി. ഐ സി യുവിലും മറ്റുമായി 35 ഓളം പേര്‍ ഇപ്പോഴും ഇവിടെ ചികിത്സയിലുണ്ട്. രണ്ട് കണ്ണിനും കാഴ്ച നഷ്ടമായവര്‍, കാല് പോയവര്‍, കണ്ണ് പോയവര്‍, തുടങ്ങി ചിതറിത്തെറിച്ച ശരീരവുമായി ജീവിക്കുന്നവരാണ് അവരില്‍ ഏറിയപങ്കും.  ഏല്ലാ ദുരന്തങ്ങളിലെയും പോലെ ഇവിടെയും കുട്ടികളും മറ്റുമാണ്  സ്ഫോടനത്തിന്‍റെ ഭീകരത ഏറ്റുവാങ്ങിയതെന്നും ഭീതീ ജനകമായ അവസ്ഥയാണുള്ളതെന്നും സന്തോഷ് പറയുന്നു.

"

ചികിത്സയുടെ കാര്യങ്ങളും സഹായവും മറ്റും നോക്കുന്നതിനൊപ്പം അവിടുത്തെ ഡോക്ടര്‍മാര്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്തോഷ്. എപ്പോള്‍ വേണമെങ്കിലും പ്രശ്നങ്ങളും സമാന സാഹചര്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാരെ അതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സ്ഫോടനം കഴിഞ്ഞ ശേഷം വെടിവെപ്പില്‍ 18 പേര്‍ മരിച്ചത് ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം എന്നതിന്‍റെ തെളിവാണ്. മാസ് കാഷ്യാലിറ്റി ഉണ്ടായാല്‍ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചാകും ഡോക്ടര്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കുകയെന്ന് സന്തോഷ് വ്യക്തമാക്കി.

malayali doctor santosh explains sri lankan blast and hospitality

ഒരൊറ്റ നിമിഷംകൊണ്ട് ശ്രീലങ്ക എങ്ങനെ സാമ്പത്തികമായി തകര്‍ന്നടിഞ്ഞു എന്ന് വിവരിച്ച ശേഷമാണ് ഫോണ്‍ വഴിയുള്ള അഭിമുഖം ഡോ. സന്തോഷ് അവസാനിപ്പിച്ചത്. സ്ഫോടനത്തോടെ ശ്രീലങ്കയിലെ കച്ചവടമേഖല കൂപ്പുകൂത്തുകയായിരുന്നു. ഹോട്ടല്‍ ബിസിനസുകള്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. വന്‍ കിട ഹോട്ടലുകളടക്കമുള്ളവയില്‍ ഒരാള്‍ പോലുമില്ലെന്നത് സ്ഫോടനത്തിന്‍റെ ആക്കം വരച്ചുകാട്ടുന്നതാണ്. കടകളെല്ലാം പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. അവശ്യസാധനങ്ങളുടെയെല്ലാം വില അനിയന്ത്രിതമായി മാറിക്കഴിഞ്ഞു. മനോഹരമെന്ന് ലോകം വാഴ്ത്തിയ ലങ്കയിലെ ബീച്ചുകളും ടൂറിസം മേഖലയും പരിതാപകരമായി. 5 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത എല്ലാ വളര്‍ച്ചയും ഒരൊറ്റ ദിവസം കൊണ്ട് നശിച്ചു.  കാറ്റ് ഊരി വിട്ട ബലൂണ്‍ പോലെയായിക്കഴിഞ്ഞു ലങ്കയുടെ സാമ്പത്തികാവസ്ഥ. 24 മണിക്കൂറും കര്‍ഫ്യും സുരക്ഷാ സേനകളുടെ പരിശോധനകളും എല്ലാം കൂടി വല്ലാത്ത സാഹചര്യത്തിലേക്കാണ് ലങ്കന്‍ ദ്വീപിനെ കൊണ്ടെത്തിക്കുന്നത്. എങ്ങും ഭയം മൂടി കെട്ടി നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് ലങ്ക ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് കണ്ടറിയണമെന്നും അതിനായി കാത്തിരിക്കുന്നുവെന്ന പ്രത്യാശയുമാണ് മലയാളി ഡോക്ടര്‍ സന്തോഷ് പങ്കുവച്ച അനുഭവം.

"

 

Follow Us:
Download App:
  • android
  • ios