കൊടിയുടെ നിറങ്ങള്‍ക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് വളരാന്‍ സൗഹൃദത്തിന് സാധിക്കുമെന്ന് തെളിയിച്ച ഒരു ചിത്രമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പകര്‍ത്തിയ ഈ ചിത്രം. കണ്ണൂരിലെ നഗരത്തിരക്കില്‍ ഒരു തുറന്ന കാറില്‍ സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും കൊടികളേന്തി നഗരം ചുറ്റുന്ന  ചെറുപ്പക്കാരുടെ ചിത്രം നിറഞ്ഞ മനസ്സോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ 'ക്ലിക്കി'ന് പിന്നിലെ വ്യക്തി, 'മാധ്യമം' പത്രത്തിലെ ഫോട്ടോഗ്രാഫര്‍ സന്ദീപ് പയ്യേരി ആ വൈറല്‍ ക്ലിക്കിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

'വൈറല്‍' ചിത്രത്തിന് പിന്നില്‍...
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അന്ത്യം കുറിക്കുന്ന കൊട്ടിക്കലാശത്തിനിടെ ജോലിയുടെ ഭാഗമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇറങ്ങിയതായിരുന്നു. തിരക്കിനിടിയില്‍ കുറച്ച് നല്ല ഷോട്ടുകള്‍ എടുക്കുന്നതിനായി ഒരു വലിയ കെട്ടിടത്തിന്‍റെ മുകളില്‍ കയറി നിന്നപ്പോഴാണ് വെള്ള നിറത്തിലുള്ള തുറന്ന കാറില്‍ സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും കൊടികളേന്തി കുറച്ച് ചെറുപ്പക്കാര്‍ സഞ്ചരിക്കുന്നത് കണ്ടത്. ഓരോ പാര്‍ട്ടിക്കാരും അവരവരുടെ കൊടികളുമായി പോകുമ്പോള്‍ വ്യത്യസ്ത രീതിയിലുള്ള പ്രചാരണം ഒറ്റ നോട്ടത്തില്‍ തന്നെ കൗതുകമുണര്‍ത്തി. ഉടന്‍ തന്നെ ആ കാഴ്ച ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. 

ആ കാഴ്ച ഒരു സ്വപ്നം...
ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജോലിയുടെ ഭാഗമായി വളരെ സാധാരാണ രീതിയില്‍ എടുത്ത ചിത്രമാണ്. രാഷ്ട്രീയം എന്തുതന്നെ ആണെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും ഇത്തരമൊരു കാഴ്ചയാണല്ലോ. അതിന്‍റെ കൗതുകം കൊണ്ടാണ് ചിത്രം പകര്‍ത്തിയത്. അടുത്ത ദിവസത്തെ പത്രത്തിലാണ് ചിത്രം അച്ചടിച്ച് വന്നത്. അതോടെ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ചിത്രം ഷെയര്‍ ചെയ്തു. അങ്ങനെ വൈറലായി.

വൈറല്‍ ക്ലിക്കിന് പിന്നിലെ അജ്ഞാത ഫോട്ടോഗ്രാഫര്‍...
ഞാനാണ് ചിത്രം പകര്‍ത്തിയെതെന്ന് ആരും തിരിച്ചറിഞ്ഞില്ല. എങ്കിലും വാട്ടര്‍ മാര്‍ക്ക് ഇടാതെയാണ് ചിത്രം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരം  ലഭിച്ചപ്പോഴും ഫോട്ടോ എടുത്തത് ആരാണെന്ന് ജനങ്ങള്‍ അറിഞ്ഞില്ല. വാട്ടര്‍ മാര്‍ക്ക് ഇടേണ്ടതായിരുന്നു എന്ന് പിന്നീട് തോന്നി. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വാട്ടര്‍മാര്‍ക്ക് നല്‍കാതിരുന്നതില്‍ എന്നെ ശാസിക്കുകയും ചെയ്തു..

ആ ചെറുപ്പക്കാര്‍ ഒടുവില്‍ വിളിച്ചപ്പോള്‍...
ഫോട്ടോ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഞാനാണ് അത് പകര്‍ത്തിയതെന്ന് അറിയാതിരുന്നത് കൊണ്ട് ചിത്രത്തിന് കാരണമായ ചെറുപ്പക്കാര്‍ ഇത്രയും ദിവസം കോണ്‍ടാക്ട് ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നതോടെ അവരില്‍  രണ്ടുപേര്‍ വിളിച്ചു. സ്കൂള്‍, കോളേജ് കാലഘട്ടങ്ങളില്‍ ഒരുമിച്ച് പഠിച്ച  ഇവര്‍ നല്ല സുഹൃത്തുക്കളാണ്. വ്യത്യസ്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കിടയില്‍ സൗഹൃദത്തെ തകര്‍ക്കുന്ന രാഷ്ട്രീയമില്ല. കണ്ണൂര്‍ സ്വദേശികളാണ് എല്ലാവരും. രാഷ്ട്രീയത്തില്‍ പല അഭിപ്രായങ്ങളുണ്ടെങ്കിലും സൗഹൃദത്തെ അത് ബാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.

കണ്ണൂരിന്‍റെ രാഷ്ട്രീയവും ഈ ക്ലിക്കും
കണ്ണൂരിന്‍റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മൂന്ന് മുന്നണികളും ശക്തമായ പോരാട്ടം കാഴ്ച വെച്ച കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും അത്രത്തോളം തന്നെ വാശിയേറിയതായിരുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി സൗഹൃദത്തെ കാണുന്ന പുതുതലമുറ സന്തോഷം നല്‍കുന്ന കാഴ്ചയാണ്. 

വൈറലായപ്പോള്‍ അഭിനന്ദനപ്രവാഹം...
ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകള്‍ അഭിനന്ദിച്ചു. പരിചയക്കാരില്‍ കുറേ പേര്‍ നേരിട്ട് വിളിച്ചു. സോഷ്യല്‍ മീഡിയയിലും അഭിനന്ദന പ്രവാഹമായിരുന്നു. സാധാരണ  ഞാനെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ പങ്കുവെച്ചതാണ് ഈ ചിത്രവും. 

ജോലി, കുടുംബം...
കഴിഞ്ഞ 19 വര്‍ഷങ്ങളായി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന വേറെ ചിത്രം അടുത്ത കാലത്ത് പകര്‍ത്തിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ കാളാണ്ടിത്താഴമാണ് സ്വദേശം. ഭാര്യയും ഒരു മകനുമുണ്ട്.