Asianet News MalayalamAsianet News Malayalam

തുലാമഴ കനത്താൽ 'ഡാമിംഗ് ഇഫക്ട്' എന്ന് ഗവേഷകർ, ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും മുന്നറിയിപ്പ്

ഒരു ഉരുള്‍പൊട്ടലിന്‍റെ ആഘാതത്തില്‍ നിന്നും വയനാട് ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. അതിന് മുമ്പ് തന്നെ മറ്റൊരു ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 
 

Researchers warn of damming effect if heavy monsoon rains at Churalmala and Mundakai
Author
First Published Sep 3, 2024, 9:06 PM IST | Last Updated Sep 4, 2024, 9:18 AM IST


മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകരുടെ പഠനം മുന്നറിയിപ്പ് നൽകുന്നു. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും ശക്തമായ രീതിയില്‍ കുത്തിയൊലിച്ചേക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കുത്തിയൊലിച്ചിറങ്ങുന്ന ജലം പുഞ്ചിരിമട്ടത്തിനോട് ചേർന്ന് രൂപപ്പെട്ട പാറയിടുക്കിൽ തങ്ങി,'ഡാമിംഗ് ഇഫ്ക്' (Damping Effect) അഥവാ 'അണക്കെട്ട് പ്രതിഭാസം' ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 

തുലാമഴ അതിശക്തമായി പെയ്താൽ പ്രഭവകേന്ദ്രത്തിലെ അവശിഷ്ടങ്ങൾ കുത്തിയൊലിച്ച് താഴ്വാരങ്ങളിലേക്ക് ഇറങ്ങാം. ഇത് ജൂലൈ 30 ന് പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍, പുഞ്ചിരിമട്ടത്തിന് മുകളിലായി തെളിഞ്ഞുവന്ന പാറയിടുക്കില്‍ അടിഞ്ഞ് അവിടെ ഒരു ഡാമിംഗ് ഇഫക്ട് ഉണ്ടാക്കാനുള്ള സാധ്യത ഏറെ വലുതാണ്. തുലാമഴയ്ക്കൊപ്പം വീണ്ടും ഉരുൾ പൊട്ടിയാൽ ഉരുളിനോടൊപ്പം മലവെള്ളവും കുതിച്ചെത്തി, തളം കെട്ടാന്‍ സാധ്യത ഏറെയാണ്. ഇത്തരത്തിലൊരു 'ഡാമിംഗ് ഇഫ്ക്' രൂപപ്പെട്ടാല്‍ അവിടെ അതിമർദ്ദം ഉണ്ടാവുകയും ഇത് പൊട്ടി കൂടുതൽ ശക്തിയോടെ താഴേക്ക് ഒഴുകിയിറങ്ങാനുള്ള സാധ്യതയും ഏറെയാണ്. 

 അതേസമയം തുലാമഴ അതിശക്തമായി പെയ്താല്‍ മാത്രമേ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടുകയുള്ളൂവെങ്കിലും അത്തരമൊരു സാധ്യതയെ മുന്നില്‍ കണ്ട് സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂലൈ 30 -ന് പുലര്‍ച്ചെ ഉണ്ടായ  മുണ്ടക്കൈ - ചൂരൽമല ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത് ഇത്തരമൊരു ഡാമിംഗ് ഇഫക്ട് മൂലമാണ്. ദുരന്തഭൂമി സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധരെല്ലാം ഈയൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതും. 

അണക്കെട്ട് പ്രതിഭാസം / ഡാമിംഗ് ഇഫക്ട് 

ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും കുത്തിയൊലിച്ച് വരുന്ന വഴിയിൽ അടിഞ്ഞുകൂടി, അവിടെ വലിയൊരു അളവില്‍ ജലമടക്കം ശേഖരിക്കപ്പെട്ട ശേഷം താങ്ങാനാകാതെ വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് 'അണക്കെട്ട് പ്രതിഭാസം' അഥവാ 'ഡാമിംഗ് ഇഫക്ട്' എന്ന് വിളിക്കുന്നത്. തുലാമഴ കേരളത്തിന്‍റെ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, മറ്റൊരു ദുരന്തം പ്രദേശത്ത് സംഭവിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. 

കേന്ദ്രത്തിനും കേരളത്തിനും ഹൈക്കോടതി നിർദ്ദേശം; ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാകണം; ഇഎംഐ പിടിക്കരുത്

അടിയന്തര ധനസഹായം ലഭിച്ചില്ല, കൂടുതൽ പേർ പരാതിയുമായി രംഗത്ത്; തകർന്ന കടകള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല

ആദ്യ ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ട്. പുഞ്ചിരിമട്ടം മുതൽ ചൂരല്‍മല വരെയുള്ള മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതുമാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. ഇത്, വീണ്ടും കുത്തിയൊലിച്ചെത്താന്‍ സാധ്യതയുള്ള ഉരുളിനെ ഇവിടെ തടഞ്ഞ് നിർത്താന്‍ കാണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഇരട്ടി പ്രഹരം

ഓലിച്ചിറങ്ങുന്തോറും ശക്തി കുറഞ്ഞ് അവസാനിക്കുന്നതാണ് ഉരുളിന്‍റെ രീതി. എന്നാൽ, ഒഴുകി വരുന്ന വഴിയില്‍ എവിടെയെങ്കിലും ഇതിന് തടസം നേരിട്ടാല്‍ അവിടെ അതിശക്തമായ മർദ്ദം രൂപപ്പെടും. ഇത് അണക്കെട്ടിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. ഇങ്ങനെ സംഭവിച്ചാല്‍  നിമിഷ നേരം കൊണ്ട് തന്നെ ഈ മർദ്ദം താങ്ങാനാകാതെ അത് പൊട്ടി അതിശക്തമായ രീതിയില്‍ താഴേക്ക് പതിക്കുന്നതിന് കാരണമാകും. ഇത്തരമൊരു അപകട സാധ്യതയെ മുന്നില്‍ കണ്ട് ആവശ്യമായ നടപടികള്‍ എടുക്കണമെന്നാണ് ഗവേഷകരുടെ നിർദ്ദേശം. പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ കനത്ത മഴയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായത് കൂടി പരിഗണിക്കുമ്പോള്‍ ഐസർ മൊഹാലിയുടെ പഠനത്തിന് വലിയ പ്രാധാന്യമാണുള്ളത്. 

2020 -ലുണ്ടായ ഉരുൾപൊട്ടലിന്‍റെ അവശിഷ്ടങ്ങൾ ബാക്കിയായത് ഇതേ നദീതടത്തിലുണ്ടായിരുന്നു. ഇതും ജൂലൈ 30 -നുണ്ടായ ഉരുൾപൊട്ടലിന്‍റെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാമെന്ന് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ഈ നിരീക്ഷണത്തോട് കൂടി ചേർത്ത് വായിക്കുമ്പോഴാണ് ഐസർ മൊഹാലിയുടെ പഠനം കൂടുതല്‍ പ്രസക്തമാകുന്നത്. പെട്ടിമുടി ദുരന്തത്തിന്‍റെ 35 ഇരട്ടി ആഘാതമാണ് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിലുണ്ടായതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

ചാലിയാറിലെ വെള്ളത്തിൽ ഉരുൾ അവശിഷ്ടങ്ങളുടെ കലർപ്പ് വളരെ കൂടുതലായിരുന്നു. ചാലിയാറില്‍ നിന്നും  പെട്ടെന്ന് തന്നെ വെള്ളം കടലിലേക്ക് ഒഴുകിപ്പോയതിനാൽ, പുഴയിലെ ജീവികളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. നിലവിൽ പുഞ്ചിരമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും സുരക്ഷിത താമസ സ്ഥലങ്ങളുണ്ടോ എന്നടക്കം പരിശോധിക്കുമ്പോഴാണ് ഒരിക്കല്‍ പോലും അവഗണിക്കാന്‍ കഴിയാത്ത മറ്റൊരു ദുരന്ത സാധ്യത ഐസർ ചൂണ്ടിക്കാട്ടുന്നത്. ഐസർ മണാലിയിലെ ഡോ.സജിൻ കുമാർ, ഡോ. യൂനുസ് അലി പുൽപാടൻ, പ്രൊഫ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ദ സംഘമാണ് പഠനം നടത്തിയത്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios