ഹെയ്‌നിക്കാൻ ഫാക്ടറി സന്ദർശിക്കുമ്പോൾ ഒരു പറ്റം കുതിരകളെ ഫാക്ടറിയിൽ സംരക്ഷിച്ചിരിക്കുന്നതായി കാണാം. ഒരുപക്ഷെ, ആദ്യകാലങ്ങളിൽ ബിയർ വിതരണത്തിന് കുതിരകളെ ഉപയോഗിച്ചിരുന്നതും അവയുടെ പിൻതലമുറക്കാരും ആയിരിക്കാം ഈ കുതിരകൾ.

"Kidnapping Mr Heineken.." ആയിരത്തിതൊള്ളായിരത്തി എൺപത്തിമൂന്നിൽ നടന്ന ഒരു കഥയെ ആസ്പദമാക്കി സ്വീഡിഷ് സംവിധായകൻ ഡാനിയേല്‍ ആല്‍ഫ്രഡ്സണ്‍ സംവിധാനം ചെയ്ത സിനിമ ആണ്. അഞ്ചു ചെറുപ്പക്കാർ വേഗത്തിൽ പണമുണ്ടാക്കാൻ വേണ്ടി നെതർലാൻഡ്‌സിലെ ധനികനും ഹെയ്‌നിക്കെൻ ബ്രൂവെറി സി.ഇ. -യുമായ മിസ്റ്റര്‍ ഫ്രെഡ്ഡി ഹെയ്നിക്കനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതും അവസാനം ആ ഉദ്യമത്തിൽ പരാജയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഫ്രെഡ്ഡി ഹെയ്നിക്കന്‍റെ മുത്തശ്ശനും, ഹെയ്‌നിക്കെൻ സാമ്രാജ്യം കെട്ടിപ്പടുത്ത Gerard Adriaan Heineken സായിപ്പ് 'ഹെയ്‌നിക്കെൻ' സ്ഥാപിച്ചതിന്റെ ചരിത്രം തേടി നമ്മൾ പോകുന്നത് ആംസ്റ്റർഡാമിലെ ഹെയ്‌നിക്കെൻ എക്സ്പീരിയൻസിലേക്കാണ്…

അങ്ങനെയാണ് ഹെയ്‌നിക്കാൻ എന്ന ലോക പ്രശസ്ത ബിയർ ബ്രാൻഡിന്റെ തുടക്കം

ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴിൽ സ്ഥാപിച്ച ഈ ഫാക്ടറി ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നുവരെ ബിയർ ഉത്പാദനത്തിൽ വ്യാപൃതമായിരുന്നു. പിന്നീട്, നഗരത്തിനുപുറത്ത് കുറച്ചുകൂടെ ഉല്പാദനക്ഷമതയുള്ള മറ്റൊരു ഫാക്ടറി സ്ഥാപിച്ചപ്പോഴും ഈ ഫാക്ടറിയെ അതുപോലെ നിലനിർത്തി അതിന്റെ വിനോദ സഞ്ചാര കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്താൻ അന്നത്തെ മാനേജ്‌മെന്‍റ് തീരുമാനിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഗൈഡഡ് ടൂർ ആംസ്റ്റർഡാം സന്ദർശനത്തിലെ വേറിട്ട ഒരു അനുഭവം തന്നെയാണ്. പതിനെട്ടു യൂറോ ആണ് പ്രവേശന ഫീസ്. ഫീസ് അടച്ചുകഴിയുമ്പോൾ അകത്തേക്ക് കയറുന്നതിനു മുൻപായി രണ്ടു ടോക്കൺ  പിടിപ്പിച്ച ഒരു ഹെയ്‌നിക്കെൻ റിസ്റ്റ് ബാൻഡ് കയ്യിൽ കെട്ടുവാൻ തരും.


 
നമ്മുടെ ഹെയ്‌നിക്കാൻ യാത്ര തുടങ്ങുന്നത് കുറച്ചു ഹിസ്റ്ററി പഠിച്ചുകൊണ്ടാണ്. 1864 -ൽ "Gerard Adriaan Heineken" തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ  "Haystack" എന്ന ഒരു പഴഞ്ചനായ ബ്രൂവറി വാങ്ങി. അക്കാലത്തു ജിൻ ആയിരുന്നു ജനപ്രീതിയിൽ മുൻപൻ. എന്നിരുന്നാലും മറ്റു മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലഹരി കുറഞ്ഞ ബിയർ കച്ചവടത്തിൽ തനിക്ക് ഒരു വലിയ വിപ്ലവം സൃഷ്ടിക്കാം എന്ന് ബിയർ ഉണ്ടാക്കി യാതൊരു പരിചയവും ഇല്ലാതിരുന്ന ഗെരാര്‍ഡ് ഉറച്ചു വിശ്വസിച്ചു. അങ്ങനെയാണ് ഹെയ്‌നിക്കാൻ എന്ന ലോക പ്രശസ്ത ബിയർ ബ്രാൻഡിന്റെ തുടക്കം. ഹെയ്‌നിക്കെൻ ബ്രാൻഡിന്റെ ഉത്ഭവവും ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കുപ്പികളും തുടങ്ങി ഒരു ബ്രാൻഡ് എന്ന നിലയിൽ ഹെയ്‌നിക്കെൻ എങ്ങനെ ഇന്നത്തെ നിലയിൽ എത്തി എന്ന് വിനോദസഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകുന്ന ഇവിടം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.

ഗൈഡ്, ബിയർ ഉണ്ടാക്കുന്ന പ്രക്രിയയെപ്പറ്റി വളരെയധികം വാചാലനാവുകയും ചെയ്തു

ഹിസ്റ്ററി പഠനത്തിന് ശേഷം നമ്മൾ കടക്കുന്നത് ഹോപ്പും ബാർലിയും തങ്ങളുടെ രഹസ്യക്കൂട്ടും ഈസ്റ്റും ഉപയോഗിച്ച് ബിയർ എങ്ങനെ ഉണ്ടാക്കുന്നു എന്ന ക്ലാസ്സിലേക്കാണ്. ഗൈഡ്, ബിയർ ഉണ്ടാക്കുന്ന പ്രക്രിയയെപ്പറ്റി വളരെയധികം വാചാലനാവുകയും ചെയ്തു. പുളിപ്പിക്കുന്നതിനു മുമ്പുള്ള ആ കൂട്ട് രുചിക്കാൻ ടൂറിൽ പങ്കെടുക്കുന്നവർക്കെല്ലാം  അവസരവും ഉണ്ടായിരുന്നു. അതിനുശേഷം ചരിത്രപ്രധാനമായ ബ്രൂ റൂമിലേക്കാണ് പോകുന്നത്. ഭീമാകാരമായ ചെമ്പിൽ തീർത്ത എട്ടു ലോഹപ്പാത്രങ്ങൾ ഇവിടുത്തെ ആകർഷണങ്ങൾ ആണ്. ഇതിലാണ് ബിയർ പുളിപ്പിക്കാനായി സൂക്ഷിക്കുന്നത്.

ഹെയ്‌നിക്കാൻ ഫാക്ടറി സന്ദർശിക്കുമ്പോൾ ഒരു പറ്റം കുതിരകളെ ഫാക്ടറിയിൽ സംരക്ഷിച്ചിരിക്കുന്നതായി കാണാം. ഒരുപക്ഷെ, ആദ്യകാലങ്ങളിൽ ബിയർ വിതരണത്തിന് കുതിരകളെ ഉപയോഗിച്ചിരുന്നതും അവയുടെ പിൻതലമുറക്കാരും ആയിരിക്കാം ഈ കുതിരകൾ.

ഇനിയാണ് നമ്മൾ യഥാർത്ഥ ഹെയ്‌നിക്കെൻ എക്സ്പീരിയൻസിലേക്കു കടക്കുന്നത്. ഡിസ്നിലാൻഡിനെ ഓർമിപ്പിക്കുന്ന തരത്തിൽ ഉള്ള ഇതിനെ 'ബിയറുകളുടെ ഡിസ്നിലാൻഡ്' എന്ന് വിളിക്കുന്നതിൽ ഒട്ടും തന്നെ  അതിശയോക്തി ഇല്ല. വലിയ പ്ലാസ്മാ ടിവികൾ, ആർട്ട് വിഷ്വൽ ഡിസ്പ്ലേകൾ, ഇന്‍ററാക്ടീവ് ഗാഡ്ജെറ്റുകളുടെ ഒരു നീണ്ട ശേഖരം എന്ന് വേണ്ട ബിയർ അധിഷ്ഠിത കളികളുടെ ഒരു ഡിസ്നിലാൻഡ് തന്നെയാണ് ഹെയ്‌നിക്കെൻ ഫാക്ടറി.

ബിയർ വാങ്ങി കുടിക്കുന്നതോടുകൂടി നിങ്ങളുടെ ടൂർ അവസാനിക്കുന്നു

അടുത്ത കലാപരിപാടി കയ്യിൽ കെട്ടിയിരിക്കുന്ന ബാൻഡിലെ രണ്ടു  ടോക്കൺ  കൊടുത്താൽ രണ്ടു ബിയർ ലഭിക്കും. ബിയർ വാങ്ങി കുടിക്കുന്നതോടുകൂടി നിങ്ങളുടെ ടൂർ അവസാനിക്കുന്നു. അതിനു ശേഷം നിങ്ങള്‍ക്ക് വേണമെങ്കിൽ ഹെയ്‌നിക്കെൻ ബ്രാൻഡ് ആലേഖനം ചെയ്ത ടി -ഷർട്ടുകൾ, ബാഗുകൾ, ചെരിപ്പുകൾ എന്ന് വേണ്ട ഹെയ്‌നിക്കെൻ എങ്ങനെയൊക്കെ മാർക്കറ്റ് ചെയ്യാമോ അതിനുള്ള എല്ലാ പരിപാടികളും ഒപ്പിച്ചിട്ടുണ്ട് സായിപ്പ്. ചുമ്മാതല്ല, ഹെയ്‌നിക്കെൻ നൂറ്റാണ്ടുകൾക്കു ശേഷവും അമേരിക്കയിലെ ഒന്നാം നമ്പർ ഇറക്കുമതി ചെയ്യുന്ന ബിയർ ആയി നിലകൊള്ളുന്നത്. ഇന്ന് ഏകദേശം എഴുപതിനായിരത്തിനു മുകളിൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു പന്തലിച്ചു ഹെയ്‌നിക്കെൻ ബ്രൂവെറി.

തകർന്നുകിടന്ന ഒരു ബ്രൂവെറി വിലക്ക് വാങ്ങി പുതിയ ഒരു മദ്യസംസ്കാരം വാർത്തെടുത്ത ഹെയ്‌നിക്കെൻ സായിപ്പിനാകട്ടെ ഇന്നത്തെ നമ്മുടെ കയ്യടി..

https://www.facebook.com/journeywithGinu/