Asianet News MalayalamAsianet News Malayalam

സോഫ്റ്റ്‍വെയര്‍ ജോലി ഉപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിയിലേക്ക്, പ്രതിസന്ധികളില്‍ തളരാതെ പോരാട്ടം; രേഖയുടെ ജീവിതം

ഒടുവില്‍ നാല് സെന്റ് സ്ഥലത്ത് മത്സ്യം വളര്‍ത്താന്‍ സബ്ഡിഡി നിരക്കില്‍ വൈദ്യുതി കണക്ഷന്‍ നേടി. നിശ്ചയദാര്‍ഢ്യമുണ്ടെങ്കിലേ ഇത്തരം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് രേഖയുടെ അനുഭവം.
 

success story of rekha rashmik
Author
Kozhikode, First Published Nov 19, 2019, 2:16 PM IST

സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലി ഒഴിവാക്കി കൃഷിയിലേക്കിറങ്ങിയവര്‍ പലരുമുണ്ട്. ജോലിഭാരവും ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം കണക്കിലെടുത്താണ് ഇവരെല്ലാം സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പച്ചക്കറി കൃഷിയും കോഴി വളര്‍ത്തലുമെല്ലാം തൊഴിലായി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ കടമ്പകള്‍ ഏറെക്കടന്ന് അക്വാപോണിക്‌സ് കൃഷി വിജയിപ്പിച്ച രേഖയ്ക്ക് പറയാനുള്ളത് കേള്‍ക്കാം.

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് ചുള്ളിപ്പറമ്പ് സ്വദേശിയായ രേഖ രശ്മിക് സോഫ്റ്റ് വെയര്‍ കമ്പനിയിലെ ഡെവലപര്‍ ജോലി ഉപേക്ഷിച്ച് അക്വാപോണിക്‌സ് പരീക്ഷണത്തിനിറങ്ങിയതാണ്. യുട്യൂബില്‍ നിന്ന് അക്വാപോണിക്‌സ് പഠിച്ച് വീടിനോട് ചേര്‍ന്നുള്ള നാല് സെന്റ് സ്ഥലത്ത് 2014 -ല്‍ ആരംഭിച്ചതാണ് അന്നപൂര്‍ണ അക്വാപോണിക്‌സ് ഫാം. നാലായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള മീന്‍കുളമായിരുന്നു ഇത്. 4000 തിലാപിയ മീനുകളെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് ആയിരത്തില്‍ കുറവാണ് മീനുകള്‍. അജ്ഞാതര്‍ വൈദ്യുതി വിച്ഛേദിച്ച് മത്സ്യങ്ങളെ കൊന്നൊടുക്കുകയും മോഷ്ടിച്ചു കൊണ്ടുപോകുകയും ചെയ്തത് പത്രവാര്‍ത്തയായിരുന്നു. ഈ അവസ്ഥ തരണം ചെയ്യാന്‍ ഒരു കര്‍ഷകയ്ക്ക് എങ്ങനെയാണ് കഴിയുന്നത്!

ചെറിയ സ്ഥലത്ത് കൃഷി ചെയ്ത് വന്‍നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന അക്വാപോണിക്‌സ് അത്ര പ്രചാരത്തിലുള്ള സമയമല്ലാതിരുന്നതുകൊണ്ട് തന്റെ പരീക്ഷണത്തെ പലരും തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെന്ന് രേഖ ഓര്‍ക്കുന്നു. അക്വാപോണിക്‌സ് പരിപാലനം അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് രേഖയുടെ അനുഭവം വ്യക്തമാക്കുന്നു. അര്‍പ്പണ മനോഭാവമുണ്ടെങ്കിലേ മത്സ്യം വളര്‍ത്തലും വിജയിപ്പിക്കാന്‍ കഴിയൂ.

നഷ്ടങ്ങള്‍ നേരിടാനുള്ള മനോധൈര്യം

കൃഷിയോട് പണ്ടു മുതലേ താല്‍പര്യമുണ്ടായിരുന്നുവെന്ന് രേഖ പറയുന്നു. പല ഫാമുകളും കയറിയിറങ്ങി കൃഷിക്കാരെ നേരിട്ട് കണ്ട് കൃഷിരീതികള്‍ പഠിക്കാന്‍ സമയം കണ്ടെത്തി. ആട് ഫാമുകള്‍ കണ്ടപ്പോള്‍ ആ വഴിക്കും ചിന്ത പോയതാണ്. പക്ഷേ, സ്വയം വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഒടുവില്‍ അക്വാപോണിക്‌സ് മതിയെന്ന് തീരുമാനിക്കുന്നത്. മനസ് മടുക്കാതെയുള്ള അന്വേഷണമാണ് ഇവിടെ വരെ എത്തിച്ചത്.

success story of rekha rashmik

അക്വാപോണിക്‌സ് തുടങ്ങിയപ്പോള്‍ വന്‍നഷ്ടമായിരുന്നു. വൈദ്യുതി തന്നെയായിരുന്നു വില്ലന്‍. മുപ്പതിനായിരത്തോളം രൂപ വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടി വന്നപ്പോള്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. അതിനെ മറികടക്കാനായി സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയും വിജയിച്ചില്ല. വൈദ്യുതി തടസപ്പെടുമ്പോള്‍ മീനുകള്‍ ചത്തൊടുങ്ങുന്ന അവസ്ഥ. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും ശാരീരികമായ പ്രശ്‌നങ്ങള്‍ കാരണം കഴിയാത്ത സാഹചര്യം. ഒടുവില്‍ സൗരോര്‍ജത്തിലേക്ക്.

ഒടുവില്‍ നാല് സെന്റ് സ്ഥലത്ത് മത്സ്യം വളര്‍ത്താന്‍ സബ്ഡിഡി നിരക്കില്‍ വൈദ്യുതി കണക്ഷന്‍ നേടി. നിശ്ചയദാര്‍ഢ്യമുണ്ടെങ്കിലേ ഇത്തരം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് രേഖയുടെ അനുഭവം.

നൈല്‍, തിലോപ്പിയ എന്നീ മീനുകളാണ് തുടക്കത്തില്‍ വളര്‍ത്തിയത്. അതും നഷ്ടത്തിലായി. 2017 -ലാണ് മത്സ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നല്‍കുന്നത്.  ഏഴുമാസം കൊണ്ട് തന്റെ പരിശ്രമം വിജയത്തിലേക്കെത്തിക്കാന്‍ രേഖയ്ക്ക് കഴിഞ്ഞു. 600 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കമുള്ള മത്സ്യങ്ങളുണ്ടായി. കിലോയ്ക്ക് 300 രൂപ നിരക്കില്‍ ഫ്‌ളാറ്റുകളില്‍ വില്‍പ്പന നടത്തി. വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറികളും പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിച്ചു. എല്ലാ ചെലവും കഴിഞ്ഞ് 35,000 രൂപ വരുമാനം നേടുന്ന സംരംഭകയായി മാറി.

success story of rekha rashmik

ഓണ്‍ലൈന്‍ വഴിയും മത്സ്യവില്‍പ്പന നടത്തി. ഈ രംഗത്തെക്കുറിച്ച് വിശദമായി പഠിച്ച രേഖ അക്വാപോണിക്‌സ് ആധാരമാക്കി ആദ്യത്തെ പുസ്തകവും എഴുതി. നൂതന മത്സ്യക്കൃഷിക്കുള്ള അവാര്‍ഡും ലഭിച്ചു.

നേരിട്ട പ്രതിസന്ധിയെ എങ്ങനെ അതിജീവിച്ചു?

'രണ്ട് കുളങ്ങളിലായാണ് മത്സ്യങ്ങളെ വളര്‍ത്തിയിരുന്നത്. അജ്ഞാതര്‍ കൃഷിയിടത്തിലെ പമ്പിങ്ങ് തടസപ്പെടുത്താനായി വൈദ്യുതി വിച്ഛേദിച്ചപ്പോള്‍ മീനുകള്‍ ചത്തൊടുങ്ങി. 6000 കുഞ്ഞുങ്ങളില്‍ 2000 ചത്തുപോയി. വിളവെടുപ്പിന് പാകമായ മീനുകളുള്ള വലിയ കുളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ തീറ്റയിട്ടതുകാരണം മീനുകളുടെ ആരോഗ്യവും ക്ഷയിച്ചു.' രേഖ പറയുന്നു.

വീടിന്റെ പുറകുവശത്തുള്ള നാല്‌സെന്റ് സ്ഥലത്തെ വേലി തുറന്ന് അകത്തെത്തിയാണ് ടാങ്കിലെ മീനുകളെ മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

'പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേറ്റ് പുറത്ത് വന്നപ്പോഴാണ് മീനുകള്‍ ചത്തൊടുങ്ങിയത് കണ്ടത്. ആ കാഴ്ച കണ്ട് ഹൃദയസ്തംഭനം വന്ന് മരിച്ചുപോയില്ലെന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയൂ. ചത്ത മത്സ്യങ്ങളെ രണ്ടു ദിവസമെടുത്താണ് കുഴിച്ചിട്ടത്. ആ സംഭവത്തിന് ശേഷം മനസ് മടുത്തു.' രേഖയുടെ വാക്കുകളില്‍ നിരാശ.

success story of rekha rashmik

അക്വാപോണിക്‌സ് കൃഷിയിലേക്കിറങ്ങുന്നവരോട് രേഖയ്ക്ക് പറയാനുള്ളത് ഇതാണ്. 'അക്വാപോണിക്‌സ് ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്നതിന് മുമ്പ് നന്നായി പഠിക്കണം. ശരിക്കും ഏണിയും പാമ്പും പോലുള്ള കളിയാണ് ഇത്. ചെറിയ സ്ഥലത്ത് നിന്ന് വലിയ വരുമാനം നേടാന്‍ കഴിയുന്ന സംരംഭമാണ്. മനസ് മടുക്കാതെ മുന്നോട്ട് പോയാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ'.

success story of rekha rashmik

പ്രതിസന്ധികള്‍ ഏറെ നേരിട്ടെങ്കിലും രേഖ തളരുന്നില്ല. തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റി വ്യക്തമായ ധാരണ ഇവര്‍ക്കുണ്ട്. 'അന്നപൂര്‍ണ അക്വാപോണിക്‌സ് ഫാം ഒരു മോഡല്‍ ഫാം ആക്കി നിലനിര്‍ത്തിക്കൊണ്ട് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അക്വാപോണിക്‌സില്‍ താല്‍പര്യമുള്ള നിരവധി പേര്‍ എന്നെ വിളിക്കാറുണ്ട്. അവര്‍ക്ക് മലയാളത്തിലും ഇംഗ്‌ളീഷിലും പരിശീലനത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യമുണ്ട്. അക്വാപോണിക്‌സിനെക്കുറിച്ച് ഞാന്‍ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി ഇപ്പോഴും പരിശീലനം നല്‍കുന്നുണ്ട്. അത് കുറച്ചുകൂടി വിപുലപ്പെടുത്തണമെന്നാണ് ആഗ്രഹം.'
 

Follow Us:
Download App:
  • android
  • ios