കൊവിഡ് കാലത്ത് വിചിത്രമായ ഒരു മോഷണത്തിന് കോഴിക്കോട് ജില്ലയിലെ പയ്യോളി ടൗണ്‍ സാക്ഷ്യം വഹിച്ചു. നവംബര്‍ ആദ്യം പയ്യോളി ദേശീയപാതയോരത്തുള്ള ഹോം അപ്ലയന്‍സസ് കടയില്‍ ഒരു മോഷണം നടന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലീസും കടക്കാരുമെല്ലാം ആകെ ഞെട്ടി. കള്ളനെ തിരിച്ചറിയാന്‍ പറ്റില്ല, അയാള്‍ ധരിച്ചത്, കൊവിഡ് രോഗത്തില്‍നിന്നും രക്ഷപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകരും മറ്റും ധരിക്കുന്ന പി പി ഇ കിറ്റാണ്. പ്രതിയെ എങ്ങനെ കണ്ടുപിടിക്കും? ആലോചനകള്‍ അധികം തുടര്‍ന്നില്ല, രണ്ടു ദിവസത്തിനകം പൊലീസ് പ്രതിയെ കണ്ടെത്തി. എങ്ങനെയായിരുന്നു ആ പ്രതിസന്ധി മറികടന്ന് കള്ളനെ പിടികൂടിയത്? ആ കഥ പറയുകയാണ്, അന്വേഷണത്തിന് നേതൃത്വം നല്‍കിയ പയ്യോളി സി ഐ എം പി ആസാദ് 

 

 

കഴിഞ്ഞ മാസമാണ്. 

ഒരു ദിവസം രാവിലെ പയ്യോളി പോലീസ് സ്റ്റേഷനിലെ ജി ഡി ചാര്‍ജിലുള്ള എ എസ് ഐയുടെ ഫോണ്‍. 

''സര്‍... ടൗണിലെ ഹോം അപ്ലയന്‍സ് കടയില്‍ ഒരു കളവ് നടന്നിട്ടുണ്ട്..''

പരാതിക്കാരന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് ഡിപ്പാര്‍ട്മെന്റിന് മെസേജ് കൊടുത്തു. പിന്നെ, നേരെ സംഭവ സ്ഥലത്തേക്ക് ചെന്നു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കലാണ് പോലീസിന്റെ പ്രഥമ കര്‍ത്തവ്യം. കൊവിഡ് -19 റിപ്പോര്‍ട്ട് ചെയ്ത, ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പോലീസിന്റെ പ്രധാന ജോലി പകര്‍ച്ചവ്യാധി രോഗവ്യാപനം തടയുന്ന ഉത്തരവ് (The Kerala Epidemic Diseases Ordinance, 2020) പ്രകാരം മനുഷ്യരുടെ ജീവന് സംരക്ഷണം നല്‍കലാണ്. അതിനാല്‍, കൊറോണ കാലത്ത് ഇത്തരം പരാതികള്‍ അപൂര്‍വമായേ ലഭിച്ചിട്ടുള്ളൂ. 

ഒരു കുറ്റകൃത്യം തെളിയിക്കുന്നതിന് സംഭവസ്ഥലം വിശദമായി പരിശോധിക്കണമെന്നതാണ് കേസ് അന്വേഷണത്തിന്റെ ബാലപാഠം. സംഭവസ്ഥലത്ത് പ്രായോഗിക ബുദ്ധിയോടെ ഒന്ന് കണ്ണോടിച്ചാല്‍ ഒരു കച്ചിത്തുമ്പ് കിട്ടാതിരിക്കില്ല. സാധാരണ  കളവ് കേസുകളില്‍, ആ കുറ്റകൃത്യത്തിന്റെ രീതി (MO - Modus Oparandi ) അറിയാനായാല്‍, പ്രതിയിലേക്ക് എത്താനുള്ള സൂചന കിട്ടുമെന്ന് സായിപ്പ് എഴുതിവെച്ച ബുക്കിലുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഓട് ഇളക്കി കളവ് നടത്തുന്ന കള്ളന്‍ തുറന്ന് കിടക്കുന്ന വീട്ടിലും ഓടിളക്കിയേ കയറൂ. ചുമരിന്റെ പിന്‍ഭാഗം തുരന്ന് മോഷണം നടന്നാല്‍ തൊരപ്പന്‍ സന്തോഷ് ജയിലിന് പുറത്താണോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഇവിടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചുള്ള മോഷണമാണ്. സാധാരണ രീതി (Common MO). 

പുതിയ കടയായത് കൊണ്ട് സി സി ടി വി-യിലായിരുന്നു അടുത്ത പ്രതീക്ഷ. പണ്ടൊക്കെ, 'മുകളില്‍ നിന്നും ഒരാള്‍ എല്ലാം കാണുന്നു' എന്ന പേടിയാണ് കള്ളന്‍മാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് മോഷ്ടാക്കളുടെ പേടി സ്വപ്നമാണ് തലക്ക് മുകളിലെസി സി ടി വി. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് പരിശോധനകള്‍ക്കുശേഷം വളരെ പ്രതീക്ഷയോടെ സി സി ടി വി പരിശോധിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. 

 

സിസിടിവി ക്യാമറയില്‍ പതിഞ്ഞ കള്ളന്റെ രൂപം
..............................................................

 

ക്യാമറയിലേക്ക് ടോര്‍ച്ചിന്റെ വെളിച്ചം അടിച്ചും പൊസിഷന്‍ മാറ്റിയും കള്ളന്‍ ക്യാമറക്കണ്ണ് ബ്ലാങ്ക് ആക്കിയിരിക്കുന്നു. മോഷണത്തിനു മുമ്പേ കള്ളന്‍ കടയില്‍ ചെന്ന് ക്യാമറയുടെ പൊസിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു എന്നര്‍ത്ഥം. 

'എ പ്ലാന്‍ഡ് ഓപറേഷന്‍'.
 
അല്ലെങ്കില്‍ തന്നെ ചെയ്യുന്ന ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കുകയും പുതിയ സാങ്കേതിക വിദ്യകളുടെ സഹായം തേടുകയും ചെയ്യുന്നവരാണ് സ്ഥിരം കുറ്റവാളികള്‍. ഒരു പാളിച്ച മതി ജയിലിലേക്കെത്താന്‍ എന്നവര്‍ക്ക് അറിയാം. തട്ടിപ്പിനും കളവിനുമൊക്കെ കാണിക്കുന്ന ആ ഡെഡിക്കേഷന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇവരൊക്കെ എന്നെ രക്ഷപെട്ടുപോയേനെയെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. 

തന്റെ ശ്രദ്ധയില്‍ പെട്ട ക്യാമറകള്‍ക്കെല്ലം കള്ളന്‍ പണി കൊടുത്തിരിക്കുന്നു. ഇനി അവന്റെ ശ്രദ്ധയില്‍പെടാത്ത ക്യാമറ തപ്പണം. അങ്ങനെ, ഗോഡൗണ്‍ വഴിയിലെ ക്യാമറയിലേക്ക് ഞങ്ങള്‍ പ്രതീക്ഷയോടെ ചെന്നു. അതില്‍ കള്ളനുണ്ട്, പക്ഷേ, ഒരു വെളുത്ത ഒരു രൂപം സഞ്ചരിക്കുന്നത് പോലെയാണ് കാണുന്നത്!

വെളുത്ത ഒരു രൂപം. സിനിമയില്‍ പ്രേതങ്ങളൊക്കെ നടക്കുന്നത് പോലെ അത് നടക്കുന്നു. ഇവന്‍ എന്ത ചെപ്പടി വിദ്യ ഉപയോഗിച്ചാണ് രൂപം മാറ്റിയത്? ആ ആലോചനയോടെ വീഡിയോ സൂം ചെയ്തു നോക്കിയപ്പോള്‍ മനസ്സിലായത് അമ്പരപ്പിക്കുന്ന ഒരു കാര്യം. പതിനാറു വര്‍ഷത്തെ പോലീസ് ജീവിതത്തില്‍ ഇന്നുവരെ കാണാത്ത ഒരു ബ്രില്യന്റ് മോഷണരീതി. 

ഒറ്റനോട്ടത്തില്‍ വെളുത്ത രൂപമായി തോന്നുന്നെങ്കിലും അത് പ്രേതമല്ല, കള്ളന്‍ തന്നെയാണ്! കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും മറ്റും ധരിക്കാറുള്ള പി പി ഇ കിറ്റ് ധരിച്ച കള്ളന്‍. ബഹിരാകാശ സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള പി പി ഇ കിറ്റും ധരിച്ച് മൂപ്പര്‍ വളരെ കൂളായി മോഷണം നടത്തിയിരിക്കുന്നു. മേശ വലിപ്പ് പൊട്ടിച്ചു മോഷണം നടത്തിയ ശേഷം ഒരു ഹോം തിയേറ്റര്‍ സിസ്റ്റം, മിക്സി തുടങ്ങിയ കൈയില്‍ എടുക്കാന്‍ പറ്റുന്ന സാധങ്ങളും എടുത്ത് കള്ളന്‍ കൂളായി ഇറങ്ങി പോകുന്നു.

മറ്റെന്ത് പ്രതീക്ഷിച്ചാലും PPE കിറ്റ് ധരിച്ച കള്ളനെ പ്രതീക്ഷിച്ചിരുന്നില്ല. നെഗറ്റീവാകുമ്പോള്‍ സന്തോഷിക്കുകയും പോസിറ്റീവാകുമ്പോള്‍ വിഷമിക്കുകയും ചെയ്യുന്ന കൊറോണക്കാലത്ത് ഇത് പോലെയുള്ള തലതിരിഞ്ഞ കാഴ്ചകളാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ടാണല്ലോ, ബാങ്കിലേക്ക് വരുന്ന ഡോക്ടര്‍ക്ക് പനിയുണ്ടോ എന്ന് സെക്യൂരിറ്റിക്കാരന്‍ പരിശോധിക്കുന്നത്!

 


 പ്രതി കണ്ണൂര്‍ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബഷീര്‍
..........................................


പി പി ഇ കിറ്റ് ധരിച്ചതിലൂടെ കള്ളന്‍ പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സാധാരണയായി സി സി ടി വി ക്യാമറയില്‍ ഒരാള്‍ മുഖം മറച്ചു കളവ് നടത്തിയാലും  അയാളുടെ ബോഡി ലാംഗ്വേജ് അറിയാവുന്ന മറ്റ് കള്ളന്‍മാര്‍ക്ക് കാണിച്ചു കൊടുത്താല്‍ അവര്‍ ആളെ തിരിച്ചറിയാറുണ്ട്. പക്ഷെ ഇവിടെ അയാളുടെ ബോഡി ലാംഗ്വേജ് പോയിട്ട് ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല!

അപാരമായ ക്ഷമയും പ്രതീക്ഷയുമാണ് ഏത് അന്വേഷണത്തെയും മുന്നോട്ട് നയിക്കുന്നത്. ആ പ്രതീക്ഷയില്‍, രണ്ടു മണിക്കൂര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ആ  വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, രണ്ടു മൂന്നു കാര്യങ്ങള്‍ ബോധ്യമായി. 

ഒന്ന്, ഇടക്ക് എപ്പോഴാ നീങ്ങിപ്പോവുന്ന മാസ്‌ക്കിനിടയിലൂടെ കാണുന്ന അയാളുടെ മുഖത്ത് താടിയുണ്ട്.

രണ്ട്്,  PPE കിറ്റില്‍ ചെരുപ്പ് കവര്‍ ചെയ്യുന്ന ഭാഗം അയാള്‍ ധരിച്ചിട്ടില്ല. അതിലൂടെ അയാളുടെ ചെരുപ്പും കാലും തിരിച്ചറിയാന്‍ പറ്റും. 

മൂന്ന്, ഇടക്കിടെ അയാള്‍ ഗ്ലൗസ് കൊണ്ടാണ് തൊടുന്നതെങ്കിലും ആ സ്ഥലം ടൗവ്വല്‍ കൊണ്ട് തുടച്ചു കൊണ്ടിരിക്കുന്നു. 

ഈ ഒരു മൂന്ന് അടയാളങ്ങള്‍ മാത്രമാണ് കള്ളന്‍ അവിടെ ബാക്കിയാക്കിയത്. 

സ്വാഭാവികമായും പി പി ഇ കിറ്റ് ഇട്ടുള്ള മോഷണം വാര്‍ത്തയായി. SHO എന്ന നിലയില്‍ കള്ളനെ പിടിക്കേണ്ടത് എന്റെ ബാധ്യതയുമായി. 

അങ്ങനെ വീണ്ടും അതേ ദൃശ്യങ്ങള്‍ക്കു മുന്നില്‍. സി സി ടി വി വീഡിയോയിലെ സ്റ്റില്ലുകള്‍ ലാപ്ടോപ്പില്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 

അന്നേരമാണ്, കള്ളന്റെ നില്‍പ്പില്‍ ഇടത്തോട്ടുള്ള ഒരു ചെരിവ് സ്‌ക്വാഡിലെ ഗംഗാധരന്‍ എസ്. ഐയുടെകണ്ണില്‍പ്പെട്ടത്. 

''ഇത് ഇരിട്ടിക്കാരന്‍ മുബഷിറിന്റെ ബോഡി ലാംഗ്വേജ്'-പല വട്ടം അതു നോക്കിയശേഷം, ഗംഗാധരന്‍ ഉറപ്പിച്ചു പറഞ്ഞു. 

യവനികയ്ക്ക് പിന്നില്‍, അധികമാരും അറിയാതെ നില്‍ക്കുന്ന പരിചയസമ്പന്നരും മിടുക്കരുമായ ഇത്തരം പോലീസുകാരും അവരുടെ നിരീക്ഷണപാടവവുമാണ് സത്യത്തില്‍ കേരളാ പോലീസിന്റെ യശസ്സുയര്‍ത്തുന്നത്. 

പിന്നെല്ലാം പെട്ടെന്നായിരുന്നു. സ്ഥിരം കുറ്റവാളിയായ മുബഷിറിന്റെ ഹിസ്റ്ററി ഷീറ്റ് പരിശോധിച്ചു. 2017 -ല്‍ പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ കളവില്‍ ശിക്ഷിക്കപ്പെട്ട ശേഷം പുറത്ത് ഇറങ്ങിയതാണ് കക്ഷി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ അവിടെയില്ലെന്ന് മനസ്സിലായി. വടകരയില്‍നിന്നും കല്യാണം കഴിച്ചശേഷം ആ ഭാഗത്ത് എവിടെയോ ആണ് താമസം. ആധാര്‍ കാര്‍ഡ് ഡാറ്റ പ്രകാരം, അയാള്‍ക്ക് പന്ത്രണ്ട് സിം കാര്‍ഡ് ഇഷ്യൂ ചെയിതിട്ടുണ്ട്. അധികവും ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ എങ്കിലും, IMEI നമ്പര്‍ ട്രെയ്‌സ് ചെയ്തപ്പോള്‍ ഒരു നമ്പര്‍ കിട്ടി.

 

പയ്യോളി സി ഐ എം പി ആസാദ്
.............................

 

ക്ഷമയും ബുദ്ധിയും കാണിച്ചാല്‍, ഒരു മൊബൈല്‍ നമ്പറില്‍ ഒളിച്ചുപാര്‍ക്കുന്നയാളുടെ ജാതകം വരെ കണ്ടെത്താനാവും. അങ്ങനെ, കൊയിലാണ്ടി ബീച്ച് ഏരിയയിലെ ഒരു വാടക ക്വാര്‍ട്ടേസിന് പുറത്ത് നിന്നും മുബഷിറിനെ രഹസ്യമായി പൊക്കി.സിസിടിവി സ്റ്റില്ലുകളില്‍ കണ്ട അയാളുടെ ചെരുപ്പ് ആദ്യ സൂചന തന്നു. അയാളുടെ താടിയും നില്‍ക്കുമ്പോഴുള്ള ചെരിവും പ്രതിയെ ഉറപ്പിച്ചു. 

എങ്കിലും, ചോദ്യം ചെയ്യലിലുള്ള കുറ്റസമ്മത മൊഴിപ്രകാരം തൊണ്ടിമുതല്‍ കണ്ടെത്തിയാല്‍ മാത്രമേ അറസ്റ്റ് രേഖപെടുത്താനാവൂ. കസ്റ്റഡിയിലെ മനുഷ്യാവകാശത്തപ്പറ്റി പൂര്‍ണ്ണ ബോധവാന്‍മാരായ കള്ളന്‍മാരെ ചോദ്യം ചെയ്തു തൊണ്ടി മുതല്‍ കണ്ടെത്തി തെളിവ് ശേഖരിക്കുക എന്നതാവട്ടെ, ഇന്ന് കള്ളനെ പിടിക്കുന്നതിനേക്കാള്‍ ശ്രമകരമാണ്. 

പോലീസ് ഹിസ്റ്ററി ഷീറ്റ് പ്രകാരം, കുറ്റം സമ്മതിക്കുന്നതില്‍ പോലീസുമായി മത്സരിക്കുന്ന സ്വാഭാവക്കാരാണ് മുബഷിര്‍. മോഷ്ടാവിനെ വണ്ടിയിലിരുത്തി,  സാധാരണ വേഷത്തില്‍ ക്വാര്‍ട്ടേസില്‍ ചെന്നു. ഹോം തിയറ്റര്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വന്ന കമ്പനിയുടെ ആളാണ് എന്ന് പരിചയപ്പെടുത്തി അകത്ത് കയറിയപ്പോള്‍, വീട്ടുകാര്‍ കാണിച്ചു തന്നു, അന്വേഷിച്ചു കൊണ്ടിരിക്കുന്ന തൊണ്ടി!
 
കള്ളനും പോലീസും കളിയില്‍ പരാജയപ്പെട്ടാല്‍പിന്നെ എല്ലാം തുറന്നു സമ്മതിച്ച്, കുറ്റസമ്മതമൊഴി തന്ന്,  പോലീസിന്റെ അടുത്ത് നിന്നും കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മേടിച്ച്, ജയിലിലേക്ക് പോകുക എന്നത് എത്ര ഹാര്‍ഡ് ആണെങ്കിലും കള്ളന്മാരുടെ ഒരു ശീലമാണ്!

രണ്ടു ആഴ്ച മുമ്പ് ഒരു നട്ടുച്ചക്ക്, പയ്യോളി ടൗണിലെ ഒരു സ്വര്‍ണക്കടയില്‍നിന്നും രണ്ടു ചെറുപ്പക്കാര്‍ അഞ്ചു പവനുമായി ബൈക്കില്‍ മുങ്ങി. ഈ കൊറോണക്കാലത്ത് ഞാന്‍ വീണ്ടും കള്ളനും പോലീസും കളിച്ചു കൊണ്ടിരിക്കുന്നു. 

ഈ കളിയിലും കള്ളന്മാര്‍ പരാജയപ്പെടും.