അന്ന് ദയാവധത്തിന് വിധിക്കപ്പെട്ട കുട്ടു, ഇന്ന് ഉശിരനാണ്..!

https://static.asianetnews.com/images/authors/14cda1af-33cc-50ee-a0b3-d5154021d561.jpg
First Published 18, Apr 2019, 10:46 AM IST
The dog saved from euthanasia is recovering from its epilepsy
Highlights

സൈക്കോട്രോപിക് മരുന്നുകളായ ഗാർഡിനാൽ, ന്യൂറോബയോൺ എന്നിവ പത്തു ദിവസം തുടർച്ചയായി ഡോക്ടർ കുട്ടുവിന് നൽകി. അതിൽത്തന്നെ അവന്റെ രോഗലക്ഷണങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായി. പുറമെ, ലിവർ സപ്ലിമെൻറ്സും പത്തു ദിവസം മുടങ്ങാതെ ചെന്നപ്പോൾ അവന്റെ വിറ മുക്കാലും അടങ്ങിയിട്ടുണ്ടിപ്പോൾ. 

രണ്ടാഴ്ച മുമ്പ് അപസ്മാര ബാധ മൂത്ത് ഉടമസ്ഥർ ദയാവധത്തിന് വിധിച്ച കുട്ടു എന്ന നായയെപ്പറ്റി എഴുതിയിരുന്നല്ലോ. അപസ്മാരം മൂർച്ഛിച്ച് ഇടയ്ക്കിടെ ചുഴലിബാധിച്ച് വിറച്ചുവിറച്ച് നിന്നിടത്ത് വീണുപോവുന്ന ദുരിതാവസ്ഥയായിരുന്നു കിരൺ ഡോക്ടറുടെ അടുത്തെത്തുമ്പോൾ കുട്ടുവിന്. അവനെ കൊല്ലാൻ വേണ്ടി വിഷമരുന്ന് സിറിഞ്ചിൽ ലോഡുചെയ്ത ശേഷം അവന്റെ കണ്ണുകളിലെ ജീവന്റെ നിഷ്കളങ്കമായ തുടിപ്പുകണ്ട് ആ തീരുമാനത്തിൽ നിന്നും പിന്മാറി, അവന്റെ ഉത്തരവാദിത്തം ഉടമയിൽ നിന്നും ഏറ്റെടുത്ത് തന്റെ ക്വാർട്ടേഴ്സിലേക്ക് കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം.

കുട്ടുവിന് ഇപ്പോൾ എങ്ങനെയുണ്ട് എന്ന് പലരും അന്വേഷിച്ചിരുന്നു. ആ വിവരത്തിന് ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിൽ നിന്നും കിട്ടിയ വിശേഷങ്ങളാണ് ഇക്കുറി. ഡോക്ടർക്ക് കുട്ടുവിനെ കിട്ടിയപ്പോൾ അവന്റെ അവസ്ഥ ഈ വീഡിയോയിൽ കാണും പ്രകാരമായിരുന്നു. 

"
അടക്കാനാവാത്ത വിറയായിരുന്നു അവന്. ഒരു നിമിഷം പോലും സ്വൈര്യമായി ഒന്നിരിക്കാൻ കഴിയില്ലായിരുന്നു. തലക്കേറ്റ എന്തെങ്കിലും ക്ഷതമോ, അല്ലെങ്കിൽ ഉച്ചത്തിലുള്ള വല്ല ശബ്ദവും കേട്ട് പെട്ടെന്നുണ്ടാവുന്ന ഉദ്വേഗമോ ഒക്കെ ഇങ്ങനെയുള്ള എപ്പിലെപ്ടിക് സീഷറുകളും കൺവൽഷൻസും ഉണ്ടാക്കാം എന്ന് ഡോക്ടർ പറഞ്ഞു. സൈക്കോട്രോപിക് മരുന്നുകളായ ഗാർഡിനാൽ, ന്യൂറോബയോൺ എന്നിവ പത്തു ദിവസം തുടർച്ചയായി ഡോക്ടർ കുട്ടുവിന് നൽകി. അതിൽത്തന്നെ അവന്റെ രോഗലക്ഷണങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായി. പുറമെ, ലിവർ സപ്ലിമെൻറ്സും പത്തു ദിവസം മുടങ്ങാതെ ചെന്നപ്പോൾ അവന്റെ വിറ മുക്കാലും അടങ്ങിയിട്ടുണ്ടിപ്പോൾ.  ഈ അസുഖത്തിന് കൃത്യമായ വ്യായാമവും ആവശ്യമുള്ളതിനാൽ അവനെ മുടങ്ങാതെ ഓടാൻ കൊണ്ടുപോവും ഡോക്ടർ. അവന്റെ ഇപ്പോഴത്തെ വീഡിയോ ഇതാ. 

"
സാധാരണഗതിയിൽ അപസ്മാര ബാധിതരായ നായ്ക്കൾക്ക് പേശീക്ഷയം സംഭവിക്കാറുള്ളതാണ്. കുട്ടുവിന് ഭാഗ്യവശാൽ അത് സംഭവിച്ചില്ല. പേടി കൊണ്ടാണ് അവനിത് സംഭവിച്ചതെങ്കിൽ, അത്തരത്തിലുള്ള അസുരക്ഷിതാവസ്ഥയും ഭയവും ഒന്നും അവനെ ഏശാതെ നോക്കുകയാണ് വേണ്ടത്. മനുഷ്യരെപ്പോലെ തന്നെ സ്നേഹമസൃണമായ പെരുമാറ്റവും പരിചരണവും ഈ നായകളും അർഹിക്കുന്നുണ്ട്. അവഗണിക്കുന്നു എന്ന തോന്നലുണ്ടായാൽ, നമുക്കുള്ള പോലെത്തന്നെ വിഷാദരോഗങ്ങൾ അവർക്കും വരാം.  അതുകൊണ്ടു തന്നെ കുട്ടുവിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോവാതെ കൃത്യമായി പരിചരിച്ച് കൂടെ കൊണ്ട് നടന്നേ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞു.

 

 

തന്നെ ദയാവധത്തിന് വിട്ടുകൊടുക്കാൻ ഉടമസ്ഥൻ തീരുമാനിച്ചതും, അതിനു ശേഷം കിരൺ ഡോക്ടർ ദൈവത്തിന്റെ രൂപത്തിൽ ഇടപെട്ട് തന്നെ മരണത്തിൽ നിന്നും രക്ഷിച്ചതും, ഇപ്പോഴും മരുന്നും ഭക്ഷണവും ഒക്കെ തന്നു കൊണ്ടുനടക്കുന്നതും ഒക്കെ കുട്ടുവിന് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, ഇപ്പോൾ തന്നെ പോറ്റുന്ന ഡോക്ടറോട് സവിശേഷമായ ഒരടുപ്പം തന്നെ അവനുണ്ട്. ഒരുപക്ഷേ, കേവലയുക്തികൊണ്ട് സങ്കല്പിക്കാവുന്നതിലും അപ്പുറമുള്ള ഒരടുപ്പം.

ദയാവധത്തിന് വിധിക്കപ്പെട്ട കുട്ടു എന്ന നായയെ, അത് നടപ്പിലാക്കാനെത്തിയ കിരൺ ഡോക്ടർ അവസാന നിമിഷം വേണ്ടെന്നുവെച്ച് തന്റെ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടു പോയ കഥ മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ  പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം.

loader