H2O തകർന്ന്, പൊടി പുകപോലെ കാറ്റിനൊപ്പം തേവര ഭാഗത്തേക്ക് പോകുമ്പോൾ, കാഴ്ചക്കാരും പൊലീസുകാരും പൊടിക്കുമുന്നേ ഓടുന്നു. ഒരാൾ മാത്രം സുനാമിത്തിര പോലെ ഉരുണ്ടുവരുന്ന പൊടിച്ചുരുളുകൾക്കുള്ളിലേക്ക് ഓടിക്കയറുന്നത് കാണാം. അതൊരു ക്യാമറാമാൻ ആയിരുന്നു.

 

 

റോബർട്ട് എൻറിക്കോയുടെ ലോകപ്രശസ്ത ഷോർട്ട് ഫിലിം  An Occurrence At Owl Creek Bridge കാഴ്ചക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന പത്തു സെക്കന്റാണ് ഫിലിമിന്റെ കാതൽ. കഴുമരത്തിൽ മരണത്തെ മുഖാമുഖം കണ്ട് കഴുത്തിൽ കുരുക്കിട്ടുനിൽക്കുന്ന മനുഷ്യൻ, കൗണ്ട്ഡൗൺ കേൾക്കുമ്പോഴത്തെ മനോവിചാരമാണ് കഥാതന്തു.

ഏതാണ്ട് അതിനു സമാനമായിരുന്നു 2020 ജനുവരി 11 -ാം തീയതി... അഞ്ചുമണിയോടെ നാഷണൽ ഹൈവേയുടെ ഓരത്ത്  അപസർപ്പക കഥകൾപേറി അപശകുനം പോലെ നിൽക്കുന്ന ചരിഞ്ഞ ഫ്ലാറ്റിന്റെ മുകളിൽ എത്തുമ്പോൾ നേരം പരപരാ വെളുക്കുന്നതേയുള്ളൂ. അന്നു രാത്രിയിലെ ഗ്രഹണം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിൽക്കുന്ന ചന്ദ്രൻ മൂന്നു ടവറുകൾക്ക് നിലാവുപരത്തി നിർന്നിമേഷനായി ആകാശത്തുണ്ട്.  

 

 

ദൂരേക്കു നോക്കുമ്പോൾ സൂര്യൻ വരുന്നതും കാത്ത് പോകാൻ തയ്യാറായി നിൽക്കുന്ന ഏതാനും നക്ഷത്രങ്ങൾ, വൈദ്യുത വെളിച്ചം വാരിവിതറി മരടു മുനിസിപ്പാലിറ്റിയുടെ വൈഡ് ആങ്കിൾ ദൃശ്യം. അതിനിടയിൽ  തലതാഴ്ത്തി വിളക്കുകൾ അണച്ച് വെള്ളപുതച്ച് പൊട്ടിത്തെറിക്കാൻ തയ്യാറായി ഹോളി ഫെയ്ത്തും, കറുത്ത തുണി വിരിച്ച് ശോകമൂകമായി ആൽഫയുടെ രണ്ടു ടവറുകളും.

 

 

സൂര്യനു ചൂടുകൂടുന്നു. താഴേക്കുനോക്കുമ്പോൾ മരടു മുനിസിപ്പാലിറ്റിക്ക് അരഞ്ഞാണം ഇട്ടപോലെ കുണ്ടന്നൂർ കായൽ. വലതുസൈഡിൽ കറുത്ത മഷിക്കുപ്പി മറിഞ്ഞു വീണപോലെ കുണ്ടന്നൂർ ഫ്ലൈ ഓവറിനു താഴത്തൂടെ ടാർ മഷിയിട്ട നാഷണൽ ഹൈവേ. ഓരത്ത് വർണ്ണക്കടലാസ് വാരിവിതറിയ പോലെ കാഴ്ചക്കാർ ഒന്നൊന്നായി ഏറിവരുന്നു.

 

 

അപ്പോഴേക്കും പ്രോഗ്രാം കൺട്രോൾ റൂമിൽ നിന്ന് പ്രൊഡക്ഷൻ ചാർജ്ജുള്ള ശാലിനിയുടെ വിളിയെത്തി. 'വിനോദേ എല്ലാം ഓക്കെ അല്ലേ? നിങ്ങൾ ഏതു ഫ്രെയിം പിടിക്കും.' കൂടെ മറ്റുള്ളവരുടെ ഫ്രെയിമിന്റെ ചില വിവരണങ്ങളും. നമ്മൾ PCR -ന്റെ സർവ്വൈലൻസിന്റെ കീഴിലായി എന്നറിയുന്നതോടെ കൂടുതൽ ജാഗരൂഗനാകും. സമയം പതിനൊന്നിനോട് അടുക്കുന്നു. ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ആ കാഴ്ചക്കായി... നാട്യശാസ്ത്രത്തിന്റെ ആമുഖത്തിന് ചെറിയ മാറ്റം വരുത്തിപ്പറഞ്ഞാൽ 'യഥോ ദൃഷ്ടി : സ്തതോ മന:' കണ്ണു പോകുന്നിടത്തേക്കു മനസ്സും മനസ്സിനൊപ്പം രണ്ടു കൈകളും സൂം കൺട്രോളിലേക്കും, ഫോക്കസ് പെഡലിലും വെച്ച് മനസ്സ് ഒന്നുകൂടെ ഏകാഗ്രമാക്കിയപ്പോഴേക്കും അതാ കേൾക്കുന്നു നേവിയുടെ ഹെലികോപ്‍റ്ററിന്റെ ശബ്ദം... ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിടുന്നതുപോലെ മൂന്നു പ്രാവശ്യം വട്ടമിട്ടശേഷം ദൂരത്തേക്ക് ഹെലികോപ്റ്റർ പറന്നകന്നതോടെ വീണ്ടും ഹൃദയമിടിപ്പ് കൂടി.

 

 

ആദ്യത്തെ സൈറൺ പയ്യെത്തുടങ്ങി ഉച്ചസ്ഥായിയിലായി വീണ്ടും പതിയെ നേർത്തുപോകുന്ന ശബ്ദം. ഷോർട്ട് ഫിലിമിലെ നായകന്റെ അതേ അവസ്ഥ കൗൺഡ് ഡൗണിലെ 10 മുതൽ പൂജ്യം വരെയുള്ള പത്തു സെക്കൻഡിന് പത്തു മണിക്കൂറിന്റെ നീളം. ട്രഡ് മില്ലിൽ എത്രവേഗത്തിൽ നടന്നാലും ഒരടി മുന്നോട്ടു നീങ്ങാത്ത പോലത്തെ അവസ്ഥ. അവസാനം എല്ലുകൾ ഒടിഞ്ഞുമടങ്ങുന്നപോലെ മുകളിലെത്തെ നിലകളിൽ ചുറ്റിക്കെട്ടിയ ജിയോടെക്സിനകത്ത് സ്ഫോടനം നടക്കുമ്പോൾത്തന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഏറ്റവും അടിയിലത്തെ നിലയിൽ നടക്കുന്ന സ്ഫോടനത്തോടെ ചരിഞ്ഞ് അമർന്ന് വെളുത്ത പുകപോലെ ഹോളി ഫെയിത്ത് H2O നിലം പൊത്തി. വീണ്ടും ആൽഫയുടെ രണ്ടു ടവറുകൾ നിലംപൊത്തുന്നതിനുളള കാത്തിരിപ്പ്.

 

 

North , East , West , South -ന്റെയും ആദ്യക്ഷരങ്ങൾ ചേർത്തു വെച്ചാൽ News എന്നു വായിക്കുംപോലെ... നാലുദിക്കുകളിൽ നിന്നും ഏഷ്യാനെറ്റിന്റെ 12 ക്യാമറാന്മാരുടെ സർവ്വൈലൻസിന്റെ അകത്ത് പൊട്ടിത്തെറിക്കാൻ തയ്യാറായി ആൽഫാ സെറിൻ ടവറുകൾ. സംരക്ഷിത ദൂരപരിധിക്ക് അകത്തുനിന്ന് സ്ഫോടനത്തിന്റെ ചെറുചലനങ്ങൾപോലും ഒപ്പിയെടുക്കുവാൻ കഴിവുള്ള അതിദൂര റെയ്ഞ്ചുള്ള ലെൻസുമായി ക്യാമറമാന്മാർ.

 

 

"ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പുക ഉയരുന്നു... 'എല്ലാവരും തിരിഞ്ഞോടുമ്പോൾ ഒരാൾ മാത്രം അതിനടുത്തേക്കോടുന്നു, അതൊരു പത്രപ്രവർത്തകനായിരിക്കും' എന്നു പറയാറുണ്ട്. H2O തകർന്ന്, പൊടി പുകപോലെ കാറ്റിനൊപ്പം തേവര ഭാഗത്തേക്ക് പോകുമ്പോൾ, കാഴ്ചക്കാരും പൊലീസുകാരും പൊടിക്കുമുന്നേ ഓടുന്നു. ഒരാൾ മാത്രം സുനാമിത്തിര പോലെ ഉരുണ്ടുവരുന്ന പൊടിച്ചുരുളുകൾക്കുള്ളിലേക്ക് ഓടിക്കയറുന്നത് കാണാം. അതൊരു ക്യാമറാമാൻ ആയിരുന്നു. ഞങ്ങളുടെ ആലപ്പുഴ ക്യാമറമാൻ സുബാഷ് എം പിള്ള. പൊടിയുടെ സുനാമി തങ്ങളുടെ നേരെവരുമ്പോഴും ഓടിമാറാൻ കഴിയാതെ നിന്നവർ ലൈവ് കണക്ട് ചെയ്ത ചാനലിലെ കാമറാമാന്മാരായിരുന്നു. അതിൽ ഞങ്ങളുടെ ഷഫീക് മുഹമ്മദും, സോളമൻ റാഫേലും, സനീഷ് സദാശിവനെയും കടന്ന് പൊടി മാറുമ്പോൾ ഇവരുടെ കാമറയിലൂടെ മലയാളികൾ കണ്ടത് കോൺക്രീറ്റ് കൂമ്പാരമായ ഹോളി ഫെയ്ത്ത്...

 

 

സുപ്രീം കോടതി വിധി വന്ന ദിവസം ആദ്യം ഓടിയത് ഹോളി ഫെയ്ത്തിലേക്കാണ്. അടഞ്ഞുകിടന്ന കൂറ്റൻ ഗെയിറ്റിനു പിന്നിൽ അനുവാദം കാത്തുനിൽക്കുമ്പോൾ കണ്ടതാണ് ഫ്ലാറ്റിനുചുറ്റും പച്ചപ്പിനുവേണ്ടി വെച്ചുപിടിപ്പിച്ച മഞ്ഞ മുളയുടെ ഒരു പുതുനാമ്പ്. പിന്നീട് മാസങ്ങളോളം നടന്ന പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കും ഒപ്പം മുളനാമ്പ് വളർന്നു പൊങ്ങുന്നത് കൺമുൻപിലെ കാഴ്ചയായിരുന്നു.

 

 

ഹോളി ഫെയ്ത്തും, ജയിൻ കോറൽ കോമും, ഗോൾഡൻ കായലോരവും എഡിഫസ് കമ്പനി വരച്ച ലക്ഷ്‍മണ രേഖക്കകത്ത് ഇരുന്നമർന്നപ്പോൾ, ആദ്യം ഓർമ്മ വന്നത് ആ മുളനാമ്പിനെക്കുറിച്ചാണ്. തിരിച്ചു പോരുമ്പോൾ ഒരു കൗതുകത്തിന് അവിടെ ചെന്നു നോക്കുമ്പോൾ സ്ഫോടനത്തിന്റെ ആഘാതത്തെ അതിജീവിച്ച് തരളമായ മുളനാമ്പ് മാത്രം ഒടിഞ്ഞ്... പുതിയ പച്ചപ്പിനായി പ്രകൃതിയുടെ അതിജീവനം പോലെ... 

 

 

സ്ഫോടനത്തിനു തലേന്നു വൈകുന്നേരം പല താമസക്കാരും അവസാനവട്ടകാഴ്ചക്കായി ഫ്ലാറ്റിനുചുറ്റും വന്നുപോകുന്നത് കാണാമായിരുന്നു. ഒരുപക്ഷേ, പൗരത്വ ബില്ലിന്റെ ഇരകളെപ്പോലെ വർഷങ്ങളായി താമസിച്ച തങ്ങളുടെ സ്ഥലത്തുനിന്ന്... അഭയാർത്ഥിയായ ജയകുമാർ വള്ളിക്കാവിന്റെ വാക്കുകളാണ് ഓർമ്മ വരുന്നത്  "നിങ്ങൾക്ക് ഈ തകർന്നു വീഴുന്നത് വെറും ഇഷ്ടിക കഷ്ണങ്ങളായിരിക്കും പക്ഷേ, ഞങ്ങൾക്കീ തകരുന്നത് ഞങ്ങളുടെ ഹൃദയങ്ങളാണ്..."

House built by Bricks,
But home built by Heart.
ഏഷ്യാനെറ്റ് ക്യാമറാടീം അംഗങ്ങളായ  രാജേഷ് തകഴി, മധു മേനോൻ, ദനേഷ് പയ്യന്നൂർ, അജീഷ് വെഞ്ഞാറമൂട്, രാജീവ് രവി, കൃഷ്‍ണകുമാർ, അശ്വൻ... തൽസമയ ആകാശക്കാഴ്‍ചകളെ നിയന്ത്രിച്ച് എഡിറ്റർമാരായ ജോർജ് മുണ്ടക്കലും വിജയൻ ആലംകോടും... ഇവരാണ്, ആ സ്ഫോടനത്തിന് 'നേരോടെ നിന്ന് നിർഭയം' രാവിലെ മുതൽ നിരന്തരം കാഴ്‍ചകളെ പ്രേക്ഷകരിൽ എത്തിച്ചത്.