Asianet News MalayalamAsianet News Malayalam

അമ്മയാകാനുള്ള തെരഞ്ഞെടുപ്പ് പോലെ തന്നെയാണ്, അമ്മയാവണ്ട എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യവും..

നതാലിയ രോഷം കൊണ്ട് എണീറ്റ് ഉച്ചത്തിൽ പറഞ്ഞു, "സുരേഷ്, ദാറ്റ് മേ ബി എ പാർട്ട് ഓഫ് യുവർ സോഷ്യൽ റെസ്പോണ്‍സിബിലിറ്റി, നോട്ട് മൈൻ, മൈ ലൈഫ് ഈസ് മൈ ചോയ്സ്, സൊസൈറ്റി ഹാസ് നതിങ് ടു ഡൂ വിത്ത് മൈ ലൈഫ്..." 

to be or not to be a mother is the woman's choice suresh c pillai writes
Author
Thiruvananthapuram, First Published May 13, 2019, 5:45 PM IST

തൊണ്ണൂറുകളുടെ അവസാനം ആണ് നതാലിയയെ പരിചയപ്പെടുന്നത്. ഞാൻ ഗവേഷണം ചെയ്തു കൊണ്ടിരുന്ന ട്രിനിറ്റി കോളേജിൽ, വെയ്ൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും അവസാന വർഷ ഹോണേഴ്‌സ് ഡിഗ്രി പ്രൊജക്റ്റ് ചെയ്യാൻ വന്നത് ആണ് നതാലിയ. വാ തോരാതെ സംസാരിക്കും. പെട്ടെന്ന് തന്നെ ലാബിൽ എല്ലാവരും ആയി നതാലിയ കൂട്ടായി.

to be or not to be a mother is the woman's choice suresh c pillai writes

അന്ന് മൊബൈൽ ഫോണും, വാട്ട്സാപ്പും ഒന്നും പ്രചാരത്തിൽ ഉള്ള കാലമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ? വെള്ളിയാഴ്ചകൾ 'സോഷ്യൽ ഈവെനിംഗ്' ആണ്. ലാബിലുള്ള കൂട്ടുകാർ എല്ലാവരും ആയി പുറത്തു പോകും. ചിലപ്പോൾ കൂട്ടുകാരുടെ കൂട്ടുകാരും, അവരുടെ കൂട്ടുകാരും ഒക്കെയായി വലിയ ഒരു ഗാങ് ഉണ്ടാവും. പല രാജ്യക്കാർ ഉണ്ടാവും. ട്രിനിറ്റി കോളേജിൽ അന്ന് 90 -ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഉണ്ട്.

അന്താരാഷ്ട്ര കാര്യങ്ങൾ മുതൽ, ലാബിലെ ഗോസിപ്പുകൾ, എന്ന് വേണ്ട കുടുംബ കാര്യങ്ങൾ വരെ ഓപ്പൺ ആയി ചർച്ച ചെയ്യും. അങ്ങനെ ഒരു ദിവസമാണ് മാതൃത്വം ചർച്ചയിൽ വന്നത്. അപ്പോളാണ് എടുത്തടിച്ചപോലെ നതാലിയ പറഞ്ഞത്, "എനിക്ക് പ്രസവിക്കാൻ പേടിയാണ്, അമ്മയാവാനൊന്നും എനിക്ക് വയ്യ, എനിക്ക് എന്റെ ലോകം, അത് മാക്സിമം എൻജോയ് ചെയ്യണം." എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

"ഗ്രേറ്റ് ഡിസിഷൻ നതാലിയ, ഇറ്റ് ഈസ് യുവർ ലൈഫ്, എൻജോയ് ഇറ്റ്.." എന്നൊക്കെ പലരും പറഞ്ഞു രംഗം കൊഴുപ്പിച്ചു. ഒരു പാട്രിയാർക്കി, പരമ്പരാഗത, ഗ്രാമ അന്തരീക്ഷത്തിൽ വളർന്ന എന്റെ രക്തം തിളച്ചു. ഞാൻ എടുത്തടിച്ചു പറഞ്ഞു, "നതാലിയ, ഓരോ മനുഷ്യനും അടുത്ത തലമുറയെ ഉണ്ടാക്കുക എന്നത്, മാനുഷിക ധർമ്മവും, സമൂഹത്തോടുള്ള കടമയും ആണ്."

നതാലിയ രോഷം കൊണ്ട് എണീറ്റ് ഉച്ചത്തിൽ പറഞ്ഞു, "സുരേഷ്, ദാറ്റ് മേ ബി എ പാർട്ട് ഓഫ് യുവർ സോഷ്യൽ റെസ്പോണ്‍സിബിലിറ്റി, നോട്ട് മൈൻ, മൈ ലൈഫ് ഈസ് മൈ ചോയ്സ്, സൊസൈറ്റി ഹാസ് നതിങ് ടു ഡൂ വിത്ത് മൈ ലൈഫ്..." ഞാൻ ആകെ നാണം കെട്ടപോലെയായി.. നതാലിയയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. "മൈ ലൈഫ് ഈസ് മൈ ചോയ്സ്.." അതൊരു വലിയ മെസ്സേജ് ആയിരുന്നു. ഇന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന മെസ്സേജ്.

നാലു വർഷം കൂടി കഴിഞ്ഞു ജോലിക്കു കയറിയപ്പോൾ ഗവേഷണ സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്ത ഷാരോൺ ഒരിക്കൽ വൈകിട്ട് ഇതേ പോലെയുള്ള ഒരു സോഷ്യൽ ഈവനിങ്ങിൽ തന്റെ കഥയും പറഞ്ഞു. ആ സമയം ആയപ്പൊഴേക്കും കുറെയൊക്കെ രാജ്യങ്ങളിൽ സഞ്ചരിച്ചും, പലതരം ആൾക്കാരെ കണ്ടും എന്തൊക്കെ പറയാം, എന്തൊക്കെ പറയരുത്, ആൾക്കാരുടെ പേഴ്സണൽ കാര്യങ്ങൾ ചോദിക്കരുത്, പറയുന്നത് കേൾക്കാം, സ്വകാര്യതയിൽ ഇടപെടരുത് എന്നൊക്കെ അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.

ഷാരോൺ ഭർത്താവിനെ പരിചയപ്പെടുത്തി. പാർട്ടിയിൽ പലരും മുതിർന്നവരും കുടുംബം നയിക്കുന്നവരും ആയിരുന്നു, സ്വാഭാവികമായി ചർച്ച കുട്ടികളെപ്പറ്റി ആയി, ഷാരോൺ പറഞ്ഞു, "ഞാനും ഡേവും കണ്ടുമുട്ടി, ഒരുമിച്ചു താമസിക്കാൻ തുടങ്ങിയപ്പോളേ തീരുമാനിച്ചതാണ്, കുട്ടികൾ വേണ്ട എന്ന്. എനിക്ക് പ്രസവിക്കാൻ വയ്യ.."

ഞാൻ പറഞ്ഞു, "ഗ്രേറ്റ് ഡിസിഷൻ, യുവർ ലൈഫ് ഈസ് യുവർ ചോയ്‌സ്.." ഷാരോൺ ചിരിച്ചു, ഡേവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു, "ഇനി ഞങ്ങൾക്ക് കുട്ടികൾ വേണം എന്ന് തോന്നിയാൽ ചിലപ്പോൾ അഡോപ്റ്റ് ചെയ്യും, എന്നാലും എനിക്ക് പ്രസവിക്കാൻ വയ്യ.." ഞാൻ ചിരിച്ചുകൊണ്ട് തീരുമാനം നല്ലതെന്ന് പറഞ്ഞു. നാല് വർഷങ്ങൾ കൊണ്ട് അത്രയ്ക്ക് മാറ്റം എനിക്ക് വന്നിരുന്നു.

പിന്നെയും, യാത്രകളിലും, ജോലി സ്ഥലങ്ങളിലും "പ്രസവിക്കാൻ സൗകര്യം ഇല്ല.." എന്ന് പറയുന്ന പല സ്ത്രീകളെയും കണ്ടു. നല്ല നോർമൽ ആയി സന്തോഷത്തോടെ ജീവിതം നയിക്കുന്നവർ. നമ്മുടെ നാട്ടിലുള്ള 'സോഷ്യൽ പ്രഷർ' കൊണ്ട് പ്രസവിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക്, അല്ലെങ്കിൽ പ്രസവിക്കാൻ പേടി ഉള്ളവർക്ക് ഒരിക്കലും അവർക്ക് ഇഷ്ട്ടമുള്ള പോലെ ചെയ്യാൻ സാധിക്കാറില്ല.

സാഹചര്യം കൊണ്ടോ, ചോയ്‌സ് കൊണ്ടോ 'അമ്മ ആകാതെ' പൂർണ്ണതയോടെ ജീവിച്ച ധാരാളം സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ Ellen L. Walker അവരുടെ പുസ്തകമായ 'Complete Without Kids' -ൽ വിശദമായി എഴുതിയിട്ടുണ്ട്. പ്രസവിക്കാതെ സ്ത്രീ പൂർണ്ണത എത്തില്ല എന്നതൊക്കെ ഓരോ മിത്തുകൾ ആണ്. പ്രസവിച്ചില്ലെങ്കിലും പൂർണ്ണതയോടെ ജീവിക്കാം, സന്തോഷത്തോടെ ജീവിക്കാം.

പ്രസവിച്ച് അമ്മയാകാനുള്ള ചോയ്‌സ് പോലെ തന്നെ ബഹുമാനിക്കേണ്ടതാണ് അമ്മയാകാതെ ജീവിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യവും.
 

Follow Us:
Download App:
  • android
  • ios