ബ്ലാക്കിയെ ഓർമ്മയുണ്ടോ? കോർപ്പറേഷന്റെ നായ്പ്പിടുത്തക്കാർ വന്ധ്യംകരണത്തിനായി കുരുക്കിട്ടുപിടിച്ചപ്പോൾ ലൂപ്പ് പൊട്ടി സ്റ്റീൽ വയർ കഴുത്തിൽ അമർന്നു കുരുങ്ങി, അവിടിരുന്ന് പഴുത്ത് കഴുത്ത് പാതി മുറിഞ്ഞുപോകാറായ അവസ്ഥയിൽ നരകയാതനകൾ അനുഭവിച്ച ബ്ലാക്കി എന്ന തെരുവുനായയുടെ സങ്കടകരമായ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. അശ്വതി  ടീച്ചർ എന്ന എന്ന ശ്വാനസ്നേഹിയും, ഡോ. കിരൺ ദേവ് എന്ന നഗരസഭാ വെറ്ററിനറി സർജനും ചേർന്ന് അന്ന് ബ്ലാക്കിയെ പരിചരിക്കുകയും, തുരുമ്പിച്ച കമ്പികൊണ്ടുണ്ടായ മുറിവ് വൃത്തിയാക്കി, കഴുത്തിൽ അടിയന്തര സർജറി നടത്തുകയുമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ബ്ലാക്കി പിന്നെയും അശ്വതി ടീച്ചറുടെ സ്നേഹപരിചരണങ്ങളിൽ കഴിഞ്ഞു പോരുകയാണ്. 

അന്ന്, ബ്ലാക്കിയുടെ ദുരിതാവസ്ഥ വിശദമായിത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു. നഗരത്തിലെ തെരുവുകളിൽ കഴുത്തിൽ ഇറുകിക്കിടക്കുന്ന, അറ്റുപോയ കുരുക്കുകളും പേറിക്കൊണ്ട്, അനുനിമിഷം പ്രാണവേദനയും അനുഭവിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ബ്ലാക്കിയെപ്പോലുള്ള മറ്റു നായ്ക്കളെപ്പറ്റി പലരും ആശങ്കപ്പെട്ടു. മുറിവുകൾ പഴുത്ത്, പുഴുവരിച്ച്, ഒടുവിൽ കഴുത്ത്  പൂർണ്ണമായും അറ്റുപോയി ആ നായ്ക്കൾ ചത്തുവീണാലും ആരും അറിഞ്ഞെന്നു വരില്ലെന്ന കാര്യം ഓർമിപ്പിച്ചു. കഴുത്തിൽ കുരുക്കിട്ട് പിടിക്കുക എന്ന വികസിത രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പ്രാകൃതമായ, നായ്പ്പിടുത്ത രീതി ഉപേക്ഷിക്കാറായില്ലേ എന്നൊരു ചോദ്യം അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചോദിച്ചിരുന്നു. കുരുക്കിടീലിനുപകരം, വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടാൻ കോർപ്പറേഷന് പരിഷ്കൃത മാർഗമായ 'ഡോഗ് കാച്ചിങ് നെറ്റുകൾ' വരുത്തി നൽകിക്കൂടേ എന്നും. 


 

ആ ചോദ്യങ്ങൾക്ക് പിന്നാലെ തുടർച്ചയായ ശ്രമങ്ങൾ ഡോ. കിരൺദേവ്, മുനിസിപ്പൽ വെറ്ററിനറി ഓഫീസർ ഡോ. ശ്രീരാഗ് ജയൻ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാവുകയും അവർ അന്നത്തെ കോർപ്പറേഷൻ മേയറായിരുന്ന അഡ്വ. വി കെ പ്രശാന്തിനെ ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ബന്ധപ്പെടുകയുമുണ്ടായി. പട്ടികൾക്ക് കുരുക്കിടീൽ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ റിപ്പോർട്ടിലൂടെ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചതോടെ അദ്ദേഹവും വിഷയത്തിൽ കാര്യമായ ശുഷ്‌കാന്തി പുലർത്തി. 
 


 

സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷന്റെ മുനിസിപ്പൽ 'റേബീസ് - അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (R-ABC). മാസത്തിൽ ഇരുനൂറോളം പട്ടികളെ നഗരത്തിന്റെ പലഭാഗങ്ങളിൽ നിന്നായി പിടികൂടിക്കൊണ്ടുവന്ന് വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ട്. സർജ്ജറി കഴിഞ്ഞ് അഞ്ചു ദിവസത്തെ വിശ്രമത്തിനു ശേഷം റേബീസ് വാക്സിനും എടുപ്പിച്ചാണ് പിടിച്ചേടത്തുതന്നെ തിരികെ കൊണ്ടുവിടുന്നത്. ഈ ടീമിന്റെ സ്ഥിരോത്സാഹത്തിന്റെ പുറത്ത്, പട്ടികളെ പിടികൂടാൻ നിയുക്തരായിട്ടുള്ള നാല് ഡോഗ് കാച്ചേഴ്‌സിനും വേണ്ട 'ഡോഗ് കാച്ചിങ് നെറ്റുകൾ' ഇന്നലെ വന്നെത്തി. നെറ്റിന്റെ ഉപയോഗത്തിൽ പ്രാഥമികമായ പരിശീലനം നേടിയശേഷം ഇന്നലെ അവർ ആദ്യ പരീക്ഷണത്തിനിറങ്ങി. ആദ്യവീശലിൽ തന്നെ പട്ടി വലയ്ക്കുള്ളിൽ. മുമ്പൊക്കെയാണെങ്കിൽ കുരുക്കും കൊണ്ട് വരുന്ന ആളിന്റെ തലവട്ടം കണ്ടാൽ തന്നെ പട്ടികൾ ആ പഞ്ചായത്ത് വിട്ടു പോകുമായിരുന്നു. പുതിയ ഉപകരണമായതിനാൽ പട്ടികൾക്കും സംഗതി പിടികിട്ടിയില്ല. 
 


 

നെറ്റുപയോഗിച്ച് പട്ടിയെപ്പിടിക്കാൻ കുരുക്കിട്ടുപിടിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണെന്നാണ് ഡോഗ് കാച്ചറായ ശിവൻ പറയുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഇരട്ടി പട്ടികളെ പിടികൂടാം. പിടിക്കുന്ന പട്ടികൾ കുരുക്ക് പൊട്ടിച്ച് ഓടിപ്പോവാറുണ്ടായിരുന്നു പലപ്പോഴും. വലയാകുമ്പോൾ ആ റിസ്കുമില്ല. ഏറ്റവും പ്രധാനപ്പെട്ട ഗുണവശമെന്നു പറയുന്നത് പിടിക്കുന്ന രീതി ഏറെ ശ്വാനസൗഹൃദമാണ് എന്നതാണ്. പിടിക്കുന്നതിനിടെ ഒരു കാരണവശാലും പട്ടികൾക്ക് പരിക്കേൽക്കുകയില്ല. കാച്ചർമാർക്കും ആയാസം ഏറെ കുറവാണ് ഈ രീതിയിൽ.   

എന്തായാലും, വലവീശിയുള്ള പട്ടിപിടുത്തം പരീക്ഷിച്ചു നോക്കിയപ്പോൾ മുനിസിപ്പൽ R-ABC പ്രോഗ്രാമിലെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഒരു കാര്യം മാത്രം, "നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്?"