''കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ട ശേഷം അവിടെ പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു മാനസിക്ക്. കുമ്പളങ്ങിയിലും ഫോർട്ടുകൊച്ചിയിലുമൊക്കെ നടക്കാൻ കൊതിച്ചാണ് അവൾ വണ്ടി കയറിയത്. അതിങ്ങനെയാകുമെന്ന് കരുതിയതേയില്ല''.. മാനസിയുടെ ഓര്‍മ്മകളെ കുറിച്ച് പറയുമ്പോള്‍ എറണാകുളത്തുകാരായ വസന്തും ഭാര്യ ഹീരയും വിതുമ്പി...

ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളായ മണികണ്ഠന്‍റെയും ബിജുവിന്‍റെയും ഏക മകൾ മാനസി, മക്കളില്ലാത്ത വസന്തിനും ഭാര്യക്കും സ്വന്തം മകളായി.  അവധിക്കാലത്തൊക്കെ അച്ഛനുമമ്മയ്ക്കുമൊപ്പം അവൾ ഇവരുടെ വീട്ടിലെത്തി. ബെംഗളൂരു മൗണ്ട് കാർമൽ കോളേജിൽ ബിരുദം കഴിഞ്ഞ് ക്രൈസ്റ്റ് കോളേജിൽ ഈ വർഷം എംബിഎയ്ക്ക് അഡ്മിഷൻ കിട്ടി.

ക്ലാസ് തുടങ്ങും മുൻപുളള അവധിക്കാലം കൊച്ചിയിലാക്കാനായിരുന്നു യാത്ര. മറയൂരും വാഗമണിലുമൊക്കെ പോകാൻ റിസോർട്ട് ബുക്ക് ചെയ്തിരുന്നു വസന്ത്. അവിടെ മാത്രം പോരാ, കുമ്പളങ്ങിയുടെ ഭംഗിയും കാണണമെന്നും മാനസി പറഞ്ഞു.

''തൃശൂർ എത്തിയാൽ വിളിക്കാനാണ് പറഞ്ഞത്. വിളി വന്നില്ല. തിരിച്ചുവിളിച്ചപ്പോൾ എടുക്കുന്നില്ല. മെസേജിന് മറുപടിയില്ല. കണ്ടക്ടറുടെ നമ്പറിലും എടുക്കുന്നില്ല. മാനസിയുടെ അച്ഛനെയും അമ്മയെയും അറിയിച്ചു. അവരന്വേഷിച്ചപ്പോഴും ഇതുതന്നെ അവസ്ഥ. പിന്നെയാണ് അവിനാശിയിലെ അപകടവിവരം അറിയുന്നത്. പരിക്കേറ്റവരിൽ പോലും അവളുണ്ടാകരുതേ എന്ന് ആഗ്രഹിച്ചു. പക്ഷേ..''

ബുധനാഴ്ച രാത്രി 7.45നാണ് ഇരുവർക്കും മാനസിയുടെ അവസാന വാട്സ്ആപ് മെസേജ് വന്നത്. വലിയൊരു  ഹൃദയചിഹ്നം.. അടർത്തിയെടുക്കാനാവാത്ത ഓർമകളുടെ ചിഹ്നമാണ് ഇരുവർക്കും... വർഷങ്ങളായി ബെംഗളൂരുവിൽ സ്ഥിരതാമസാണ് മാനസിയുടെ രക്ഷിതാക്കൾ. തൃശൂർ കൊടകര സ്വദേശികളാണ്