ആരാണ് ഹരിഹരവര്‍മ്മ? കേരളം ഞെട്ടിയ ഒരു കൊലപാതക കേസ് ഉണ്ടായി ഏഴ് വര്‍ഷമായിട്ടും കൊല്ലപ്പെട്ട ഹരിഹരവര്‍മ്മ ആരായിരുന്നു എന്ന് കണ്ടെത്താന്‍ അടുത്തിടപഴകിയവര്‍ക്ക് പോലും കഴിയാത്തത് എന്തുകൊണ്ടാണ്? തലങ്ങും വിലങ്ങും ഓടിത്തളര്‍ന്ന് കേരള പൊലീസ് ഫയല്‍ മടക്കി വച്ചിട്ടും ആ ചോദ്യത്തെ പിന്തുടരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍. ഹരിഹരവര്‍മ്മ ആരെന്ന അന്വേഷണത്തിനിടെയുള്ള അനുഭവ കഥ പറയുകയാണ് കെ അരുണ്‍ കുമാര്‍.2012 ഡിസംബര്‍ 24. തിരുവനന്തപുരത്തെ വട്ടിയൂര്‍കാവിലെ 'ഓംകാരം' എന്ന വീട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ടത് ഒരു രാജകുടുംബാംഗം, കൊലപാതകം നടക്കുന്നത് വജ്രമോഷണത്തിനിടെ, വിവരമറിഞ്ഞ് വട്ടിയൂര്‍കാവിലെ ഓംകാരത്തിലെത്തുമ്പോള്‍ അവിടെയുള്ളത് പേരൂര്‍ക്കടയില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരില്‍ ചിലരും മാത്രം. ആളുകളധികം അറിഞ്ഞ് തുടങ്ങും മുമ്പെ തന്നെ കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് ഹരിദാസിനെ പൊലീസ് വീടിന് പുറത്തേക്ക് കൊണ്ടുവരുന്നു. ഹരിഹരവര്‍മ്മ രാജകുടുംബാംഗമാണെന്നും കൈവശമുണ്ടായിരുന്ന രത്‌നങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ അതുമായി കടന്നുകളഞ്ഞെന്നും ക്ലോറോഫോം മണപ്പിച്ച് മയക്കിയ ശേഷമാണ് മോഷണം നടന്നതെന്നും ഹരിദാസ് പറഞ്ഞാണ് ആദ്യം അറിയുന്നത്.

കേരളത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത കൊലപാതക കഥ വന്‍ വാര്‍ത്തയായി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി. ഹരിഹരവര്‍മ്മയുടെ ഭാര്യയടക്കം ബന്ധുക്കളും എത്തി. ആരാണ് ഹരിഹരവര്‍മ്മയെന്ന ചോദ്യത്തിന് പക്ഷെ ഉന്നത ഉദ്യോഗസ്ഥയായ ഭാര്യക്ക് പോലും വ്യക്തമായ മറുപടിയോ ഉത്തരമോ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര രാജകുടുംബത്തിലെ അംഗമാണ്, ഡോക്ടറേറ്റുണ്ട്,  ഏറെ വൈകിയാണ് സഹോദരി വിവാഹിതയായതെന്നും പത്രപരസ്യം വഴി വന്ന ആലോചനയാണെന്നുമാണ് ഭാര്യ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ബന്ധുക്കള്‍ മരിച്ചുപോയെന്നും ഇപ്പോള്‍ ഒരു ജീവിതമാഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഹരിഹരവര്‍മ്മ വീട്ടിലെത്തിയത്. അങ്ങനെ ചെറിയ ചടങ്ങൊരുക്കി വിവാഹം നടത്തി. അവര്‍ സുഖമായി താമസിക്കുകയായിരുന്നു. മറ്റൊന്നുമറിയില്ല. ഇതിനപ്പുറം മറ്റൊന്നും അവര്‍ക്ക് പറയാനുമുണ്ടായിരുന്നില്ല.

ഒരു രാജകുടുംബംഗത്തിന് ബന്ധുക്കളാരും ഇല്ലാതിരിക്കുക, ആരുമായും അടുപ്പം പുലര്‍ത്താത്ത പ്രകൃതം.... കൊലപാതകം നടന്ന വീടിന് മുന്നില്‍ നില്‍ക്കെ ഹരിഹരവര്‍മ്മയെ കുറിച്ച്  മനസില്‍ കയറിക്കൂടിയ  സംശയങ്ങള്‍ ഏറെയാണ് . എങ്കിലും കൊലപാതത്തിലും മോഷണത്തിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വാര്‍ത്ത അധികവും. കൊലപാതകികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു തുടങ്ങിയതോടെ വാര്‍ത്തയുടെ ഗതി പൂര്‍ണ്ണമായും ആ വഴിക്കായി. അതിനിടെയാണ് ഉന്നത പൊലീസ് വൃത്തങ്ങളില്‍ നിന്ന് മറ്റൊരു വിവരം എത്തുന്നത്.  

കിട്ടയ തുമ്പ് വച്ച് ഡപ്യൂട്ടേഷനിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്തയുടെ ഗതി തന്നെ മാറിമറയും വിധമുള്ള വിവരങ്ങളാണ് ചുരുളഴിഞ്ഞത്. ഐഎസ്ആര്‍ഒയില്‍ നിന്നും വിമരിച്ച ഒരു രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാജകുടുംബത്തിന്റെ താവഴികളേയും ബന്ധുവഴികളേയും കുറിച്ച് ഗവേഷണം നടത്തി തയ്യാറാക്കിയ ഒരു ചാര്‍ട്ട് തന്നെ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. വിശദമായ അഭിമുഖമെടുത്ത് തിരിച്ചെത്തിയിട്ടും രാജ്യകുടുംബത്തില്‍ ചിലരുടെ മാത്രം അഭിപ്രായം മാത്രം എടുത്ത് ഹരിഹര വര്‍മ്മയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെങ്ങനെ എന്ന സംശയം ബാക്കിയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വ്യക്തി വിവരങ്ങളില്‍ അവ്യക്തത പൊലീസിനും ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിലും കൊല്ലപ്പെട്ട ആളെ കുറിച്ചും ദുരുഹത ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കി.

 

 

ആരാണ് ഹരിഹരവര്‍മ്മയെന്ന അന്വേഷണം തുടങ്ങുന്നത് ഇവിടെ നിന്നാണ്

ആദ്യം അയല്‍വാസികളോട് ചോദിച്ചു, ഇങ്ങനെ ഒരാളുണ്ടെന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. അതിനിടെയാണ് ഹരിഹരവര്‍മ്മക്ക് പാലക്കാടും കുടുംബമുണ്ടെന്ന വിവരം എത്തുന്നത്. അതിലൊരു കുഞ്ഞും ഉണ്ടെന്ന് മനസിലായതോടെ മണിക്കൂറുകള്‍ക്കകം തന്നെ അവരെ കണ്ടെത്താനായി. വിവരം ശരിയാണ്, മരിച്ച ഹരിഹരവര്‍മ്മ ആ സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ട്. കല്യാണ ഫോട്ടോയും രേഖകളുമുണ്ട്. ഒരു കുട്ടിയും ആ ബന്ധത്തിലുണ്ട്. ആ സ്ത്രീ എല്ലാം തുറന്നുപറയാന്‍ തയ്യാറായാതോടെ വീണ്ടും സംശയങ്ങള്‍ അരക്കിട്ടുപ്പിക്കുകയായിരുന്നു.

ബംഗളൂരുവിലെ യുവാക്കള്‍, മോഷണം, രത്‌നക്കല്ലുകള്‍, രാജകുടുംബാംഗം, കൊലപാതകം, സുഹൃത്തിന്റെ സാന്നിധ്യം. അടിമുടി ദുരൂഹതകളുണ്ടായിരുന്നു കേസ് നിറയെ. കഥകളും ഉപകഥകളും നിറഞ്ഞു. ഇതിനിടെ മോഷണ സംഘത്തെ പൊലീസ് ബംഗളുരുവില്‍ നിന്നും പിടികൂടി. ഒരു പക്ഷെ കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല അന്വേഷണത്തിന്റെ ഫലമായിരുന്നു ഇത്. കര്‍ണാകടയിലെ ഒരു മന്ത്രിയുടെ മകന് വേണ്ടി രത്‌നം വാങ്ങാനെന്ന വ്യാജേനയാണ് പ്രതികള്‍ എത്തിയത്. മന്ത്രിയുടെ മകനായി പ്രതികളിലൊരാള്‍ അഭിനയിക്കുകയും ചെയ്തു. ഹരിഹര വര്‍മ്മയുടെ സുഹൃത്തിനെയും ഗൂഢാലോചനയില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും അദ്ദേഹത്തെ വിചാരണക്കോടതി വെറുതെവിടുകയാണ് ചെയ്തത്.

പൊലീസ് അന്വേഷണത്തില്‍ മോഷണവും കൊലപാതകവും തെളിഞ്ഞു. പ്രതികള്‍ 7 പേരും ജീവപര്യന്തം ശിക്ഷക്കപ്പെട്ട് ജയിലിലാണ്.  എന്നിട്ടും കൊല്ലപ്പെട്ട ഹരിഹരവര്‍മ്മ ആരാണ്? ശരിയായ പേരെന്ത്, നാട് എവിടെ-എല്ലാം അവ്യക്തമായി നിന്നു. ആരാണ് ഹരിഹരവര്‍മ്മയെന്ന കണ്ടെത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായി. ഇത്രയധികം കോലാഹലമുണ്ടായിട്ടും ഒരാള്‍ പോലും ഹരിഹരവര്‍മ്മയെ കുറിച്ച് ഒരു സൂചനയുമായി മുന്നോട്ടുവന്നില്ല. കിട്ടിയ ചില തുമ്പുകള്‍ക്ക് പിന്നാലെ പോയെങ്കിലും നിരാശയായിരുന്നു ഫലം.

പ്രത്യേക സംഘം അന്വേഷണം തുടങ്ങി.. 10 വര്‍ഷത്തിലധികം ഒന്നിച്ചുതാമസിച്ച ഉന്നത ഉദ്യോഗസ്ഥയായ സ്ത്രീക്കുപോലും ഹരിഹരവര്‍മ്മയെന്ന വ്യക്ത്വത്തെ കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു വിവരവും അവരില്‍ നിന്നും പൊലീസിന് ലഭിച്ചില്ല. പാലക്കാടുള്ള ബന്ധത്തില്‍ നിന്നും പൊലീസിന് പ്രത്യേകിച്ചൊന്നും ലഭിച്ചില്ല. തീര്‍ത്തും വ്യാജമായ ഒരുക്കിയ ആവരണത്തിലായിരുന്നു ഹരിഹരവര്‍മ്മയെന്ന് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പൊലീസിന് വ്യക്തമായി കൊണ്ടിരുന്നു. എറണാകുളത്തെ ഒരു സ്‌കൂളിറെ പേരിലുണ്ടായിരുന്നത് വ്യാജ എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റായിരുന്നു. വിലാസവും വ്യാജം. പാസ്‌പോര്‍ട്ടിലുണ്ടായിരുന്ന  വിലാസം കോയമ്പത്തൂരില്‍ അയയതിനാല്‍ പൊലീസ് കോയമ്പത്തൂരിലെത്തി. രണ്ടു പെണ്‍കുട്ടികളുമായി പത്തുവര്‍ഷം മുമ്പ് ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഹരിഹരവര്‍മ്മ താമസിച്ചിരുന്നുവെന്ന് തെളിഞ്ഞു. പക്ഷെ അവിടെയും അന്വേഷണം മുറിഞ്ഞു. ഹരിഹരവര്‍മ്മയ്ക്ക് വീട് വാടകയ്ക്ക് നല്‍കിയിരുന്ന മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അയാളുടെ ബന്ധുക്കളില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ പ്രത്യേകിച്ചൊരു വിവരവും പൊലീസിന് ലഭിച്ചില്ല. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ഹരിഹരവര്‍മ്മയ്‌ക്കൊപ്പം താമസിച്ചിരുന്നതെന്ന കണ്ടെത്തി. ആ സമുദായ അംഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കുടകിലും ദിവസങ്ങളോളും പൊലീസ് അലഞ്ഞ ഫലമുണ്ടായില്ല.

തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണയില്‍ പ്രതിഭാഗമുയര്‍ത്തിയ ഏറ്റവും വലിയ വാദം കൊല്ലപ്പെട്ടത് ആരെന്നായിരുന്നു. ആ വാദത്തിനിടെയാണ് ഹരിഹരവര്‍മ്മയെ കുറിച്ചുള്ള ദുരൂഹതകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉയര്‍ത്തിയത്.  ആ കേസ് റിപ്പോര്ട്ട് ചെയ്തതിന്റെ പേരില്‍ സാക്ഷിയായി കോടതിയിലെത്തി അറിയാവുന്ന വിവരങ്ങളത്രയും കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.


 

അഞ്ചു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ആറാം പ്രതിയായ അഭിഭാഷകന്‍ ഹരിദാസിനെ മാത്രം വെറുതെവിട്ടു. പൊലീസ് വാഹനത്തിലേക്ക് കയറുമ്പോള്‍ പ്രതികളില്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. 

വിധി വന്ന മൂന്നു വര്‍ഷം കഴിയുന്നു. ഇന്നും ഹരിഹരവര്‍മ്മയാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല.ഹരിഹര വര്‍മ്മയെന്ന രഹസ്യകൂടാരത്തിലേക്ക് കയറാനുള്ള ഒരു കച്ചിത്തുരുമ്പുമായി ഒരു ഫോണ്‍ കോള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഓരോ ദിവസം കഴിഞ്ഞുപോകുന്നത്.

എനിക്കുറപ്പാണ് തുടങ്ങിവച്ചത് പൂര്‍ത്തിയാക്കാന്‍ ആ വിളി എന്നെങ്കിലും തേടി വരികതന്നെ ചെയ്യും. ഒരുനാള്‍ ആ കഥ പുറത്തുവരും.