ലക്ഷദ്വീപില്‍ 'മഹ' ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരിക്കുന്നു. അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കെയാണ് ഇരട്ട പ്രഹരം എന്നോളം മഹയും രൂപംകൊണ്ടത്. അറബിക്കടലില്‍ അസാധാരണമായി മാത്രം ഉടലെടുക്കാറുള്ള ചുഴലിക്കാറ്റുകള്‍ ഇപ്പോള്‍ അടിക്കടിയുണ്ടാവാന്‍ കാരണമെന്ത്. അറബിക്കടലിലെ സമുദ്രതാപനിലയില്‍ വന്നിരിക്കുന്ന പ്രകടമായ മാറ്റം നല്‍കുന്ന മുന്നറിയിപ്പിനെ കുറിച്ച് വിവരിക്കുകയാണ് ഗോവയിലെ ദേശീയ സമുദ്ര ഗവേഷണകേന്ദ്രത്തില്‍ ഗവേഷകയായ ഗോപിക സുരേഷ്. 

എങ്ങനെയാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്? 

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ആവശ്യമായ ആദ്യത്തെ ഘടകം ചൂടുള്ളതും ഈർപ്പമുള്ളതുമായ സമുദ്രജലമാണ്. അതുകൊണ്ടാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തിൽ നിന്ന് കുറഞ്ഞത് 50 മീറ്ററെങ്കിലും താഴെവരേയ്ക്കും 27 ഡിഗ്രി സെൽഷ്യസ് താപനില നിലനിൽക്കുന്നിടത്തു മാത്രം രൂപപ്പെടുന്നത്. ഇതിന് ആവശ്യമായ  രണ്ടാമത്തെ ഘടകം കാറ്റാണ്. കാറ്റ് സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ കടന്നുപോകുമ്പോൾ വെള്ളം ബാഷ്പീകരിക്കപ്പെടുകയും (നീരാവി ആയി മാറുകയും) ഉയർന്നുപൊങ്ങുകയും ചെയ്യുന്നു. ഉയരുമ്പോൾ നീരാവി തണുക്കുകയും വലിയ ജലത്തുള്ളികളായി മാറി വലിയ 'ക്യൂമിലോനിംബസ്' എന്നറിയപ്പെടുന്ന മഴമേഘങ്ങൾ ആയി രൂപപ്പെടുകയും ചെയ്യുന്നു. സമുദ്രത്തിൽ നിന്നുള്ള നീരാവി ഘനീഭവിച്ച് മേഘങ്ങളാകുമ്പോൾ അത് അതിന്റെ താപം വായുവിലേക്ക് വിടുന്നു. ഈ ചൂടുവായു ഉയർന്നു നിലവിൽ രൂപപ്പെട്ട മേഘങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ബാഷ്‌പീകരണവും ഘനീഭവിക്കലും തുടർന്ന് നിലവിൽ ഉള്ള മേഘനിര കൂടുതൽ വലുതാവുകയും ഉയരുകയും ചെയ്യപ്പെടുന്നു. ഈ പ്രക്രിയ തുടരുമ്പോൾ കാറ്റ് ഒരു കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രീതിയിൽ ഉള്ള ഒരു മാതൃക രൂപാന്തരപ്പെടുന്നു. ഈ കറങ്ങുന്ന കാറ്റിന്റെ വേഗത അനുസരിച്ചാണ് ചുഴലിക്കാറ്റുകളുടെ തീവ്രത നിശ്ചയിച്ച് വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നത്. 

എന്തുകൊണ്ടാണ് അറബിക്കടലിൽ ഈ വർഷം കൂടുതൽ ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നത്?

അറബിക്കടലിലെ താപനില ചുഴലിക്കാറ്റിന്റെ രൂപാന്തീകരണത്തിനു സഹായകമാകുന്ന വിധത്തിൽ അല്ല. പക്ഷെ ആഗോളതാപനം മൂലം താപനിലയിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലും സമുദ്രത്തിലും രൂപപ്പെടുന്ന നിരവധി പ്രതിഭാസങ്ങൾ അന്തരീക്ഷാവസ്ഥയിലും ഒരുപാട് മാറ്റങ്ങൾ വരുത്തും. ഈ വർഷം ഇന്ത്യൻ  സമുദ്രത്തിൽ രൂപപ്പെട്ടിട്ടുള്ള ദ്വിദ്രുവ താപനില വ്യത്യാസവും (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്നറിയപ്പെടുന്ന പ്രതിഭാസം) മാഡൻ ജൂലിയൻ ആന്ദോളനവും വർദ്ധിച്ച ന്യുനമർദ്ദ മേഖലകൾ രൂപപ്പെടുന്നതിന് വലിയരീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  

എന്താണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD)?


പ്രതിവർഷമുള്ള മധ്യ-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലേയും മധ്യ-കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെയും താപനിലയിലുള്ള വ്യത്യാസത്തെയാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ അഥവാ ഇന്ത്യൻ സമുദ്രത്തിലെ ദ്വിദ്രുവ താപനിലാവ്യത്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ വ്യത്യാസങ്ങൾ ഇന്ത്യൻ സമുദ്രത്തിലെയും ചുറ്റപ്പെട്ട പ്രദേശങ്ങളിലെയും അന്തരീക്ഷാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാകും. മൂന്നു ഘട്ടങ്ങളിൽ ആയാണ് ഐഓഡി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് - പോസിറ്റീവ്, നെഗറ്റീവ് പിന്നെ ന്യൂട്രൽ ഘട്ടങ്ങൾ . 

എന്താണ് പോസിറ്റീവ് ഘട്ടം?- ചില സമയങ്ങളിൽ അന്തരീക്ഷത്തിലെ പടിഞ്ഞാറുനിന്നുള്ള കാറ്റു  ദുർബലമാവുകയും  കിഴക്കൻ കാറ്റു ശക്തമാകുകയും ചെയ്യുന്നു, ഇത് കിഴക്കു വശത്തു നിന്നും സമുദ്ര ജലത്തെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ സഹായിക്കുന്നു. സൂര്യതാപമേറ്റ് ചൂടായ ജലം കിഴക്കൻ മധ്യ മേഖലയിൽ നിന്നും പടിഞ്ഞാറോട്ട് നീങ്ങുന്നത് മൂലം, മധ്യ-കിഴക്കൻ ഭാഗങ്ങളിലായി സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ജലം മുകളിലോട്ട് പൊങ്ങി വരുന്നതിനു കാരണമാകുന്നു. തന്മൂലം ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യ പടിഞ്ഞാറൻ മേഖലകളിൽ താപനില കൂടുകയും കിഴക്കൻ മേഖലകളിൽ കുറയുകയും ചെയ്യുന്നു. ഇപ്പോൾ പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഘട്ടമാണ് നിലനിൽക്കുന്നത്. സമുദ്രത്തിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിലെ താപനില കൂടുമ്പോൾ, അതിന് മുകളിൽ ഉള്ള ഉയർന്ന താപനിലയിൽ ഉള്ള വായു ചുറ്റുമുള്ള കുറഞ്ഞ  താപനിലയുള്ള
വായുവിനേക്കാൾ സാന്ദ്രത കുറവായതിനാൽ  മുകളിലേക്ക് ഉയരുന്നു. മുകളിലേക്ക് പോകുംതോറും മർദവും താപനിലയും കുറയുന്നതിനാൽ ഘനീഭവിക്കപ്പെട്ടു മേഘങ്ങളുടെ രൂപാന്തരണത്തിനു കാരണമാകുന്നു.

എന്താണ് മാഡൻ ജൂലിയൻ ആന്തോളനം (MJO)?


മേഘങ്ങൾ, മഴ, കാറ്റ്, മർദ്ദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയാണ് മാഡൻ ജൂലിയൻ ആന്ദോളനം(MJO) എന്നറിയപ്പെടുന്നത്, ഈ പ്രതിഭാസം ഉഷ്ണമേഖലാ പ്രദേശങ്ങളിലുടെ നീങ്ങുകയും ശരാശരി 30 മുതൽ 60 ദിവസത്തിനുള്ളിൽ അതിന്റെ പ്രാരംഭസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ഒരു സീസണിനുള്ളിൽ‌ ഒന്നിലധികം മാഡൻ ജൂലിയൻ ആന്ദോളനം പ്രതിഭാസങ്ങൾ ഉണ്ടാകാം, അതിനാൽ‌ ഈ പ്രതിഭാസത്തെ  ഋതുക്കൾക്കകത്തുള്ള  ഉഷ്ണമേഖലാ കാലാവസ്ഥാ വ്യതിയാനം എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവിൽ ഉള്ള അവസ്ഥയിൽ മാഡൻ ജൂലിയൻ ആന്ദോളനത്തിന്റെ ഭാഗമായി കൺവേക്ഷൻ ഇന്ത്യൻ മഹാസമുദ്രത്തിൻറെ മുകളിൽ ആണ് നടക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോളിന്റെ പോസിറ്റീവ് ഘട്ടം ഇതിനു വളരെ അതികം സഹായകമാകുകയും ചെയ്യുന്നുണ്ട്. 

ഈ വർഷം അറബിക്കടലിലെ വായു, ഹിക്ക, ക്യാർ എന്നിവയ്ക്ക് ശേഷം രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ് മഹ. സാധാരണയായി അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും, ഈ വർഷം സ്ഥിതി വ്യത്യസ്തമാണ്. അറേബ്യൻ കടലിൽ ഇതിനകം നാല് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടു. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിലാണ് അമിനിദിവി ദ്വീപിലൂടെ 'മഹ' കടന്നുപോയത്. രാവിലെ പതിനൊന്നരയോടെയാണ് 'മഹ' ചുഴലിക്കാറ്റ് ആ‌ഞ്ഞടിച്ചത്. കോഴിക്കോട് നിന്ന് ഏതാണ്ട് 330 കിലോമീറ്റർ അകലെയാണിപ്പോൾ 'മഹ'. അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഴമാണ് ഇപ്പോഴത്തെ ഇരട്ട ചുഴലിക്കാറ്റുകള്‍ വ്യക്തമാക്കുന്നത്.