'സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ശീലങ്ങൾ മാറുമ്പോൾ സൗമ്യഭാവമുള്ള കോൺഗ്രസ്സിന്‍റെ പതിവ് രാഷ്ട്രീയ വഴക്കം ചെലവായെന്നുവരില്ല. അങ്ങനെയൊരു രാഷ്ട്രീയ ഭൂമികയിൽ വി. ഡി. സതീശന് ഭാവിയുണ്ട്' എം ജി അനീഷും നിസാം സെയ്ദും എഴുതുന്നു 

ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതം. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പദവികള്‍. പിന്നീട് വഴുതിപ്പോയ മന്ത്രിസ്ഥാനം. വി.ഡി.സതീശൻ പടുത്തുയർത്ത രാഷ്ട്രീയ ജീവിതം വ്യത്യസ്ഥമാണ്. 

വിസ്മയം. ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ കത്തിനിന്ന വാക്ക്. 2026-ല്‍ കേരളരാഷ്ട്രീയത്തില്‍ വിസ്മയങ്ങളുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയില്‍ നിന്നാണ് ഈ വാക്കില്‍ തൂങ്ങി ഭരണപ്രതിപക്ഷം രാഷ്ട്രീയപോരിനിറങ്ങിയത്. സത്യത്തില്‍ വിസ്മയം എന്ന വാക്ക് വി.ഡി.സതീശനെന്ന നേതാവിന്‍റെ രാഷ്ട്രീയജീവിതവുമായും ചേര്‍ത്തുവയ്ക്കാവുന്നതാണ്. ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതം. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പ്രസിഡന്‍റു പദവികള്‍. പിന്നീട് വഴുതിപ്പോയ മന്ത്രിസ്ഥാനം. സതീശന്‍റെ ജീവിതത്തിലെ ശരിക്കുളള വിസ്മയം 2021-ലായിരുന്നു. ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ടിനെ വെട്ടി, കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ച് ഹൈക്കമാന്‍ഡ് നല്‍കിയ പ്രതിപക്ഷ നേതൃസ്ഥാനം. പക്ഷെ പാര്‍ട്ടി പ്രതിപക്ഷ നേതാവാക്കും മുമ്പു തന്നെ സതീശന്‍ നിയമസഭയില്‍ വിസ്മയം തീര്‍ത്തിരുന്നു. 2006-ലും 2016-ലും പ്രതിപക്ഷ നിരയില്‍ നിന്നു സഭയില്‍ ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദം അദ്ദേഹത്തിന്‍റേതായിരുന്നു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സതീശന്‍ സഭയിലവതരിപ്പിച്ച 33 അടിയന്തര പ്രമേയങ്ങള്‍ സഭാചരിത്രത്തിലെ റെക്കോര്‍ഡാണ്. എന്നെ ഞാനാക്കിയത് പ്രതിപക്ഷ ബഞ്ചില്‍ നിന്നുളള പ്രവര്‍ത്തനങ്ങളാണെന്ന് സതീശന്‍ പറയാറുണ്ട്. 2021-നുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും സതീശന്‍ ഇഫക്ട് നമ്മള്‍ കണ്ടു. ഒടുവില്‍ പത്തുകൊല്ലത്തിനുശേഷം യുഡിഎഫ് അധികാരത്തിലേക്കു തിരച്ചെത്തുമ്പോള്‍ ഈ വിജയത്തിന്‍റെ കൂടി ശില്‍പ്പിയായ ഈ നേതാവിന് ഇനി എന്തു വിസ്മയമാണ് കാലം കാത്തുവച്ചിരിക്കുന്നത്.

നൂറ്റിനാൽപ്പതിന്‍റെ വാർദ്ധക്യത്തിനും ബി. ജെ. പിയുടെ കുതിപ്പിനും ഇടയിൽ നിന്നുപിഴക്കാൻ ഇത്തിരി മണ്ണ് തേടുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ അവസാന അഭയങ്ങളിലൊന്നായി കേരളം നിൽക്കുമ്പോൾ ആ പ്രസ്ഥാനത്തിന്‍റെ യൗവ്വനമായി, പ്രതീക്ഷയായി സതീശനും നിൽക്കുന്നു. ഏകാധിപത്യപരമായ ഏകലക്ഷ്യങ്ങളുമായി നീങ്ങുന്ന കേ‍‍ഡർ പാർട്ടികളുടെയും മാച്ചോ പരിവേഷമുള്ള രാഷ്ട്രീയ താരങ്ങൾക്കുമിടയിൽ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യ-വൈവിധ്യങ്ങളുമായി ആശയപരമായി ചേർന്നുനിൽക്കാനാവുന്ന പാർട്ടികളിലൊന്ന് കോൺഗ്രസ്സായിരിക്കുമ്പോഴും അതിന്‍റെ നിലനിൽപ്പ് തുലാസിലാണ്. ഭരണകക്ഷിക്കെതിരെയുള്ള വിമർശനങ്ങൾ കൊണ്ടുമാത്രം ഒരു പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് കോൺഗ്രസ്സ് തെളിയിക്കുകയായിരുന്നു. പുതിയ മുദ്രാവാക്യങ്ങളും പുതിയ സമീപനങ്ങളും പുതിയ നേതൃത്വവും പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്. അവിടെ സതീശൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാഠമെന്താണ്?

എറണാകുളം നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്‍-വിലാസിനി ദമ്പതികളുടെ മകനായി ജനിച്ച സതീശന് ഈ മാസം 31-ന് 62 വയസ്സാകും. നെട്ടൂരിലെ പനങ്ങാട് ഹൈസ്ക്കൂള്‍ ലീഡറിന് പിന്നീട് കെ.എസ്.യു രാഷ്ട്രീയപഠനക്കളരിയായി. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ പഠനമാണ് വിദ്യാര്‍ഥി രാഷ്ടീയത്തിന്‍റെ നേതൃനിരയിലേക്കുളള ചവിട്ടുപടി. അവിടെ ആദ്യം ആര്‍ട്സ് ക്ലബ് സെക്രട്ടറിയും പിന്നീട് മൂന്നുവട്ടം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി. അന്ന് എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും SFI-KSC സഖ്യത്തോട് പരാജയപ്പെട്ടു. പിന്നീട് രാജഗിരി കോളേജില്‍ ചേര്‍ന്ന സതീശന്‍ അവിടെ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. അന്ന് കെ.എസ്.യുവിലെ താരമായിരുന്ന സി.കെ.ജീവനുമായുളള ഹൃദയബന്ധമാണ് എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം നേടാന്‍ സതീശന് സഹായകരമായത്. എറാണാകുളത്ത് നടന്ന എംജി സര്‍വ്വകലാശാല യുവജനോത്സവം ‘ഉത്സവ് 86’ സതീശന്‍റെ സംഘാടകമികവിന് തെളിവായി.

സർവകലാശാല യൂണിയൻ ഭാരവാഹികളാകുന്നവരെ കാലാവധി കഴിയുമ്പോൾ കെ.എസ്.യു സംഘടനാ പദവികളിൽ അവരോധിക്കുക എന്നതാണ് നടപ്പ് രീതി. എന്നാൽ ഈ പതിവ് സതീശന്‍റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കെ.എസ്.യുവിൽ സ്ഥാനം നൽകാൻ കഴിയാത്തവരെ യൂത്ത് കോൺഗ്രസിൽ പുനരധിവസിപ്പിക്കുക എന്ന കീഴ്വഴക്കവും സതീശന്‍റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. ഒരുസമയത്ത് കെ.എസ്.യു പ്രസിഡന്‍റ് സ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. പാര്‍ട്ടിയില്‍ സതീശനെ സംരക്ഷിക്കാന്‍ ഗോഡ്ഫാദര്‍ ഇല്ലായിരുന്നതാണ് ഈ തഴയപ്പെടലിന്‍റെ കാരണം.

തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും നിയമബിരുദം നേടിയിരുന്ന സതീശൻ ഹൈക്കോടതിയിൽ അഡ്വ. എംവിഎസ് നമ്പൂതിരിയുടെ കൂടെ പ്രാക്ടീസ് ആരംഭിച്ചു. കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യണം എന്നായിരുന്നു മോഹം. പക്ഷെ അതിനുമുൻപ് തന്നെ അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. എന്‍എസ്‍യു ദേശീയ സെക്രട്ടറിയായി. സതീശനെപോലൊരാൾ കോൺഗ്രസിന്‍റെ മുഖ്യധാരയിൽ നിന്നും മാറിനിൽകുന്നത് പാർട്ടിക്ക് നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞ ജി കാർത്തികേയനും, രമേശ് ചെന്നിത്തലയുമാണ് അതിന് മുൻകൈ എടുത്തത്. സതീശന്‍ എൻ.എസ്.യു ദേശീയ സെക്രട്ടറിയായിരിക്കുമ്പോഴാണ് 1996 -ലെ നിയനിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുകോട്ടയായിരുന്ന പറവൂര്‍ യു.ഡി.എഫ് -നും കോൺഗ്രസ്സിനും വലിയ സാധ്യത കല്പിക്കാത്ത മണ്ഡലമായിരുന്നു. 1980 -നു ശേഷം ഒരു ഉപതെരഞ്ഞെടുപ്പിൽ മാത്രമാണ് യു.ഡി.എഫ് അവിടെ ജയിച്ചിട്ടുള്ളത്. എ.കെ. ആന്‍റണിയുടെ പിന്തുണയോടെ സതീശന് അവസാന നിമിഷം പറവൂരിൽ സ്ഥാനാർത്ഥിത്വം ലഭിച്ചു. പറവൂർ അന്നേവരെ കണ്ടിട്ടുള്ള ഏറ്റവും ജനകീയ നേതാവായ എൻ ശിവൻപിള്ളയുടെ മകനും സിറ്റിംഗ് എംഎൽഎയുമായ സി.പിഐയിലെ പി. രാജുവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരുന്നു പ്രചാരണത്തിനായി സതീശന് ലഭിച്ചത്. മണ്ഡലത്തിൽ താരതമ്യേന അപരിചിതനായിരുന്നു സതീശൻ. കേരളമൊട്ടുക്ക് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സതീശന്‍ കരുത്തുതെളിയിച്ചു. വെറും 1116 വോട്ടുകള്‍ക്കായിരുന്നു സതീശന്‍റെ തോല്‍വി. പ്രചാരണത്തിനായി ഒരാഴ്ച്ചകൂടി ലഭിച്ചിരുന്നെങ്കിൽ തനിക്ക് വിജയിക്കാൻ കഴിയുമായിരുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

തോല്‍വികൊണ്ട് അദ്ദേഹം പിന്മാറിയില്ല. പറവൂര്‍ തന്നെ പ്രവര്‍ത്തന മണ്ഡലമാക്കി. അടുത്ത 5 കൊല്ലം പരമാവധി ജനങ്ങളെ അദ്ദേഹം നേരിട്ടുകണ്ടു. മരണവും വിവാഹവും ഉൾപ്പെടെ ചടങ്ങുകളിൽ സജീവമായതിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ധാരാളം യോഗങ്ങളിൽ സംസാരിച്ചു. യു.ഡി.എഫ് പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ച അദ്ദേഹം മണ്ഡലത്തില്‍ വ്യക്തിപരമായി ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചു. ഈ കാലയളവിൽ കോൺഗ്രസിനുള്ളിൽ രൂപം കൊണ്ട തിരുത്തൽ വാദത്തിന്‍റെ പുനരവതാരമായ മൂന്നാം ഗ്രൂപ്പിന്‍റെ ഭാഗമായി. ജി.കാർത്തികേയനും, രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലുമെല്ലാം ഗ്രൂപ്പിന്‍റെ നേതൃത്വം വഹിച്ചു. 2001 -ൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ പറവൂരിൽ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി അവകാശവാദവുമായി മറ്റു ചിലർ എത്തിയെങ്കിലും, ഇതിനോടകം മണ്ഡലത്തിൽ ഉണ്ടാക്കിയ പിന്തുണയുടെ ബലത്തിൽ സതീശന്‍ സീറ്റ് ഉറപ്പിച്ചു. പി.രാജു തന്നെയായിരുന്നു ഇത്തവണയും എതിരാളി. പക്ഷെ ഫലം തൊണ്ണൂറ്റിയാറിൽ നിന്നും വ്യത്യസ്തമായിരുന്നു. 7434 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വി.ഡി. സതീശൻ നിയമസഭാംഗമായി.

2001 -ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. എ.കെ ആന്‍റണി മുഖ്യമന്ത്രിയായി. കോൺഗ്രസിലെ ഗ്രൂപ്പ് പോര് അതിന്‍റെ പരമോന്നതിയിലെത്തിയ അഞ്ച് വർഷങ്ങളാണ് പിന്നീടുണ്ടായത്. ആന്‍റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒരുവശത്തും കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മറുഭാഗത്തുമായി നടത്തിയ പോര് പാർട്ടിയുടെയും മുന്നണിയുടേയും മാനം കളഞ്ഞു. പക്ഷെ സതീശൻ ഈ വിഴുപ്പലക്കിന്‍റെ ഭാഗമാകാതെ നിയമസഭാ നടപടികളിലും മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതിന്‍റെ ഫലം അടുത്ത തിരഞ്ഞെടുപ്പിലുണ്ടായി. അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമുണ്ടായപ്പോഴും പറവൂർ പോലെ ഇടതുപക്ഷത്തിന് വലിയ അടിത്തറയുള്ള മണ്ഡലത്തിൽ നിന്നും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് സതീശൻ വീണ്ടും നിയമസഭയിലെത്തി. അടുത്ത അഞ്ചുവർഷക്കാലം സതീശൻ കേരള നിയമസഭയിലെ ഏറ്റവും തിളങ്ങുന്ന താരമായി മാറി. സഭയിലെ ചർച്ചകളിൽ പ്രതിപക്ഷത്തിന്‍റെ ആയുധമായി. പ്രതിപക്ഷനിരയിലെ അംഗങ്ങളുടെ കുറവ് സതീശന്‍റെ അവസരങ്ങളായി. അറിവുകൊണ്ടും കൃത്യതയുള്ള ഭാഷ കൊണ്ടും സഭയില്‍ ഭരണപക്ഷത്തെ നേരിട്ടു. ലോട്ടറി വിവാദത്തില്‍ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കും സതീശനുമായുണ്ടായ തുറന്ന സംവാദം പലരും ഓര്‍ക്കുന്നുണ്ടാകും. വാക്കുകളിലെ സൂക്ഷ്മതയും വസ്തുതകളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന അദ്ദേഹത്തിന്‍റെ പ്രകടനം തോമസ് ഐസക്കിനെ നിഷ്പ്രഭമാക്കി. ഈ കാലയളവിൽ വികസന നിയമസഭാ സാമാജികനുള്ള വിവിധ പുരസ്കാരങ്ങൾ സതീശന് ലഭിച്ചു.

2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. 2006-ലെ അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകളെ സഭയില്‍ ശക്തമായി നേരിട്ട നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സതീശന് ഇടംകിട്ടുമെന്ന് പലരും പ്രതീക്ഷിച്ചു. സ്പീക്കര്‍ പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും സതീശന്‍ അത് നിരസിച്ചു.

തന്‍റെ പാര്‍ട്ടി ഭരിക്കുമ്പോഴും നിലപാടില്‍ സതീശന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. തിരുത്തേണ്ടത് പാര്‍ട്ടിയോ മുന്നണിയോ ആണെങ്കിലും അതില്‍ മുഖം നോക്കാതെ തുറന്നടിച്ചു. പരമ്പരാഗത രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറത്ത് പാരിസ്ഥിതിക പ്രശ്നങ്ങളിലും, ആദിവാസി ഭൂസമര വിഷയങ്ങളിലുമൊക്കെ സതീശൻ സജീവമായി ഇടപെടുന്നത് അങ്ങനെയാണ്. അങ്ങനെ കേരള നിയമസഭയിൽ ‘ഹരിത എംഎൽഎമാർ’എന്നൊരു രാഷ്ട്രീയ ജനുസ്സ് പിറന്നു. സതീശന്‍റെ പ്രവർത്തന മികവ് കോൺഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയിലുമെത്തി. അദ്ദേഹത്തിന്‍റെ സേവനം പാര്‍ട്ടിയുടെ ദേശീയതലത്തിലേക്കുമെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സതീശന്‍ എഐസിസി സെക്രട്ടറിയായി. തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ടു.

രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായപ്പോള്‍ ഒഴിവുവന്ന കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചത് വി.ഡി.സതീശന്‍റെ പേരായിരുന്നു. പക്ഷെ നിര്‍ഭാഗ്യം സതീശനെ പിന്തുടര്‍ന്നു. സതീശന്‍ ജൂനിയര്‍ ആണെന്ന വിമര്‍ശനം കേരളത്തിലെ നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ പ്രസിഡന്‍റ് സ്ഥാനം വി.എം. സുധീരനു ലഭിച്ചു. മുട്ടശാന്തിക്ക് സതീശനെ വൈസ് പ്രസിഡന്‍റാക്കി. അക്കാലത്ത് മാധ്യമചര്‍ച്ചകളിലും ഐക്യമുന്നണിയുടെ നാവായി മാറി സതീശന്‍.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വമ്പന്‍ പരാജയമുണ്ടായപ്പോഴും സതീശൻ ഇരുപതിനായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷം നേടി പറവൂരിൽ നിന്നും വിജയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായി. പക്ഷെ നിയമസഭയില്‍ പ്രതിപക്ഷനിരയിലെ താരം വി.ഡി.സതീശന്‍ തന്നെയായിരുന്നു. അടിയന്തരപ്രമേയ അവതരണങ്ങളും, പ്രസംഗങ്ങളും, ഇടപെടലുകളുമായി സഭയില്‍ നിറഞ്ഞാടിയ സതീശന്‍റെ പ്രഹരശേഷി പിണറായിയും തിരിച്ചറിഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രധാന അടിയന്തര പ്രമേയങ്ങളെല്ലാം അവതരിപ്പിച്ചത് സതീശനായിരുന്നു. വിഷയമേതായാലും സതീശൻ നല്ല ഗൃഹപാഠം നടത്തി. നിലപാടുകളില്‍ കണിശതയും അവതരണത്തില്‍ ആര്‍ജ്ജവവും പ്രകടമാക്കിയപ്പോഴും അത് വ്യക്തിയധിക്ഷേപമാകാതെ ശ്രദ്ധിച്ചു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റുകള്‍ കൂടുതല്‍ കൊടുത്ത് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിച്ചു. 21301 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സതീശന്‍ വീണ്ടും പറവൂരിന്‍റെ ജനപ്രതിനിധിയായി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ രണ്ടാമത്തെ മികച്ച ഭൂരിപക്ഷമായിരുന്നു സതീശന്‍റേത്. ആരാകും പ്രതിപക്ഷ നേതാവെന്ന ചോദ്യം വീണ്ടുമുയര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നോമിനിയായി രമേശ് ചെന്നിത്തലയുടെ പേര് ഹൈക്കമാന്‍ഡിനു മുന്നിലെത്തി. പക്ഷെ സതീശനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു കഴിയുമായിരുന്നില്ല. അങ്ങനെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതി വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആ തീരുമാനത്തെ പൂർണമായും സാധൂകരിക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ അടുത്ത അഞ്ചുവർഷം നടത്തിയത്. നിയമസഭയ്ക്ക്കത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനോട് ശക്തമായി പോരാടുന്ന നേതാവ് പ്രതിച്ഛായ സൃഷ്ടിച്ചു. പല വിഷയങ്ങളിലും അതിരൂക്ഷമായ പിണറായി-സതീശന്‍ വാക്പോരിന് സഭ സാക്ഷിയായി.

2021-നുശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ലോകസഭാ തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. താൽക്കാലികമായ തിരിച്ചടികളെ ഭയക്കാതെ, നിലപാടുകളിൽ ഉറച്ചുനിന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് പി.വി. അൻവറിനോട് സ്വീകരിച്ച സമീപനത്തിലും രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നപ്പോൾ തളരാത്ത ഉറച്ച നിലപാടിലും കടുത്ത എതിർപ്പുകൾ നേരിട്ടു. പക്ഷേ സതീശന്‍റെ നിലപാടാണ് പാർട്ടിക്ക് ഗുണകരമായതെന്ന് കാലം തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാമെന്ന് പ്രഖ്യാപിച്ച് പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തി. ഏതു വിഷയത്തെക്കുറിച്ചും മികവോടെ സംസാരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് പരന്ന വായനയിലൂടെ സ്വാംശീകരിച്ച അറിവാണ്. എല്ലാവർഷവും വായിച്ച പുസ്തകങ്ങളുടെ പേരുകൾ അദ്ദേഹം പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ സതീശൻ ലിറ്റററി ഫെസ്റ്റിവൽ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. സതീശൻ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലും ഈ വായനയുടെ സ്വാധീനമുണ്ട്.

ഇടതുപക്ഷ ആഭിമുഖ്യമുളള ഒരു മണ്ഡലം തുടർച്ചയായി 25 വർഷക്കാലം നിലനിർത്തുക എന്നത് അസാധാരണമായ മികവാണ്. എതിരാളികള്‍ മാറി വന്നപ്പോഴും സതീശന്‍റെ ജനപ്രീതി അദ്ദേഹത്തിന് തുടര്‍വിജയങ്ങള്‍ സമ്മാനിച്ചു. തന്‍റെ മുന്‍ഗാമികളായ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി സാമുദായിക സംഘടനകളുമായി നിശ്ചിത അകലം പാലിച്ച അദ്ദേഹം ചില സാമുദായിക നേതാക്കളുടെ അപ്രീതിക്ക് പാത്രമായി. അത് പല തെരഞ്ഞെടുപ്പുകളിലും സതീശന് വെല്ലുവിളിയായിട്ടുണ്ട്. പക്ഷെ പറവൂരിലെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനാണ്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷം പിണറായിക്ക് എതിരാളിയായി മാറിയ സതീശന്‍ തെരഞ്ഞെടുപ്പ് രംഗത്തും കഴിവ് തെളിയിച്ചു. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അത് കണ്ടതാണ്. ജനമനസ്സറിഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പോലും സതീശന്‍റെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും എന്ന് സതീശൻ പറയുമ്പോൾ അതിന് വിശ്വാസം ഏറുന്നത്. സതീശൻ കണിശതയുള്ളൊരു ടാസ്ക് മാസ്റ്റർ ആണ്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്ന സതീശൻ ശൈലി കോൺഗ്രസിൽ പൊതുശൈലിയല്ല. അങ്ങനെ സതീശന്‍റെ ശൈലിക്ക് കോൺഗ്രസിൽ വിമർശകരുമുണ്ടായി.

എൺപതുകൾക്കൊടുക്കം ബെർലിൻ മതിൽ തകർന്നു. ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യയുഗം അവസാനിച്ചു. പിന്നാലെ സോവിയറ്റ് യൂണിയനും തകർന്നു. ആഗോള സോഷ്യലിസ്റ്റ് സ്വപ്നത്തിൽ നിന്നും ജനമുണർന്നു. അതോടെ ഐഡിയോളജിക്കൽ പൊളിറ്റിക്സിന്‍റെ കാലം തീർന്നു. ഐഡന്‍റിറ്റി പൊളിറ്റിക്സിന്‍റെ പുതുയുഗം പിറന്നു. മാച്ചോ പരിവേഷമുള്ള നേതാക്കളെ ജനം ആരാധിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഹിന്ദുത്വയുടെ സൂര്യനുദിച്ചു. പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് ആശയങ്ങളിലും മുദ്രാവാക്യങ്ങളിലും മാത്രമല്ലെന്ന് തെളിയിക്കപ്പെട്ടു, ഏകാധിപത്യഭാവവും താരപരിവേഷവുമുള്ള പുതിയ നേതാക്കളെ ജനം വരിച്ചു. സൈനിക അട്ടിമറിയും രാഷ്ട്രീയ ഉപജാപങ്ങൾക്കുമപ്പുറം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ ലോകമെമ്പാടും ജനം ഏകാധിപതികളെ വാഴിച്ചു. പുടിൻ മുതൽ ട്രമ്പ് വരെ. ഷിജിൻ പിങ് മുതൽ കിങ് ജോങ് ഉൻ വരെ. നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ. മൾട്ടി മീഡിയയും പുതുയുഗപ്പിറവിയും വ്യവസ്ഥാപിത മാധ്യമങ്ങളുടെ തകർച്ചയും ആ നേതാക്കളുടെ പിടിവള്ളിയായി. സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ശീലങ്ങൾ മാറുമ്പോൾ സൗമ്യഭാവമുള്ള കോൺഗ്രസ്സിന്‍റെ പതിവ് രാഷ്ട്രീയ വഴക്കം ചെലവായെന്നുവരില്ല. അങ്ങനെയൊരു രാഷ്ട്രീയ ഭൂമികയിൽ വി. ഡി. സതീശന് ഭാവിയുണ്ട്.

YouTube video player