ബെംഗളൂരുവിൽ 2BHK ഫ്ലാറ്റിന് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും 60,000 രൂപ മാസവാടകയും. വാട്സാപ്പ് ചാറ്റ് പങ്കുവച്ച് യുവാവ്. മൂന്ന് വർഷത്തെ കരാർ ഉൾപ്പെടെയുള്ള ഡിമാന്‍ഡുകള്‍ക്കെതിരെ വലിയ ചര്‍ച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ബെംഗളൂരുവിലെ വീട് വാടകയ്‌ക്കെടുക്കലുമായി ബന്ധപ്പെട്ട് ഒരു യുവാവ് പങ്കുവെച്ച വാട്സാപ്പ് ചാറ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു 2BHK ഫ്ലാറ്റ് നേരിട്ട് കാണാൻ അനുവാദം ചോദിച്ച യുവാവിനോട് വീടുടമ മുന്നോട്ടുവെച്ചത് കടുപ്പമേറിയ നിബന്ധനകളായിരുന്നു. ഫുൾ ഫർണിഷ്ഡ് വീടാണോ വേണ്ടതെന്ന് ചോദിച്ച ഉടമ, വാടകയെക്കുറിച്ചും ഡെപ്പോസിറ്റിനെക്കുറിച്ചും വ്യക്തമാക്കിയതോടെയാണ് കഥ മാറിയത്. വീടിന്റെ മാസവാടക 60,000 രൂപയും, മെയിന്റനൻസ് ചാർജായി 5,000 രൂപയും നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് വീടുടമ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയാണ്. 10 ലക്ഷം രൂപയാണ് അദ്ദേഹം അഡ്വാൻസായി ചോദിച്ചത്.

ഈ തുകയിൽ ചെറിയ മാറ്റങ്ങൾ മാത്രമേ വരുത്താൻ കഴിയൂ എന്നും ഉടമ വ്യക്തമാക്കി. ഇതിനുപുറമെ, കുറഞ്ഞത് മൂന്ന് വർഷത്തെ കരാറിലെങ്കിലും ഒപ്പിടണമെന്ന നിബന്ധനയും അയാൾ മുന്നോട്ടുവെച്ചു. വാടകയുടെ കാര്യത്തിൽ യുവാവിന് വലിയ പരാതിയില്ലായിരുന്നു എങ്കിലും, 10 ലക്ഷം രൂപ ഡെപ്പോസിറ്റ് എന്നത് അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പുതിയ വാടക നിയമങ്ങൾ അനുസരിച്ച് ഇത്രയും വലിയ തുക ഡെപ്പോസിറ്റായി വാങ്ങാൻ പാടില്ലെന്ന് യുവാവ് ചൂണ്ടിക്കാട്ടി. കൂടാതെ, മൂന്ന് വർഷത്തെ കരാർ തനിക്ക് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ മര്യാദപൂർവ്വം ആ വീട് തനിക്ക് വേണ്ടെന്ന് അറിയിച്ചുകൊണ്ട് യുവാവ് ചാറ്റ് അവസാനിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലായതോടെ, ബെംഗളൂരുവിലെ അമിതമായ വാടക വർദ്ധനവിനെതിരെയും വീട്ടുടമകളുടെ അന്യായമായ ഡെപ്പോസിറ്റ് ആവശ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു യൂസർ കുറിച്ചത് ഇങ്ങനെയാണ്, -'ഇത്തരം വീട്ടുടമകളോട് നിങ്ങൾ നിയമത്തെക്കുറിച്ച് സംസാരിക്കുന്ന നിമിഷം അവർക്ക് സ്ഥിരം ഒരു മറുപടിയുണ്ടാകും - 'ഇത് ഞങ്ങളുടെ അപ്പാർട്ട്‌മെന്റാണ്, തുക എത്രയാണെന്ന് ഞങ്ങൾ തീരുമാനിക്കും.' ഇതിൽ ഏറ്റവും മോശം കാര്യം എന്താണെന്നുവെച്ചാൽ, നമുക്ക് ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ്'-. 'ഇത്രയും ഉയർന്ന വാടക നൽകുന്നതിനേക്കാൾ നല്ലത് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി അതിന്റെ ഇഎംഐ അടയ്ക്കുന്നതാണ്' എന്നാണ് മറ്റൊരു വ്യക്തി കുറിച്ചത്.