യാത്രയിൽ അച്ഛനും മുത്തച്ഛനും അവനോടൊപ്പമുണ്ട്. ഷാജഹാൻപൂരിൽ എത്തിയ അവന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തെ ബോസിന്റെ സംഭാവനയാണ് തനിക്ക് പ്രചോദനമായതെന്ന് ആരവ് പറഞ്ഞു.

സാധാരണയായി കുട്ടികൾ കാർട്ടൂൺ കാണാനും വീഡിയോ ഗെയിം കളിക്കാനും തിരക്ക് കൂട്ടുന്ന പ്രായത്തിൽ, ദില്ലിയിൽ നിന്നുള്ള ഒരു പത്ത് വയസുകാരൻ 2600 കിലോമീറ്റർ ദൂരം സൈക്കിളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചത്. ആരവ് ഭരദ്വാജ് (Arab Bharadwaj) എന്നാണ് മിടുക്കന്റെ പേര്. എന്നാൽ, എന്തിനാണ് അവൻ ഇത്രയും പ്രയാസപ്പെട്ട് ഇത്രയും ദൂരം സൈക്കിളിൽ യാത്ര നടത്തുന്നത് എന്നറിയാമോ? ദേശസ്‌നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായിട്ടാണ് മണിപ്പൂരിൽ നിന്ന് ദില്ലിയിലേക്ക് സൈക്കിൾ ചവിട്ടാൻ അവൻ തീരുമാനിച്ചത്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ ആരവ് നേതാജി സുഭാഷ് ചന്ദ്രബോസി(Netaji Subhas Chandra Bose) -ന്റെ ആരാധകനാണ്. രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിനുള്ള ആദരസൂചകമായി മണിപ്പൂരിൽ നിന്ന് ദില്ലിയിലെ സുഭാഷ് ചന്ദ്ര സ്മാരകത്തിലേക്ക് സൈക്കിൾ ചവിട്ടാൻ അവൻ തീരുമാനിച്ചു. നേതാജിയുടെ ജന്മദിനമായ ഏപ്രിൽ 14 -ന് മണിപ്പൂരിലെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) താവളമായ മൊയ്‌റാംഗിൽ നിന്നാണ് അവൻ യാത്ര ആരംഭിച്ചത്. ഏകദേശം 1,700 കിലോമീറ്റർ പൂർത്തിയാക്കി, അവൻ ഇപ്പോൾ ഷാജഹാൻപൂരിലെത്തി.

യാത്രയിൽ അച്ഛനും മുത്തച്ഛനും അവനോടൊപ്പമുണ്ട്. ഷാജഹാൻപൂരിൽ എത്തിയ അവന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തെ ബോസിന്റെ സംഭാവനയാണ് തനിക്ക് പ്രചോദനമായതെന്ന് ആരവ് പറഞ്ഞു. "ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, എന്റെ മുത്തച്ഛൻ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള കഥകൾ എനിക്ക് പറഞ്ഞു തരുമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ അദ്ദേഹം എനിക്ക് വായിക്കാൻ തരുമായിരുന്നു. അങ്ങനെയാണ് രാജ്യത്തിന് വേണ്ടി നേതാജി നടത്തിയ പോരാട്ടത്തിന്റെ കഥ ഞാൻ അറിയുന്നത്. അത് എന്നെ വളരെ സ്വാധീനിച്ചു" ആരവ് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിലും നേതാജിയുടെ 125 -ാം ജന്മവാർഷികത്തിലും എന്തെങ്കിലും ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അവൻ പറഞ്ഞു. "എനിക്ക് രാജ്യത്തെ സേവിക്കാൻ ആഗ്രഹമുണ്ട്" ഭാവിയിൽ സൈന്യത്തിൽ ചേരാൻ പദ്ധതിയിടുന്ന അവൻ കൂട്ടിച്ചേർത്തു. തന്റെ രാജ്യത്തെ സേവിക്കാനും അത് സംരക്ഷിക്കാൻ ധീരമായി പോരാടാനും ആരവ് സ്വപ്‌നം കാണുന്നു.