Asianet News MalayalamAsianet News Malayalam

മേശക്കടിയിൽ 100 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ

രാജ്യത്തിന്റെ വികസനങ്ങളും നഗരപ്രദേശങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും ഫോസിലുകൾ പഠിക്കുന്നത് ബുദ്ധിമുട്ടാക്കിയെന്നും, ഈ റെസ്റ്റോറന്റിലെ കണ്ടെത്തൽ കൂടുതൽ അപൂർവ്വം ആകുന്നത് അതുകൊണ്ടാണ് എന്നും ഡോ. ലിഡ പറയുന്നു.

100million year old dinosaur footprint
Author
Leshan, First Published Aug 14, 2022, 3:50 PM IST

സ്വന്തം മേശക്കടിയിൽ ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെ കണ്ടെത്തിയതിനെ തുടർന്ന് അന്തം വിട്ടിരിക്കയാണ് ഒരാൾ. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു റെസ്റ്റോറന്റിന്റെ മുറ്റത്താണ് ഈ മാസം ആദ്യം ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഇതിന് 100 ദശലക്ഷം വർഷം പഴക്കമുണ്ട്. 

സിചുവാൻ പ്രവിശ്യയിലെ ലെഷാൻ നഗരത്തിലാണ് റെസ്റ്റോറന്റ്. അവിടെ പാടുകൾ കണ്ടത് ഔ ഹോങ്‌ടാവോ എന്ന ആളാണ്. ഇയാൾ കഴിക്കാനായി റെസ്റ്റോറന്റിലെത്തിയതാണ്. ഇയാൾക്ക് സംശയം തോന്നിയ ശേഷമാണ് എല്ലാവരേയും വിവരം അറിയിച്ചത്. അധികം വൈകാതെ തന്നെ ദിനോസർ വിദഗ്ധരെ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. പിന്നാലെ, സോറോപോഡുകൾ എന്ന് വിളിക്കപ്പെടുന്ന ദിനോസറുകളുടേതാണ് ആ വലിയ കാൽപ്പാടുകൾ എന്ന് അവർ സ്ഥിരീകരിച്ചു.

3D സ്കാനറുകൾ ഉപയോഗിച്ച് കാൽപ്പാടുകൾ രണ്ട് ഇനങ്ങളുടേതാണ് എന്ന് സംഘം കണക്കാക്കി. പ്രത്യേകിച്ച് ബ്രോന്റോസോറസുകളുടേതാണ് അവ എന്ന് പറയുന്നു. അവയ്ക്ക് ഏകദേശം എട്ട് മീറ്ററാണ് നീളമുണ്ടാവുക. ഈ ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിയ ജീവികളാണ് സോറോപോഡുകൾ. ക്രിറ്റേഷ്യസ് കാലഘട്ടത്തെ സിചുവാനെ കുറിച്ച് സൂചന നൽകുന്നതാണ് ഈ കണ്ടെത്തൽ എന്ന് പാലിയന്റോളജിസ്റ്റ് ഡോ. ലിഡ സിങ് പറഞ്ഞു. 

രാജ്യത്തിന്റെ വികസനങ്ങളും നഗരപ്രദേശങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും ഫോസിലുകൾ പഠിക്കുന്നത് ബുദ്ധിമുട്ടാക്കിയെന്നും, ഈ റെസ്റ്റോറന്റിലെ കണ്ടെത്തൽ കൂടുതൽ അപൂർവ്വം ആകുന്നത് അതുകൊണ്ടാണ് എന്നും ഡോ. ലിഡ പറയുന്നു. ഈ പ്രദേശത്ത് നേരത്തെ ഇതുപോലെയുള്ള ദിനോസർ കാൽപ്പാടുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ഈ കാൽപാടുകൾ സംരക്ഷിക്കുന്നതിനായി അവിടം വേലി കെട്ടി തിരിച്ചിരിക്കയാണ്. ഇപ്പോൾ റെസ്റ്റോറന്റിലെ പ്രസ്തുത സ്ഥലത്തേക്ക് ആർക്കും പ്രവേശനമില്ല. 

Follow Us:
Download App:
  • android
  • ios