കൃത്യമായ സമയം പാലിക്കുന്നതാണ് ലുവിന്റെ ആരോഗ്യത്തിന്റെ രഹസ്യം. വൈകിട്ട് 5 മണിയോടെ അത്താഴം കഴിച്ച്, രാത്രി 8 മണിക്ക് ഉറങ്ങാൻ കിടക്കും. പുലർച്ചെ 4 മണിക്ക് ഉണർന്നാലും രണ്ടു മണിക്കൂറോളം ബെഡിൽ വെച്ച് തന്നെ വ്യായാമങ്ങൾ ചെയ്ത ശേഷമേ എഴുന്നേൽക്കൂ.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ മാത്രം പിന്തുടരുന്നതാണ് എപ്പോഴും നല്ലത് അല്ലേ? എന്നാൽ, അങ്ങനെയല്ലാതെ ശ്രദ്ധ നേടുകയാണ് ചൈനയിൽ നിന്നൊരു 101 -കാരൻ. തന്റെ ഭക്ഷണപ്രിയവും പ്രത്യേക ശീലങ്ങളും കൊണ്ടാണ് ഇപ്പോൾ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ലു ഷിസെങ് എന്ന മുത്തശ്ശനെ കുറിച്ചാണിത്.
കർശനമായ നിയന്ത്രണങ്ങളോ ഡയറ്റുകളോ നോക്കാൻ ലു തയ്യാറല്ല. തനിക്ക് ഇഷ്ടമുള്ളതെല്ലാം കഴിച്ച്, സന്തോഷത്തോടെയും കൃത്യമായ ദിനചര്യകളോടെയും ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൊക്കക്കോളയും സ്പ്രൈറ്റുമൊക്കെയാണ് ലുവിന്റെ ഇഷ്ടപ്പെട്ട ഡ്രിങ്ക്സ്. പ്രത്യേകിച്ച്, തണുപ്പിച്ച സ്പ്രൈറ്റിൽ ഏതാനും തുള്ളി വൈറ്റ് വൈൻ ചേർത്ത് കുടിക്കാൻ അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്.
തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നല്ല ഭക്ഷണങ്ങൾ വാങ്ങാനാണ് ലു ചെലവഴിക്കുന്നത്. ഒരുനേരം അര ബൗൾ ചോറും ഒരു മുഴുവൻ പ്ലേറ്റ് ഞണ്ടും അദ്ദേഹത്തിന് അനായാസം കഴിക്കാനാകും. ഇതിനുപുറമേ കടൽ മത്സ്യങ്ങൾ, പന്നിയിറച്ചി, തണ്ണിമത്തൻ, പിയർ പഴങ്ങൾ, മന്ദാരിൻ ഓറഞ്ച് എന്നിവയും അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ട്.
കൃത്യമായ സമയം പാലിക്കുന്നതാണ് ലുവിന്റെ ആരോഗ്യത്തിന്റെ രഹസ്യം. വൈകിട്ട് 5 മണിയോടെ അത്താഴം കഴിച്ച്, രാത്രി 8 മണിക്ക് ഉറങ്ങാൻ കിടക്കും. പുലർച്ചെ 4 മണിക്ക് ഉണർന്നാലും രണ്ടു മണിക്കൂറോളം ബെഡിൽ വെച്ച് തന്നെ വ്യായാമങ്ങൾ ചെയ്ത ശേഷമേ അദ്ദേഹം എഴുന്നേൽക്കൂ. ഉച്ചയ്ക്ക് പതിവായി ഒരു മയക്കവുമുണ്ട്.
കഴിഞ്ഞ വർഷം ഒരു വീഴ്ചയെത്തുടർന്ന് കുടുംബം അദ്ദേഹത്തെ ട്രൈസൈക്കിൾ ഓടിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. എങ്കിലും തന്റെ പ്രായത്തിന്റേതായ വലിയ അസുഖങ്ങളോ പ്രശ്നങ്ങളോ ഒന്നും തന്നെ അലട്ടുന്നില്ലെന്ന് ലു പറയുന്നു. ജലദോഷം വളരെ അപൂർവ്വമായി മാത്രമാണ് വരാറുള്ളത്. രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും ചെറുപ്പകാലത്തെ കാര്യങ്ങൾ പോലും വ്യക്തമായി ഓർമ്മയുണ്ടെന്നും അദ്ദേഹം പറയുന്നു. സെജിയാങ് പ്രവിശ്യയിൽ 100 വയസ്സിനു മുകളിലുള്ളവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതിമാസ പെൻഷനാണ് അദ്ദേഹത്തിന്റെ ഒരു വരുമാനം.
അദ്ദേഹത്തിന്റെ ഈ ജീവിതരീതി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. 'നല്ല മനസ്സും കൃത്യമായ ഉറക്കവുമാണ് അദ്ദേഹത്തിന്റെ ആയുസ്സിന്റെ പ്രധാന രഹസ്യം' എന്നാണ് ഒരാൾ കുറിച്ചത്. 'ചിലർ അങ്ങനെയാണ് ജനിക്കുന്നത്, അവരുടെ ജീവിതശീലങ്ങൾ അതിൽ ചെറിയൊരു പങ്ക് മാത്രമാണ് വഹിക്കുന്നത്' എന്ന് മറ്റൊരാളും കുറിച്ചു.
