പിതാവ് ചേര്‍ത്തുപിടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍നിന്നും കുട്ടി രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ എ ബി  സി ന്യൂസിനോട് പറഞ്ഞു.  

അമേരിക്കയില്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണ ചെറുവിമാനത്തില്‍നിന്നും 11-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മിഷിഗണിലെ ബീവര്‍ ദ്വീപിലാണ് സംഭവം. അഞ്ച് യാത്രക്കാരുമായി പറന്ന ചെറിയ വിമാനമാണ് ദ്വീപിലെ വിമാനത്താവളത്തില്‍ തകര്‍ന്നുവീണത്. കുട്ടിയുടെ പിതാവ് അടക്കം നാലു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പിതാവ് ചേര്‍ത്തുപിടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍നിന്നും കുട്ടി രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ എ ബി സി ന്യൂസിനോട് പറഞ്ഞു. 

ലെനെ എന്ന 11 വയസ്സുകാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിതാവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് കുട്ടി സംസാരിച്ചതായി അമ്മ ക്രിസ്റ്റിന പറഞ്ഞു. മകളെ രക്ഷപ്പെടുത്താന്‍ അവസാന നിമിഷം വരെ കിണഞ്ഞുശ്രമിച്ച ശേഷമാണ് പിതാവ് മരണത്തിനു കീഴടങ്ങിയതെന്ന് കുട്ടി പറഞ്ഞതായി അമ്മ എ ബി സി ന്യൂസിനോട് പറഞ്ഞു.

Scroll to load tweet…

പെണ്‍കുട്ടിയും പിതാവും രക്ഷപ്പെട്ടു എന്നായിരുന്നു കോസ്റ്റ് ഗാര്‍ഡ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍, പിന്നീട് വിമാനത്തിലുണ്ടായിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ പെണ്‍കുട്ടി മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് പിന്നീട് അറിവായി. മിഷിഗണില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ മൈക്കിന്റെ മകളാണ് രക്ഷപ്പെട്ട ലെനെ. 

മിഷിഗണിലെ വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം ബീവര്‍ ദ്വീപിലുള്ള വെല്‍കെ വിമാനത്താവളത്തിനടുത്ത് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇരട്ട എഞ്ചിനുള്ള ബ്രിട്ടന്‍ നോര്‍മന്‍ ബി എന്‍ രണ്ട് ചെറുവിമാനമാണ് യാത്രക്കിടെ തകര്‍ന്നുവീണത്.