കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൈനാൻ പ്രവിശ്യയിലെ ഹൈകൗ മേഖലാ സെക്രട്ടറിയാണ് അമ്പത്തെട്ടുകാരനായ സാങ് ക്വി. അദ്ദേഹത്തിന്റെ പേരിൽ കുറച്ചുകാലം കൊണ്ട് അഴിമതി, സ്വജനപക്ഷപാതം എന്നൊക്കെ പ്രദേശത്തെ ജനങ്ങൾക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ, ആൾ പ്രബലനായ ഒരു നേതാവായതുകൊണ്ട് ആരും തന്നെ ഇന്നുവരെ പരാതി നൽകിയിരുന്നില്ല. 

പക്ഷേ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. ഒടുവിൽ സാങ് ക്വിയുടെ രക്ഷകന്മാരും അയാളെ കയ്യൊഴിഞ്ഞു. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. രായ്ക്കുരാമാനം നേതാവിന്റെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നു. അവിടെ നിന്ന് അനധികൃതമായ കുറച്ച് സമ്പാദ്യങ്ങൾ അവർ കണ്ടെത്തി. അധികമൊന്നുമില്ല. വിശദാംശങ്ങൾ ചുവടെ.

കുറച്ച് സ്വർണ്ണം: ഏകദേശം 1350 കിലോഗ്രാം സ്വർണ്ണം. തുച്ഛം 4700 കോടി രൂപയ്ക്കുള്ള സ്വർണ്ണം.
കുറച്ച് പണം: 2.63 ലക്ഷം  രൂപക്ക് തുല്യമായ ചൈനീസ് യുവാൻ.
ആഡംബര വില്ലകൾ: അദ്ദേഹത്തിന്റെ പേരിൽ നിരവധി ആഡംബര വില്ലകൾ ഉള്ളതിന്റെ രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഹൈകൗ മേഖലയിൽ നമ്മുടെ നാട്ടിലെ മേയറുടെ അധികാരങ്ങൾ കയ്യാളിയിരുന്നു സാങ് ക്വി. ഹൈനാൻ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. ഈ ആരോപണം വെളിച്ചത്തുവന്നതോടെ അദ്ദേഹത്തെ മുൻകാലപ്രാബല്യത്തോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും, സകല അധികാര  സ്ഥാനങ്ങളിൽ നിന്നും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പ്രസ്തുത സമ്പാദ്യങ്ങൾ കണ്ടെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഒരുപക്ഷേ, ഇനി സാങ് ക്വിയ്ക്കായിരിക്കും. ഉദ്യോഗസ്ഥർ സ്വർണ്ണക്കട്ടികൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മില്യണിലധികം വ്യൂസ് ഇതിനകം തന്നെ അതിനു കിട്ടിയിട്ടുണ്ട്. 

 

കിഴക്കൻ ചൈനയിൽ 1983  മുതൽ പാർട്ടിയുടെ സജീവാംഗമാണ് സാങ് ക്വി. 2012 -ൽ ഷീ ജിൻപിങ് ചൈനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ അഴിമതി നാട്ടിൽ നിന്ന് തുടച്ചുമാറ്റും എന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ, കഴിഞ്ഞ ഏഴു വർഷത്തിനിടെ ചൈനയിൽ 53 പാർട്ടി നേതാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്. 85 ലക്ഷം കോടിയുടെ അഴിമതിയെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇന്നോളം പുറത്തുവന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ അഴിമതി ഇതു തന്നെയാകാനാണ് സാധ്യത.