Asianet News MalayalamAsianet News Malayalam

ടെക്സാക്സിൽ വേട്ടയാടി പിടിച്ചത് 14 അടിയുള്ള ഭീമൻ ചീങ്കണ്ണിയെ, കൊന്നു

ഒരു മരത്തടി ഉപയോഗിച്ച് വായ തുറന്ന് വെച്ച നിലയിൽ നിലത്ത് ചത്തുകിടക്കുന്ന ചീങ്കണിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ കാണുമ്പോൾ തന്നെ ഭയപ്പെട്ടു പോകുന്നതാണ് ചീങ്കണ്ണിയുടെ രൂപം.

14 foot long alligator catch by hunters
Author
First Published Sep 23, 2022, 3:09 PM IST

ടെക്‌സാസിൽ ഈ വർഷത്തെ വേട്ടയാടൽ സീസണിന്റെ ഭാഗമായി യുഎസിലെ വേട്ടക്കാർ 14 അടിയുള്ള ചീങ്കണ്ണിയെ പിടികൂടി കൊന്നു. വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ഏരിയ ഉദ്യോഗസ്ഥനായ ജെയിംസ് ഇ. ഡോട്രിയാണ് കൊലപ്പെടുത്തിയ ചീങ്കണ്ണിക്ക് ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.

കൊല്ലപ്പെട്ടത് ആൺ ചീങ്കണ്ണിയാണ്. ഇതിൻറെ ഭാരവും വലുപ്പവും കേട്ടാൽ നിങ്ങൾ ഞെട്ടും. 781 പൗണ്ട് ഭാരമാണ് ഈ ചീങ്കണ്ണിക്ക് ഉണ്ടായിരുന്നത്. അതായത് ഏകദേശം 345 കിലോഗ്രാം. ഇനി ഇതിൻറെ നീളം കൂടി കേട്ടുകൊള്ളൂ, 14 അടി 2.5 ഇഞ്ച്നീളം. ഭീമാകാരനായ ഈ ചീങ്കണ്ണിയെ അതിസാഹസികമായാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ഇത്തരം കാര്യങ്ങൾ എന്നാണ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഒരു മരത്തടി ഉപയോഗിച്ച് വായ തുറന്ന് വെച്ച നിലയിൽ നിലത്ത് ചത്തുകിടക്കുന്ന ചീങ്കണിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ കാണുമ്പോൾ തന്നെ ഭയപ്പെട്ടു പോകുന്നതാണ് ചീങ്കണ്ണിയുടെ രൂപം. ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് കമൻറുകൾ ഇട്ടിട്ടുള്ളത്. വേട്ടക്കാരുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. മറ്റു ചിലരാകട്ടെ നല്ല വിളവെടുപ്പ് എന്നും പറഞ്ഞിരിക്കുന്നു.

ന്യൂസ് വീക്ക് പറയുന്നതനുസരിച്ച്, ആൺ ചീങ്കണ്ണികൾക്ക് ഏകദേശം 11.2 അടി നീളമുണ്ട്. 2014 -ൽ അലബാമയിലെ ഒരു സ്ത്രീയാണ് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ ചീങ്കണിയെ പിടികൂടിയത്. 15 അടി 9 ഇഞ്ച് ആയിരുന്നു ഇതിന്റെ വലിപ്പം.

അതിനിടെ, കഴിഞ്ഞ മാസം, ജിം, റിച്ചി ഡെൻസൺ എന്നീ രണ്ട് സഹോദരന്മാർ മിസിസിപ്പി സ്റ്റേറ്റിൽ 100 ​​വർഷം പഴക്കമുള്ള ചീങ്കണ്ണിയെ പിടികൂടി. 10 അടി 2 ഇഞ്ച് വലിപ്പമുള്ള പെൺ ചീങ്കണ്ണി ആയിരുന്നു ഇത്. പേൾ നദിയിൽ കുടുങ്ങിയ ചീങ്കണ്ണിയെ സഹോദരന്മാർ ചേർന്ന് പിടിക്കുകയായിരുന്നു. ഏറ്റവും നീളം കൂടിയ പെൺ അലിഗേറ്ററിനുള്ള സംസ്ഥാന റെക്കോർഡാണ് ഇത് തകർത്തതെന്ന് അന്ന് അധികൃതർ ട്വിറ്ററിൽ കുറിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios