Asianet News MalayalamAsianet News Malayalam

താലിബാന്‍ വന്നതോടെ അഫ്ഗാനിസ്താനില്‍ പൂട്ടിയത് 153 മാധ്യമ സ്ഥാപനങ്ങള്‍

താലിബാന്‍ വന്നതോടെ അഫ്ഗാനിസ്താനില്‍ പൂട്ടിപ്പോയത്  20 പ്രവിശ്യകളിലെ 153 മാധ്യമ സ്ഥാപനങ്ങള്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്ഗാനിലെ പ്രമുഖ ചാനല്‍ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

153 media houses stop operations during Taliban era
Author
Kabul, First Published Sep 14, 2021, 2:05 PM IST

താലിബാന്‍ വന്നതോടെ അഫ്ഗാനിസ്താനില്‍ പൂട്ടിപ്പോയത്  20 പ്രവിശ്യകളിലെ 153 മാധ്യമ സ്ഥാപനങ്ങള്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്ഗാനിലെ പ്രമുഖ ചാനല്‍ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

അടച്ചുപൂട്ടിയവയില്‍ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും റേഡിയോ നിലയങ്ങളും ഓണ്‍ലൈന്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താലിബാന്‍ വന്നതിനു ശേഷമുണ്ടായ കടുത്ത നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും വ്യാവസായിക മാന്ദ്യവും വിപണിയിലെ അരക്ഷിതാവസ്ഥയുമെല്ലാം ചേര്‍ന്നാണ് ഈ സാഹചര്യമുണ്ടാക്കിയത്. നിയന്ത്രണങ്ങള്‍ നീക്കുകയും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുകയം ചെയ്തില്ലെങ്കില്‍, കൂടുതല്‍ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അഫ്ഗാന്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് വൈസ് പ്രസിഡന്റ് ഹുജ്ജത്തുല്ലാ മുജദാദി പറഞ്ഞു. 

കടുത്ത നിയന്ത്രണവും സാമ്പത്തിക മാന്ദ്യവും കാരണമാണ് മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതെനന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

''ആശങ്കാജനകമാണ് അഫ്ഗാന്‍ മാധ്യമ രംഗത്തിന്റെ അവസ്ഥ. രാജ്യാന്തര സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍, അഫ്ഗാനില്‍ മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും പൂര്‍ണ്ണമായും ഇല്ലാതാവും. ''-അഫ്ഗാന്‍ നാഷനല്‍ ജേനലിസ്റ്റ് യൂനിയന്‍ ്ര്രപതിനിധി മസ്‌റൂര്‍ ലുഫ്തി പറഞ്ഞു. 

പക്തിക പ്രവിശ്യയിയെ മില്‍മ റേഡിയോയുടെ കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 2011-ല്‍ ആരംഭിച്ച റേഡിയോ നിലയം രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, കായിക മേഖലകളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. ഈയടുത്താണ് ഇത് അടച്ചു പൂട്ടിയത്.  പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതും സാമ്പത്തിക മാന്ദ്യവുമാണ് തങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമെന്നാണ് റേഡിയോ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് യാഖൂബ് ഖാന്‍ മന്‍സൂര്‍ പറയുന്നത്. 13 പ്രവിശ്യകളിലായി ശ്രോതാക്കളുണ്ടായിരുന്ന റേഡിയോ നിലയത്തില്‍ 35 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ ഇവര്‍ക്കാര്‍ക്കും ജോലിയില്ല. 

സമാനമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി മാധ്യമ സ്ഥാനങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാമെന്ന് പറയുമ്പോഴും താലിബാന്‍ ഭരണകൂടം മാധ്യമങ്ങളുടെ നിലനില്‍പ്പിനായി ഒന്നും ചെയ്യുന്നില്ല. 

Follow Us:
Download App:
  • android
  • ios