16 വർഷത്തോളം കേസ് നീണ്ടു. ഉയർന്ന ബിരുദം നേടിയിട്ടും തന്റെ കരിയർ അമിതമായി ശ്രദ്ധിക്കാൻ ഷെഗുഫ്തയ്ക്ക് കഴിഞ്ഞില്ല. കാരണം അവൾ ഈ കേസിന്റെ പുറകെയായിരുന്നു.
പിതാവ് മരിക്കുമ്പോൾ ഷെഗുഫ്ത തബസൂം അഹമ്മദ്(Shegufta Tabassum Ahmed) ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു. ഒരിക്കലും കോടതിയിൽ കയറാനോ, വാദിക്കാനോ അവൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. പകരം ഇതുമായി ബന്ധപ്പെട്ട മറ്റ് ജോലികൾ ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ, അച്ഛന്റെ മരണവും, പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതും അവളെ തളർത്തി. ഇതോടെ അവൾ സീരിയസ് ആയി നിയമം പഠിക്കാൻ ആരംഭിച്ചു. ഒരു വക്കീലായി, കോടതിയിൽ കയറി, വാദിച്ചു. നീണ്ട പതിനാറ് വർഷക്കാലം പിതാവിനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇപ്പോൾ ഒടുവിൽ അവൾ അതിൽ വിജയിച്ചിരിക്കുന്നു. മുഖ്യ പ്രതികൾക്ക് വധശിക്ഷയും, മറ്റുള്ളവർക്ക് ജീവപര്യന്തവും കോടതി വിധിച്ചു.
2006 ഫെബ്രുവരി ഒന്നിനാണ് താഹിർ അഹമ്മദിനെ കാണാതാകുന്നത്. ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം വീടിനു മുന്നിലുള്ള ഒരു അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേന്ന് താഹറിന്റെ മകൻ സഞ്ജിദ് അൽവി പൊലീസിൽ കേസ് കൊടുത്തു. 2006 മാർച്ച് 17 -ന് കൊലപാതകം ആരോപിച്ച് ആറ് പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
താഹിറിന്റെ സഹപ്രവർത്തക മിയ മുഹമ്മദ് മൊഹിയുദ്ദീൻ, അന്നത്തെ രാജ്‌ഷാഹി യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘടനയുടെ പ്രസിഡന്റ് മഹ്ബൂബുൽ ആലം സാലിഹി, താഹറിന്റെ റസിഡൻസ് കെയർടേക്കർ ജഹാംഗീർ, ജഹാംഗീറിന്റെ സഹോദരൻ അബ്ദുസലാം, അവരുടെ പിതാവായ അസിമുദ്ദീൻ, സലാമിന്റെ ബന്ധു നസമുൾ എന്നിവരായിരുന്നു പ്രതികൾ.
താഹിർ കൊല്ലപ്പെടുമ്പോൾ ബ്രാക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു മകൾ ഷെഗുഫ്ത. ഒരു അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യാൻ താല്പര്യമില്ലാതിരുന്ന അവൾ എന്നാൽ പിതാവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചതോടെ, ഒരു അഭിഭാഷകയാകാനും പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനും തീരുമാനിച്ചു. "2006 -ൽ എന്റെ അച്ഛൻ എന്നെ നിയമവിഭാഗത്തിൽ ചേർത്തു. എന്നാൽ, പ്രാക്ടീസ് ചെയ്യാൻ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. നിയമം പഠിച്ചാൽ, നിങ്ങൾക്ക് മറ്റ് മേഖലകളിലും പ്രവർത്തിക്കാം. പഠിപ്പിക്കാം, കമ്പനികളിൽ ജോലി ചെയ്യാം, വിവിധ അന്താരാഷ്ട്ര സംഘടനകൾക്ക് നിയമോപദേശം നൽകാം. ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ എപ്പോഴും കോടതിക്ക് പുറത്ത് പ്രവർത്തിക്കാൻ ആഗ്രഹിച്ചു" അവൾ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
എന്നാൽ, കൊലപാതകത്തിന് ശേഷമുള്ള നീണ്ട 16 വർഷക്കാലം ഷെഗുഫ്ത തന്റെ പിതാവിന് നീതി തേടി കോടതികളിൽ കയറി ഇറങ്ങി. കേസ് അതിവേഗ ട്രൈബ്യൂണലിലേക്ക് പോയതിനെത്തുടർന്ന് അമ്മയ്ക്കും സഹോദരനും രാജ്ഷാഹിയിലെ കോടതിയിൽ പോകേണ്ടി വന്നു. "എന്റെ അമ്മ ഒരു സാധാരണ വീട്ടമ്മയാണ്. മുമ്പൊരിക്കലും ഒരു കോടതിയുടെ പടി ചവിട്ടാത്ത വ്യക്തിയാണ് അവർ. സാക്ഷിക്കൂട്ടിൽ കയറി നിന്നത് മുതൽ എല്ലാം അമ്മയ്ക്ക് പ്രയാസമേറിയ അനുഭവങ്ങളായിരുന്നു. എന്നാൽ, അതെല്ലാം സഹിച്ച് അമ്മ കോടതിയിൽ കയറി ഇറങ്ങിയിട്ടും പ്രധാന പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതോടെയാണ് എന്റെ അച്ഛന്റെ കേസ് ഞാൻ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്" അവൾ പറഞ്ഞു.
"ഇതൊരു ക്രിമിനൽ കേസാണെങ്കിലും, ഈ കേസ് സംസ്ഥാനത്തിന്റെ കീഴിലാണെങ്കിലും, അഭിഭാഷകരെ നിയമിക്കാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, ഞങ്ങൾക്ക് അതിനുള്ള കഴിവില്ലായിരുന്നു. പ്രതികൾ 15 മുതൽ 20 വരെ അഭിഭാഷകരെ നിയമിച്ചപ്പോൾ, മറുവശത്ത്, ചില അഭിഭാഷകർ അവരുടെ നല്ല മനസ്സ് കൊണ്ട് ഞങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നു” അവൾ കൂട്ടിച്ചേർത്തു. പണവും സർവകലാശാലാ ജോലികളും വാഗ്ദാനം ചെയ്തതാണ് മിയ താഹറിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് വിചാരണ വേളയിൽ ജഹാംഗീറും നസ്മുലും സലാമും മൊഴി നൽകി. എന്നാൽ മിയ ആരോപണം നിഷേധിച്ചു. മിയ സർവകലാശാലയിൽ സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ, അവരുടെ അപേക്ഷ സൂക്ഷ്മമായി പരിശോധിച്ച സമിതിയിൽ താഹറും ഉണ്ടായിരുന്നു. മിയയുടെ ചില കള്ളത്തരങ്ങൾ താഹർ പാനലിന് ചൂണ്ടിക്കാണിക്കുകയും ആരോപണങ്ങൾ പിന്നീട് അന്വേഷണത്തിൽ തെളിയുകയും ചെയ്തുവെന്നാണ് പറയുന്നത്. ഈ വൈരാഗ്യത്തിനാണ് മിയ താഹറിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ ആരുമില്ലാത്ത നേരം അവിടെ എത്തി താഹറിനെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ തള്ളുകയായിരുന്നു അവർ. ഒടുവിൽ 2013 മെയ് 13 -ന് ഹൈക്കോടതി മിയക്കും ജഹാംഗീറിനും വധശിക്ഷ പ്രഖ്യാപിക്കുകയും സലാമിനെയും നസ്മുളിനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു.
16 വർഷത്തോളം കേസ് നീണ്ടു. ഉയർന്ന ബിരുദം നേടിയിട്ടും തന്റെ കരിയർ അമിതമായി ശ്രദ്ധിക്കാൻ ഷെഗുഫ്തയ്ക്ക് കഴിഞ്ഞില്ല. കാരണം അവൾ ഈ കേസിന്റെ പുറകെയായിരുന്നു. ഒടുവിൽ, 2022 ഏപ്രിൽ 5 -ന്, അപ്പീൽ ഡിവിഷൻ ഹൈക്കോടതിയുടെ വിധി ശരിവെക്കുകയും രണ്ട് പ്രതികൾക്ക് വധശിക്ഷയും ബാക്കി രണ്ട് പേർക്ക് ജീവപര്യന്തം തടവും വിധിക്കുകയും ചെയ്തു. “16 വർഷം ഞാൻ ഇതിനായി പോരാടി. ഒരുപാട് സങ്കടങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചു. ഇപ്പോൾ ഈ വിധിയിൽ ഞാൻ തൃപ്തയാണ്” ഷെഗുഫ്ത പറഞ്ഞു. വിധി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് അവൾ. അഭിഭാഷകവൃത്തിയിലൂടെ ജനങ്ങളെ സേവിക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും ഷെഗുഫ്ത കൂട്ടിച്ചേർത്തു.
