Asianet News MalayalamAsianet News Malayalam

1600 വർഷം പഴക്കം, അത്യാഡംബര റോമൻ ഇൻഡോർ നീന്തൽക്കുളം കണ്ടെത്തി

ഏറെ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന നീന്തൽ കുളം മാർബിൾ, കല്ല്, ഗ്ലാസ്, സെറാമിക് ടൈലുകൾ എന്നിവയാലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നീന്തൽ കുളത്തിന്റെ ഭിത്തിയിൽ ഉണ്ടായിരുന്ന ചുമർ ചിത്രങ്ങളും എടുത്തു പറയേണ്ടതാണ്.

1600 year old roman indoor swimming pool discovered
Author
First Published May 23, 2024, 4:26 PM IST

അൽബേനിയൻ തുറമുഖ നഗരമായ ഡ്യൂറസിൽ പുരാവസ്തു ഗവേഷകർ 1600 വർഷം പഴക്കമുള്ള റോമൻ ഇൻഡോർ നീന്തൽ കുളം കണ്ടെത്തി. ഒരു സ്കൂൾ കെട്ടിടത്തിനായുള്ള നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനിടയിലാണ് ഈ നിർണായക കണ്ടെത്തൽ. നീന്തൽ കുളത്തിന് പുറമേ ഇവിടെ നിന്നും പുരാതന വില്ലകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയ വില്ലകളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് വില്ലകളിൽ ഒന്നിന്റെ ഉള്ളിൽ നിർമ്മിച്ചിരുന്ന നീന്തൽകുളം കണ്ടെത്തിയത്. രണ്ടു സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും കാര്യമായ കേടുപാടുകൾ ഈ നീന്തൽ കുളത്തിന് സംഭവിച്ചിട്ടില്ല എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ചുറ്റുപാടും റോമൻ മൊസൈക്കുകളാൽ അലങ്കരിച്ചിരിക്കുന്ന ഈ നീന്തൽ കുളം അത്യാഡംബര സൗകര്യങ്ങളോടുകൂടിയതാണ്.

അൽബേനിയയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള സാമ്പത്തിക കേന്ദ്രമായാണ് ഡ്യൂറസ് അറിയപ്പെടുന്നത്. ബിസി ഏഴാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എപ്പിഡംനസ് എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്. ബിസി 672 -ൽ ഗ്രീക്കുകാർ ഇവിടം കോളനിവൽക്കരിച്ചതോടെ 'രണ്ട് കുന്നുകൾക്കിടയിലുള്ള നഗരം എന്നർത്ഥം വരുന്ന 'ഡൈറാച്ചിയം' എന്നാക്കി മാറ്റി ഈ നഗരത്തിന്റെ പേര്. ബിസി 230 ഓടെ റോമാക്കാർ നഗരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.  

നീന്തൽക്കുളം ഉൾപ്പടെയുള്ള  അവശിഷ്ടങ്ങളുടെ കണ്ടെത്തൽ ഏറെ അത്ഭുതപ്പെടുത്തുന്നതും നിർണായകവുമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഏറെ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന നീന്തൽ കുളം മാർബിൾ, കല്ല്, ഗ്ലാസ്, സെറാമിക് ടൈലുകൾ എന്നിവയാലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നീന്തൽ കുളത്തിന്റെ ഭിത്തിയിൽ ഉണ്ടായിരുന്ന ചുമർ ചിത്രങ്ങളും എടുത്തു പറയേണ്ടതാണ്.

റോമൻ അവശിഷ്ടങ്ങൾ എഡി 1 -നും 400 -നും ഇടയിൽ പഴക്കമുള്ളതാണെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. അതായത് അവയ്ക്ക് കുറഞ്ഞത് 1,600 വർഷമെങ്കിലും പഴക്കമുണ്ടെന്ന് ചുരുക്കം. ഈ പ്രദേശത്ത് തന്നെ മറ്റൊരു ഭാഗത്ത് നടത്തിയ ഉത്ഖനനങ്ങളിൽ നിരവധി മതിലുകളും പുരാതന റോമൻ ബാത്ത്ഹൗസിൻ്റെ അവശിഷ്ടങ്ങളാണെന്ന് കരുതുന്ന ഒരു ഇഷ്ടികത്തറയും കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios