Asianet News MalayalamAsianet News Malayalam

ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാന്‍ ജര്‍മ്മനി വക 1778 കോടി രൂപ ബ്രസീലിന് !

ബോൾസോനാരോയുടെ കാലത്ത് കൃഷിയുടെ വ്യാവസായിക വത്ക്കരണത്തിനെന്ന പേരില്‍ പരിസ്ഥിതി നിയമങ്ങള്‍ മാറ്റിയെഴുതുകയും ആമസോണ്‍ കാടുകള്‍ വ്യാപകമായി വെട്ടിമാറ്റാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. 

1778 crore rupees from Germany to Brazil to protect Amazon rainforest
Author
First Published Feb 1, 2023, 1:16 PM IST

കാലാവസ്ഥാ വ്യതിയാനം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ബ്രിസീലിനെ മുന്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ ആമസോണ്‍ മഴക്കാടുകള്‍ വെട്ടിത്തളിക്കാന്‍ ഉത്തരവിട്ടതും. ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ആമസോണ്‍ മഴക്കാടുകളില്‍ ജീവിക്കുന്ന തദ്ദേശീയരും ഇതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഏകാധിപത്യത്തോടെയായിരുന്നു ബോൾസോനാരോയുടെ നടപടികള്‍. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷക്കാരനും മുന്‍ പ്രസിഡന്‍റുമായ ലുലയോട് തോറ്റ് ബോൾസോനാരോ പുറത്തായി. ഇതിന് പിന്നാലെ അധികാരമേറ്റ ലുല ഭൂമിയുടെ ശ്വസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് ജര്‍മ്മനി മഴക്കാടുകളുടെ പുനരുജ്ജീവനത്തിനായി ബ്രസീലിന് 1778 കോടി രൂപ ( 200 ദശലക്ഷം യൂറോ) വാഗ്ദാനം ചെയ്തിരിക്കുന്നത്. 

മുൻ പ്രസിഡന്‍റിന്‍റെ ഭരണകാലത്ത് വെട്ടിക്കളഞ്ഞ ആമസോൺ മഴക്കാടുകള്‍ പുനഃസ്ഥാപിക്കാൻ ഈ ഫണ്ട് ഉപയോഗിക്കും. ഇതില്‍ 310 കോടി രൂപ ആമസോൺ ഫണ്ടിലേക്കുള്ള സംഭാവനയാണെന്ന് ജർമ്മൻ വികസന മന്ത്രി സ്വെഞ്ച ഷൂൾസെ പറഞ്ഞു. പുതിയ ഗവൺമെന്‍റിനും പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും പരിസ്ഥിതി മന്ത്രി മറീന സിൽവയുടെയും ടീമിനൊപ്പം, വനം സംരക്ഷിക്കാനും അവിടെ താമസിക്കുന്ന ആളുകൾക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകാനും തങ്ങള്‍ക്ക് മികച്ച അവസരമുണ്ടെന്നും ഷൂൾസ് കൂട്ടിച്ചേര്‍ത്തു. ലുല അധികാരമേറ്റതിന് പിന്നാലെ ബ്രസീല്‍ സന്ദര്‍ശിക്കുന്ന ആദ്യ പാശ്ചാത്യ രാഷ്ട്രത്തലവനായ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ഇതില്‍ 710 കോടി രൂപ കുറഞ്ഞ വായ്പ ഇനത്തില്‍ നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ പുനഃസ്ഥാപിക്കാൻ കര്‍ഷകര്‍ക്കും 277 കോടി രൂപ മഴക്കാടുകൾ സംരക്ഷിക്കാൻ ആമസോൺ സംസ്ഥാനങ്ങൾക്കുമായി നല്‍കും. 

1778 crore rupees from Germany to Brazil to protect Amazon rainforest

ബോൾസോനാരോയുടെ കാലത്ത് കൃഷിയുടെ വ്യാവസായിക വത്ക്കരണത്തിനെന്ന പേരില്‍ പരിസ്ഥിതി നിയമങ്ങള്‍ മാറ്റിയെഴുതുകയും ആമസോണ്‍ കാടുകള്‍ വ്യാപകമായി വെട്ടിമാറ്റാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇത് ചുരുങ്ങിയ കാലത്തിനിടെ ആമസോണിലെ വനനശീകരണം 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. 2019 ല്‍ ആമസോണ്‍ മഴക്കാടുകള്‍ ബ്രസീലിന്‍റെ ആഭ്യന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബോൾസോനാരോ ധനസഹായത്തിനായി സുസ്ഥിര പദ്ധതികൾ തെരഞ്ഞെടുക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ബ്രസീലിനുള്ള സംഭാവനകള്‍ ജർമ്മനിയും നോർവേയും മരവിപ്പിച്ചു. 

എന്നാല്‍ പുതിയ പ്രസിഡന്‍റ് അധിരാമേറ്റതിന് പിന്നാലെ പരിസ്ഥിതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു. പരിസ്ഥിതി മന്ത്രി മറീന സിൽവ ആമസോൺ ഫണ്ട് വീണ്ടും സജീവമാക്കി. ഇതിന് പിന്നാലെയാണ് ജർമ്മൻ സഹായം രാജ്യത്തേക്ക് എത്തിയത്.  ആമസോൺ മഴക്കാടുകളിൽ ബ്രസീലിയൻ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമൂഹിക-പരിസ്ഥിതി പദ്ധതികളും കർഷകർക്ക് അവരുടെ ഭൂമിയിലെ വനവൽക്കരണത്തിനായി കുറഞ്ഞ പലിശയ്ക്കുള്ള വായ്പയും ഉൾപ്പെടുന്നു. 2026 ല്‍ തന്‍റെ അധികാരകാലം അവസാനിക്കുമെങ്കിലും 2030-ഓടെ രാജ്യത്തെ എല്ലാ വനനശീകരണവും നിര്‍ത്തുമെന്നാണ് പ്രസിഡന്‍റ് ലുല പ്രതിജ്ഞയെടുത്തത്. ആമസോൺ മഴക്കാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബ്രസീലിലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന മഴക്കാടുകളും ആമസോണ് ആണ്. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള വനം കൂടിയായ ആമസോണ്‍ ലോകത്തിലെ ശുദ്ധ ജലത്തിന്‍റെ 20 ശതമാനത്തെ സൂക്ഷിക്കുന്നു. ഇതിനാല്‍ ലോകത്ത് ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്ന ഒന്നാണ്. 
 

Follow Us:
Download App:
  • android
  • ios