തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കൂട്ടുകാരിയെ കണ്ട് തിരിച്ചുപോയി രണ്ടു മണിക്കൂറിനുള്ളില്‍ ഉയരമുള്ള കെട്ടിടത്തില്‍നിന്നും ചാടിയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം 


രണ്ടു മണിക്കൂര്‍ ഇടവേള. ആ രണ്ട് ആത്മഹത്യകള്‍ക്കും ഇടയിലുണ്ടായിരുന്നത് അത്രയും നേരം മാത്രമായിരുന്നു. 19 വയസ്സുള്ള രണ്ട് കൗമാരക്കാരികള്‍. കുട്ടിക്കാലം മുതലേ കൂട്ടുകാരികളായിരുന്നു അവര്‍. ആര്‍ക്കുമറിയാത്ത കാരണത്താല്‍ അവര്‍ ജീവനൊടുക്കിയിരിക്കുകയാണ്.

പൂനെയിലാണ് സംഭവം. 19 വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഒരാള്‍ക്കു പിന്നാലെ മറ്റൊരാളായി ജീവനൊടുക്കിയത്. പ്രത്യക്ഷത്തില്‍ ഇവരുടെ ആത്മഹത്യക്ക് കാരണമായേക്കാവുന്ന ഒരു കാര്യവും പോലീസിന് കണ്ടെത്താനായിട്ടില്ല. 


ചൊവ്വാഴ്ച വൈകുന്നേരം പൂനെയിലെ ഹദപ്സര്‍ പ്രദേശത്താണ് രണ്ട് മണിക്കൂറിനുള്ളില്‍ നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. വര്‍ഷങ്ങളായി പരസ്പരം അറിയുന്ന, അടുത്ത സുഹൃത്തുക്കളായ സനിക ഹരിശ്ചന്ദ്ര ഭഗവതും ആകാംക്ഷ ഔദുമ്പര്‍ ഗെയ്ക്വാദുമാണ് ജീവന്‍ ഒടുക്കിയത്. ഹദാപ്സറിലെ ഷെവാലെവാഡി പ്രദേശവാസികളായിരുന്നു ഇവര്‍. 

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സനികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സനിക എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പോലീസിന് ലഭ്യമായിട്ടില്ല. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത കണ്ടെത്താനാകു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സനികയുടെ മരണത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം നടത്തുമ്പോള്‍ കൂട്ടുകാരി കൂടിയായ ആകാംക്ഷ അവിടെ വന്നിരുന്നു. ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പെണ്‍കുട്ടി എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞെട്ടലോടെയാണ് മരിച്ചുകിടക്കുന്ന സനികയെ ആകാംക്ഷ നോക്കി നിന്നത് എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സനികയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിനിടയിലാണ് സമീപത്തുള്ള ഉയര്‍ന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ആകാംക്ഷ താഴേക്ക് ചാടിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ അവള്‍ മരിച്ചു.

കുട്ടിക്കാലം മുതലേ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഇരുവരും. സമീപത്തെ പ്രാദേശിക കോളേജിലാണ് ഇരുവരും പഠിച്ചിരുന്നത്. എപ്പോഴും ഒരുമിച്ചായിരുന്നു പെണ്‍കുട്ടികള്‍ നടന്നിരുന്നത്. ഇപ്പോള്‍ മരണത്തിലും അവര്‍ ഒരുമിച്ചായി. 

പെണ്‍കുട്ടികളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ആരംഭിച്ചെന്നും ഇവരുടെയും കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.