ലോകമാകെ അസാധാരണമായ ചുറ്റുപാടുകളിലൂടെയാണ് കടന്നുപോകുന്നത്. നാമൊന്നും ഒരുപക്ഷേ ഇതുവരെ കടന്നുപോയിട്ടില്ലാത്ത തരത്തില്‍. ഇത്രയും ദിവസം എവിടെയും പോകാതെയിരിക്കുക എന്നതുതന്നെ നമ്മെ സംബന്ധിച്ച് പുതിയതായിരിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് നാം എവിടെയെങ്കിലും പോകുന്നത്. എന്നാല്‍, 1987 -ലെ ബണ്ടി ആന്വലില്‍ ദ ലോസ്റ്റ് വേള്‍ഡ് എന്നൊരു സയന്‍സ് ഫിക്ഷന്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പറയുന്നത് ഒരു വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാവാത്ത രണ്ട് കൗമാരക്കാരികളായ പെണ്‍കുട്ടികളെ കുറിച്ചാണ്. എന്നാല്‍, അത്ഭുതം ഇതൊന്നുമല്ല. ഇതില്‍ വര്‍ഷം കൊടുത്തിരിക്കുന്നത് 2020 എന്നാണ്. 

ജെയിനും ജീനും ജീവിക്കുന്നത് ഒരു ഫോഴ്‌സ് ഫീല്‍ഡിലാണ്. അതവരെ വൈറസില്‍ നിന്നും സംരക്ഷിക്കുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. നഗരങ്ങളില്‍നിന്നും നഗരങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. അവരുടെ അധ്യാപിക അവരോട് പറയുകയാണ്, ഒരു ഭയങ്കരമായ പ്ലേഗ് ഉണ്ടായിരിക്കുകയാണ്. മില്ല്യണ്‍ കണക്കിന് ആളുകള്‍ മരിച്ചു. നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ഈ ഫോഴ്‌സ് ഫീല്‍ഡിനോട് നാം നന്ദി പറയണമെന്ന്. 

കൊവിഡ് 19 -നെ കുറിച്ച് കാര്യമായ ധാരണയൊന്നും നമുക്കില്ല. നമുക്കിത് പുതിയതരം വൈറസാണ്. എന്നാൽ, ലോസ്റ്റ് വേൾഡിൽ ഭൂമിയിലേക്ക് മടങ്ങുന്ന ഒരു ബഹിരാകാശവാഹനമാണ് വൈറസിനെ ഇവിടേക്ക് കൊണ്ടുവരുന്നതെന്നു പറയുന്നുണ്ട്. ഈ വൈറസ് വരുന്നതിന് മുമ്പ് ക്രിസ്മസ് ഡിന്നറുകളെങ്ങനെയായിരുന്നുവെന്നതിനെ കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്. എങ്ങനെയാണ് ആളുകൾ ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുന്നതെന്നും ഒരു കഥാപാത്രം ചോദിക്കുന്നു. അതുപോലെ കടകളെല്ലാം ആടച്ചിരിക്കുന്നതിനെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

എങ്ങനെയാണ് വർഷങ്ങൾക്ക് മുമ്പ് ഒരുസയൻസ് ഫിക്ഷനിൽ ഇത്ര കൃത്യമായി 2020 -ൽ ഒരു വൈറസുണ്ടാകുമെന്നും അത് ആളുകളുടെ ജീവനെടുക്കുമെന്നും വിവരിച്ചിരിക്കുന്നത് എന്നത് അതിശയം തന്നെയാണ്. നാഷണല്‍ ലൈബ്രറി ഓഫ് സ്‌കോട്ട്‌ലന്‍ഡിലെ ആര്‍ക്കൈവിസ്റ്റായ ഡോ. എമിലി മണ്‍റോയുടെ മകളാണ് ഈ കാര്‍ട്ടൂണ്‍ കണ്ടെത്തിയത്. ബണ്ടി പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള കോമിക് ബുക്കാണ്. ഡിസി തോംസണ്‍ ആന്‍ഡ് കോ. ആണ് 1958 മുതല്‍ 2001 വരെ ഇത് പ്രസിദ്ധീകരിച്ചത്.