മഷ്റൂം അനധികൃതമായതിനാലാണ് വീടിന് പുറത്ത് ശേഖരിച്ച് ഫാക്ടറി സജ്ജമാക്കിയതെന്നാണ്  യുവാവ് പൊലീസിനോട് പറയുന്നത്. വിവിധ ഘട്ടത്തിലുള്ള മാജിക് മഷ്റൂമുകളാണ് ഇവിടെ നിന്ന് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

കണക്ടിക്ട്: 21കാരന്റെ വീട്ടിനേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനേ തുടര്‍ന്ന് സെർച്ച് വാറന്റുമായി എത്തിയ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് യുവാവിന്റെ ഗാരേജിലെ മാജിക് മഷ്റൂം ശേഖരം. പല അളവിലുള്ള പ്ലാസ്റ്റിക് ബാഗുകളിലായി മാജിക് മഷ്റൂമും ലഹരി നിർമ്മാണ ഫാക്ടറിയുമാണ് പൊലീസ് പരിശോധനയില്‍ പുറത്ത് വന്നത്. രഹസ്യമായി ലഹരിക്കച്ചവടത്തിനായി സൂക്ഷിച്ച 71 കോടിയോളം രൂപ വില വരുന്ന മാജിക് മഷ്റൂമും ഇവിടെ നിന്ന് പിടികൂടി. അമേരിക്കയിലെ കണ്ക്ടിക്ടിലാണ് സംഭവം.

ബര്‍ലിംഗ്ടണ് സ്വദേശിയും 21 കാരനുമായ വെസ്റ്റന്‍ സൂളി എന്ന യുവാവാണ് ലഹരി ഫാക്ടറി നടത്തുന്നതിനിടെ പിടിയിലായത്. ലിയോണിലെ സ്വന്തം വീട്ടിലായിരുന്നു 21കാരന്റെ ലഹരി ഫാക്ടറി. വീട്ടില്‍ അനധികൃത ലഹരിക്കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിലാണ് ലഹരി വിരുദ്ധ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച വീട്ടില്‍ പരിശോധന നടത്തിയത്. രാവിലെ ഒന്‍പത് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് 21കാരന്‍ തന്നെയാണ് വീടിനോട് അല്‍പം അകലെയുള്ള ഗാരേജിലേക്ക് റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ നയിച്ചത്.

വലിയ രീതിയില്‍ മാജിക് മഷ്റൂം ശേഖരിക്കലും പ്രോസസിംഗുമാണ് ഇവിടെ നടന്നിരുന്നത്. മഷ്റൂം അനധികൃതമായതിനാലാണ് വീടിന് പുറത്ത് വച്ച് ഇത്തരം നടപടികള്‍ ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറയുന്നത്. വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ള മാജിക് മഷ്റൂമുകളാണ് ഇവിടെ നിന്ന് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു മാജിക് മഷ്റൂം ശേഖരം. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും വില്‍പന നടത്തിയതിനും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ നിരവധി നഗരങ്ങള്‍ മാജിക് മഷ്റൂം നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം. ട്രോമകള്‍ക്ക് ശേഷമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനായി ആളുകളെ സഹായിക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം