മുംബൈയില്‍ നിന്നുള്ള 23 -കാരി ആരോഹി പണ്ഡിറ്റ് പറന്നുയര്‍ന്നത് ഒരു ലോക റെക്കോര്‍ഡിലേക്കാണ്. അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ തനിച്ച് ഒറ്റ എഞ്ചിന്‍ മാത്രമുള്ളൊരു ചെറു വിമാനത്തില്‍ അവള്‍ തന്‍റെ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ ഒറ്റക്ക് പറന്നതിനുള്ള റെക്കോര്‍ഡ് അവളുടെ കയ്യിലെത്തി. 

''വലിയൊരു ചിറകുള്ള വെള്ളപ്പക്ഷിയുടെ പുറത്തിരുന്ന് യാത്ര ചെയ്യുന്നത് പോലെയായിരുന്നു ആ പറക്കല്‍. താഴെ അനന്തമായി കിടക്കുന്ന കടല്‍. മുകളില്‍ ആകാശം. ഇടക്ക് പറന്നു പറന്ന് ഞാനും...'' ആരോഹി തന്‍റേത് മാത്രമായ ആ അനുഭവത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെയാണ്. 

ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകളോട് ഒരു കാര്യം വിളിച്ചു പറയാനായിരുന്നു ആരോഹിയുടെ ഈ യാത്ര. പുരുഷന്മാര്‍ക്ക് മാത്രമല്ല. സ്ത്രീകള്‍ക്കും അവരുടെ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാനാകും. തുനിഞ്ഞിറങ്ങണമെന്ന് മാത്രം. പുരുഷന്മാര്‍ എത്രയോ തവണ അത്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ ഒറ്റക്കും കൂട്ടായും സഞ്ചരിച്ചു. അത് സ്ത്രീകള്‍ക്കും കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ഒറ്റക്ക് പറന്നുകൊണ്ട് ആരോഹി. 

തന്‍റെ യാത്ര പൂര്‍ത്തിയാക്കി ആരോഹി കാനഡയുടെ വടക്കുള്ളൊരു വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ ലോകത്തിനാകെ അത് ആവേശനിമിഷമായിരുന്നു. ആരോഹിയുടെ നേട്ടത്തില്‍ ലോകമൊന്നടങ്കം കയ്യടിച്ചപ്പോള്‍ ഇന്ത്യയ്ക്കും അത് അഭിമാനമായി. 

പതിനേഴാമത്തെ വയസ്സു മുതല്‍ ആരോഹി വിമാനം പറപ്പിച്ചു തുടങ്ങിയിരുന്നു. ഗ്രീന്‍ ലാന്‍ഡില്‍ നിന്നാണ് ആരോഹി തന്‍റെ ഈ നേട്ടത്തിലേക്കുള്ള യാത്ര തുടങ്ങിയത്. 3000 കിലോമീറ്റര്‍ അവള്‍ തനിച്ച് പിന്നിട്ടു. കാലാവസ്ഥ പ്രതികൂലമായിരുന്നു. മഹിയെന്ന് പേരുള്ള ഒരു കുഞ്ഞുവിമാനമായിരുന്നു. 400 കിലോയില്‍ കുറച്ചു കൂടി തൂക്കം മാത്രം. പക്ഷെ, ആരോഹിയുടെ ഇന്ത്യയില്‍ നിന്ന് തുടങ്ങിയ യാത്ര പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കാനഡയിലെത്തി. 

ഇവിടൊന്നും തീരില്ല ആരോഹിയുടെ യാത്ര. ഇനിയവള്‍ പറക്കുന്നത് അലാസ്കയിലേക്കായിരിക്കും, പിന്നെ റഷ്യ, തിരികെ ഇന്ത്യയിലേക്ക്, തന്‍റെ വീട്ടിലേക്ക്... 

ലോകത്താകെയുള്ള സ്ത്രീകളോട് നിങ്ങള്‍ക്കും പറക്കാനാകും, ചിറകൊതുക്കിയിരിക്കാതെ പറക്കൂ എന്ന് പറയാനായി അവള്‍ പറന്നു കൊണ്ടേയിരിക്കുന്നു.