വീടിൻറെ പൂട്ടു തകർത്ത് അകത്തു കയറിയ കള്ളന്മാർ വീട് അകത്തുനിന്ന് പൂട്ടിയതിനുശേഷമാണ് മോഷണം നടത്തിയത്.
വീട്ടിൽ മോഷണത്തിന് എത്തിയ കള്ളന്മാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട് 25 -കാരൻ.
വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ ഏരിയയിൽ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ട് മോഷ്ടാക്കളെയാണ് ഡൗൺ സിൻഡ്രോമുള്ള 25 -കാരൻ ഒറ്റയ്ക്ക് നേരിട്ടത്. പൊലീസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിസംബർ 6 -ന് പകലായിരുന്നു സംഭവം. വീട്ടിൽ കയറിയ കള്ളന്മാർക്ക് നേരെ യുവാവ് കളിത്തോക്ക് നീട്ടിയതും ഭയന്നുപോയ കള്ളന്മാർ ഓടി രക്ഷപ്പെടുകയായിരുന്നു.
റെയിൽവേ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സത്പാൽ സിംഗിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവ സമയത്ത് അദ്ദേഹത്തിൻറെ ഇളയ മകനായ നിശാന്ത് ചൗധരി വീട്ടിൽ തനിച്ചായിരുന്നു. വീടിൻറെ പൂട്ടു തകർത്ത് അകത്തു കയറിയ കള്ളന്മാർ വീട് അകത്തുനിന്ന് പൂട്ടിയതിനുശേഷമാണ് മോഷണം നടത്തിയത്. ഈ സമയത്താണ് തൻറെ കൈവശം ഉണ്ടായിരുന്നു യഥാർത്ഥ തോക്ക് പോലെ തോന്നിക്കുന്ന കളിത്തോക്കെടുത്ത് നിശാന്ത് കള്ളന്മാർക്ക് നേരെ ചൂണ്ടിയത്. ഭയന്നുപോയ കള്ളന്മാർ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
വീട്ടുജോലിക്കാരിക്ക് നൽകുന്നതിനായി ഹാളിൽ സൂക്ഷിച്ചിരുന്ന 2000 രൂപ മാത്രമാണ് നഷ്ടമായതെന്ന് സത്പാൽ സിംഗ് പറഞ്ഞു. സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം എന്നും ഇദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമം തടയാൻ സഹായിച്ച നിശാന്തിന്റെ സമയോചിതമായ ഇടപെടലിനെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം മോഷണത്തിനായി അകത്ത് കിടന്ന് കള്ളന്മാർ വെറും 45 സെക്കൻഡ് കൊണ്ട് പുറത്തേക്ക് ഓടുന്നതിന്റെ കാഴ്ചയാണ് ഉള്ളത്.
