Asianet News MalayalamAsianet News Malayalam

ഈ കൊലയ്ക്കു പിന്നില്‍ ദാവൂദ് ഇബ്രഹിമോ ബിസിനസ് എതിരാളികളോ, ഇന്നുമില്ല ഉത്തരം!

പടിപടിയായി ഉയര്‍ന്നുവന്ന ഗുല്‍ഷന് ദാവൂദിന്റെ ഡി കമ്പനിയുടെ ഭീഷണി ഉണ്ടായിരുന്നു. സംരക്ഷണം നല്‍കാമെന്നും അതിന് പണം തരണമെന്നും ഉള്ള ദാവൂദിന്റെയും കൂട്ടരുടെയും ആവശ്യം നിരാകരിച്ചതായിരുന്നു കാരണം.

25 years of Gulshan Kumar murder by Vandana PR
Author
Thiruvananthapuram, First Published Aug 12, 2022, 3:25 PM IST

കുറ്റപത്രത്തില്‍ മുംബൈ പൊലീസ് ആദ്യം പ്രതിചേര്‍ത്തത് 26 പേരെ. അതില്‍ നദീം ശ്രാവണ്‍ സംഗീതസംവിധായകജോടിയിലെ നദീം എന്ന നദീം അക്തര്‍ സെയ്ഫിയും ഉള്‍പെട്ടിരുന്നു.  ടിപ്‌സ് കസെറ്റ്സ് ഉടമയായ രമേഷ് തോറാനിയും നദീമും  കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ആരോപിച്ചിരുന്നു. തോറാനിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ഒഴിവാക്കാന്‍  നദീം യുകെയിലേക്ക് പലായനം ചെയ്തു.  എന്നാല്‍ വിചാരണക്കോടതി കേസിലെ  പ്രതികളില്‍ ഒരാളെ ഒഴിച്ച് ബാക്കിയെല്ലാവരേയും വെറുതെ വിട്ടു. 

 

25 years of Gulshan Kumar murder by Vandana PR

 

ടി- സീരീസ് കസെറ്റ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാര്‍ മരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. കസെറ്റ് രാജാവ്' എന്നറിയപ്പെട്ടിരുന്ന ഗുല്‍ഷന്‍ കുമാര്‍, 1997-ല്‍ വെടിയേറ്റാണ് മരിച്ചത്. എന്തിനായിരുന്നു കൊലപാതകകമെന്ന ദുരൂഹത ഇന്നും തീര്‍ന്നിട്ടില്ല. 

ജ്യൂസ് കട നടത്തിയിരുന്ന അച്ഛന്റെ സഹായിയായി തുടങ്ങി സൂപ്പര്‍ കാസെറ്റ് ഇന്‍ഡസ്ട്രിയിലൂടെ പുതിയ കര്‍മമേഖല കണ്ടെത്തി ടി സീരീസിലൂടെ ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച ഗുല്‍ഷന്‍കുമാര്‍ വിജയകഥകളുടെ എക്കാലത്തേയും വലിയ പോസ്റ്റര്‍ ബോയ് ആയിരുന്നു. ഇന്നും ഇന്ത്യന്‍ സംഗീതവിപണിയുടെ 60 ശതമാനത്തിലധികം നിയന്ത്രണവും ടി സീരീസിന് ആണ് എന്നു കൂടി പരിഗണിക്കുമ്പോഴാണ് ഗുല്‍ഷന്‍ ഇട്ട അടിത്തറയുടെ ശക്തി ബോധ്യപ്പെടുക. സിനിമാനിര്‍മാതാവായും ഗുല്‍ഷന്‍ കര്‍മമേഖലയില്‍ വൈവിധ്യത്തിന് ശ്രമിച്ചു. ഗുല്‍ഷന്റെ മരണം ഉണ്ടാക്കിയ വിടവ് ബാധിക്കാതെ അദ്ദേഹത്തിന്റെ കര്‍മമേഖല തുടര്‍ന്നു കൊണ്ടുപോയതും നോക്കിനടത്തുന്നതും ഇളയ സഹോദരന്‍ കൃഷന്‍ കുമാറും മകന്‍ ഭൂഷണ്‍ കുമാറും ചേര്‍ന്നാണ്. ഗായികമാരായ പെണ്‍ക്കള്‍ തുള്‍സി കുമാറും ഖുശാലി കുമാറും പാട്ടുകളിലൂടെയും അച്ഛന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നു. 
 
പടിപടിയായി ഉയര്‍ന്നുവന്ന ഗുല്‍ഷന് ദാവൂദിന്റെ ഡി കമ്പനിയുടെ ഭീഷണി ഉണ്ടായിരുന്നു. സംരക്ഷണം നല്‍കാമെന്നും അതിന് പണം തരണമെന്നും ഉള്ള ദാവൂദിന്റെയും കൂട്ടരുടെയും ആവശ്യം നിരാകരിച്ചതായിരുന്നു കാരണം. ബിസിനസ് രംഗത്തെ മത്സരവും തലവേദനയായി. ഭീഷണി കാരണം യുപി പൊലീസ് ഗുല്‍ഷന് സുരക്ഷാഉദ്യോഗസ്ഥനെ  ഏര്‍പെടുത്തി. 

1997 ഓഗസ്റ്റ് 12. അന്ന് അയാള്‍ അവധിയായിരുന്നു. എന്നിട്ടും അന്ധേരിക്കടുത്തെ ജീത് നഗറിലെ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകാറുള്ള പതിവ് ഗുല്‍ഷന്‍ തെറ്റിച്ചില്ല, ഗുല്‍ഷന്‍. പതിവുപൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഗുല്‍ഷന്‍ കുമാറിന് നേരെ മൂന്ന് തോക്കുധാരികള്‍ വന്നു. അവര്‍ അയാള്‍ക്കെതിരെ വെടിയുതിര്‍ത്തു. 

ക്ഷേത്രത്തിനടുത്ത വീടുകളില്‍ അഭയം തേടാന്‍ ഗുല്‍ഷന്‍ ശ്രമിച്ചെങ്കിലും ഭയന്നുപോയ നാട്ടുകാര്‍ ആരും വാതില്‍ തുറന്നില്ല. ഗുല്‍ഷനെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ സൂരജിന്റെ രണ്ട് കാലുകളിലും അക്രമിസംഘം വെടിവെച്ചു. പതിനാറ് വെടിയുണ്ടകളേറ്റ ഗുല്‍ഷന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

ബോളിവുഡ് ആ കൊലപാതകവാര്‍ത്ത കേട്ട് ഞെട്ടി. 400 പേജുള്ള കുറ്റപത്രത്തില്‍ മുംബൈ പൊലീസ് ആദ്യം പ്രതിചേര്‍ത്തത് 26 പേരെ. അതില്‍ നദീം ശ്രാവണ്‍ സംഗീതസംവിധായകജോടിയിലെ നദീം എന്ന നദീം അക്തര്‍ സെയ്ഫിയും ഉള്‍പെട്ടിരുന്നു.  ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന്  പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ടിപ്‌സ് കസെറ്റ്സ് ഉടമയായ രമേഷ് തോറാനിയും നദീമും  കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ആരോപിച്ചിരുന്നു. ഇതിനു വേണ്ടി ദാവൂദിന്റെ അനുയായി അബു സലിമിന് തോറാനി പണം കൈമാറിയതായും കുറ്റപത്രത്തിലുണ്ട്. പിന്നാലെ തോറാനിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ഒഴിവാക്കാന്‍  നദീം യുകെയിലേക്ക് പലായനം ചെയ്തു.  എന്നാല്‍ മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ വിചാരണക്കോടതി കേസിലെ  പ്രതികളില്‍ ഒരാളെ ഒഴിച്ച് ബാക്കിയെല്ലാവരേയും വെറുതെ വിട്ടു. 

കോടതി ശിക്ഷിച്ചത് അബ്ദുള്‍ റൗഫ് മെര്‍ച്ചന്റ് എന്ന ഡി കമ്പനി അംഗത്തെ മാത്രം. ഗുല്‍ഷനെ വെടിവെച്ച മൂന്ന് പേരില്‍ ഒരാളായ റൗഫിനെ പോലീസ് പിടികൂടിയത് 2001-ല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ്. റൗഫ് ഒരു വാടകക്കൊലയാളി ആണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് അയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച സെഷന്‍സ് ജഡ്ജി എം.എല്‍. തഹില്യാനി പറഞ്ഞത്.

ഗുല്‍ഷനോട് നീരസമുണ്ടായിരുന്ന ഡി കമ്പനി നേതാവ് അബു സലിമിനെ കണ്ട് നദീമും ടിപ്‌സ് കാസെറ്റ് ഉടമ രമേഷ് തോറാനിയും ചേര്‍ന്ന് ഗുല്‍ഷനെ കൊല്ലാന്‍ കാശുകൊടുത്തെന്നും അബുസലീം ഏല്‍പ്പിച്ച ജോലിയാണ് റൗഫ് ചെയ്തതെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ദാവൂദ് സംഘത്തില്‍ പെട്ട അബ്ദുള്‍ റാഷിദ് മെര്‍ച്ചന്റെയെയും തോറാനിയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ശിക്ഷാവിധിക്ക് എതിരെ റൗഫും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അബ്ദുള്‍ റാഷിദിനെ കുറ്റവിമുക്തമാക്കിയ ഉത്തരവ് റദ്ദാക്കിയ ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവും വിധിച്ചു.  റാഷിദിനോട് സെഷന്‍സ് കോടതിയില്‍ കീഴടങ്ങാനും പാസ്‌പോര്‍ട്ട് പൊലീസിന് സമര്‍പ്പിക്കാനുമായിരുന്നു കോടതി നിര്‍ദേശം. തോറാനിയെ വിട്ടയച്ചത് കോടതി ശരിവെച്ചു. 

കൊടും കുറ്റവാളിയായ റൗഫ് പരോളിനിടെ രണ്ട് വട്ടം ഒളിവില്‍ പോയത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി വിധിയും ശിക്ഷാവിധിയും ശരിവെച്ചു.  കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ 2001-ല്‍ മാത്രമാണ് അറസ്റ്റ് ചെയ്യാനായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സാധന എസ്. ജാദവ്, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ വിധിയുണ്ടാകുന്നത് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്. ഗുല്‍ഷന്‍ കൊല്ലപ്പെട്ട് 24 വര്‍ഷത്തിനിപ്പുറം. ആര്‍തര്‍ റോഡ് ജയിലിലാണ് റൗഫിനെ പാര്‍പ്പിച്ചിരിക്കുന്നത്. 

അധോലോകത്തിന്റെ വാശി, ബിസിനസ് രംഗത്തെ മത്സരം. ഇതിലേതാണ് കാസെറ്റ് രാജാവിന്റെ മരണത്തില്‍ കലാശിച്ചത്? അന്വേഷണത്തിന്റെയും വിചാരണയുടെയും നൂല്‍വലകള്‍ക്കിടയിലൂടെ ആരൊക്കെയാണ് രക്ഷപ്പെട്ടത്?  സംവിധാനങ്ങളുടെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞുപോയ സത്യങ്ങള്‍ എന്താണ്? 

25 വര്‍ഷത്തിനിപ്പുറവും സംശയങ്ങളുടേയും ചോദ്യങ്ങളുടേയും അകമ്പടി ഇല്ലാതെ ഗുല്‍ഷന്‍ കുമാര്‍ വധക്കേസിനെ തിരിഞ്ഞുനോക്കാനാവില്ല. 

Follow Us:
Download App:
  • android
  • ios