എന്നാൽ, ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ വലിയ വിമർശനങ്ങളാണ് കമന്റുകളിലുണ്ടാവാറ്. എന്നാൽ, ഇതിനെല്ലാം സാസിന്റെ കയ്യിൽ മറുപടിയുണ്ട്.

ചില അലിഖിത നിയമങ്ങളൊക്കെ ഉള്ളതുപോലെയാണ് എപ്പോഴും സമൂഹത്തിന്റെ പോക്ക് അല്ലേ? ആ രീതിയിൽ അല്ല കാര്യങ്ങളെങ്കിൽ വിമർശിക്കപ്പെടുകയും ചെയ്യും. അതുപോലെ ലണ്ടനിൽ നിന്നുള്ള സാസ് എന്ന യുവതി വലിയ വിമർശനങ്ങളാണ് തന്റെ കാമുകനുമായുള്ള ബന്ധത്തിന്റെ പേരിൽ നേരിടുന്നത്.

27 -കാരിയായ സാസിന്റെ ബോയ്ഫ്രണ്ട് ഒരു 54 -കാരനാണ്. ഇതാണ് അവൾക്ക് നേരെ ഇത്രയേറെ വിമർശനങ്ങൾ ഉയരാൻ കാരണം. ഇരുവരും തമ്മിൽ 27 വയസിന്റെ വ്യത്യാസമുണ്ട് എന്നത് ചൂണ്ടിക്കാട്ടി മിക്കവാറും ആളുകൾ സാസിനെ കളിയാക്കാറും വിമർശിക്കാറുമുണ്ട്.

പണത്തിന് വേണ്ടിയുള്ള ആർത്തി കാരണമാണ് സാസ് ഇത്രയധികം പ്രായവ്യത്യാസമുള്ള ഒരാളുമായി പ്രണയത്തിലായത് എന്നാണ് പലരും പറയുന്നത്. ആഡംബരപൂർണമായ ജീവിതമാണ് സാസ് നയിക്കുന്നത്. അതിന്റെ വിവിധ ചിത്രങ്ങളും വീഡിയോകളുമെല്ലാം അവൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോവുക, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും, വില കൂടിയ ഡിസൈനർ ബാ​ഗുകൾ ഇവയെല്ലാം അവളുടെ ജീവിതത്തിന്റെ ഭാ​ഗമാണ്.

എന്നാൽ, ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ വലിയ വിമർശനങ്ങളാണ് കമന്റുകളിലുണ്ടാവാറ്. എന്നാൽ, ഇതിനെല്ലാം സാസിന്റെ കയ്യിൽ മറുപടിയുണ്ട്. യഥാർത്ഥ ജീവിതത്തിൽ നമ്മെ അറിയുന്നവർക്ക് നമ്മുടെ ജീവിതത്തെ കുറിച്ചും അറിയാം. അതിൽ ആളുകൾ ഞങ്ങളെ പിന്തുണക്കുകയും ഞങ്ങളുടെ സ്നേഹത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണ് എന്നാണ് അവൾ പറയുന്നത്.

തന്റെ ബോയ്ഫ്രണ്ട് വിദ്യാഭ്യാസം ഉള്ളയാളാണ്. ബുദ്ധിയുള്ളയാളാണ്, പണക്കാരനാണ്, ഫണ്ണിയാണ്, ഹോട്ടുമാണ് എന്നാണ് അവൾ പറയുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തിൽ തന്റെയും തന്റെ ബോയ്ഫ്രണ്ടിന്റെയും സന്തോഷം മാത്രമാണ് കാര്യം, പറയുന്നവർ എന്തും പറഞ്ഞോട്ടെ എന്നും അവൾ പറയുന്നു.