ഓരോ നാട്ടിലും വെറുതെ സഞ്ചരിക്കുകയല്ല. ഒപ്പം അവിടെ നിന്നും പഠിക്കാനാവുന്നതൊക്കെ പഠിക്കുകയും ചെയ്യുന്നു. ഒപ്പം നാട്ടുകാരുമായും സൗഹൃദവും ബന്ധവും ഉണ്ടാക്കുന്നു.
യൂണിഫോം ഇല്ലാത്ത, ക്ലാസ്‍മുറികൾ ഇല്ലാത്ത, ലോകം തന്നെ സ്കൂളായി മാറുന്ന കുട്ടിക്കാലം. നമ്മുടെയൊന്നും ജീവിതം അങ്ങനെ ആയിരുന്നില്ല അല്ലേ? എന്നാൽ, ഈ കുട്ടികളുടെ ജീവിതം അങ്ങനെയാണ്. യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ദമ്പതികളായ ഡയാനയും സ്കോട്ട് ബ്ലിങ്ക്സുമാണ് തങ്ങളുടെ മക്കൾക്ക് പരമ്പരാഗതമായ സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് പകരം അവരുമായി ലോകം ചുറ്റിക്കറങ്ങാൻ ഇറങ്ങിയത്.
2022 മുതൽ ഇവരിങ്ങനെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. മൂന്ന് മക്കളാണ് ഇവർക്ക്. ലൂസിൽ (12), എഡിത്ത് (11), ഹേസൽ (9). ഇവർ ഓരോ രാജ്യത്തും ചുറ്റിക്കറങ്ങി അവിടെ നിന്നും ഏത് പാഠമാണോ കിട്ടുന്നത് ആ പാഠം പഠിക്കുകയാണ് ചെയ്യുന്നത്. ഏഥൻസിൽ നിന്നും ഗ്രീക്ക് പുരാണങ്ങൾ പഠിക്കുക, സ്പെയിനിൽ ഫ്ലെമെൻകോ നൃത്തം പരിശീലിക്കുക, സമുദ്രത്തിലൂടെ സഞ്ചരിച്ച് സമുദ്രസംരക്ഷണത്തെ കുറിച്ച് മനസിലാക്കുക ഇങ്ങനെ പോകുമത്.
സോഷ്യൽ മീഡിയയിൽ 1,45,000-ത്തിലധികം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററാണ് 41 -കാരിയായ ഡയാന ബ്ലിങ്ക്‌സ്. ഡയാന പറയുന്നത് തങ്ങളുടെ മക്കൾ ജീവിതത്തിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടത് സ്കൂളുകളിൽ നിന്നല്ല എന്നാണ്. കൊവിഡ് സമയത്താണ് ഇവർ കുട്ടികൾക്ക് ഹോം സ്കൂളിംഗ് തുടങ്ങിയത്. പിന്നീട്, വീട്ടിൽ നിന്നും പഠിക്കാമെങ്കിൽ എന്തുകൊണ്ട് ലോകത്തിൽ നിന്നും പഠിച്ചൂകൂടാ എന്ന് തോന്നി. അങ്ങനെയാണ് ലോകയാത്ര ആരംഭിച്ചത് എന്നാണ് ഡയാന പറയുന്നത്.
പാരീസിലായിരുന്നു യാത്രയുടെ തുടക്കം. ഇതുവരെ 40 രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. ഐസ്‌ലാൻഡ്, തായ്‌ലൻഡ്, പോർച്ചുഗൽ, മൊറോക്കോ ഒക്കെ ഇവർ സഞ്ചരിച്ചു. ഇപ്പോൾ ഉറുഗ്വേയാണുള്ളത്. ഓരോ നാട്ടിലും വെറുതെ സഞ്ചരിക്കുകയല്ല. ഒപ്പം അവിടെ നിന്നും പഠിക്കാനാവുന്നതൊക്കെ പഠിക്കുകയും ചെയ്യുന്നു. ഒപ്പം നാട്ടുകാരുമായും സൗഹൃദവും ബന്ധവും ഉണ്ടാക്കുന്നു. അങ്ങനെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളുമായിട്ടാണ് ഈ കുടുംബത്തിന്റെ യാത്ര.


