Asianet News MalayalamAsianet News Malayalam

20 -ാമത്തെ വയസ്സിൽ കാടുകേറി, 27 കൊല്ലം ആരോടും മിണ്ടാതെ ജീവിച്ചു, ഒടുവിൽ ജയിലിലേക്ക്...

കാട്ടിനുള്ളിലെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ ഒരു നല്ല വഴി കണ്ടുപിടിച്ചിരുന്നു ക്രിസ്റ്റഫർ. നേരത്തെ കിടന്നുറങ്ങും. രാവിലെ മൂന്നുമണിക്ക് എഴുന്നേൽക്കും. മൂന്നുമണി തൊട്ട് ആറുമണിവരെയാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ആ നേരത്ത് അയാൾ കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. 

27 years in forest why this man became a hermit
Author
Scotland, First Published Jul 16, 2019, 1:00 PM IST

ഏകാന്തത പലർക്കും മരണതുല്യമാണ്. ഒറ്റപ്പെടൽ ഒരുവിധം പേർക്കൊക്കെ അസഹ്യമാണ്. എന്നാൽ, ഈ ലോകത്ത് അപൂർവം ചിലർക്ക്, ഏകാന്തത ആനന്ദമാണ്. ലഹരിയാണ്. അങ്ങനെ ഒരാളാണ് അമേരിക്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിലുള്ള മെയ്ൻ സ്റ്റേറ്റിലെ വനാന്തരങ്ങളിൽ ഏകാന്തജീവിതം നയിച്ച ഒരു ചെറുപ്പക്കാരൻ. ക്രിസ്റ്റഫർ നൈറ്റ്. 

കൊല്ലം 1986...
ക്രിസ്റ്റഫറിന് അന്ന് വെറും ഇരുപതുവയസ്സുപ്രായം. മെയ്നിലെ ഉൾക്കാടുകളിൽ ഒന്നിലേക്ക് കാറോടിച്ചുകേറിയ ആ യുവാവ്, ടാറിട്ട റോഡ് അവസാനിച്ചിടത്ത് തന്റെ കാറുപേക്ഷിച്ചു. ആ കാടിനുള്ളിലേക്ക് നടന്നുകേറി. അടുത്ത 27  വർഷത്തേക്ക് പിന്നീടയാൾ പുറംലോകം കണ്ടില്ല. ഒരാളോടും മിണ്ടിയില്ല. ഏകാന്തതയുടെ ഇരുപത്തേഴു വർഷങ്ങൾ..!

അത്യാവശ്യം വരുന്ന ക്യാംപിങ് സാമഗ്രികൾ മാത്രമാണ് ക്രിസ്റ്റഫറിന്റെ ബാഗിൽ ഉണ്ടായിരുന്നത്. അയാൾ അതും ചുമലിലേറ്റിക്കൊണ്ട്, ആ ഘോരവനത്തിനുള്ളിലേക്ക് നടന്നുകേറി. നടക്കുന്തോറും വഴിതെറ്റും കാട്ടിനുള്ളിൽ എന്നല്ലേ... ക്രിസ്റ്റഫറിന് പിഴക്കാൻ ലക്ഷ്യമൊന്നും ഇല്ലായിരുന്നു. അയാൾ മടുക്കും വരെ നടന്നു. ഒടുവിൽ നോർത്ത് പോണ്ട് എന്നുപേരായ ഒരു ചെറുജലാശയത്തിന്റെ കരയിൽ അയാൾ തന്റെ യാത്ര അവസാനിപ്പിച്ചു. ചുറ്റിനും കൊടും കാടാണ്. 

27 years in forest why this man became a hermit

അവിടെക്കണ്ട രണ്ടു മരങ്ങൾക്കിടയിൽ അയാൾ തന്റെ ബാഗിൽ കരുതിയിരുന്ന ടാർപോളിൻ വലിച്ചുകെട്ടി. അതിന്റെ ചോട്ടിൽ തന്റെ നൈലോൺ ക്യാംപിങ്ങ് ടെന്‍റ് നിവർത്തി. അവിടെ നിന്നും, ഏതാനും കിലോമീറ്റർ നടന്നാൽ, വേനൽക്കാലത്ത് ആളുകൾ ക്യാംപിങ്ങിന് വന്നുപാര്‍ത്തിരുന്ന പത്തുമുന്നൂറു സമ്മർ കാബിനുകൾ ഉണ്ടായിരുന്നു. പക്ഷേ അയാൾ അവരുടെയെല്ലാം കൺവെട്ടത്തിൽ നിന്നും ദൂരെ, ഉൾക്കാട്ടിലെ സുരക്ഷിതമായ ഒരിടത്തിലായിരുന്നു. 

27 years in forest why this man became a hermit

അവിടെ, ആ ജലാശയത്തിന്റെ കരയിൽ, ഒരാളോടും മിണ്ടാതെ അയാൾ കഴിച്ചുകൂട്ടിയത് അടുത്ത 27  വർഷങ്ങളായിരുന്നു. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു സംശയമുണ്ട്. അയാൾ എങ്ങനെയാണ് തന്റെ ജീവൻ നിലനിർത്തിയിരുന്നത് എന്ന്. നേരത്തെ പറഞ്ഞ ആ സമ്മർ കാബിനുകളിൽ നിന്നും അയാൾ ആരുമറിയാതെ തനിക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ, ഭക്ഷണസാധനങ്ങൾ, പാചകം ചെയ്യാനുള്ള എണ്ണ, വസ്ത്രങ്ങൾ, ഷൂസുകൾ, ടോർച്ചിലിടാനുള്ള ബാറ്ററികൾ, പുസ്തകങ്ങൾ എന്നിങ്ങനെ തനിക്ക് അത്യാവശ്യം വേണ്ടത് മാത്രം മോഷ്ടിച്ചുകൊണ്ടിരുന്നു. ഇരുപത്തേഴു വർഷങ്ങൾക്കിടെ അയാൾ ആ സമ്മർ കാബിനുകളിൽ ആയിരത്തിലധികം വട്ടം അതിക്രമിച്ചുകേറി. 

27 years in forest why this man became a hermit

'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' എന്നാണല്ലോ. ഇത്രയും വർഷങ്ങൾക്കു ശേഷം ഈയടുത്താണ് ചില കാബിൻ ഉടമകൾ പൊലീസിൽ പരാതി നൽകുന്നതും, പൊലീസ് കള്ളനുവേണ്ടി വല വിരിക്കുന്നതും, അതിൽ ക്രിസ്റ്റഫർ കുടുങ്ങുന്നതും. 

മോഷണക്കുറ്റത്തിന് വിചാരണ നേരിട്ടശേഷം ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ക്രിസ്റ്റഫറിനെ കാണാനും, ആ അതിശയകരമായ ജീവിതത്തെപ്പറ്റി ഒരു പുസ്തകമെഴുതാനും വേണ്ടി മൈക്ക് ഫിങ്കൽ എന്ന ജേർണലിസ്റ്റ് ജയിലിലേക്കെത്തുന്നത്. "വനാന്തരത്തിലെ അപരിചിതൻ - ലോകത്തിലെ അവസാനത്തെ തപസിയുടെ അസാധാരണജീവിതകഥ" എന്നായിരുന്നു പുസ്തകത്തിന്റെ തലക്കെട്ട്,

ഈ പുസ്തകം എഴുതുന്നതിലേക്കായി ഫിങ്കൽ ക്രിസ്റ്റഫറുമായി നടത്തിയ സംഭാഷണങ്ങൾ തുടങ്ങുന്നത് ഒരൊറ്റ ചോദ്യത്തിലാണ്. "എന്തിന്..? കൗതുകങ്ങളും, അത്ഭുതങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളുമൊക്കെ നിറഞ്ഞ ഈ ലോകത്തിനു നേരെ പുറം തിരിഞ്ഞ് നിങ്ങൾ ഏകാന്ത ജീവിതം നയിക്കാനായി കാടിനുള്ളിലേക്ക് നടന്നുകേറിയത് എന്തിനാണ് ക്രിസ്റ്റഫർ..?" 

ക്രിസ്റ്റഫർ വല്ലാത്ത ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആളുകളുമായുള്ള സഹവാസം ഏറെ അരോചകമായിരുന്നു. ഫിങ്കൽ ആദ്യം കരുതിയത് ക്രിസ്റ്റഫർ എന്തെങ്കിലും കുറ്റകൃത്യം കടത്തി അതിന്റെ പരിണിതഫലങ്ങളിൽ നിന്നും ഒളിച്ചോടിയതായിരിക്കും എന്ന്. എന്നാൽ അങ്ങനെ ഒന്നുമില്ല എന്ന് ക്രിസ്റ്റഫർ തറപ്പിച്ചു പറഞ്ഞു. ഒറ്റയ്ക്ക് കഴിയാനുള്ള തോന്നൽ ഉള്ളിൽ വല്ലാതെ ഉണ്ടായി. അതിനെ അതിജീവിക്കാനായില്ല. ഏകദേശം മൂന്നുപതിറ്റാണ്ടു കാലമാണ് ക്രിസ്റ്റഫർ കാട്ടിൽ ഒരാളോട് പോലും ഒരക്ഷരം മിണ്ടാതെ കഴിച്ചുകൂട്ടിയത്. ഒരിക്കൽ, ഒരിക്കൽ മാത്രം, അബദ്ധവശാൽ കാട്ടിനുള്ളിൽ വെച്ച് ഒരു ഹൈക്കറുടെ മുന്നിൽ ചെന്നുപെട്ടപ്പോൾ അയാളോട് ഒരു 'ഹായ്... ' പറഞ്ഞിരുന്നു. അതുമാത്രമാണ് 27  വർഷത്തിൽ അയാൾ നടത്തിയ ഒരേയൊരു സംവേദനം. 

സംഭവത്തിൽ ഒരു കാല്പനികതയൊക്കെ തോന്നുന്നുണ്ടല്ലേ..! എന്നാൽ അത്ര സുഖകരമല്ല, മെയ്നിലെ ആ കാട്ടിനുള്ളിൽ കഴിച്ചുകൂട്ടുക എന്നത്. വിശേഷിച്ചും തണുപ്പുകാലത്ത്. ശൈത്യത്തിൽ കാട്ടിനുള്ളിലെ താപനില -20നു താഴെപ്പോവും. ക്രിസ്റ്റഫർ പറഞ്ഞത്, അയാൾ ഒരിക്കൽപ്പോലും തണുപ്പുമാറ്റാൻ വേണ്ടി തീകൂട്ടിയിട്ടില്ല എന്നാണ്. കാരണം ലളിതമാണ്. തീ കാട്ടിലെ അപകടകാരികളായ മൃഗങ്ങളുടെയും അതിനേക്കാൾ അപകടകാരികളായ മനുഷ്യരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. 

'ക്രിസ്റ്റഫറിന്റെ മനസ്സാന്നിധ്യം അപാരമാണ്. നിങ്ങൾ എന്നെങ്കിലും മെയ്ൻ പ്രവിശ്യയിൽ ശൈത്യകാലത്ത് ഒന്ന് പോവണം. അവിടെ ഒരു നൈലോൺ ടെന്റിനുളിൽ കിടക്കണം. തീകത്തിക്കാതെ. ഒരു രാത്രി അങ്ങനെ കഴിച്ചുകൂട്ടിയാൽ ഞാൻ നിങ്ങളെ സമ്മതിക്കാം. ഒരാഴ്ച നിങ്ങൾ അവിടെ കഴിഞ്ഞു എന്ന് കേട്ടാൽ എനിക്ക് അതൊരു അത്ഭുതമായി തോന്നും. ഒരു മാസം നിങ്ങൾ അവിടെ പിടിച്ചുനിന്നു എന്നുപറഞ്ഞാൽ ഞാൻ വിശ്വസിക്കുക പോലുമില്ല. ഇദ്ദേഹം, ക്രിസ്റ്റഫർ, അവിടെ കഴിച്ചുകൂട്ടിയത് 27  ശൈത്യങ്ങളാണ്. ' 

'ആവശ്യം സൃഷ്ടിയുടെ മാതാവാണെ'ന്ന് പറയാറില്ലേ.? കാട്ടിനുള്ളിലെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ ഒരു നല്ല വഴി കണ്ടുപിടിച്ചിരുന്നു ക്രിസ്റ്റഫർ. നേരത്തെ കിടന്നുറങ്ങും. രാവിലെ മൂന്നുമണിക്ക് എഴുന്നേൽക്കും. മൂന്നുമണി തൊട്ട് ആറുമണിവരെയാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ആ നേരത്ത് അയാൾ കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അപ്പോൾ തണുപ്പ് അത്രയ്ക്കങ്ങോട്ട് ബാധിക്കില്ല. 

"നിങ്ങൾ എങ്ങനെയാണ് നേരം പോക്കിയിരുന്നത്..?" ക്രിസ്റ്റഫറിനോടുള്ള ഫിങ്കലിന്റെ അടുത്ത ചോദ്യം അതായിരുന്നു.  "ഞാൻ മോഷ്ടിച്ചുകൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ വായിക്കും. പദപ്രശ്നങ്ങൾ പൂരിപ്പിക്കും. എന്നാൽ അതൊന്നും കൊണ്ട് ഏറെ നേരം ചെലവിടാൻപറ്റില്ല. എന്റെ ഒഴിവുസമയത്തിന്റെ മുക്കാൽ ഭാഗവും ഞാൻ 'വെറുതെയിരിക്കുക' എന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. " ക്രിസ്റ്റഫർ മറുപടി നൽകി. 

നമുക്കൊന്നും ആലോചിക്കാൻ കൂടി ആവില്ല അത്. അരമണിക്കൂർ വെറുതെയിരിക്കുക. ഒരു മണിക്കൂർ ഒന്നും ചെയ്യാൻ ഇല്ലാതെയാവുക. ഫോൺ ഡെസ്കിൽ മറന്നുവെച്ച് ഒറ്റയ്ക്ക് ഒരു ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോവുന്നത് ഓര്‍ത്തുനോക്കൂ. ഫോൺ നോക്കാതെ നമുക്ക് ഒരു പകൽ ചെലവിടാനാവില്ല ഇന്ന്. ഒന്നാലോചിച്ചു നോക്കൂ, ഈ മനുഷ്യനെപ്പറ്റി. ഇയാൾ ഈ ലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, ഒറ്റയ്ക്ക്, ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ...! 

ഈ 'വെറുതെയിരിക്കലി'നെപ്പറ്റി ഫിങ്കൽ ക്രിസ്റ്റഫറിനോട് ചോദിച്ചു. ഈ ഇരുപത്തേഴു വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു നിമിഷനേരത്തേക്കു പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്ന് ക്രിസ്റ്റഫർ, ഫിങ്കലിനോട് പറഞ്ഞു. കാട്ടിനുള്ളിലെ പ്രകൃതിയോട് വല്ലാത്തൊരു ബന്ധം അനുഭവിച്ചിരുന്നു ആ ഏകാന്തതയിലും അദ്ദേഹം. പതുക്കെപ്പതുക്കെ, തന്റെ ശരീരം അവസാനിച്ച്, കാടു തുടങ്ങുന്നത് എവിടെയാണ് എന്നുപോലും ക്രിസ്റ്റഫറിന് വേറിട്ടറിയാതെയായി. അത്ര ഗാഢമായി പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. 

വല്ലാത്തൊരു മായികമായ അനുഭൂതിയാണത്. അത് ക്രിസ്റ്റഫറിന് പകർന്നു നൽകിയതിൽ ഒരു മയക്കുമരുന്നിനും പങ്കില്ല. ആ അനുഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് കേവലം ഏകാന്തത മാത്രമാണ്. അത്യാവശ്യമായ ഏകാന്തത. മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ചെലവിട്ട ഏഴുമാസങ്ങളിലും ക്രിസ്റ്റഫർ, ഫിങ്കൽ എന്ന ജേർണലിസ്റ്റിനോടല്ലാതെ മറ്റൊരാളോടുപോലും ഒരക്ഷരം മിണ്ടിയിരുന്നില്ല. 

27 years in forest why this man became a hermit

സന്യാസജീവിതവും ഏകാന്തതയോടുള്ള പ്രതിപത്തിയുമെല്ലാം ഒരാളുടെ സ്വാർത്ഥതയെയാണ് സൂചിപ്പിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. മെയ്നിലെ വനാന്തരങ്ങളിൽ തന്റെ ജീവിതത്തിന്റെ ഏറിയകൂറും അജ്ഞാതവാസത്തിൽ കഴിച്ചുകൂട്ടിയ ക്രിസ്റ്റഫർ എന്ന ഈ മനുഷ്യന് ജീവിതത്തിൽ ആകെയുണ്ടായ നേട്ടം ഏകാന്തതയും, നിശ്ശബ്ദതയുമാണ്. അയാൾക്ക് ഒരു സ്വാർത്ഥതയും ഉണ്ടായിരുന്നില്ല. നാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ അകന്നുമാറി, കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞുകൂടാൻ ആഗ്രഹിച്ചു. മരങ്ങൾക്കിടയിൽ കിടന്നു മരിക്കാൻ, ഒന്നും ബാക്കിയാക്കാതെ ഈ ലോകം വിട്ടുപോവാൻ അയാൾ ആഗ്രഹിച്ചു. അത്രമാത്രം.

ഫെയ്‌സ്ബുക്കിന്റേയും വാട്ട്സാപ്പിന്റെയും ഇൻസ്റാഗ്രാമിന്റെയും യൂട്യൂബിന്റേയുമൊക്കെ പാശങ്ങളിൽപ്പെട്ട് മനുഷ്യർ ഉഴലുന്ന ഇക്കാലത്ത്, ഇദ്ദേഹവും ഒരു മനുഷ്യനാണ്. ഒന്നും അറിയാൻ ആഗ്രഹമില്ലാത്ത, ഒന്നും കാണാൻ ഇഷ്ടമില്ലാത്ത, ഒരാളെയും വിളിക്കാനില്ലാത്ത, ചാറ്റ് ചെയ്യാനില്ലാത്ത, ഒരാൾ..! അയാൾ ഡയറി എഴുതിയിരുന്നില്ല. അയാൾക്ക് ചിത്രങ്ങളെടുക്കാൻ ഒരു കാമറപോലും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ചു. ഏറെക്കുറെ അത് സാധിച്ചു. അതേ, അയാൾ ഒരു അപൂർവ മനുഷ്യനാണ്. അപൂർവങ്ങളിൽ അപൂർവം.  

കടപ്പാട് : BBC Stories


 

Follow Us:
Download App:
  • android
  • ios