വളരെ വൈകാരികമായിരുന്നു യുവാവിന്റെ പ്രതികരണം. താനത്ര ഹാപ്പിയല്ല എന്നാണ് യുവാവ് പറയുന്നത്. മുമ്പ് താൻ വളരെ സന്തോഷവാനായിരുന്നു. എന്നാൽ, ഇപ്പോൾ എപ്പോഴും ടെൻഷനിലാണ് എന്ന് അദ്ദേഹം പറയുന്നു.

പണമുണ്ടെങ്കിൽ സന്തോഷം ഉണ്ടാകുമോ? എപ്പോഴും ചർച്ച നടക്കുന്ന കാര്യമാണ് അല്ലേ? എന്നാൽ, വർഷം ഒരുകോടി രൂപ സമ്പാദിച്ചിട്ടും താനത്ര സന്തോഷവാനല്ല എന്ന് പറയുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ചർച്ചയാവുന്നത്. 28 -കാരനായ യുവാവ് ഒരു സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ കൂടിയാണ്.

യുവാവ് പങ്കുവെച്ച പോസ്റ്റിലെ ഒരു കമന്റോടെയാണ് ഇതിന്റെ ചർച്ചകൾ തുടങ്ങിയത്. യുവാവ് തന്റെ കിടപ്പുമുറിയുടെ ചിത്രമാണ് ആദ്യം പങ്കുവച്ചത്. ഒപ്പം താൻ ഒരുകോടിയാണ് സമ്പാദിക്കുന്നത് എന്നതിനെ കുറിച്ചും ശരിക്കും തനിക്കൊരു സമ്പന്നൻ ആകണമെന്നതിനെ കുറിച്ചും യുവാവ് പറയുന്നുണ്ട്. വളരെ ലളിതമായ ഒരു കിടപ്പുമുറിയാണ് ചിത്രത്തിലുള്ളത്. മിക്കവാറും ആളുകൾ ഇതിന് പിന്നാലെ യുവാവിനെ അഭിനന്ദിച്ചു. എന്നാൽ, ഒരാൾ ചോദിച്ചത് 'നിങ്ങൾ സന്തുഷ്ടനാണോ' എന്നാണ്.

വളരെ വൈകാരികമായിരുന്നു യുവാവിന്റെ പ്രതികരണം. താനത്ര ഹാപ്പിയല്ല എന്നാണ് യുവാവ് പറയുന്നത്. മുമ്പ് താൻ വളരെ സന്തോഷവാനായിരുന്നു. എന്നാൽ, ഇപ്പോൾ എപ്പോഴും ടെൻഷനിലാണ് എന്ന് അദ്ദേഹം പറയുന്നു. 'ഇത് വളരെ നല്ല ചോദ്യമാണ്. ശരിക്കും പറഞ്ഞാൽ ഞാനത്ര സന്തോഷവാനല്ല. നേരത്തെ ‍ഞാൻ സന്തോഷവാനായിരുന്നു. ഇപ്പോൾ എനിക്ക് എപ്പോഴും ടെൻഷനാണ്. ആരോഗ്യവും മോശമായി. പണമുണ്ട്, പക്ഷേ ജീവിതം ആസ്വദിക്കാനോ യാത്രകൾ പോകാനോ ഒന്നും കഴിയുന്നില്ല. എപ്പോഴും ജോലിയാണ്' എന്നാണ് യുവാവ് പറയുന്നത്.

തന്റെ മാതാപിതാക്കൾ വലിയ അഭിമാനത്തിലാണ്. ഇപ്പോൾ ഞങ്ങൾക്ക് ഒരു സാധനം വാങ്ങും മുമ്പ് അതിന്റെ വില നോക്കേണ്ട കാര്യമില്ല. പണം നിങ്ങൾക്ക് ഒരുതരത്തിൽ സുരക്ഷിതത്വം നൽകും എന്നും യുവാവ് പറയുന്നുണ്ട്.

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. പലരും സ്വപ്നം കാണുന്ന ജീവിതമാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ ഒന്ന് മനസുവച്ചാൽ സന്തോഷം കണ്ടെത്താവുന്നതേയുള്ളൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.